മദ്യലഹരിയില്‍ യുവാവിനെ സഹോദരന്‍ അടയ്ക്ക മുറിയ്ക്കുന്ന കത്തികൊണ്ട് കുത്തിക്കൊന്നു

Published : Dec 10, 2018, 07:54 PM ISTUpdated : Dec 10, 2018, 07:57 PM IST
മദ്യലഹരിയില്‍ യുവാവിനെ സഹോദരന്‍ അടയ്ക്ക മുറിയ്ക്കുന്ന കത്തികൊണ്ട് കുത്തിക്കൊന്നു

Synopsis

അമിതമായി മദ്യപിച്ച് വീട്ടിലെത്തിയ വിബിന്‍ സഹോദരന്‍ വിഷ്ണുവുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടു.  തര്‍ക്കത്തിനിടെ മുത്തശ്ശന്‍ അടയ്ക്കാ മുറിയ്ക്കുന്നതിന് ഉപയോഗിക്കുന്ന കത്തി വിബിന്‍ കൈക്കലാക്കുകയും വിഷ്ണുവിന്റെ നേരെ വീശുകയുമായിരുന്നു. 

ഇടുക്കി: മദ്യലഹരിയില്‍ യുവാവിനെ അനിയന്‍ കുത്തി കൊലപ്പെടുത്തി. ബാലഗ്രാം ഗജേന്ദ്രപുരം രാജേന്ദ്ര വിലാസത്തില്‍ വിഷ്ണു (26) ആണ് മരിച്ചത്. സംഭവത്തില്‍ വിഷ്ണുവിന്റെ സഹോദരന്‍ വിബിനെ (24) കമ്പംമെട്ട് പൊലിസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയിലാണ് സംഭവം. അമിതമായി മദ്യപിച്ച് വീട്ടിലെത്തിയ വിബിന്‍ സഹോദരന്‍ വിഷ്ണുവുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടു. വിബിന്റെ മദ്യപാന ശീലത്തെ എതിര്‍ത്തതായിരുന്നു തര്‍ക്ക കാരണം. തര്‍ക്കത്തിനിടെ മുത്തശ്ശന്‍ അടയ്ക്കാ മുറിയ്ക്കുന്നതിന് ഉപയോഗിക്കുന്ന കത്തി വിബിന്‍ കൈക്കലാക്കുകയും വിഷ്ണുവിന്റെ നേരെ വീശുകയുമായിരുന്നു. ഇതിനിടെ വിഷ്ണുവിന്റെ കഴുത്തില്‍ കുത്തേല്‍ക്കുകയും ഞരമ്പിന് മുറിവേറ്റ് രക്തം അമിതമായി വാര്‍ന്നൊഴുകുകയും ചെയ്തു. 

പ്രാണരക്ഷാര്‍ത്ഥം വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ വിഷ്ണു അയല്‍വാസിയായ മംഗലശ്ശേരി പ്രവീണിന്റെ വീട്ടില്‍ എത്തി തന്നെ ആശുപത്രിയില്‍ എത്തിയ്ക്കണമെന്ന് ആവശ്യപെട്ടു. പ്രവീണിന്റെ വീട്ടില്‍ എത്തിയ ഉടന്‍ തന്നെ വിഷ്ണു കുഴഞ്ഞ് വീണു. രക്തം അമിതമായി വാര്‍ന്നൊഴുകുന്ന അവസ്ഥയിലായിരുന്നു. പ്രവീണ്‍ ഉടന്‍ തന്നെ അയല്‍വാസികളുടെ സഹായത്താല്‍ വിഷ്ണുവിനെ തൂക്കുപാലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു വിഷ്ണുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനത്തില്‍ തന്നെ ബിബിനെ നാട്ടുകാര്‍ ബലമായി കയറ്റിയിരുന്നു. വിഷ്ണു മരിച്ചതോടെ നാട്ടുകാര്‍ കമ്പംമെട്ട് പൊലീസില്‍ വിവരം അറിയിക്കുകയും എസ്.ഐ രാജഗോപാലന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി വിബിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. 

പ്രതി വിബിനും മരണപ്പെട്ട വിഷ്ണുവും

പഠന ശേഷം പൂജാ കര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ പ്രാവീണ്യം നേടിയ വിഷ്ണു ജോലിയ്ക്കായി ശ്രമിച്ച് വരികയായിരുന്നു. വിവിധ ക്ഷേത്രങ്ങളില്‍ നിന്ന് പൂജകള്‍ ചെയ്യുന്നതിനായി വിളിച്ചിരുന്നെങ്കിലും വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ശേഷം ജോലിയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. പി എസ് സി ടെസ്റ്റുകള്‍ എഴുതി സര്‍ക്കാര്‍ ജോലിയ്ക്കായും ശ്രമിയ്ക്കുന്നുണ്ടായിരുന്നു. നിലവില്‍ വെല്‍ഡിംഗ് ജോലികള്‍ ചെയ്ത് വരികയായിരുന്നു. മറ്റൊരു സ്ഥലത്ത് ജോലിയ്ക്ക പോകുന്നതിന് മുന്‍പ് അനുജന്റെ മദ്യപാന ശീലം എങ്ങനെയെങ്കിലും മാറ്റിയെടുക്കുമെന്ന തീരുമാനത്തിലായിരുന്നു വിഷ്ണു. ബാലഗ്രാമിലെ ഓട്ടോ റിക്ഷാ തൊഴിലാളിയാണ് വിബിന്‍. 

നിലവില്‍ ഇവരുടെ വീടിന്റെ നിര്‍മ്മാണം നടന്നുവരികയാണ്. മുന്‍പുണ്ടായിരുന്ന വീട് പൊളിച്ച് മാറ്റിയതിനാല്‍ സമീപത്ത് ഷെഡ് കെട്ടിയാണ് കുടുംബം കഴിഞ്ഞിരുന്നത്. ഇവിടെ വെച്ചാണ് കൊലപാതകം നടന്നത്. കഴുത്തിനേറ്റ കുത്താണ് മരണ കാരണം. മൂന്ന് ഇഞ്ചിലേറെ താഴ്ചയില്‍ മുറിവ് ഉണ്ടാവുകയും പ്രധാന ഞരമ്പ് മുറിയുകയും ചെയ്തു. കൊലപാതകം നടക്കുന്നതിന് മുന്‍പ് റോഡില്‍ വെച്ച് വിബിന്‍ ബഹളം വെയ്ക്കുന്നത് കേട്ട് പിതാവ് എത്തി വഴക്ക് പറയുകയും വീട്ടിലെത്താന്‍ ആവശ്യപെടുകയുമായിരുന്നു. ഇതോടെ വീട്ടിലെത്തിയ വിബിന്‍ വിഷ്ണുവുമായി തര്‍ക്കത്തിലാവുകയായിരുന്നു.

നെടുങ്കണ്ടം സി.ഐ റെജി എം. കുന്നിപ്പറമ്പിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്മാര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടു പോയി. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച കത്തി വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

64 കലകളുടെ പ്രതീകമായി 64 വനിതകൾ; പ്രായം 10 മുതൽ 71 വരെ, മലപ്പുറത്ത് ചരിത്രം കുറിക്കാൻ സംസ്ഥാനത്തെ ആദ്യ വനിതാ പഞ്ചവാദ്യ സംഘം
'തീരുമാനങ്ങൾ എടുക്കുന്നത് ബാഹ്യശക്തികളോ മാധ്യമങ്ങളോ അല്ല', ബിജെപിയുടെ തിരുവനന്തപുരം മേയർ സ്ഥാനാർത്ഥിയുടെ ചിത്രം പങ്കുവച്ച് കുറിപ്പുമായി കെ സുരേന്ദ്രൻ