Asianet News MalayalamAsianet News Malayalam

'വീണ്ടും ഓട്ടോയോടിക്കാൻ ഇറങ്ങി, കോടീശ്വരന് പൈസ എന്തിനെന്ന് ചോദ്യം, പലരും പ്രാകി': അനൂപ് പറയുന്നു

ലോട്ടറി അടിച്ചിട്ടും ഭാ​ഗ്യപരീക്ഷണം നടത്താറുള്ള അനൂപ് ഇപ്പോൾ ഒരു ലോട്ടറിക്കട തുടങ്ങിയിരിക്കുകയാണ്. എംഎ ലക്കി സെന്റർ എന്ന് പേര് നൽകിയിരിക്കുന്ന കട മൂന്ന് ദിവസം മുൻപാണ് ആരംഭിച്ചത്.

anoop talk about his life story after winning onam bumper 25 crore
Author
First Published Jan 22, 2023, 4:03 PM IST

ണ്ട് ദിവസം മുൻപാണ് ഈ വർഷത്തെ ക്രിസ്മസ്- ന്യു ഇയർ ബംപർ നറുക്കെടുത്തത്. XD 236433 എന്ന നമ്പറിനാണ് 16 കോടിയുടെ ഒന്നാം സമ്മാനം. താമരശ്ശേരിയിലുള്ള സബ് ഏജൻസിയിൽ നിന്നും പാലക്കാട്ടെ ശ്രീമൂകാംബിക ലോട്ടറി ഏജൻസി ഉടമ മധുസൂദനന്‍ വാങ്ങി വിറ്റ ടിക്കറ്റിനാണ് സമ്മാനം. എന്നാൽ നറുക്കെടുപ്പ് കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ടിട്ടും ഭാ​ഗ്യശാലി ഇപ്പോഴും കാണാമറയത്ത് തന്നെ. 16 കോടി ആർക്കെന്നറിയാൻ കാത്തിരിക്കുകയാണ് കേരളക്കരയും. 

ഇത്തവണ ക്രിസ്മസ് ബംപർ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ തിരുവോണം ബംപർ വിജയി അനൂപും വാർത്തകളിൽ നിറഞ്ഞിരുന്നു. അപ്രതീക്ഷിത സൗഭാ​ഗ്യത്തിൽ സന്തോഷത്തോടൊപ്പം അനൂപിനെ തേടി എത്തിയ മനസമാധാനക്കേടും പലരും ചൂണ്ടിക്കാട്ടി. ഈ പാഠം മുന്നിൽ ഉള്ളത് കൊണ്ട് ക്രിസ്മസ് ബംപർ ജേതാവ് മുന്നോട്ട് വരില്ലെന്നാണ് പലരും പറയുന്നത്. ഈ അവസരത്തിൽ 25 കോടി അടിച്ചതിന് പിന്നാലെയുള്ള തന്റെ ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് അനൂപ്. 

ലോട്ടറി അടിച്ചിട്ടും ഭാ​ഗ്യപരീക്ഷണം നടത്താറുള്ള അനൂപ് ഇപ്പോൾ ഒരു ലോട്ടറിക്കട തുടങ്ങിയിരിക്കുകയാണ്. എംഎ ലക്കി സെന്റർ എന്ന് പേര് നൽകിയിരിക്കുന്ന കട മൂന്ന് ദിവസം മുൻപാണ് ആരംഭിച്ചതെന്ന് അനൂപ് ഏഷ്യാനെറ്റ് ന്യൂസിനോട് പറയുന്നു. ലോട്ടറിയിൽ കൂടെ ജീവിതം മെച്ചപ്പെട്ടത് കൊണ്ടാണ് സ്വന്തമായി കച്ചവടം തുടങ്ങിയതെന്നും അനൂപ് പറഞ്ഞു. 

ശ്രീവരാഹം സ്വദേശി ആയിരുന്നു അനൂപ്. എന്നാൽ കടം ചോദിച്ച് വരുന്നവരുടെയും മറ്റും ശല്യം കാരണം ഇപ്പോൾ തിരുവനന്തപുരത്തെ മുക്കാലയ്ക്കൽ എന്ന സ്ഥലത്താണ് കുടുംബസമേതം താമസിക്കുന്നത്. "ശ്രീവരാഹത്ത് നല്ല ആൾക്കാർ വരാൻ തുടങ്ങിയതോടെയാണ് വീട് മാറിയത്. എന്നാൽ അതിനെക്കാളും ഇവിടെയാണ് ഇപ്പോൾ ആളുകൾ വരുന്നത്. വീട് മാറേണ്ട ആവശ്യം ഇല്ലായിരുന്നു. മുക്കാലയ്ക്കൽ താമസം തുടങ്ങി അന്ന് തന്നെ കാസർകോട് നിന്ന് മൂന്ന് ആന്റിമാർ വന്നിരുന്നു. കാശില്ലാന്ന് പറഞ്ഞ് വിട്ടപ്പോൾ, ഞാൻ നന്നാകില്ലെന്ന് നാട്ടുകാരോട് പറഞ്ഞ് പ്രാകി. ഇത്രയും ദൂരെ നിന്നും വരുന്നവരെ വണ്ടിക്കൂലി കൊടുത്താണ് വിടുന്നത്. പക്ഷേ അതും വാങ്ങിയിട്ടാണ് പ്രാകുന്നത്. ഇനി ഒന്നും പറയാൻ പറ്റില്ല. എല്ലാം സഹിച്ചേ പറ്റൂ"എന്നും അനൂപ് പറഞ്ഞു. 

16 കോടി ആർക്ക് ? ഭാ​ഗ്യശാലി രം​ഗത്തെത്തുമോ ? അനൂപിന്റെ അവസ്ഥ പാഠമോ ?

ലോട്ടറി അടിച്ച ശേഷം വീണ്ടും ഓട്ടോ ഓടിക്കാൻ അനൂപ് പോയിരുന്നു."ഓട്ടം തുടങ്ങിയ ആദ്യദിവസം വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാതെ പോയി. ബാക്കി രണ്ട് ദിവസം ചിലർ കാശ് തന്നില്ല. കോടീശ്വരന് എന്തിനാണ് കാശെന്നാണ് ചോദിച്ചപ്പോൾ പറഞ്ഞത്. എനിക്ക് നിർബന്ധിച്ച് ചോദിക്കാനും സാധിക്കാത്ത അവസ്ഥ. അതോടെ ഓട്ടോ ഓടിക്കുന്നത് നിർത്തി. ഇപ്പോൾ അനുജനാണ് ഓടിക്കുന്നത്. ശേഷമാണ് ലക്കി സെന്റർ തുടങ്ങിയത്", എന്നും അനൂപ്. 

തിരുവോണം ബംപർ തുക അനൂപ് ഫിക്സഡ് ഡെപ്പോസിറ്റ് ആയി ബാങ്കിൽ ഇട്ടിരിക്കുകയാണ്. ഒപ്പം കുറച്ച് സ്ഥലവും വാങ്ങി. "15 കോടിയാണ് നമുക്ക് കിട്ടിയത്. അതിൽ 3 കോടി ടാക്സ് കൊടുത്തു. ഇനിയും ടാക്സ് അടക്കേണ്ടിവരുമെന്ന് പറയുന്നുണ്ട്"എന്നും അനൂപ് വ്യക്തമാക്കി. 

ബംപർ ലോട്ടറി അടിക്കുന്നവർ കരുതലോടെ അത് കൈകാര്യം ചെയ്യണമെന്നും അനൂപ് പറയുന്നു. ലോട്ടറി അടിച്ച ശേഷം ആരോടും അത് പറയരുതെന്നും ചെയ്യേണ്ട കാര്യങ്ങൾ എല്ലാം ചെയ്ത ശേഷം മാത്രം മുന്നോട്ട് പോകുക. ഇന്നല്ലെങ്കിൽ നാളെ ആയാലും നോ എന്നൊരു വാക്ക് നമുക്ക് മറ്റുള്ളവരോട് പറയേണ്ടി വരും. എനിക്കത് പറയേണ്ടി വന്നിട്ടുണ്ടെന്നും അനൂപ് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios