നിറതോക്കുമായി ഒരു 11 വയസ്സുകാരി അധികാരികളുടെ മുമ്പില്‍, കാരണമെന്തായിരുന്നു?

Web Desk   | others
Published : Mar 02, 2020, 02:48 PM ISTUpdated : Mar 02, 2020, 02:53 PM IST
നിറതോക്കുമായി ഒരു 11 വയസ്സുകാരി അധികാരികളുടെ മുമ്പില്‍, കാരണമെന്തായിരുന്നു?

Synopsis

നഗരപരിധിക്കുള്ളിൽ ആവശ്യമായ പരിശീലനമില്ലാതെ കൗമാരക്കാരെ തോക്ക് കൈവശം വയ്ക്കാൻ അനുവദിക്കുന്നത് വളരെ അപകടകരമായ ഒരു കാര്യമാണെന്നും, ഇത് വെടിവയ്പിലേക്ക് നയിച്ചേക്കാമെന്നും ഈ നിയമത്തെ എതിർക്കുന്നവർ പറയുന്നു.

ബെയ്‌ലി നീൽസൺ എന്ന 11 വയസ്സുകാരി ഫെബ്രുവരി 24 -ന് അമേരിക്കയുടെ യുഎസ് സ്റ്റേറ്റ് കമ്മിറ്റി മുൻപിൽ ഹാജരാവുകയുണ്ടായി. അവളുടെ ഒപ്പം അവളുടെ മുത്തച്ഛനും ഉണ്ടായിരുന്നു. അന്നവിടെ ഹാജരായപ്പോൾ അവളുടെ കൈയിൽ ലോഡ് ചെയ്‍ത ഒരു AR-15 റൈഫിളും ഉണ്ടായിരുന്നു. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. ആ അച്ഛനും അമ്മയ്ക്കും ഒരു ഉത്തരവാദിത്തമില്ലേ എന്ന് ചിന്തിച്ചവരും കുറവല്ല. എന്നാൽ, അമേരിക്കൻ സംസ്ഥാനമായ ഐഡഹോവിൽ ഇത് സർവസാധാരണമാണ്. രാജ്യത്തെ ഏറ്റവും തോക്ക് സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് ഐഡഹോ. 18 വയസ്സോ അതിന് മുകളിലൊ പ്രായമുള്ള ഐഡഹോ നിവാസികൾക്ക്  പെർമിറ്റോ പരിശീലനമോ ഇല്ലാതെ തന്നെ നഗരപരിധിക്കുള്ളിൽ തോക്ക് കൊണ്ടുപോകാൻ അവകാശമുണ്ട്. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കും രക്ഷകർത്താവിന്റെ അനുമതി ഉള്ളിടത്തോളം കാലം തോക്കുകൾ കൈവശം വയ്ക്കാൻ അവകാശമുണ്ട്. പക്ഷേ, തോക്ക് എടുക്കുമ്പോൾ മാതാപിതാക്കളോ രക്ഷിതാവോ ഒപ്പമുണ്ടാകണം എന്ന് മാത്രം. 

നഗരപരിധിക്കുള്ളിൽ നിയമപരമായി തോക്ക് കൈവശം വയ്ക്കാൻ ഐഡഹോറിലെ നിവാസികൾക്ക് മാത്രമല്ല മറിച്ച് അവിടെ വരുന്ന സന്ദർശകർക്ക് കൂടി അനുവാദം നൽകണമെന്ന് ആവശ്യപ്പെടാനാണ് ബെയ്‌ലി നീൽസൺ സംസ്ഥാന നിയമനിർമ്മാതാക്കളുടെ മുമ്പാകെ തോക്കുമായി വന്നത്. അത് മാത്രവുമല്ല ആ 11 വയസ്സുകാരി തോക്കേന്തി നിയമസഭയിൽ പ്രത്യക്ഷപ്പെട്ടത്തിന്റെ പിന്നിൽ ഒരുദ്ദേശം കൂടിയുണ്ട്. ഒരു തോക്ക് ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യാൻ കഴിയുന്ന വ്യക്തിയാണ് താനെന്ന് തെളിയിക്കാനും, നിർദ്ദിഷ്ട തോക്ക് നിയമത്തെ പിന്തുണക്കാനും വേണ്ടി കൂടിയാണ് അവൾ അത് ചെയ്തത്. 

കമ്മിറ്റിക്ക് മുന്നിൽ അവൾ നിശബ്ദയായിരുന്നു. അവൾക്ക് വേണ്ടി അവളുടെ മുത്തച്ഛനാണ് സംസാരിച്ചത്. കുട്ടിക്കാലം മുതൽ തന്നെ ആയുധം ശരിയായി കൈകാര്യം ചെയ്യാൻ അവൾ പരിശീലനം നേടിയിരുന്നു എന്ന് അദ്ദേഹം വിശദീകരിച്ചു. 'ആളുകൾ ഭയത്തോടെയാണ് അവിടെ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ അവൾക്ക് അഞ്ച് വയസ്സുള്ളപ്പോൾ മുതൽ അവൾ തോക്ക് ഉപയോഗിക്കുന്നു. ഒൻപതാം വയസ്സിൽ അവൾ ആദ്യമായി ഒരു മാനിനെ വെടിവയ്ച്ചിട്ടു. അവൾ തോക്ക് വളരെ ഉത്തരവാദിത്തത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. ട്രിഗറിൽ വിരൽ എപ്പോൾ  ഇടണമെന്ന് അവൾക്കറിയാം. ദിനംപ്രതി ഭയം നൽകുന്ന ഒരു സമൂഹത്തിലാണ് ഞങ്ങൾ ജീവിക്കുന്നതെന്നതിനാല്‍ തോക്ക് ആവശ്യമാണ്' ചാൾസ് നീൽസൺ സമിതിയെ അറിയിച്ചു.

 

എന്നാല്‍, അവളുടെ കൈവശം ഉണ്ടായിരുന്ന സെമി ഓട്ടോമാറ്റിക് റൈഫിളിനെ കുറിച്ച് നിയമനിർമ്മാതാക്കൾ ഒന്നും പറഞ്ഞില്ല. യാതൊരു രീതിയിലുള്ള പ്രതികരണവും അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.  

തോക്ക് കൈവശം വയ്ക്കാന്‍ അനുമതി നല്‍കുന്ന ഈ നിയമം മുന്നോട്ട് വച്ചത് റിപ്പബ്ലിക്കൻ പ്രതിനിധി ക്രിസ്റ്റി സിറ്റോ ആണ്. സംസ്ഥാന തോക്ക് നിയമങ്ങളെക്കുറിച്ചുള്ള ആശയക്കുഴപ്പം ഇല്ലാതാക്കുന്നതിനാണ് ഈ നിയമനിർമ്മാണമെന്നും, ആവശ്യമെങ്കിൽ സ്വയം പ്രതിരോധിക്കാനുള്ള കഴിവ് ഇത് വഴി ജനങ്ങൾക്ക് ലഭിക്കുമെന്നും അവർ പറഞ്ഞു.  “മകളെ സംരക്ഷിക്കാൻ തോക്കെടുക്കേണ്ടി വന്ന ഒരു അമ്മയാണ് ഞാൻ” സിറ്റോ പറഞ്ഞു. തനിക്ക് ട്രിഗർ വലിക്കേണ്ടതില്ലെങ്കിലും, തോക്ക് കൈവശം വയ്ക്കുന്നത് ആക്രമിക്കാൻ വരുന്നവർക്ക് ഒരു താക്കീതാണെന്നും അവർ കൂട്ടിച്ചേർത്തു. 

നഗരപരിധിക്കുള്ളിൽ ആവശ്യമായ പരിശീലനമില്ലാതെ കൗമാരക്കാരെ തോക്ക് കൈവശം വയ്ക്കാൻ അനുവദിക്കുന്നത് വളരെ അപകടകരമായ ഒരു കാര്യമാണെന്നും, ഇത് വെടിവയ്പിലേക്ക് നയിച്ചേക്കാമെന്നും ഈ നിയമത്തെ എതിർക്കുന്നവർ പറയുന്നു. ഈ നിയമം നിലവിൽ വന്നാൽ, ബെയ്‌ലിയെപ്പോലുള്ള കൂടുതൽ കൊച്ചു പെൺകുട്ടികൾക്ക് റൈഫിളുകൾ കൊണ്ടുനടക്കാൻ സ്വാതന്ത്ര്യമുണ്ടാകുമെന്നും അത് വളരെ വലിയ ആപത്താണ് എന്നും അവർ കൂട്ടിച്ചേർത്തു. കൂട്ടക്കൊലപാതകത്തിനുള്ള അമേരിക്കയുടെ ആയുധമെന്ന് പേര് കേട്ട AR-15 ഉപയോഗിച്ച് കൊലയാളികൾ ആളുകളെ കൊന്നൊടുക്കുന്നത് അവിടെ ഒരു ഒറ്റപ്പെട്ട സംഭവമല്ല. 

 

(ആദ്യചിത്രം പ്രതീകാത്മകം)

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ