'എന്റെ നല്ലകാലം കാണാൻ അമ്മയില്ലല്ലോ എന്ന സങ്കടമാണ്'; 80 ലക്ഷത്തിന്റെ ഭാ​ഗ്യം ഈ കൃഷിക്കാരന് സ്വന്തം

By Nithya RobinsonFirst Published Jul 19, 2020, 5:07 PM IST
Highlights

"ലോട്ടറി വിൽക്കുന്നവർക്കും ജീവിക്കണ്ടേ. അതിന് നമ്മളെ പോലുള്ളവർ ടിക്കറ്റെടുത്താലല്ലേ പറ്റു. അതുകൊണ്ട് ഇനിയും ടിക്കറ്റുകൾ എടുക്കും" രഘു പറഞ്ഞു.

തൃശ്ശൂർ: അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം കൃഷിക്കാരനായ രഘുവിന് ഇനി സ്വന്തമാകും. കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനത്തിലൂടെയാണ് രഘുവിന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകാൻ പോകുന്നത്. കഴിഞ്ഞ വ്യാഴാഴ്ച നറുക്കെടുത്ത ഭാ​ഗ്യക്കുറിയിൽ പിയു 243344 എന്ന നമ്പറിലൂടെ 80 ലക്ഷം രൂപയാണ് രഘുവിന് സ്വന്തമായത്.

വടക്കാഞ്ചേരി ചിറ്റണ്ട സ്വദേശിയായ ഈ നാല്പത്താറുകാരൻ കഴിഞ്ഞ പത്ത് വർഷമായി ലോട്ടറി എടുക്കാറുണ്ട്. ഓട്ടുപാറ ബസ്സ് സ്റ്റാന്റിനുള്ളിലെ റിയല്‍ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് രഘു ഭാ​ഗ്യത്തിന് അർഹമാക്കിയ ലോട്ടറി ടിക്കറ്റെടുത്തത്. ഒരു ഡസൻ ടിക്കറ്റാണ് അന്നേ ദിവസം എടുത്തതെന്ന് രഘു പറയുന്നു. 

കയ്യിൽ കാശുള്ളപ്പോഴേല്ലാം രഘു ലോട്ടറി എടുക്കാറുണ്ട്. സ്ഥിരമായി റിയല്‍ ലോട്ടറി ഏജന്‍സിയിൽ നിന്നുതന്നെയാണ് രഘു ലോട്ടറി എടുക്കാറുള്ളത്. 2019 മാർച്ചിൽ ഇവിടെ നിന്നെടുന്ന ലോട്ടറിക്ക് രണ്ട് നമ്പറിന്റെ വ്യത്യാസത്തിലായിരുന്നു രഘുവിനെ ഭാ​ഗ്യം കൈവിട്ടത്. എന്നാൽ നിരാശനാകാതെ രഘു വീണ്ടും ലോട്ടറി എടുത്തുകൊണ്ടേ ഇരുന്നു. ഒടുവിൽ ഭാഗ്യദേവത ഈ കൃഷിക്കാരനെ തേടി എത്തുകയും ചെയ്തു. സ്ഥിരം പോകാറുള്ള ബസിലെ കണ്ടക്ടറാണ് ഭാ​ഗ്യം തുണച്ച വിവരം തന്നെ അറിയിച്ചതെന്ന് രഘു ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

നെല്ല്, കവുങ്ങ്, വാഴ എന്നിവയാണ് രഘുവിന്റെ കൃഷികൾ. കൂടാതെ കിണർ കുഴിക്കാനും കൂലിപ്പണിക്കും രഘു പോകാറുണ്ട്. 60 വർഷം പഴക്കമുള്ള തറവാട് വീട്ടിലാണ് രഘുവും കുടുംബവും അനുജനും താമസിക്കുന്നത്. മറ്റ് സഹോദരങ്ങൾക്ക് വസ്തുക്കൾ ഭാ​ഗം വച്ച് നൽകിയിട്ടുമില്ല. ഈ സമ്മാനത്തിലൂടെ സ്വന്തം വീടെന്ന സ്വപ്നമാണ് രഘുവിന് സ്വന്തമാകാൻ പോകുന്നത്.  

നിരവധി പ്രയാസങ്ങളിലൂടെയാണ് താൻ വളർന്നതെന്ന് രഘു പറയുന്നു. "പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞയുടനെ ഞാൻ ​ഗുജറാത്തിലെ സൂറത്തിലേക്ക് പോയി. പരിചയക്കാരന്റെ കടയിൽ ജോലി ചെയ്തു. ഏകദേശം അഞ്ച് വർഷം. പിന്നെ നാട്ടിൽ വന്ന് നാലര വർഷത്തോളം പത്രം വിറ്റു. ഇതിനിടയിലായിരുന്നു വിവാഹം. പിന്നെ കൂട്ടുകാരനൊപ്പം കുരുമുളകും അടക്കയും വിൽക്കുന്ന കച്ചവടം തുടങ്ങി. എന്നാൽ ഇത് പൊളിഞ്ഞു. കടം പെരുകി. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ ആയിരുന്നു. ഒടുവിൽ ഭാ​ര്യയുടെ ആഭരണങ്ങൾ വരെ വിറ്റു. പിന്നീടാണ് മറ്റ് ജോലികളിലേക്ക് തിരിഞ്ഞത്" രഘു പറയുന്നു.

തുച്ഛമായ വരുമാനം കൊണ്ട് ജീവിതം മുന്നോട്ട് പോകുന്നതിനിടയിലാണ് ഭാ​ഗ്യം രഘുവിനെ തേടി എത്തിയത്. എന്നാൽ ഈ സന്തോഷത്തിനിടയിലും രഘുവിന് ഒരു വിഷമമുണ്ട്. "അമ്മയെ നോക്കാനായാണ് ഞാനും അനുജനും തറവാട്ടിൽ തങ്ങിയത്. അച്ഛനും അമ്മയ്ക്കും ഞങ്ങൾ 12 മക്കളാണ്. എന്നാൽ കഴിഞ്ഞ ഡിസംബർ 17ന് അമ്മ ഞങ്ങളെ വിട്ടുപോയി. ലോട്ടറി അടിച്ചതിൽ സന്തോഷമുണ്ട്. പക്ഷേ ഞങ്ങളുടെ നല്ലകാലം കാണാൻ അമ്മയ്ക്ക് കഴിഞ്ഞില്ലല്ലോ എന്ന വിഷമമാണ്" രഘു വിതുമ്പലോടെ പറയുന്നു. രഘു ഏഴാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അച്ഛന്റെ മരണം. പിന്നെ മക്കളെ കഷ്ടപ്പെട്ട് വളർത്തിയത് അമ്മയായിരുന്നു.

അപ്രതീക്ഷിതമായി ലക്ഷപ്രഭു ആയെങ്കിലും താൻ ഇനിയും ലോട്ടറി എടുക്കുമെന്ന് രഘു പറയുന്നു. "ലോട്ടറി വിൽക്കുന്നവർക്കും ജീവിക്കണ്ടേ. അതിന് നമ്മളെ പോലുള്ളവർ ടിക്കറ്റെടുത്താലല്ലേ പറ്റു. അതുകൊണ്ട് ഇനിയും ടിക്കറ്റുകൾ എടുക്കും" രഘു പറഞ്ഞു.

സ്വന്തമായി ഭൂമി വാങ്ങി വീട് വയ്ക്കണമെന്നാണ് രഘുവിന്റെ ആ​ഗ്രഹം. മക്കളുടെ ഭാവിക്ക് വേണ്ടി കരുതണമെന്നും അനുജനെ വീട് വയ്ക്കാൻ സഹായിക്കണമെന്നും ഇദ്ദേഹം പറയുന്നു. എന്തായാലും അടച്ചുറപ്പുള്ള വീടു നിര്‍മിക്കണമെന്ന ആഗ്രഹം പ്രാവര്‍ത്തികമാകുമെന്ന സന്തോഷത്തിലാണ് ഭാര്യ രമ്യയും മക്കളായ രാഹുലും സ്നേഹയും. സമ്മാനത്തിന് അർഹമായ ടിക്കറ്റ് ചിറ്റണ്ട എസ്ബിഐ ശാഖയിൽ ഏൽപ്പിച്ചിട്ടുണ്ട്.

click me!