പക്ഷാഘാതം പിടിപെട്ട് ആശുപത്രിയിൽ, ചികിത്സിച്ചത് നാട്ടുകാർ പണം പിരിച്ച്, ഒടുവിൽ 59കാരനെ തേടി ഭാ​ഗ്യം എത്തി

By Web TeamFirst Published Jan 23, 2023, 11:09 AM IST
Highlights

ക്രിസ്മസ്- ന്യു ഇയര്‍ ബംപറിന്‍റെ ഒന്നാം സമ്മാനം നേടിയ ആളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 

കോട്ടയം: ദുരിതക്കയത്തിൽ നിന്നും പലരുടെയും ജീവിതം കരകയറ്റാൻ കേരള ലോട്ടറിക്ക് സാധിച്ചിട്ടുണ്ട്. ആദ്യമായി ലോട്ടറി എടുത്തവരും ഒന്നിൽ കൂടുതൽ തവണ ഭാ​ഗ്യപരീക്ഷണം നടത്തിയവരും ഇക്കൂട്ടത്തിൽ ഉണ്ടാകും. നിനച്ചിരിക്കാതെ ആകും പലപ്പോഴും ഭാ​ഗ്യത്തിന്റെ വരവ്. ഇത്തരത്തിൽ മാസങ്ങൾ നീണ്ട ആശുപത്രി ചികിത്സയ്ക്ക് നാട്ടുകാർ പിരിവെടുത്ത് നൽകിയ കുടുംബത്തിലേക്ക് ക്രിസ്മസ് ബംപർ എത്തിയ വാർത്തയാണ് പുറത്തുവരുന്നത്. ബമ്പർ ലോട്ടറിയുടെ ഒരു കോടിയാണ് വൈക്കം സ്വദേശി അഖിലേഷിനെ തേടി എത്തിയത്. 

2018ൽ ആണ് പക്ഷാഘാതം സംഭവിച്ച് അഖിലേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ശേഷം മൂന്ന് മാസത്തോളം നീണ്ട ആശുപത്രി വാസം. ചികിത്സയ്ക്കു എങ്ങനെ പണം കണ്ടെത്തുമെന്ന് അറിയാതെ വിഷമിച്ച അഖിലേഷിനും ഭാര്യ കുമാരിക്കും സഹായ ഹസ്തവുമായി നാട്ടുകാർ ഒത്തുകൂടുക ആയിരുന്നു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ഹരികുമാറിന്റെ നേതൃത്വത്തിൽ ആശുപത്രി അധികൃതരുടെയും നാട്ടുകാരുടെയും സഹായത്തോടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തി. അഖിലേഷിനെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചു. 

'വീണ്ടും ഓട്ടോയോടിക്കാൻ ഇറങ്ങി, കോടീശ്വരന് പൈസ എന്തിനെന്ന് ചോദ്യം, പലരും പ്രാകി': അനൂപ് പറയുന്നു

വാടക വീട്ടിൽ ആണ് അഖിലേഷും കുടുംബവും താമസിക്കുന്നത്. സ്വന്തം വീടെന്ന സ്വപ്നവുമായി ലൈഫ് പദ്ധതിയിൽ അപേക്ഷിച്ച് കാത്തിരിക്കുന്നതിനിടെ ആണ് ഭാ​ഗ്യദേവത അഖിലേഷിനെ തുണച്ചിരിക്കുന്നത്. വല്ലപ്പോഴും ലോട്ടറി എടുക്കുന്ന ആളാണ് അഖിലേഷ്. വൈക്കം വടക്കേനട സ്കൂളിന് സമീപം ലോട്ടറി കച്ചവടം നടത്തുന്ന ഇന്ദുവിന്റെ പക്കൽ നിന്നാണ് ഇദ്ദേഹം ടിക്കറ്റെടുക്കുന്നത്. പ്രതീക്ഷയില്ലാതെ എടുത്ത ടിക്കറ്റിന് ഒടുവിൽ ക്രിസ്മസ് ബംപറിന്റെ ഒരു കോടി അടിക്കുകയും ചെയ്തു. സമ്മാർഹമായ ടിക്കറ്റ് ബാങ്കിൽ ഏൽപിച്ചു.

അതേസമയം, ക്രിസ്മസ്- ന്യു ഇയര്‍ ബംപറിന്‍റെ ഒന്നാം സമ്മാനം നേടിയ ആളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. XD 236433 എന്ന നമ്പറിനാണ് 16 കോടിയുടെ ഒന്നാം സമ്മാനം. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്മാനത്തുകയുമായെത്തിയ ബംപറിന്റെ ഭാ​ഗ്യശാലി ആരാകും എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളക്കര ഇപ്പോൾ. 

click me!