
മലപ്പുറം: കോട്ടക്കൽ നഗരസഭയിലെ ചെയർപേഴ്സൺ സ്ഥാനം തിരിച്ചുപിടിച്ചതിന് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് യൂത്ത് ലീഗ് സെക്രട്ടറി പി കെ ഫിറോസ്. ലീഗിൽ നിന്ന് ആളെ പിടിക്കാൻ സിപിഎം വാതിൽ തുറന്നിട്ടതായിരുന്നെന്നും കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ ഉള്ള രണ്ടെണ്ണം ആ വാതിലിലൂടെ പോയെന്നും ഒരാൾ ലീഗിന് വോട്ടും ചെയ്തെന്നും ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.
മലപ്പുറം കോട്ടക്കൽ നഗരസഭ ചെയർപേഴ്സനായി മുസ്ലിം ലീഗിലെ ഡോക്ടർ കെ ഹനീഷയെ തെരഞ്ഞെടുത്തു. ഒരു സിപിഎം കൗൺസിലറുടെ വോട്ട് ഉൾപ്പെടെ 20വോട്ടാണ് ലീഗ് സ്ഥാനാർഥിക്ക് ലഭിച്ചത്. സിപിഎമ്മിന്റെ ചെയർപേഴ്സൺ സ്ഥാനാർഥിക്ക് 7 വോട്ടും ലഭിച്ചു. അതേസമയംം, ഒരു സി പി എം കൗൺസിലർ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. നഗരസഭാ അധ്യക്ഷയായിരുന്ന ബുഷ്‌റ ഷബീർ ലീഗിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് നേരത്തെ രാജി വെച്ചിരുന്നു. \
തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് പിന്തുണയോടെ ഔദ്യോഗിക സ്ഥാനാർഥിയെ തോൽപ്പിച്ചു ലീഗ് വിമതയാണ് അധ്യക്ഷ സ്ഥാനത്തേക്ക് വിജയിച്ചത്. ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ട് ഇവരെ രാജി വെപ്പിച്ചതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. ലീഗിന് 19അംഗങ്ങളുള്ള നഗരസഭയിൽ സി പി എമ്മിന് 9ഉം ബിജെപി ക്കു രണ്ടും അംഗങ്ങളുമാണ് ഉള്ളത്.
പി കെ ഫിറോസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ലീഗിൽ നിന്ന് ആളെ പിടിക്കാൻ സി.പി.എം വാതിൽ തുറന്നിട്ടതാ. എന്നിട്ടെന്തായി? കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ ഉള്ള രണ്ടെണ്ണം ആ വാതിലിലൂടെ പോയി. ഒരാൾ ലീഗിന് വോട്ടും ചെയ്തു. അങ്ങിനെ പവനായി...