
കൊച്ചി: അമ്മയുടെ മുന്നില്‍വച്ച് സഹോദരന്റെ കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊന്ന കേസില്‍ പിതൃസഹോദരന്‍റെ വധശിക്ഷ ഇളവ് ചെയ്ത് ഹൈക്കോടതി. റാന്നി സ്വദേശി തോമസ് ചാക്കോയുടെ വധശിക്ഷയാണ് 30 വര്‍ഷം ഇളവില്ലാത്ത കഠിനതടവായി കുറച്ചത്. 2013ലായിരുന്നു റാന്നിയെ ഞെട്ടിച്ച കൊലപാതകം നടന്നത്. ഹൈക്കോടതിക്ക് മുന്നിലെത്തിയ അനുകൂല റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് ശിക്ഷായിളവ്
റാന്നി കീക്കോഴൂര്‍ മാത്തോത്ത് വീട്ടീല്‍ തോമസ് ചാക്കോയെന്ന ഷിബു, സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് ഇളയ സഹോദരന്‍ മാത്യു ചാക്കോയുടെ മക്കളായ 3 വയസുകാരന്‍ മെബിന്‍, 7 വയസുകാരന്‍ മെല്‍ബിന്‍ എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയത്. 2013 ഒക്ടോബറില്‍ 27ന് വീട്ടില്‍ അമ്മയ്ക്ക് മുന്നിലായിരുന്നു അരുംകൊല. കൊലപാതകത്തിന് പിന്നാലെ അമ്മയെ ഉപദ്രവിച്ച തോമസ് ചാക്കോ അന്ന് വീടിന് തീയും വച്ചിരുന്നു.
കേസില്‍ അന്വേഷണത്തിനും വിചാരണയ്ക്കുമൊടുവില്‍ 2019 ഫെബ്രുവരി 15നാണ് പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി തോമസ് ചാക്കോയ്ക്ക് വധശിക്ഷ വിധിച്ചത്. ഈ ശിക്ഷയാണ് 5 വര്‍ഷം കഴിഞ്ഞ് ഹൈക്കോടതി ഇളവ് ചെയ്തത്. ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് വി.എം.ശ്യാംകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് വിധി.
ദില്ലി നാഷണല്‍ ലോ സര്‍വകലാശാലയുടെ മിറ്റിഗേഷന്‍ അന്വേഷണ റിപ്പോര്‍ട്ട്, വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന്‍റെയും മാനസികരോഗ വിദഗ്ധന്‍റെയും പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെയും റിപ്പോര്‍ട്ടുകള്‍ എന്നിവ പരിഗണിച്ചാണ് ശിക്ഷാ ഇളവ്. സമൂഹവുമായി പൊരുത്തപ്പെട്ട് ജീവിക്കാന്‍ സാധ്യതയുണ്ടെന്നും പരിവര്‍ത്തനത്തിന് അവസരം നല്‍കണമെന്നും, ജയില്‍ നിയമങ്ങള്‍ പാലിച്ച് കഴിയുന്നുണ്ടെന്നുമെല്ലാമാണ് തോമസ് ചാക്കോയെ സംബന്ധിച്ച റിപ്പോര്‍ട്ടുകളിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam