
പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര തലച്ചിറയിൽ യുവാവിനെ കാണാതായതിൽ ദുരൂഹത ആരോപിച്ച് കുടുംബം. 23 കാരൻ സംഗീത് സജിയെ കാണാതായിട്ട് രണ്ടാഴ്ചയാകുന്നു. ചില സംശയങ്ങൾ ചൂണ്ടിക്കാണിച്ചെങ്കിലും പൊലീസ് ഗൗരവമായി അന്വേഷിക്കുന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി.
ഒക്ടോബർ ഒന്നിന് വൈകീട്ട് സുഹൃത്തായ പ്രദീപിനൊപ്പം ഓട്ടോറിക്ഷയിൽ പുറത്തേക്ക് പോയതാണ് സംഗീത് സജി. രാത്രി വൈകിയും തിരികെ വരാതായപ്പോൾ വീട്ടുകാർ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. സുഹൃത്ത് പ്രദീപും ഫോൺ എടുത്തില്ല. ഇടത്തറ ഭാഗത്ത് കടയിൽ സാധനങ്ങൾ വാങ്ങാൻ ഓട്ടോറിക്ഷ നിർത്തിയെന്നും അതിനു ശേഷം സംഗീതിനെ കാണാതായെന്നുമാണ് പ്രദീപ് പറയുന്നത്. സമീപത്തെ തോട്ടിൽ എന്തോ വീഴുന്ന ശബ്ദം കേട്ടെന്നും പ്രദീപ് പറഞ്ഞിരുന്നു. എന്നാൽ പൊലീസും അഗ്നിരക്ഷാ സേനയും ദിവസങ്ങളോളം തിരഞ്ഞങ്കിലും ഒരുസൂചയും കിട്ടയില്ല. ബന്ധുക്കൾക്ക് സംശയമത്രയും പ്രദീപിനെയാണ്.
എന്നാൽ സംഗീതിനെ പെട്ടെന്ന് കാണാതായെന്നും എവിടെ പോയെന്ന് തനിക്ക് അറിയില്ലെന്നും ഉറപ്പിച്ചുപറയുകയാണ് പ്രദീപ്. ചില വ്യക്തിപരമായ പ്രശ്നങ്ങൾ ഇടയ്ക്ക് സംഗീത് പറഞ്ഞിരുന്നതായും, പ്രദീപ് പറയുന്നു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കും സംഗീതിന്‍റെ കുടുംബം പരാതി നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam