119 വർഷമായി എരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു ബള്‍ബ്, എന്താണ് രഹസ്യം?

By Web TeamFirst Published Jun 10, 2020, 12:39 PM IST
Highlights

ഇത്രയും വർഷങ്ങളായി ബൾബ് എങ്ങനെ കെടാതെ കത്തുന്നു എന്നത് ഇപ്പോഴും ഒരു രഹസ്യമായിത്തന്നെ തുടരുന്നു. ചിലപ്പോൾ അതിന്റെ വ്യത്യസ്‍തമായ രൂപകൽപ്പന മൂലമാകാം അതിപ്പോഴും കത്തുന്നത് എന്ന് ചിലർ അനുമാനിക്കുന്നു.

കാലിഫോർണിയയിലെ ലിവർമോറിലെ ഒരു ചെറിയ ഫയർഹൗസിന്റെ ആരും ശ്രദ്ധിക്കാത്ത ഒരു മൂലയിൽ ഒരു ലൈറ്റ് ബൾബ് രാവും പകലും എരിഞ്ഞുകൊണ്ടിരിക്കുന്നു. അതൊരു സാധാരണ ലൈറ്റ് ബൾബ് അല്ല. 1901 മുതൽ കെടാതെ കത്തിക്കൊണ്ടിരിക്കുന്ന അത് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കത്തുന്ന ലൈറ്റ് ബൾബ് ആണ്. നമുക്കറിയാം ഒരു ലൈറ്റ് ബൾബിന്റെ ശരാശരി ആയുസ്സ് 1000 മണിക്കൂറാണ് എന്നത്. എന്നാൽ, ഇതെങ്ങനെ 119 വർഷമായി കെടാതെ കത്തിക്കൊണ്ടിരിക്കുന്നു എന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ഈ പ്രത്യേകത കൊണ്ട് തന്നെ അതിന്റെ 110 -ാം വാർഷികത്തിന്റെ അന്ന് ഏറ്റവും ദൈർഘ്യമേറിയ കത്തുന്ന ലൈറ്റ് ബൾബ് എന്ന ഗിന്നസ് റെക്കോർഡ് അതിനെ തേടിവന്നു.   

നമ്മൾ ഇലക്ട്രിക് ബൾബുകളെക്കുറിച്ച് പറയുമ്പോൾ, ആദ്യം ഓർമ്മ വരുന്നത് തോമസ് എഡിസനെയാണ്. എന്നാൽ, ഈ ബൾബ് നിർമ്മിച്ചത് അദ്ദേഹമല്ല. ഇത് കണ്ടുപിടിച്ചത് അഡോൾഫ് ചാലിയറ്റ് എന്നയാളാണ്, നിർമ്മിച്ചത് ഷെൽബി ഇലക്ട്രിക് എന്ന കമ്പനിയും. 1901 -ൽ ലിവർമോർ പവർ ആന്റ് വാട്ടർ കമ്പനിയുടെ ഉടമ ഡെന്നിസ് ബെർണലാണ് ഇത് ആദ്യമായി വാങ്ങി ലിവർമോറിലെത്തിച്ചത്. അതേവർഷം തന്നെ അദ്ദേഹം തന്റെ കമ്പനി വിറ്റപ്പോൾ, ഈ ബൾബ് പ്രാദേശിക ഫയർസ്റ്റേഷന് സംഭാവനയായി നൽകി. പിന്നെയും ഒരുപാട് കൈമാറ്റങ്ങൾക്കൊടുവിൽ ഇത് ഫയർ‌സ്റ്റേഷൻ # 6 -ൽ എത്തി. ഏകദേശം നാല് വാട്ടുകളിൽ പ്രവർത്തിക്കുന്ന ഈ ബൾബ്, ഇപ്പോൾ 24 മണിക്കൂറും പ്രകാശം ചൊരിഞ്ഞു നില്‍ക്കുകയാണ് അവിടെ.  

1901 മുതലുള്ള കണക്ക് നോക്കിയാൽ ഇപ്പോൾ ഒരുദശലക്ഷം മണിക്കൂറിലധികമായി ഇത് ഇങ്ങനെ കത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ, ഒരിക്കൽ മാത്രം ഒരു 22 മിനിറ്റ് നേരത്തേക്ക് ഇതിലെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്.  1976 -ൽ ഫയർ‌സ്റ്റേഷൻ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയപ്പോഴായിരുന്നു അത്. ബൾബ് അഴിച്ചുമാറ്റിയാൽ തകരുമെന്ന ഭയത്താൽ അതിന്റെ കോഡ് മുറിച്ചുമാറ്റി. ക്യാപ്റ്റൻ കിർബി സ്ലേറ്റിന്റെ നേതൃത്വത്തിൽ പൊലീസ് സേനയും, ഫയർ ട്രക്കും അകമ്പടിയായി വന്നാണ് ഇത് നീക്കിയത്.   

ഇത്രയും വർഷങ്ങളായി ബൾബ് എങ്ങനെ കെടാതെ കത്തുന്നു എന്നത് ഇപ്പോഴും ഒരു രഹസ്യമായിത്തന്നെ തുടരുന്നു. ചിലപ്പോൾ അതിന്റെ വ്യത്യസ്‍തമായ രൂപകൽപ്പന മൂലമാകാം അതിപ്പോഴും കത്തുന്നത് എന്ന് ചിലർ അനുമാനിക്കുന്നു. എന്നാൽ, ആ കാലഘട്ടത്തിലെ ബൾബുകൾ ഇപ്പോഴത്തെ ബൾബുകളെക്കാൾ ഏറെ കാലം നിലനിന്നിരുന്നുവെന്നതിൽ സംശയമില്ല. 

1920 -കളിൽ ലൈറ്റിംഗ് കമ്പനികൾ ലൈറ്റ് ബൾബുകളുടെ ആയുസ്സ് കൃത്രിമമായി സജ്ജീകരിക്കുന്നതിന് മുമ്പാണ് ഇത് നിർമ്മിക്കപ്പെട്ടത്. ഫോബസിനെക്കുറിച്ച് ഗവേഷണം നടത്തിയ സ്വിറ്റ്സർലൻഡിലെ ബാസൽ സർവകലാശാലയിലെ മീഡിയ സ്റ്റഡീസ് പ്രൊഫസർ മർകസ് ക്രാജെവ്സ്കി പറയുന്നത് ഇത് ലൈറ്റ് കമ്പനികളുടെ തന്ത്രമാണ് എന്നാണ്. ബൾബുകളുടെ ആയുസ്സ് കുറയ്ക്കുന്നതിലൂടെ, പഴയ ബൾബുകൾ പെട്ടെന്നു കത്തിത്തീരുകയും, ഉപഭോക്താക്കൾ വീണ്ടും വീണ്ടും പുതിയ ബൾബുകൾ വാങ്ങേണ്ട സാഹചര്യം വരികയും അങ്ങനെ കമ്പനികൾക്ക് കൂടുതൽ വരുമാനം നേടാൻ സാധിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ “ഏറ്റവും ദൈർഘ്യമേറിയ കത്തുന്ന ലൈറ്റ് ബൾബ്” കാണാൻ ആഗ്രഹിക്കുന്നവർ ബൾബിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ കയറിയാൽ ഒരു തത്സമയ വെബ്‌ക്യാം വഴി തത്സമയം ബൾബിനെ കാണാൻ സാധിക്കും.  

click me!