
കൊച്ചി: വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാത്തതിൽ പ്രതിഷേധിച്ച് തൃക്കാക്കര നഗരസഭാ ഓഫീസിന് മുന്നിൽ വീട്ടിലെ ഭക്ഷ്യ മാലിന്യം തള്ളി യുവാവ്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. നഗരസഭയുടെ 38-ാം ഡിവിഷനിലെ എൻജിഒ ക്വാർട്ടേഴ്സ് പ്രദേശത്ത് താമസിക്കുന്ന സുനിലാണ് ബക്കറ്റിൽ ശേഖരിച്ച ഭക്ഷ്യ മാലിന്യം നഗരസഭയുടെ പ്രധാന പ്രവേശന കവാടത്തിന് സമീപം നിക്ഷേപിച്ച് പ്രതിഷേധമറിയിച്ചത്. പ്രധാന റോഡിൽ നിന്ന് കുത്തനെ ഇറങ്ങിച്ചെല്ലേണ്ട ഭാഗത്താണ് സുനിലിന്റെയും സമീപവാസികളായ ചിലരുടെയും വീടുകൾ.
ശാരീരിക ബുദ്ധിമുട്ടുകൾ കാരണം മാലിന്യം മുകളിലെ റോഡ് വരെ എത്തിക്കാൻ കഴിയില്ലെന്ന കാര്യം സുനിൽ നേരത്തേ ഡിവിഷൻ കൗൺസിലർ ഐഷ സുബൈറിനെ അറിയിച്ചിരുന്നതായി പറയുന്നു. കൗൺസിലറുടെ നിർദേശം ഉണ്ടായിട്ടും ഹരിതകർമസേന മാലിന്യം ശേഖരിക്കാൻ തയ്യാറായില്ലെന്നാണ് വീട്ടുകാരുടെ പരാതി. വാഹനങ്ങൾ താഴേക്കിറക്കാൻ സാധിക്കില്ലെന്ന നിലപാടാണ് സേനാംഗങ്ങൾ സ്വീകരിച്ചതെന്നും അവർ ആരോപിക്കുന്നു. ഇതിനെതിരായ പ്രതിഷേധമായാണ് സുനിൽ നഗരസഭാ കവാടത്തിന് മുന്നിൽ മാലിന്യം തള്ളിയത്. സംഭവം വിവാദമായതോടെ നഗരസഭാ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി ഹരിതകർമസേനയുടെ അടിയന്തര യോഗം വിളിച്ചു ചേർത്തു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്ന് കുത്തനെ ഇറക്കമുള്ള പ്രദേശങ്ങളിലെ വീടുകളിൽ നിന്നുള്ള മാലിന്യം മുകളിലേക്ക് എത്തിക്കണമെന്ന നിർദേശം നൽകിയിരുന്നതായാണ് യോഗത്തിൽ വിശദീകരണം ഉണ്ടായത്. അതേസമയം, അടുത്ത ദിവസം മുതൽ ബന്ധപ്പെട്ട വീടുകളിൽ നേരിട്ടെത്തി മാലിന്യം ശേഖരിക്കാമെന്ന് ഹരിതകർമസേനാംഗങ്ങൾ ഉറപ്പ് നൽകിയതോടെ പ്രശ്നത്തിന് താത്കാലിക പരിഹാരമായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam