പ്ലാറ്റ്ഫോമില്‍ നിന്ന് കിട്ടിയത് സ്വര്‍ണവും പണവും അടക്കമുള്ള പഴ്സ്; ഉടമയെ കണ്ടെത്തി, തിരികെ നല്‍കി യുവാക്കള്‍

By Web TeamFirst Published Nov 29, 2022, 2:53 PM IST
Highlights

പഴ്സിലുണ്ടായിരുന്ന ചെറിയൊരു പേപ്പറില്‍ നിരവധി ഫോണ്‍ നമ്പരുകളുണ്ടായിരുന്നു. ഈ നമ്പരുകളില്‍ വിളിച്ചാണ് പഴ്സിന്‍റെ ഉടമയെ കണ്ടെത്തിയത്. വൈകാതെ തന്നെ  പഴ്‌സ് ഇവര്‍ ഉടമക്ക് തിരികെ ഏല്‍പ്പിക്കുകയായിരുന്നു.

തിരുവനന്തപുരം: ബാലരാമപുരം റെയില്‍വേ പ്ലാറ്റ്ഫോമില്‍ നിന്നും കളഞ്ഞ് കിട്ടിയ തുക തിരികെ ഏല്‍പ്പിച്ച് മാതൃകയായി ഒരു സംഘം യുവാക്കള്‍. ഞായറാഴ്ച രാവിലെ വയോധികരായ എരുത്താവൂര്‍ സ്വദേശികളായ രവീന്ദ്രന്‍റെയും ഭാര്യ ശ്രീകുമാരിയുടെയും പണവും വളയും ആധാര്‍ കാര്‍ഡുകളും എല്‍ഐസി രേഖകളും അടക്കമുള്ള പഴ്സാണ് റണ്ണേഴ്‌സ് ക്ലബ്ബ് അംഗങ്ങള്‍ക്ക് കിട്ടിയത്. 

രാവിലെ എട്ട് മണിയോടെ റെയില്‍വേ പ്ലാറ്റ്ഫോമിലൂടെ പോകുമ്പോഴാണ് പഴ്സ്  റണ്ണേഴ്‌സ് ക്ലബ്ബ് അംഗങ്ങളുടെ ശ്രദ്ധയില്‍ പെടുന്നത്. പഴ്സിലുണ്ടായിരുന്ന ചെറിയൊരു പേപ്പറില്‍ നിരവധി ഫോണ്‍ നമ്പരുകളുണ്ടായിരുന്നു. ഈ നമ്പരുകളില്‍ വിളിച്ചാണ് പഴ്സിന്‍റെ ഉടമയെ കണ്ടെത്തിയത്. വൈകാതെ തന്നെ  പഴ്‌സ് ഇവര്‍ ഉടമക്ക് തിരികെ ഏല്‍പ്പിക്കുകയായിരുന്നു. തമിഴ്‌നാട് സ്വദേശിയായ രവീന്ദ്രന്‍ പതിമൂന്ന് വര്‍ഷമായി ബാലരാമപുരം എരുത്താവുരിലാണ് താമസം. റണ്ണേഴ്‌സ് ക്ലബ്ബ് അംഗങ്ങളായ അഭിലാഷ്, ഷെമീര്‍ അഹമ്മദ്, ബ്രൂണോ സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പേഴ്‌സ് തിരികെ നല്‍കിയത്.

ട്യൂഷനു പോകുന്നതിനിടെ ദേശീയപാതയോരത്ത് കണ്ട പഴ്സ് തിരികെ നല്‍കി പത്താം ക്ലാസുകാരന്‍ മാതൃകയായിരുന്നു. അമ്പലപ്പുഴയിലെ കാക്കാഴം സീതുപാറലിൽ നവാസ് തസ്നിയുടെ മകൻ മുഹമ്മദ് യാസിനാണ് മാതൃകയായത്.   പെരിന്തൽമണ്ണയില്‍ പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പഴ്‌സ് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് വിദ്യാർഥിനികൾ മാതൃകയായിരുന്നു.വല്ലപ്പുഴ ഗവ. ഹൈസ്‌കൂളിലെ അധ്യാപികയുടേതായിരുന്നു പഴ്‌സ്. വിലാസം കണ്ടെത്തി പൊലീസ് ടീച്ചറെ വിളിച്ചുവരുത്തി പഴ്‌സ് ഭദ്രമായി തിരിച്ചേൽപ്പിച്ചു.

പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥികളായ എം.ഫാത്തിമ ഷമ്മ, കെ.പി.ഫാത്തിമ ഫിദ, എ.ഫാത്തിമ ഷഹ്ന എന്നിവരാണ് മാതൃകയായത്.  നേരത്തെ അതിഥി തൊഴിലാളിയുടെ സത്യസന്ധതയിൽ യുവാവിന് തിരികെ കിട്ടിയത് വിലപ്പെട്ട രേഖകളായിരുന്നു. പാവുക്കര കരയോഗം സ്കൂളിന് സമീപം അമൃതം വീട്ടിൽ അജിത്കുമാറിനാണ് വിലപ്പെട്ട രേഖകളും പണവും തിരികെ കിട്ടിയത്.

click me!