രാജസ്ഥാനിലെ കോട്പുട്ലി സ്വദേശിയായ അമിത് സെഹാരയ്ക്ക് സുഹൃത്തിൽ നിന്ന് കടം വാങ്ങിയ പണം കൊണ്ട് വാങ്ങിയ ലോട്ടറിയിൽ 11 കോടി രൂപ സമ്മാനം ലഭിച്ചു. ഈ പണം ഉപയോഗിച്ച് കുടുംബത്തിന് വീട് പണിയാനും കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനും അദ്ദേഹം പദ്ധതിയിടുന്നു.
ജയ്പൂർ ജില്ലയിലെ കോട്‍പുട്‍ലി എന്ന വിദൂര ഗ്രാമത്തിൽ നിന്നുള്ള അമിത് സെഹാരയ്ക്ക് ലോട്ടറി വാങ്ങാന്‍ ആഗ്രഹം. പക്ഷേ അതിനുള്ള പണം കൈയിലില്ലായിരുന്നു. അദ്ദേഹം 1,000 രൂപ കടം വാങ്ങി അതിന് ലോട്ടറി എടുത്തു. ചെറുതെന്തെങ്കിലും അടിച്ചാല്‍ അതൊരു ആശ്വാസമാകുമല്ലോയെന്നേ അദ്ദേഹം അപ്പോൾ കരുതിയുള്ളൂ. എന്നാല്‍ അമിതിനെ ഞെട്ടിച്ച് കൊണ്ട് ഫലം വന്നു. 11 കോടി രൂപയുടെ ഒന്നാം സമ്മാനം!
കോടിപതി, പക്ഷേ വന്ന വഴി മറക്കില്ല
സുഹൃത്തിന്‍റെ കൈയില്‍ നിന്നും കടം വാങ്ങിയ പണം കൊണ്ട് വാങ്ങിയ ലോട്ടറിയുടെ മഹത്വം അദ്ദേഹം മറക്കില്ല. മാധ്യമങ്ങളോട് സംസാരിക്കവെ തന്‍റെ കുടുംബത്തിന് നല്ലൊരു വീട് പണിയുന്നതിനും കുട്ടികൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും വേണ്ടി പണം ബുദ്ധിപൂർവ്വം ചെലവഴിക്കുമെന്നാണ് പറഞ്ഞത്. ഭട്ടിൻഡയിൽ നിന്നാണ് അമിത് ടിക്കറ്റ് വാങ്ങിയത്. അദ്ദേഹം പഞ്ചാബ് സർക്കാരിനും ലോട്ടറി ഏജൻസിക്കും തന്‍റെ നേട്ടത്തില്‍ നന്ദി പറഞ്ഞു. “ഞാൻ ജയ്പൂർ ജില്ലയിലെ കോട്പുട്ലി ഗ്രാമത്തിൽ നിന്നുള്ളയാളാണ്. എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. പഞ്ചാബ് സർക്കാരിനും ലോട്ടറി ഏജൻസിക്കും ഞാൻ നന്ദി പറയുന്നു. ഇന്ന് എന്‍റെ എല്ലാ സങ്കടങ്ങളും ഇല്ലാതായി. എനിക്ക് 11 കോടി രൂപ ലഭിച്ചു. ഒരു സുഹൃത്തിനൊപ്പം ഒരു സന്ദർശനത്തിനായി ഞാൻ മോഗയിൽ എത്തി, രണ്ട് ടിക്കറ്റുകൾ വാങ്ങി, ഒന്ന് എനിക്കും ഒന്ന് എന്‍റെ ഭാര്യക്കും. ടിക്കറ്റ് വാങ്ങാൻ ഞാൻ സുഹൃത്തിൽ നിന്ന് 1,000 രൂപ കടം വാങ്ങിയിരുന്നു. ഭാര്യയ്ക്കായി എടുത്ത ടിക്കറ്റിന് 1,000 രൂപയും എന്‍റെതിന് 11 കോടി രൂപയും ലഭിച്ചു. ഞാൻ ഹനുമാന്‍റെ വലിയ ഭക്തനാണ്.”
സുഹൃത്തിനുള്ള സമ്മാനം
സ്വന്തം കുടുംബത്തെ പരിപാലിക്കുന്നതിനും അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിനും പുറമേ, ടിക്കറ്റെടുക്കാന്‍ പണം തന്ന് സഹായിച്ച സുഹൃത്തിന്‍റെ രണ്ട് പെൺമക്കൾക്കായി 50 ലക്ഷം രൂപ വീതം നൽകിക്കൊണ്ട് സുഹൃത്തിന് പ്രതിഫലം നൽകാൻ തയ്യാറാണെന്നും അമിത് വെളിപ്പെടുത്തി. "എനിക്ക് എന്‍റെ അമ്മയെ നഷ്ടപ്പെട്ടു, അതിനാൽ പെൺമക്കളുടെ വേദന എനിക്ക് മനസ്സിലാകും. എന്‍റെ സുഹൃത്തിന്‍റെ പെൺമക്കൾക്ക് 50 ലക്ഷം രൂപ വീതം ഞാൻ നൽകും. ബാക്കി പണം എന്‍റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും വീട് പണിയുന്നതിനും ഉപയോഗിക്കും. പഞ്ചാബ് സർക്കാരിന്‍റെ ഈ പദ്ധതി പ്രയോജനപ്പെടുത്താൻ ഞാൻ ആളുകളോട് അഭ്യർത്ഥിക്കുന്നു. എല്ലാവരുടെയും ദാരിദ്ര്യം അവസാനിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു," അമിത് കൂട്ടിച്ചേര്‍ത്തു.


