സ്വകാര്യബസില്‍ നിന്ന് തെറിച്ചു വീണ യാത്രക്കാരി ബസിനടിയില്‍പ്പെട്ട് മരിച്ചു

By Web TeamFirst Published Nov 29, 2022, 2:24 PM IST
Highlights

താമരശ്ശേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സില്‍ നിന്നാണ് ഉഷ റോഡിലേക്ക് തെറിച്ചു വീണത്. 

കോഴിക്കോട്: നരിക്കുനിയില്‍ സ്വകാര്യബസില്‍ നിന്ന് തെറിച്ചു വീണ യാത്രക്കാരി ബസിന് അടിയില്‍പ്പെട്ട് മരിച്ചു. നരിക്കുനിയില്‍ താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ നരിക്കുനി - എളേറ്റില്‍ വട്ടോളി റോഡില്‍ നെല്ലിയേരി താഴെത്തായിരുന്നു അപകടം. താമരശ്ശേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സില്‍ നിന്നാണ് ഉഷ റോഡിലേക്ക് തെറിച്ചു വീണത്. ഗുരുതരമായി പരിക്കേറ്റ ഉഷയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബസിന്‍റെ വാതില്‍ അടക്കാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്. സംഭവത്തില്‍ കൊടുവള്ളി പൊലീസ് കേസെടുത്തു.

അതിനിടെ ഇന്നലെ അമ്പലപ്പുഴയില്‍ കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരു യുവാവ് മരിച്ചു . പിന്നിൽ ഇരുന്ന സുഹൃത്തിന് പരിക്ക്. പുന്നപ്ര തെക്ക് പഞ്ചായത്ത് 6-ാം വാർഡ് കൊച്ചു പോച്ചതെക്കേതിൽ (കൂരിലേഴം) അഷ്റഫിന്റെ മകൻ സുൽ ഫിക്കർ അലി (23) ആണ് മരിച്ചത്. പുന്നപ്ര വടക്ക് കൈതക്കാട് രതീഷിന്റെ മകൻ സുര്യ ദേവ് (24) നെയാണ് പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന്‌  രാത്രി ഒമ്പതോടെ ദേശീയപാതയിൽ അറവുകാടിന് സമീപമായിരുന്നു അപകടം. വടക്കു ഭാഗത്തേക്ക് പോയ ലോറി എതിരെ വന്ന ബൈക്കുമായി തമ്മിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സുൽഫിക്കർ കണ്ടെയ്നറുടെ അടിയിൽപ്പെടുകയായിരുന്നു. പുന്നപ്ര പൊലിസ് നടപടികൾ സ്വീകരിച്ചു. സാജിതയാണ് മരിച്ച സുൽ ഫിക്കർ അലിയുടെ മാതാവ്, സഹോദരി: നജ്മി.

അതേസമയം,  വണ്ടിപ്പെരിയാറിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. വണ്ടിപ്പെരിയാറിന് സമീപം അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിക്കുകയായിരുന്നു. ആർക്കും പരിക്കില്ല. പുലർച്ചെ നാലരയോടെയാണ് വണ്ടിപ്പെരിയാറിനു സമീപം അറുപത്തിരണ്ടാം മൈലിൽ വെച്ച് വാഹനത്തിന് തീപിടിച്ചത്. ആന്ധ്രാ പ്രദേശിലെ ഗുണ്ടൂരിൽ നിന്നുമെത്തി ഭക്തരുടെ വാഹനത്തിനാണ് തീപിടിച്ചത്. അഞ്ചു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പുക ഉയരുന്നതു കണ്ട് വാഹനത്തിൽ ഉണ്ടായിരുന്നവർ പുറത്തിറങ്ങി ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി. നാട്ടുകാരും മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ സംഘവുമെത്തി തീ അണക്കാൻ ശ്രമം നടത്തി. പീരുമേട്ടിൽ നിന്നും ഫയർ ഫോഴ്സ് കൂടിയെത്തിയാണ് തീ പൂർണമായും അണച്ചത്. 

കൂടുതല്‍ വായനയ്ക്ക്: പാലക്കാട് ജില്ലാ കലോത്സവം; വട്ടപാട്ട്, ചെണ്ടമേളം മത്സരങ്ങളുടെ വിധികര്‍ത്താക്കളെ തടഞ്ഞ് രക്ഷിതാക്കള്‍

 

click me!