കൊടുമൺ പൊലീസ് സ്റ്റേഷനിൽ മോഷണം, ഇ പോസ് മെഷീൻ പൊക്കിയ ആളെ പിടിച്ചിട്ടും 'പെറ്റി മെഷീൻ' കണ്ടെത്താനായില്ല

By Web TeamFirst Published Feb 4, 2023, 6:26 PM IST
Highlights

 ജില്ലയിലെ കൊടുമൺ പൊലീസ് സ്റ്റേഷനിൽ സിനിമാ കഥയിലേതുപോലൊരും മോഷണം റിപ്പോർട്ട് ചെയ്തു. പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച  ഇ പോസ് മെഷീനാണ് മോഷണം പോയത്. 

പത്തനംതിട്ട: ജില്ലയിലെ കൊടുമൺ പൊലീസ് സ്റ്റേഷനിൽ സിനിമാ കഥയിലേതുപോലൊരും മോഷണം റിപ്പോർട്ട് ചെയ്തു. പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച  ഇ പോസ് മെഷീനാണ് മോഷണം പോയത്. മദ്യപിച്ച് പൊതു സ്ഥലത്ത് ബഹളം വെച്ച കേസിലെ പ്രതിയാണ് മെഷീൻ മോഷ്ടിച്ചത് സിസിടിവിയിലൂടെ കണ്ടെത്തി. സ്റ്റേഷനിലെ സിസിടിവിയിൽ മോഷണ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. തുടർന്ന് മെഷീൻ മോഷ്ടിച്ച ഇളമണ്ണൂർ സ്വദേശി എബി ജോണിനെ പിടികൂടുകയും ചെയ്തു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ഇ പോസ് മെഷീൻ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇയാൾ മോഷണം നടത്തിയത്.  മദ്യപിച്ച് ബഹളം ഉണ്ടാക്കിയ കേസിൽ ജാമ്യം കിട്ടി പോകുമ്പോഴാണ് ഇ പോസ് മെഷീനും എടുത്ത് മുങ്ങിയത്. 

സംഭവം ഇങ്ങനെ... പെറ്റി കേസുകളിലും മറ്റും താഷക്കാലികമായി റസീപ്റ്റ് നൽകുന്ന മെഷീൻ  പൊലീസ് സ്റ്റേഷന് അകത്തായിരുന്നു സൂക്ഷിച്ചിരുന്നത്. ഇതിനിടെയാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഇളമണ്ണൂർ സ്വദേശി എബി ജോണിനെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. സ്റ്റേഷനിലെത്തിച്ച ഇയാൾക്ക് അവിടെ വച്ച് ജാമ്യം നൽകുകയും വിട്ടയക്കുകയും ചെയ്തു. പുറത്തേക്ക് പോകുന്നതിനിടെയാണ് ഇ പോസ് മെഷീനും ഇയാൾ കൈക്കലാക്കുന്നത്. തുടർന്ന് പരിശോധന നടത്തിയിട്ടും മെഷീൻ കണ്ടെത്താൻ പൊലീസിനായില്ല. തുടർന്നായിരുന്നു സിസിടിവി പരിശോധിച്ചത്. പരിശോധനയിൽ എബി മെഷീനെടുത്ത് മുങ്ങുന്നത് വ്യക്തമായി പതിഞ്ഞിരുന്നു. അതിന് ശേഷം ഇയാളെ തെരഞ്ഞ് കസ്റ്റഡിയിലെടുത്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.

ഇതിനിടയിൽ മെഷീനെ കുറിച്ചുള്ള ചോദ്യം ചെയ്യലും നടന്നു. ഇയാൾ പറഞ്ഞ പലയിടങ്ങളിലും മെഷീനായി പൊലീസ് പരിശോധന നടത്തുകയും ചെയ്തിരുന്നു, ഇവിടെയൊന്നും മെഷീൻ കണ്ടെത്തിയിട്ടില്ല. എബി ജോണിനെതിരായ നടപടികൾ പൂർത്തിയാക്കിയ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എന്നാൽ മെഷീൻ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും പൊലീസ് തുടരുകയാണ്. 

click me!