
വളരെ വളരെ വര്‍ഷം പഴക്കമുള്ള കഥയാണ്. സുന്ദരികളായ രണ്ട് യുവതികള്‍ പ്രണയത്തിലാവുകയും ഒരു പള്ളിയില്‍വെച്ച് സ്ത്രീയും പുരുഷനുമാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം ചെയ്യുകയും ചെയ്‍ത കഥ. ആ സ്ത്രീകളാണ് മാര്‍സേലയും എലീസയും. ചിലപ്പോള്‍ 'എലിസ ആന്‍ഡ് മാര്‍സേല' എന്ന പേരിലിറങ്ങിയ അവരുടെ ജീവിതം പറയുന്ന സിനിമ ചിലരെങ്കിലും കണ്ടിട്ടുണ്ടാവാം. ഇരുപതാം നൂറ്റാണ്ടില്‍ നടന്ന പ്രണയകഥയാണ്. സ്പെയിനിലെ ആ വിവാദമായ ആദ്യത്തെ ലെസ്‍ബിയന്‍ വിവാഹം നടക്കുന്നത് 1901 ജൂണ്‍ എട്ടിനാണ്.
എലിസയുടെയും മാര്‍സേലയുടെയും പ്രണയകഥ
എലിസയും മാര്‍സേലയും ആദ്യമായി കണ്ടുമുട്ടുന്നത് അധ്യാപകരാവാന്‍ പരിശീലനം നല്‍കുന്ന ആ കൊറൂഞ്ഞ്യായിലെ ഒരു സ്ഥാപനത്തില്‍വെച്ചാണ്. ആ നാളുകളില്‍ മൊട്ടിട്ട അവരുടെ സൗഹൃദം പിന്നീട് കൂടുതല്‍ അടുപ്പത്തിലേക്ക് നയിച്ചു. അത് പ്രണയത്തിലേക്ക് തിരിയുന്നുവെന്ന് തോന്നിയ മാര്‍സേലയുടെ മാതാപിതാക്കളാകട്ടെ ഇരുവരെയും അകറ്റാനുള്ള ശ്രമങ്ങളുമാരംഭിച്ചു. കാരണം, അന്നത്തെ കാലമാണ്... ഒരുതരത്തിലും സ്വവര്‍ഗാനുരാഗം വെച്ചുപൊറുപ്പിക്കാത്ത സമൂഹമാണ്. മകളെങ്ങാനും മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായാല്‍ അതിന്‍റെ പ്രത്യാഘാതം ഭീകരമായിരിക്കുമെന്ന് അവരുടെ മനസ് പറഞ്ഞു. അങ്ങനെ മാര്‍സേലയുടെ മാതാപിതാക്കള്‍ അവളെ എലിസയില്‍നിന്നും അകറ്റാനായി മാഡ്രിഡിലേക്കയച്ചു. കാലം കടന്നുപോയിക്കൊണ്ടിരുന്നു. ഒരാള്‍ ആ കൊറൂഞ്ഞ്യായിലും മറ്റേയാളാകട്ടെ മാഡ്രിഡിലും. ദൂരത്തിരുന്നുകൊണ്ട് അവര്‍ പരസ്‍പരം ഓര്‍ത്തു. രണ്ടിടങ്ങളിലായി അവര്‍ അവരുടെ പരിശീലനവും ആ കാലയളവില്‍ പൂര്‍ത്തിയാക്കി. പരിശീലനം പൂര്‍ത്തിയാക്കിയ എലിസ ആ കൊറൂഞ്ഞ്യായ്ക്ക് സമീപത്തെ ഒരു ഗ്രാമത്തില്‍ താല്‍ക്കാലികാധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. അപ്പോഴേക്കും അവിടെനിന്ന് അധികം അകലെയല്ലാത്ത ഗ്രാമത്തിലെ സ്‍കൂളില്‍ അധ്യാപികയായി ജോലി ചെയ്‍തു തുടങ്ങിയിരുന്നു മാര്‍സേല. അങ്ങനെ ഇരുവരും പരസ്‍പരം വീണ്ടും കാണുവാന്‍ തുടങ്ങി. വൈകുന്നേരങ്ങളില്‍ എലിസ മാര്‍സേലയുടെ വീട്ടിലെത്തി. ഒരുപാടുനേരം അവരിരുവരും ഒരുമിച്ചു ചെലവഴിച്ചു. അങ്ങനെ ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിച്ചു.
പിന്നീട്, 1889 -ല്‍ മാര്‍സേല അധ്യാപികയായി മറ്റൊരിടത്തേക്ക് പോവുകയും എലിസ അവിടെത്തെന്നെ തുടരുകയും ചെയ്‍തു. ആ സമയത്ത് ഒരാളില്‍നിന്നും മാര്‍സേല ഗര്‍ഭിണിയാവുകയും ചെയ്യുന്നുണ്ട്. അത് എലിസയും മാര്‍സേലയും തമ്മിലുള്ള കലഹത്തിലേക്ക് തിരിയുന്നുണ്ടെങ്കിലും അവരിരുവരും വീണ്ടും ഒരുമിച്ചു. എലിസയും മാര്‍സേലയുമായിത്തന്നെ, രണ്ട് പെണ്‍കുട്ടികളായിത്തന്നെ ഒരുമിച്ച് ജീവിക്കാനാകില്ലെന്ന് മനസിലാക്കിയിരുന്നു അപ്പോഴേക്കും ആ പെണ്‍കുട്ടികള്‍. അങ്ങനെ, എങ്ങനെയെങ്കിലും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കണമെന്ന് തീരുമാനിച്ചതിനാല്‍ 1901 -ല്‍ എലിസ ആണ്‍രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. അതിനായി മുടി മുറിച്ച് രൂപം മാറി. വേഷം പാന്‍റും ഷര്‍ട്ടുമാക്കി. തീര്‍ന്നില്ല, മാര്‍സേലയെ വിവാഹം കഴിക്കാനായി ഒരു ഭൂതകാലവും കപടമായി സൃഷ്‍ടിച്ചെടുത്തു. പേര് മാരിയോ എന്നാക്കി മാറ്റി. തന്‍റെ കസിനായിട്ടാണ് അവള്‍ സ്വയം അവതരിച്ചത്. താന്‍ ബാല്യകാലം ചെലവിട്ടത് ലണ്ടനിലാണെന്നും തന്‍റെ പിതാവ് ഒരു നിരീശ്വരവാദിയാണെന്നും മാരിയോ ആയി മാറിയ എലിസ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതേത്തുടര്‍ന്ന് 1901 മെയ് 26 -ന് അവിടത്തെ ഇടവക വികാരി കോര്‍ഷ്യെല്ല മാരിയോയെ ജ്ഞാനസ്‌നാനം ചെയ്യിച്ചു. അതേവര്‍ഷം ജൂണ്‍ എട്ടിന് ഇരുവരും വിവാഹിതരായി.
സിനിമയിലെ രംഗം
നാട്ടുകാരുടെ ഉപദ്രവം തുടരുന്നു
രണ്ടുപെണ്‍കുട്ടികള്‍... അവരിരുവരും അതുവരെയാരും കണ്ടിട്ടാല്ലാത്ത അടുപ്പത്തില്‍ പെരുമാറുന്നു. ഒരുമിച്ച് സമയം ചെലവഴിക്കുന്നു. ഇത് ആ നാട്ടുകാരെ വല്ലാതെ അസ്വസ്ഥരാക്കിയിരുന്നു. അങ്ങനെയൊക്കെയാണ് പുരുഷവേഷം കെട്ടി അവര്‍ വിവാഹിതരാവുന്നതും. എന്നാല്‍, വിവാഹം കഴിഞ്ഞിട്ടും പ്രശ്‍നങ്ങളവസാനിച്ചില്ല. കാരണം, അന്ന് സ്പെയിനില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമല്ല. വിവാഹം കഴിഞ്ഞതോടെ ഇരുവരുടെയും പടങ്ങള്‍ മാഡ്രിഡിലടക്കമുള്ള വിവിധ പത്രങ്ങളിലച്ചടിച്ചുവന്നു. പുരുഷനില്ലാതെ ഒരു വിവാഹം (marriage without a man) എന്ന പേരിലായിരുന്നു വാര്‍ത്ത വന്നിരുന്നത്. അത് വലിയ കോലാഹലം തന്നെ സൃഷ്‍ടിച്ചു. ഇരുവരുടെയും ജോലി പോയി. തീര്‍ന്നില്ല, ഇടവകയേയും സമൂഹത്തെയും പറ്റിച്ചതിന് അവര്‍ക്കെതിരെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചു. ഇതേത്തുടര്‍ന്ന് പള്ളി വികാരിതന്നെ ഒരു ഡോക്ടറെ ഏര്‍പ്പാടാക്കുകയും മാരിയോ ആണാണോ പെണ്ണാണോ എന്ന് പരിശോധിച്ചറിയാനാവശ്യപ്പെടുകയും ചെയ്‍തു. എന്നാല്‍, ഇരുവരും പിന്നീട് അര്‍ജന്‍റീനയിലേക്ക് കടന്നുവെന്നാണ് പറയുന്നത്. അതിനിടയില്‍ മാര്‍സേല ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്നും.
പിന്നീട്, എലിസ അവളേക്കാള്‍ വളരെ വയസ്സിന് മൂത്ത ഒരാളെ വിവാഹം കഴിച്ചുവെന്നും മാര്‍സേല, മകള്‍ക്കും സഹോദരിക്കും ഒപ്പം താമസിച്ചുവെന്നും എലിസയെ ഭര്‍ത്താവ് വിവാഹമോചനം ചെയ്തുവെന്നും അവര്‍ പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമെല്ലാം അഭ്യൂഹങ്ങളുണ്ട്.
ഇന്ന് സ്‍പെയിനില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാണ്. എങ്കിലും സ്പെയിനിന്‍റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ സ്വവര്‍ഗവിവാഹം എലിസയുടേതും മാര്‍സേലയുടേതുമായിരുന്നുവെന്നതില്‍ തര്‍ക്കമില്ല. ആ പ്രണയത്തിനുവേണ്ടി അവരനുഭവിച്ച വേദനകളും ചെറുതാവില്ല.