Latest Videos

കൊവിഡ് കാലത്തെ കോടി ഭാ​ഗ്യം; 700 കോടിയുടെ യൂറോ ജാക്പോട്ട് സ്വന്തമാക്കി വിദ്യാർത്ഥി !

By Web TeamFirst Published May 6, 2020, 11:41 AM IST
Highlights

എല്ലാ വെള്ളിയാഴ്ചയുമാണ് യൂറോ ജാക്പോട്ട്  ലോട്ടറി കളിക്കുക. നിരവധി ആളുകളാണ് ഭാഗ്യം പരീക്ഷണത്തില്‍ പങ്കെടുക്കാറുള്ളത്.

ബര്‍ലിന്‍: ജീവിതത്തിലെ കഷ്ടപ്പാടുകൾക്ക് ശമനമാകും എന്ന പ്രതീക്ഷയിലാണ് ഭൂരിഭാ​ഗം പേരും ലോട്ടറി ടിക്കറ്റുകൾ എടുക്കാറുള്ളത്. നറുക്കെടുപ്പ് ഫലം വരുമ്പോൾ ഭാ​ഗ്യം തുണച്ചില്ലെങ്കിലും വീണ്ടും ജനങ്ങൾ ലോട്ടറി എടുക്കുന്നു. ചിലരുടെ ജീവിതം തന്നെ ഒരു ലോട്ടറിയിലൂടെ മാറി മറിയുകയും ചെയ്യും. അത്തരത്തിലൊരു വാർത്തയാണ് ജർമനിയിൽ നിന്ന് വരുന്നത്.

യൂറോ ജാക്പോട്ടിന്റെ തുകയായ 90 മില്യൻ യൂറോ(ഏകദേശം എഴുന്നൂറ് കോടി)യുടെ അവകാശിയായത് ജർമനിയിലെ ഒരു ഇരുപത്തിയഞ്ചുകാരൻ വിദ്യാർത്ഥിയാണ്. ജര്‍മ്മനിയുടെ തെക്കന്‍ സംസ്ഥാനമായ ബയേണിലെ മ്യൂണിക് സ്വദേശിയാണ് ഈ ഭാഗ്യവാനെന്ന് ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 6,11,12,21, 41, എന്നീ നമ്പരുകളോടൊപ്പം 1,2 എന്നീ സൂപ്പര്‍ നമ്പര്‍ ചേര്‍ന്നതുകൊണ്ടാണ് ഇത്രയും ഭീമമായ തുക ലഭിക്കാന്‍ കാരണമായത്.

സുരക്ഷാ കാരണങ്ങളാൽ ഭാ​ഗ്യവാന്റെ പേരും മറ്റ് വിവരങ്ങളൊന്നും തന്നെ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഈ തുക ലഭിക്കുന്നതിനായി വിദ്യാർത്ഥി 16 യൂറോയാണ് മുടക്കിയതെന്നും കളി അവസാനിക്കുന്നതിന് രണ്ട് മിനിറ്റ് മുമ്പാണ് ഇയാള്‍ ലോട്ടറി കളിച്ചതെന്നുമാണ് റിപ്പോർട്ടുകൾ. ജര്‍മ്മനിയില്‍ കൊറോണ വൈറസ് വ്യാപകമായി പടര്‍ന്നതോടെ യൂണിവേഴ്‌സിറ്റിയും ക്ലാസുകളും ഇല്ലായിരുന്നു. ഹോട്ടലിൽ ഉണ്ടായിരുന്ന പാര്‍ട്ട് ടൈം ജോലിയും മുടങ്ങി. 

ഇതോടെയാണ് എന്തും വരട്ടെ എന്ന് കരുതി മിച്ചം വന്ന തുക കൊണ്ട് ഇരുപത്തി അഞ്ചുകാരൻ ലോട്ടറി കളിച്ചത്. എന്നാല്‍ ഇത്രയും വലിയ ഭാഗ്യം തന്നെ തേടിവരുമെന്ന് യുവാവ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നുമില്ല. ലോട്ടറി ഫലം വന്നതിന് പിന്നാലെ യുവാവ് ടിക്കറ്റ് ജാക്പോട്ട് അധികൃതർക്ക് കൈമാറി. 

എത്രയും പെട്ടെന്ന് യുവാവിന്റെ അക്കൗണ്ടിലേക്ക് തുക കൈമാറുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്രയും തുക തന്റെ അക്കൗണ്ടിലേക്ക് വന്നാല്‍ എന്ത് ചെയ്യണമെന്ന് അറിയില്ലെന്ന് വിദ്യാർത്ഥി ലോട്ടറി അധികൃതരോട് പറഞ്ഞു. പിന്നാലെ പ്രത്യേകം ഉപദേശകരെ ലോട്ടറി കമ്പനി തന്നെ യുവാവിന് ഏര്‍പ്പാടാക്കി നല്‍കിയെന്നാണ് റിപ്പോർട്ടുകൾ. 

അതേയമയം, 2020 ഡിസംബര്‍ വരെ ഈ തുകയ്ക്ക് സര്‍ക്കാര്‍ നികുതി ചുമത്തില്ലെന്നും യുവാവിന് ഇഷ്ടമുള്ളത് പോലെ പണം ചെലവഴിക്കാമെന്നും അധികൃതർ പറയുന്നു. എന്നാൽ, 2021ന് ശേഷം ഭീമമായ തുക ഇയാൾക്ക് നികുതിയായി സർക്കാരിലേക്ക് അടയ്ക്കേണ്ടി വരുമെന്നും അതാണ് നിയമമെന്നും അധികൃതർ പറയുന്നു. 

എല്ലാ വെള്ളിയാഴ്ചയുമാണ് യൂറോ ജാക്പോട്ട്  ലോട്ടറി കളിക്കുക. നിരവധി ആളുകളാണ് ഭാഗ്യം പരീക്ഷണത്തില്‍ പങ്കെടുക്കാറുള്ളത്. ആദ്യമായാണ് ഒരു വിദ്യാത്ഥിക്ക് ഇത്രയധികം തുക അടിക്കുന്നതെന്നും ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹെല്‍സിങ്കിയാണ് യൂറോ ലോട്ടറിയുടെ ആസ്ഥാനം.

click me!