
പാലക്കാട്: പാലക്കാട് അട്ടപ്പാടി ഭവാനി പുഴയിൽ കുടുങ്ങിയ വിദ്യാർഥി മരിച്ചു. തിരുവനന്തപുരം സ്വദേശി നന്ദഗോപാൽ(22) ആണ് മരിച്ചത്. കോയമ്പത്തൂരിൽ നിന്ന് പഠനയാത്രക്കെത്തിയ വിദ്യാർഥികൾ മുക്കാലി ഭവാനി പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. വനം വകുപ്പ് രക്ഷപ്പെടുത്തി കൂക്കൻപാളയം ആശുപത്രിയിലെത്തിച്ചെങ്കിലും വിദ്യാർഥിയുടെ മരണം സംഭവിച്ചിരുന്നു.
കോട്ടക്കുളത്തിൽ മുങ്ങിത്താഴ്ന്ന വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
തൃശ്ശൂർ: മുള്ളൂർക്കര കോട്ടക്കുളത്തിൽ മുങ്ങിത്താഴ്ന്ന വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വടക്കാഞ്ചേരി ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് മൃതദേഹം പുറത്തെടുത്തു. മുള്ളൂർക്കര ഗ്രാമപഞ്ചായത്തിലെ വാഴക്കോട് വളവിൽ കുറുപ്പം തൊട്ടിയിൽ അബ്ദുൾ റഹ്മാന്റെ മകനായ 17 വയസ്സുകാരൻ ഫഹദ് കൂട്ടുകാരുമായി കോട്ടക്കുളത്തിൽ കുളിക്കാനെത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. സുഹൃത്ത് കൺമുന്നിൽ താഴ്ന്നുപോകുന്നത് കണ്ടതോടെ കൂട്ടുകാർ ഭയന്ന് നിലവിളിച്ചു. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഫഹദിനെ രക്ഷപ്പെടുത്താൻ സാധിച്ചില്ല. തുടർന്ന് വടക്കാഞ്ചേരിയിൽ നിന്നെത്തിയ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് ഫഹദിന്റെ മൃതദേഹം പുറത്തെടുത്തത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.