ദുബായിൽ 25 വർഷമായി ഡ്രൈവറായി ജോലി ചെയ്യുന്ന ബഷീർ കൈപ്പുറത്ത് എന്ന 57-കാരനായ മലയാളിക്ക് ബിഗ് ടിക്കറ്റ് ഇ-ഡ്രോയിൽ 100,000 ദിർഹം സമ്മാനം. രണ്ട് വർഷമായി എല്ലാ മാസവും ടിക്കറ്റെടുത്തിരുന്ന ബഷീർ, സമ്മാനത്തുക കുടുംബത്തെ സഹായിക്കാൻ ഉപയോഗിക്കുമെന്ന് പറഞ്ഞു.
ദുബായിൽ രണ്ട് പതിറ്റാണ്ടിലേറെയായി വാഹനമോടിക്കുന്ന മലയാളിയായ പ്രവാസി ഡ്രൈവർക്ക് ബിഗ് ടിക്കറ്റ് ഇ-ഡ്രോയിൽ 100,000 ദിർഹം (ഏകദേശം 24 ലക്ഷം) സമ്മാനം. 25 വർഷമായി ദുബായിൽ താമസിക്കുന്ന 57 -കാരനായ മലയാളി ബഷീർ കൈപ്പുറത്താണ് ബിഗ് ടിക്കറ്റ് ഇ-ഡ്രോയിൽ സമ്മാനം നേടിയത്. 276640 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് ബഷീർ സമ്മാനം നേടിയതെന്ന് ഗൾഫ് ന്യൂസിന്‍റെ റിപ്പോര്‍ട്ടുകൾ പറയുന്നു. കഴിഞ്ഞ രണ്ട് വർഷമായി തന്‍റെ ദിവസം ഒരിക്കൽ വരുമെന്ന് പ്രതീക്ഷിച്ച് എല്ലാ മാസവും ബിഗ് ടിക്കറ്റ് എന്‍ട്രികൾ വാങ്ങാറുണ്ടെന്ന് ബഷീർ പറഞ്ഞു. നീണ്ട കാത്തിരിപ്പിനൊടുവിൽ ബഷീറിനെ തേടി സമ്മാനമെത്തി.
'നന്ദി വളരെ സന്തോഷം'
ബിഗ് ടിക്കറ്റ് ഷോ അവതാരകൻ റിച്ചാർഡ് സമ്മാന ലബ്ദിയെ കുറിച്ച് വിളിച്ച് അറിയിച്ചപ്പോൾ ബഷീർ സ്തബ്ധനായി. “1,00,000 ദിർഹമോ? ഞാൻ ജയിച്ചോ?” ബഷീർ അവിശ്വാസത്തോടെ ചോദിച്ചു. സമ്മാന നേട്ടം സ്ഥിരീകരിച്ചതിന് ശേഷവും, സ്വയം ആശ്വസിപ്പിക്കാൻ അയാൾ ആവർത്തിച്ചു: “അതെ, ഞാൻ ഒരു ബിഗ് ടിക്കറ്റ് വാങ്ങി. 1,00,000 ദിർഹമോ?”. "ശരി, നന്ദി. എനിക്ക് വളരെ സന്തോഷമുണ്ട്," ഒരു വിധത്തിലായിരുന്നു ബഷീർ പറഞ്ഞൊപ്പിച്ചത്. സമ്മാനത്തുകയുടെ ഒരു ഭാഗം ഇന്ത്യയിലുള്ള തന്‍റെ കുടുംബത്തെ സഹായിക്കാൻ ഉപയോഗിക്കുമെന്ന് ബഷീർ പറഞ്ഞു. അതൊടൊപ്പം ഇനിയും ഭാഗ്യം തന്നോടൊപ്പമുണ്ടാകുമെന്ന ശുഭാപ്തിവിശ്വാസത്തോടെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളിൽ പങ്കെടുക്കുന്നത് തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
240 കോടി ലോട്ടറിയും ഇന്ത്യക്കാരന്
മാസങ്ങൾക്ക് മുമ്പ്, യുഎഇയുടെ റെക്കോർഡ് ലോട്ടറിയായ 240 കോടി ലോട്ടറി നേടിയതും ഒരു ഇന്ത്യക്കാരനായിരുന്നു. 23-ാമത് ലക്കി ഡേ പരിപാടിയുടെ ഭാഗമായി ഒക്ടോബർ 18 ന് നടന്ന ആ നറുക്കെടുപ്പിൽ 88 ലക്ഷം ടിക്കറ്റുകളാണ് വിറ്റ് പോയത്. ഇതിൽ അനിൽകുമാർ ബൊള്ള മാധവറാവു ബൊള്ള എന്ന ഇന്ത്യക്കാരനെയായിരുന്നു അന്ന് ഭാഗ്യം കടാക്ഷിച്ചത്.


