
തിരുവനന്തപുരം: ജില്ലയിൽ ബി.ജെ.പിയിൽ നിന്ന് സി.പി.എമിലേക്ക് നേതാക്കൾ ഉൾപ്പടെയുള്ള പ്രവർത്തകരുടെ ഒഴുക്ക് തുടരുന്നു. ദിവസങ്ങൾക്ക് മുൻപ് വരെ സംഘപരിവാറിനെ അനുകൂലിച്ച് ഫേസ്‌ബുക്കിൽ സജീവമായിരുന്ന യുവമോർച്ച സംസ്ഥാന നേതാവും, ബി.ജെ.പി തിരുവനന്തപുരം മീഡിയ സെൽ കോർഡിനേറ്ററുമായ വലിയശാല പ്രവീൺ ബി.ജെ.പി വിട്ടു. സി.പി.എം ജില്ലാ സെക്രട്ടറി അനാവൂർ നാഗപ്പനിൽ നിന്ന് പാർട്ടി പതാക ഏറ്റുവാങ്ങി പ്രവീൺ സി.പി.എമ്മിലേക്ക് ചേക്കേറി.
ബി.ജെ.പിക്ക് വേണ്ടി സജീവമായി പ്രവർത്തന രംഗത്തുണ്ടായിരുന്ന പ്രവീണിനെ പാർട്ടി ഭാരവാഹിത്വം നൽകി വേണ്ടവിധത്തിൽ പരിഗണിക്കാത്തത് ആണ് പാർട്ടി മാറാൻ കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. ഒക്ടോബർ 12 വരെ സംഘപരിവാർ അനുകൂല പോസ്റ്റുകൾ ഫേസ്‌ബുക്കിൽ ഇട്ടിരുന്ന പ്രവീണിന്റെ പെട്ടെന്നുള്ള പാർട്ടി വിടൽ ചർച്ചയായിരിക്കുകയാണ്. സംഘപരിവാര വർഗ്ഗീയത നാടിന് ആപത്താണ് എന്നത് തിരിച്ചറിഞ്ഞു ബിജെപി രാഷ്ട്രീയം ഉപേക്ഷിച്ചു മാനവികതയുടെ പക്ഷമായ സി.പി.എംലേക്ക് കടന്നു വന്ന പ്രവീണിന് അഭിനന്ദനങ്ങൾ എന്ന് സി.പി.എം ജില്ലാ സെക്രട്ടറി അനാവൂർ നാഗപ്പൻ പറഞ്ഞു.
തലസ്ഥാന ജില്ലയിൽ ബി.ജെ.പി സമ്പൂർണ്ണമായി തകരുകയാണ്. രാഷ്ട്രീയ വഞ്ചനയും, വർഗ്ഗീയതയും കൊണ്ട് ജനങ്ങളെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യാമെന്ന സംഘപരിവാർ അജണ്ടയ്ക്കെതിരെ സി.പി.എം നേതൃത്വത്തിൽ ഉയർന്ന് വന്ന മതനിരപേക്ഷ സമൂഹത്തിന്റെ ചെറുത്ത് നില്പ് ഫലം കാണുന്നു എന്നതാണ് വസ്തുതയെന്നും ആ പാർട്ടിയിലെ അണികൾക്കും നേതാക്കൾക്കും പോലും ബോധ്യപെടാത്ത വിധം രാഷ്ട്രീയ ജീർണ്ണതയിലേക്ക് ബിജെപി കൂപ്പ് കുത്തിയിരിക്കുയാണെന്നും അനാവൂർ നാഗപ്പൻ പറഞ്ഞു.
കെ.സുരേന്ദ്രൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി ആയി ചുമതല എടുത്ത ശേഷം പാർട്ടി വിടുന്ന രണ്ടാമത്തെ പ്രമുഖ നേതാവാണ് വലിയശാല പ്രവീൺ. ഇതിന് മുൻപ് യുവമോർച്ച നേതാവായിരുന്ന രാജാജി നഗർ മഹേഷും സംഘപരിവാർ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് കോൺഗ്രസിലേക്ക് ചേക്കേറിയിരുന്നു. ഇതിന് പിന്നാലെ അടുത്തിടെ വെങ്ങാനൂർ ഗ്രാമപഞ്ചായത് സ്റ്റൻഡിങ് കമ്മിറ്റി ചെയർമാനും ബി.ജെ.പി അംഗവുമായിരുന്ന സന്തോഷും പാർട്ടി വിട്ട് സി.പി.എമ്മിലേക്ക് പോയിരുന്നു തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തതോടെ പാർട്ടി വിടുന്നവരുടെ എണ്ണം കൂടുന്നത് ബി.ജെ.പി നേതൃത്വത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam