പുരാവസ്തുക്കളും സംസാരവും, വിശ്വസിക്കാതിരിക്കാന്‍ സാധിച്ചില്ല; മോന്‍സന്‍ വീഡിയോയില്‍ പ്രതികരണവുമായി വ്ലോഗര്‍

By Web TeamFirst Published Oct 3, 2021, 7:19 AM IST
Highlights

മോന്‍സന്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പുനടത്തിയതായും സ്വകാര്യ ശേഖരം എന്ന നിലയിലെ പുരാവസ്തുക്കളും തട്ടിപ്പാണെന്ന് വ്യക്തമായതിന് പിന്നാലെയായിരുന്നു യുട്യൂബറെ നെറ്റിസണ്‍സ് വളഞ്ഞിട്ട് ആക്രമിച്ചത്. 

നെറ്റിസണ്‍സിന്‍റെ രൂക്ഷ പ്രതികരണത്തില്‍ മടുത്ത് മോന്‍സന്‍ മാവുങ്കല്‍(Monson Mavunkal) വിഷയത്തില്‍ വിശദീകരണവുമായി യുട്യൂബ് ബ്ലോഗര്‍(Nature Signature by Vinu Sreedhar ). പുരാവസ്തുക്കളെ സംബന്ധിച്ച് വ്ലോഗുകളിലൂടെ  പ്രശസ്തനായ വിനു ശ്രീധറാണ് വിശദീകരണവുമായി എത്തിയത്.  മോന്‍സന്‍ മാവുങ്കലിന്‍റെ സംസാരം, വിശ്വരൂപത്തിന്‍റെ പ്രതിമ, രക്തചന്ദനത്തിലെ ഗണപതി, ചന്ദനത്തിലെ കുണ്ഡലേശ്വരന്‍ എന്ന പ്രതിമ ഇവയെല്ലാം കണ്ടാല്‍ ഒരിക്കലും മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പുകാരനാണെന്ന് തോന്നില്ല. നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്ന് അവകാശപ്പെടുന്ന ശില്‍പങ്ങള്‍ക്കൊപ്പം പുതിയ ശില്‍പങ്ങളും ഇവിടെ കാണാനായത് വിശ്വാസം വര്‍ധിപ്പിക്കാന്‍ സഹായിച്ചു.

അവിടെ എത്തിയ സമയത്ത് അനുവദിച്ച സമയത്തിനുള്ളില്‍ ചിത്രീകരിച്ച് തീരുമോയെന്ന ആശങ്കയിലായിരുന്നു ഉണ്ടായിരുന്നത്. ശ്രീകൃഷ്ണന്‍റെ വെണ്ണക്കുടം എന്ന പേരില്‍ വ്ലോഗര്‍ പുറത്തുവിട്ട വീഡിയോയില്‍ രൂക്ഷമായ പ്രതികരണങ്ങളാണ് യുട്യൂബര്‍ നേരിട്ടത്. വീഡിയോ ചെയ്ത് ഫോളോവേഴ്സിനെ കാണിക്കണമെന്ന് മാത്രമേ വിചാരിച്ചിരുന്നുള്ളൂ. ദീര്‍ഘവീക്ഷണം ഇല്ലാതെ പോയതിലെ പിഴവിനേയും യുട്യൂബര്‍ പഴിക്കുന്നുണ്ട്. വ്ലോഗര്‍ക്കായി മോന്‍സന്‍ മാവുങ്കല്‍ നല്‍കിയ അഭിമുഖത്തിലെ പല ഭാഗങ്ങളും ഈ വീഡിയോയില്‍ കാണിക്കുന്നുമുണ്ട്.

മോന്‍സന്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പുനടത്തിയതായും സ്വകാര്യ ശേഖരം എന്ന നിലയിലെ പുരാവസ്തുക്കളും തട്ടിപ്പാണെന്ന് വ്യക്തമായതിന് പിന്നാലെയായിരുന്നു യുട്യൂബറെ നെറ്റിസണ്‍സ് വളഞ്ഞിട്ട് ആക്രമിച്ചത്. ജീവിതത്തിൽ ചിലപ്പോഴെക്കെ ചിലസമയത് പൊട്ടനാകേണ്ടിവരും അല്ലെങ്കിൽ അങ്ങനെ അഭിനയിക്കേണ്ടി വരുമെന്ന് പറഞ്ഞാണ് യുട്യൂബര്‍ വീഡിയോ അവസാനിപ്പിക്കുന്നത്. തുടക്കക്കാരനായ വ്ലോഗര്‍ എന്ന നിലയില്‍ ക്ഷമാപണവും വ്ലോഗര്‍ നടത്തുന്നുണ്ട്. മോൻസൻ മാവുങ്കലിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിട്ട് രണ്ടാഴ്ച പിന്നിട്ടതോടെ കലൂരിലെ സ്വകാര്യ മ്യൂസിയത്തില്‍ നിന്ന്  വിഗ്രഹങ്ങള്‍ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തിരുന്നു.

തിരുവനന്തപുരം മുട്ടത്തറ സ്വദേശിയായ ശിൽപ്പി സുരേഷ് നൽകിയ പരാതിയിലായിരുന്നു നടപടി. വിഷ്ണുവിൻ്റെ വിശ്വരൂപം ഉൾപ്പെടെ 9 വിഗ്രഹങ്ങളും  ശിൽപ്പങ്ങളും  സുരേഷ്  നിർമിച്ച്  മോൻസന് നൽകിയിട്ടുണ്ട്.  80 ലക്ഷേം രൂപയായിരുന്നു വാഗ്ദാനം ചെയ്തത്. എന്നാല്‍ 7 ലക്ഷം രൂപ മാത്രം നൽകി വഞ്ചിച്ചുവെന്നായിരുന്നു സുരേഷിന്‍റെ പരാതി.കേസ് രജിസ്റ്റർ ചെയ്ത ക്രൈംബ്രാഞ്ച് സംഘം തൊണ്ടി മുതൽ എന്ന നിലയിൽ മ്യൂസിയത്തിൽ നിന്ന് ഇവ പിടിച്ചെടുക്കുകയായിരുന്നു. വിഷ്ണുവിൻ്റെ വിശ്വരൂപം, കന്യാമറിയം, നടരാജ വിഗ്രഹം, ശ്രീകൃഷ്ണൻ്റെ ശിൽപ്പം തുടങ്ങിയ ഇതിലുൾപ്പെടും. 

click me!