നിര്‍മ്മൽ ലോട്ടറിയുടെ 70 ലക്ഷം ലോട്ടറി ഏജന്റിന്, ചന്ദ്രശേഖരന് ഇത് ഇരട്ടിമധുരം

By Web TeamFirst Published Jun 8, 2022, 2:52 PM IST
Highlights

കച്ചവടം നടത്തുന്നതിനിടയിലാണ് താൻ വിൽക്കാൻ വാങ്ങിയ ലോട്ടറിക്കാണ് ഒന്നാം സമ്മാനം എന്നറിഞ്ഞത്. പിന്നെ ലോട്ടറി വാങ്ങിയ ആ ഭാ​ഗ്യശാലിയെ കണ്ടെത്താനായി ശ്രമം. അപ്പോഴാണ്...

കോട്ടയം: വാങ്ങിയ ലോട്ടറികളെല്ലാം വിറ്റുപോകുന്നതാണ് ഒരു ലോട്ടറി കച്ചവടക്കാരന്റെ സന്തോഷം. എന്നാൽ വിൽക്കാതെ വച്ച ലോട്ടറി ഭാ​ഗ്യം കൊണ്ടുവന്നാലോ, വിൽക്കാത്തതിന്റെ വിഷമം സന്തോഷത്തിലേക്ക് വഴിമാറും അല്ലേ. വിൽക്കാതെ വച്ച നിർമ്മൽ ലോട്ടറിയിൽ നിന്നാണ് പാലായിൽ ലോട്ടറി കച്ചവടം നടത്തുന്ന പൂഞ്ഞാർ സ്വദേശി ചന്ദ്രശേഖരന് ഒന്നാം സമ്മാനം അടിച്ചത്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. എൻഎച്ച് 227146 എന്ന ലോട്ടറിയിലൂടെയാണ് ഇദ്ദേഹത്തിനെ ഭാ​ഗ്യം തേടിയെത്തിയത്. 

പാലായിലെ ഭ​ഗവതി സെന്ററിൽ നിന്നാണ് ചന്ദ്രശേഖരൻ ലോട്ടറി വാങ്ങുക. പിന്നെ നേരെ പാലായിലും പരിസരത്തുമുള്ള കടകളിലെല്ലാം കയറിയിറങ്ങും. വൈകീട്ടായാൽ പൂഞ്ഞാറിലെത്തും. അങ്ങനെ കച്ചവടം നടത്തുന്നതിനിടയിലാണ് താൻ വിൽക്കാൻ വാങ്ങിയ ലോട്ടറിക്കാണ് ഒന്നാം സമ്മാനം എന്നറിഞ്ഞത്. പിന്നെ ലോട്ടറി വാങ്ങിയ ആ ഭാ​ഗ്യശാലിയെ കണ്ടെത്താനായി ശ്രമം. അപ്പോഴാണ് കൈയ്യിൽ കുറച്ച് ലോട്ടറി ബാക്കിയുണ്ടെന്ന് ഓർത്തത്. ഉടൻ തന്നെ അതെടുത്ത് പരിശോധിച്ചപ്പോഴാണ് താൻ ആണ് ആ ഭാ​ഗ്യശാലിയെന്ന സത്യം ചന്ദ്രശേഖരൻ തിരിച്ചറിഞ്ഞത്. 

Read More: ആർക്കാകും 70 ലക്ഷം? അക്ഷയ AK- 552 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കൂലിപ്പണിക്കാരനായിരുന്നു ചന്ദ്രശേഖരൻ. എട്ട് വർഷം മുമ്പ് തോളെല്ലിന് അസുഖം ബാധിച്ചതോടെയാണ് ലോട്ടറി കച്ചവടത്തിലേത്ത് തിരിഞ്ഞത്. സമ്മാനത്തുക ലഭിച്ചാൽ സ്വന്തമായി ഭൂമി വാങ്ങി വീട് വെക്കണമെന്നാണ് ചന്ദ്രശേഖരന്റെ ആ​ഗ്രഹം. 12 വർഷമായി വാടക വീട്ടിലാണ് ഭാര്യക്കും മക്കൾക്കുമൊപ്പം താമസിക്കുന്നത്. ലോട്ടറി കച്ചവടക്കാരൻ തന്നെ ഭാ​ഗ്യശാലിയായതോടെ കച്ചവടം ഒന്നുകൂടി ഉഷാറായിരിക്കുകയാണ്. ഭാ​ഗ്യശാലിയുടെ കൈയ്യിനും ഭാ​ഗ്യമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് പലരും. അതുകൊണ്ടുതന്നെ ലോട്ടറി കച്ചവടം നിര്‍ത്തില്ലെന്നാണ് ചന്ദ്രശേഖരൻ പറയുന്നത്. 

click me!