Latest Videos

സ്വീഡിഷ് പ്രധാനമന്ത്രി ഓളോഫ് പാൽമെയുടെ കൊലയ്ക്ക് പിന്നിൽ ബൊഫോഴ്‌സ് ബന്ധമോ? അന്വേഷണ റിപ്പോർട്ട് ഞെട്ടിക്കുമോ?

By Web TeamFirst Published Jun 10, 2020, 11:32 AM IST
Highlights

ഈ കൊലപാതകത്തിന് ഉണ്ടെന്ന് പറയപ്പെടുന്ന ഒരു ഇന്ത്യൻ ബന്ധമാണ് ഈ വെളിപ്പെടുത്തലിലേക്ക് നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നത്. 

 
കഴിഞ്ഞ 34 വർഷമായി സ്വീഡിഷ് ജനത കാത്തിരുന്ന ഒരു രഹസ്യത്തിന്റെ ചുരുൾ ഇന്ന് രാവിലെ സ്വീഡിഷ് സമയം 9.30 -ന് ( ഇന്ത്യൻ സമയം 1.00 pm) അഴിയാൻ പോവുകയാണ്. 1986 ഫെബ്രുവരി 28 -ന് സ്റ്റോക്ക് ഹോമിലെ തെരുവുകളിൽ ഒന്നിൽ വെച്ച്, ആ രാജ്യത്തെ ഏറ്റവും ജനപ്രിയനായിരുന്ന പ്രധാനമന്ത്രി ഓളോഫ് പാൽമെ വെടിയേറ്റു മരിക്കുന്നു. കൃത്യം നിർവഹിച്ച ശേഷം, കൊലയാളി തെരുവിലേക്ക് തന്നെ നടന്നു മറയുന്നു. സ്വീഡിഷ് പൊലീസ് കൊണ്ടുപിടിച്ച് അന്വേഷിച്ചിട്ടും ഒരു തുമ്പും കിട്ടാത്ത ആ കൊലക്കേസിൽ, പതിറ്റാണ്ടുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഒരുങ്ങുകയാണ് ഇപ്പോഴത്തെ സ്വീഡിഷ് ചീഫ് പ്രോസിക്യൂട്ടർ ആയ ക്രിസ്റ്റർ പീറ്റേഴ്‌സൺ. ഉദ്വേഗജനകമായ ആ വെളിപ്പെടുത്തലിനായി സ്വീഡനൊപ്പം ലോകം മുഴുവനും കാതോർക്കുകയാണ്.

 

 

ഈ കൊലപാതകത്തിന് ഉണ്ടെന്ന് പറയപ്പെടുന്ന ഒരു ഇന്ത്യൻ ബന്ധമാണ് ഈ വെളിപ്പെടുത്തലിലേക്ക് നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നത്. അത് ഈ കേസിന് ബൊഫോഴ്‌സ് അഴിമതിയുമായുള്ള ബന്ധമാണ്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ബൊഫോഴ്‌സ് വിവാദം പൊട്ടിപ്പുറപ്പെടുന്നത്. സ്വീഡനിലെ അറിയപ്പെടുന്ന ആയുധനിർമാണ കമ്പനിയായ ബൊഫോഴ്‌സിൽ നിന്ന്  ഹൊവിറ്റ്‌സർ പീരങ്കികൾ വാങ്ങുന്ന കരാർ ഒപ്പിട്ടതിലെ അഴിമതിയുടെ പേരിലാണ് ഒട്ടേവിയോ ക്വട്ടറോച്ചിയും രാജീവ് ഗാന്ധിയും ഒക്കെ അന്ന് സംശയത്തിന്റെ നിഴലിലായത്. അറുപതുകോടി രൂപ കമ്മീഷനായി ഇടനിലക്കാർ ഇന്ത്യയിലെ രാഷ്ട്രീയക്കാർക്ക് കൈമാറി എന്നായിരുന്നു അന്നുയർന്ന ആരോപണം. അതിന്റെ അന്വേഷണം പുരോഗമിക്കുന്ന സമയത്താണ് രാജീവ് ഗാന്ധി വധിക്കപ്പെടുന്നത്. അന്നത്തെ സ്വീഡിഷ് പ്രധാനമന്ത്രിയായിരുന്നു ഓളോഫ് പാൽമെ. അദ്ദേഹത്തിന്റെ വധത്തിന് ബൊഫോഴ്‌സ് അഴിമതിയുമായി ബന്ധമുണ്ടോ എന്നതരത്തിലുള്ള അഭ്യൂഹങ്ങൾ ഇന്നും ശക്തമാണ്.  അതുകൊണ്ടുതന്നെ ഇന്ത്യൻ രാഷ്ട്രീയത്തിലും ഒരുപക്ഷെ അതിനിർണായകമായ സ്വാധീനം ചെലുത്താൻ ഇന്നുച്ചയോടെ നടക്കാൻ പോകുന്ന ഈ വെളിപ്പെടുത്തലുകൾക്ക് സാധിച്ചേക്കും.

കൊലപാതകം നടന്ന നാൾ

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. 1986 ഫെബ്രുവരി 28. പുതുതായി റിലീസ് ചെയ്ത സിനിമകാണാൻ വേണ്ടി സ്വീഡന്റെ പ്രധാനമന്ത്രി തീയേറ്ററിലേക്ക് പോകുന്നു. അത്യാവശ്യത്തിന് വിവാദപ്രിയനായിരുന്നു പ്രധാനമന്ത്രി ഓളോഫ് പാൽമെ, സ്വന്തം നാട്ടിലായാലും ശരി, വിദേശത്തായാലും ശരി, മനസ്സിൽ തോന്നിയത് അപ്പപ്പോൾ വെട്ടിത്തുറന്നു പറയുന്ന ശീലം അയാൾക്ക് നിരവധി ശത്രുക്കളെ സമ്മാനിച്ചിരുന്നു. രണ്ടാം വട്ടവും രാജ്യത്തെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആത്മവിശ്വാസം ആ മുഖത്ത് എന്നും വെട്ടിത്തിളങ്ങി നിന്നിരുന്നു. രാഷ്ട്രനേതാക്കൾ പൊതുജനങ്ങളിൽ നിന്ന് അകന്നുനിൽക്കുന്നവരാകരുത് എന്ന നിർബന്ധം പാൽമെക്ക് നല്ലപോലെ ഉണ്ടായിരുന്നതുകൊണ്ടാകും, പലപ്പോഴും അവരിൽ ഒരാളായി, വിഐപി സെക്യൂരിറ്റിയുടെ നൂലാമാലകളൊന്നും കൂടാതെയാണ് അദ്ദേഹം ഇറങ്ങി നടന്നിരുന്നത്. അങ്ങനെ, സാധാരണക്കാരിൽ സാധാരണക്കാരനാകണം ജീവിതത്തിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയും എന്ന നിർബന്ധമാണ് ഒടുവിൽ അദ്ദേഹത്തിന്റെ ജീവനെടുത്തത് എന്നും പറയേണ്ടി വരും.

 

 

 ആ നിർണായകമായ സായാഹ്നത്തിലും പാൽമെ പോലീസ് പ്രൊട്ടെക്ഷന്റെ ബന്ധനങ്ങൾ പ്രധാനമന്ത്രിയുടെ വസതിയിൽ തന്നെ ഉപേക്ഷിച്ചിട്ടാണ് ഭാര്യയുടെ കൂടെ സിനിമ ആസ്വദിക്കാൻ കൊട്ടകയിലേക്ക് പുറപ്പെട്ടുപോന്നത്. സിനിമ കഴിഞ്ഞ്, പാതിരായടുപ്പിച്ച് തന്റെ വസതിയിലേക്ക് തിരിച്ചു മെട്രോയിൽ കയറാൻ വേണ്ടി സബ് വേ സ്റ്റേഷനിലേക്ക്  ഭാര്യ ലിസ്ബത്തിന്റെ കയ്യും പിടിച്ച് നടന്നുപോരും വഴി ഓളോഫ് പാൽമെ എന്ന സ്വീഡൻ പ്രധാനമന്ത്രിക്കുനേരെ അപരിചിതനായ ഒരു അക്രമി പിന്നിൽ നിന്ന് വെടിയുതിർത്തു. പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ നിന്നായിരുന്നു വെടി. നിലം തൊടും മുമ്പുതന്നെ പാൽമെ മരിച്ചു കഴിഞ്ഞിരുന്നു എന്ന് ദൃക്‌സാക്ഷികൾ.

ഇല്ല, ആരാണ് കൊന്നത് എന്ന കാര്യം വ്യക്തമായില്ല. ആ കൊലപാതകം നടന്നത് സ്വീഡനിലെ ഏറ്റവും തിരക്കേറിയ വീഥികളിൽ ഒന്നിൽ വെച്ചായിരുന്നിട്ടും, അന്ന് കൊല്ലപ്പെട്ടത് സ്വീഡനിലെ ഏറ്റവും ഹൈ പ്രൊഫൈൽ ആയ വിവിഐപി ആയിരുന്നിട്ടും, കൊലപാതകിയെ പിടികൂടാൻ തത്സമയമോ, അതിനു ശേഷമോ പൊലീസിന് സാധിച്ചില്ല. പത്തുപന്ത്രണ്ടു പേരിലധികം അന്ന് ആ സംഭവത്തിന് ദൃക്‌സാക്ഷികളായി ഉണ്ടായിരുന്നു. നല്ല ഉയരമുള്ള ഒരാളായിരുന്നു കൊലയാളി എന്ന് അവർ ഇന്നുമോർക്കുന്നുണ്ട്.

"ആ കൊലപാതകത്തിന് ഉത്തരവാദി ആരൊക്കെയാണ് എന്ന് ബുധനാഴ്ച രാവിലെ ഞാൻ ഈ ലോകത്തോട് വിളിച്ചു പറയും " എന്നാണ് പ്രോസിക്യൂട്ടർ ക്രിസ്റ്റർ പീറ്റേഴ്‌സൺ കഴിഞ്ഞ ദിവസം പറഞ്ഞത്.

ആരെയെങ്കിലും കൊലപാതകത്തിന് ഉത്തരവാദി എന്ന് ചാർജ് ചെയ്യുമോ, ഏതെങ്കിലും ഹൈ പ്രൊഫൈൽ പേരുകൾ വെളിപ്പെടുത്തപ്പെടുമോ എന്നൊന്നും ഇതുവരെ അറിയാൻ സാധിച്ചിട്ടില്ല. എന്നാൽ, നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങളിലൂടെ രാജ്യത്തെ കൈപിടിച്ച് നടത്തിച്ച ഈ നിഗൂഢമായ കൊലപാതകത്തിന്റെ രഹസ്യങ്ങൾ ഇന്നഴിയും എന്ന കാര്യത്തിൽ സംശയം വേണ്ട.

" 34 വർഷം മുമ്പ് സ്റ്റോക്ക് ഹോമിൽ നടന്ന ആ കൊലയുടെ ഗൗരവം നിങ്ങൾക്ക് മനസ്സിലാകുമോ എന്നറിയില്ല. അത് പിക്കാഡലി തീയറ്ററിൽ വെച്ച് അജ്ഞാതനായ ഒരു കൊലയാളി മാർഗരറ്റ് താച്ചറെ വെടിവെച്ചു കൊന്നശേഷം രക്ഷപെടുകയും, പിന്നീട് ഇതുവരെ ആർക്കും ആ കൊലയാളി ആരെന്ന് അറിയാതിരിക്കുകയും ചെയ്യുന്ന പോലെയാണ്.  അത്രയ്ക്ക് വലിയ കോളിളക്കമാണത് സ്വീഡിഷ് രാഷ്ട്രീയത്തിൽ അന്നുണ്ടാക്കിയത് " ബ്ലഡ് ഓൺ ദ സ്നോ എന്ന പുസ്തകത്തിന്റെ കർത്താവായ ഡോ. യാൻ ബോണ്ടെസോൺ പറഞ്ഞു.

ആരായിരുന്നു ഓളോഫ് പാൽമെ ?

1927 -ൽ സ്വീഡനിലെ ഏറെ ധനികമായ ഒരു കുലീന കുടുംബത്തിലാണ് ഒലോഫ് പാമിന്റെ ജനനം. രാഷ്ട്രീയം രക്തത്തിൽ കലർന്നിട്ടുണ്ടായിരുന്ന പാൽമെ 1949 -ൽ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ ഭാഗമാകുന്നു. പതിറ്റാണ്ടുകൾ പാർട്ടിയിൽ പ്രവർത്തിച്ച്, പടിപടിയായി ജനങ്ങൾക്കിടയിൽ സേവനമനുഷ്ഠിച്ച് ഒടുവിൽ രാജ്യത്തെ നയിക്കാൻ തെരഞ്ഞെടുക്കപ്പെട്ടവനാണ് പാൽമെ. 1969 -ൽ തന്റെ ഗോഡ് ഫാദർ ആയിരുന്ന ടെയ്ജ് എർലാൻഡർക്കു ശേഷമാണ് അദ്ദേഹം പ്രധാനമന്ത്രിയായി ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്നത്. എർലാൻഡറുടെ രാഷ്ട്രീയ പിൻഗാമി എന്നറിയപ്പെട്ടിരുന്ന പാൽമെ അദ്ദേഹത്തിന്റെ 'ക്ഷേമ' രാഷ്ട്രീയത്തെ പുതിയ തലങ്ങളിലേക്ക് ഉയർത്തി. പാൽമെ പ്രധാമന്ത്രിപദത്തിൽ ഇരുന്ന സമയത്താണ് സ്വീഡനിലെ ലേബർ യൂണിയനുകൾക്ക് ഇന്ന് കാണുന്ന അവകാശങ്ങൾ അനുവദിച്ചുകിട്ടിയത്. ആരോഗ്യരംഗം ഇത്രക്ക് പുഷ്ടിപ്പെട്ടത്. രാജാധികാര-ഏകാധിപത്യപ്രവണതകൾ അവസാനിപ്പിച്ച് സ്വീഡനിൽ കൃത്യമായ 'ക്ഷേമാധിഷ്ഠിത' രാഷ്ട്രീയം സ്ഥാപിക്കപ്പെട്ടത്, വിദ്യാഭ്യാസ രംഗത്ത് ഇത്രയധികം നിക്ഷേപങ്ങളുണ്ടായത് ഒക്കെ അദ്ദേഹത്തിന്റെ ആദ്യത്തെ ടേമിലാണ്. ആ സമയത്ത് തന്നെയാണ് ലിംഗസമത്വത്തിന്റെ കാര്യത്തിലും സ്വീഡൻ പുരോഗമിച്ചത്.

 

 

അമേരിക്കയുടെയും റഷ്യയുടെയും നിത്യവിമർശകനായിരുന്ന പാൽമെ അന്താരാഷ്ട്രത്തലത്തിലും ഏറെ ശ്രദ്ധേയനായിരുന്നു. 1968 -ൽ USSR ചെക്കോസ്ലോവാക്യയിൽ അധിനിവേശം നടത്തിയപ്പോൾ പാൽമെ അതിനെ തുറന്നെതിർത്തു. വിയറ്റ്നാമിൽ അമേരിക്ക പ്രവർത്തിച്ച ക്രൂരതകളെ അദ്ദേഹം രണ്ടാം ലോകമഹായുദ്ധത്തിലെ നാസി കോൺസൻട്രേഷൻ ക്യാമ്പുകളോടാണ് ഉപമിച്ചത്. ആ പ്രസ്താവനകൾ ഒക്കെയും സ്വീഡന് സമ്മാനിച്ചത് നയതന്ത്രബന്ധങ്ങളിലെ ഉലച്ചിൽ ആയിരുന്നു എന്നത് വേറെക്കാര്യം.

"ആരെങ്കിലും ഈ ലോകത്ത് നിങ്ങൾ പറയുന്നത് കേൾക്കണം എന്നുണ്ടെങ്കിൽ അട്ടഹസിക്കണം എന്ന ഗതികേടുവന്നിട്ടുണ്ടിപ്പോൾ, വലിയ സങ്കടമുണ്ട് എനിക്കതിൽ " എന്ന് 1973 -ൽ ന്യൂയോർക്ക് ടൈംസിന് അനുവദിച്ച ഒരു അഭിമുഖത്തിൽ പാൽമെ പറഞ്ഞു. "ഇതുപോലുള്ള അന്യായങ്ങൾ കണ്ടിട്ട് മിണ്ടാതിരിക്കാൻ എനിക്ക് സാധിക്കില്ല..." അദ്ദേഹം കൂട്ടിച്ചേർത്തു.

ദക്ഷിണാഫ്രിക്കയിൽ നിലനിന്ന വംശവെറിയെ അദ്ദേഹം അതിരൂക്ഷമായി വിമർശിച്ചു. സ്‌പെയിനിലെ ജനറൽ ഫ്രാങ്കോയുടെ ഏകാധിപത്യഭരണത്തെ തള്ളിപ്പറഞ്ഞ ആദ്യ ലോക നേതാവ് പാൽമെ ആണ്. അണ്വായുധങ്ങൾക്ക് പിന്നാലെ പായാനുള്ള ലോകരാജ്യങ്ങളുടെ ത്വരയെയും അദ്ദേഹം എന്നും വിമർശിച്ചു പോന്നിരുന്നു. എൺപതുകളിലെ ഇറാൻ ഇറാഖ് യുദ്ധത്തിലും സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകിയത് പാൽമെ ആയിരുന്നു.

എന്നാൽ, പാമിന്റെ 'വെട്ടൊന്ന് തുണ്ടം രണ്ടെ'ന്ന നയം നാട്ടിലും വിദേശത്തും അദ്ദേഹത്തിന് ശത്രുക്കളെ സമ്മാനിച്ചു. സ്വീഡനിലെ ബിസിനസ് മാഗ്നറ്റുകൾ ഒന്നടങ്കം പാമിന്റെ സാമ്പത്തിക പരിഷ്കാരങ്ങളിൽ അസംതൃപ്തരായിരുന്നു.  'ഒന്നുകിൽ നിങ്ങൾ പാമിന്റെ ആരാധകനാണ്, അല്ലെങ്കിൽ നിങ്ങളയാളെ കലശലായി വെറുക്കുന്നുണ്ട്' എന്ന അവസ്ഥയായിരുന്നു അക്കാലത്ത്. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനുള്ള പരിപാടികൾ മനസ്സിൽ കണ്ടുകൊണ്ട് പാൽമെ മുന്നോട്ടുപോകുമ്പോൾ, പ്രതിയോഗികൾ അണിയറയിൽ അദ്ദേഹത്തെ വധിക്കാനുള്ള പദ്ധതികൾക്ക് രൂപം നല്കിക്കൊണ്ടിരിക്കുകയായിരുന്നു. ജനങ്ങളുടെ ഹൃദയത്തിൽ അനിഷേധ്യസ്ഥാനമുണ്ടായിരുന്നു ഒലാഫ് പാൽമെ എന്ന ജനനേതാവിന്. തന്റെ എതിരാളികൾ തന്നെ ഇല്ലാതാക്കാനും മടിക്കില്ല എന്നദ്ദേഹം ചിന്തിച്ചുകാണില്ല, അഥവാ, അങ്ങനെയെങ്കിൽ അങ്ങനെ എന്ന് മനസ്സിൽ ഉറപ്പിച്ചായിരുന്നിരിക്കണം രണ്ടും കല്പിച്ചുള്ള ആ ജീവിതം.

എങ്ങനെയായിരുന്നു മരണം?

തന്റെ കൊലയാളികൾക്ക് വേണ്ടതൊക്കെ ഒലാഫ് പാൽമെ തന്നെ ഒരുക്കി നൽകിയിരുന്നു. വൈകുന്നേരം പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് വീട്ടിലെത്തിയപാടെ തന്നെ അദ്ദേഹം തന്റെ പേഴ്സണൽ സെക്യൂരിറ്റി ഗാർഡുകളെ വിശ്രമിക്കാൻ പറഞ്ഞയച്ചു. വീട്ടിലെത്തിയപ്പോഴാണ് ഭാര്യയുടെ വക സർപ്രൈസ് സിനിമാ പരിപാടി. "അതിനെന്താ... പോകാമല്ലോ..." എന്ന് പാമും പറഞ്ഞു. സിനിമ കണ്ടിറങ്ങി രാത്രി 11.21 -ന്, ഭാര്യ ലിസ്ബത്തിന്റെ കയ്യും കോർത്തുപിടിച്ച് തിരക്കേറിയ റോഡിലൂടെ തിരികെ വീട്ടിലേക്ക് നടക്കും വഴി, സ്വെവാഗനും ടണൽഗാട്ടനും ഇടക്ക് വെച്ച്, കിളരം കൂടിയ ഒരാൾ പാമിന്റെ തൊട്ടു പിന്നിലെത്തി രണ്ടു വെടിയുണ്ടകൾ പാമിന്റെ പുറത്ത് നിക്ഷേപിച്ചു. എന്നിട്ട് തെരുവിലെ തിരക്കിൽ അപ്രത്യക്ഷനായി.

ആ കൊലപാതകം സ്വീഡനെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു. ജനങ്ങളുടെ നേതാവിനെയാണ് അവർ നിഷ്കരുണം വെടിവെച്ചു കൊന്നുകളഞ്ഞത്. അടുത്ത ദിവസം രാവിലെ പുഷ്പഹാരങ്ങളുമായി ആരാധകർ വന്നുചേർന്നപ്പോഴും ആ തെരുവിൽ പാമിന്റെ രക്തം തളം കെട്ടിക്കിടപ്പുണ്ടായിരുന്നു.

ആരായിരിക്കും കൊലപാതകി?

നിരവധി ദൃക്‌സാക്ഷികൾ ഉണ്ടായിരുന്നിട്ടും സ്വീഡിഷ് പൊലീസിന് കാര്യമായ തുമ്പൊന്നും കിട്ടിയില്ല അന്ന്. കൊലപാതകത്തിനുപയോഗിച്ച ആയുധം ഒരു .357 മാഗ്നം ഹാൻഡ് ഗൺ ആയിരുന്നു എന്ന് മനസ്സിലായി. അത് വളരെ ശക്തമായ ഒരു ആയുധമാണ്. ഇനി പാൽമെ അന്ന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റാണ് ഇട്ടിരുന്നത് എങ്കിൽ കൂടി, പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ നിന്നുള്ള ഒരു ഷോട്ടിൽ അദ്ദേഹം മരിച്ചു പോയിരുന്നേനെ. അത്രയും ശക്തം. പാമിനെ ഇല്ലാതാക്കാൻ ആലോചിച്ചുറപ്പിച്ച് വളരെ കണിശമായ പ്ലാനിങ്ങോടെ നടപ്പിലാക്കിയ ഒരു കൊലയായിരുന്നു അത്.

ആദ്യം അന്വേഷിച്ച സംഘം എത്തിയ നിഗമനം ഇത് കുർദിഷ് തീവ്രവാദ സംഘടന പികെകെയുടെ പണിയാണ് എന്നതായിരുന്നു. തുർക്കിയിൽ ഗറില്ലാ യുദ്ധം നടത്തിക്കൊണ്ടിരുന്ന പികെകെ ഒരു തീവ്രവാദസംഘടനയാണ് എന്ന് പാൽമെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ആ അന്വേഷണം തെളിവില്ലാതെ വഴിമുട്ടി.

 

'ക്രിസ്റ്റർ പെറ്റേഴ്‌സൺ'

1988 -ൽ ആദ്യത്തെ അറസ്റ്റുണ്ടാകുന്നു. 1970 -ൽ സ്റ്റോക്ക് ഹോം സ്ട്രീറ്റിൽ ഒരാളെ പച്ചയ്ക്ക് ബയണറ്റുകൊണ്ട് ചുമ്മാ കുത്തിക്കൊന്ന ക്രിസ്റ്റർ പെറ്റേഴ്‌സൺ ആയിരുന്നു അത്. പൊലീസ് നടത്തിയ തിരിച്ചറിയൽ പരേഡിൽ ലിസ്ബത്ത് പെറ്റേഴ്‌സൺ തിരിച്ചറിയുക കൂടി ചെയ്തപ്പോൾ കേസ് തെളിഞ്ഞു നിന്നും സ്വീഡനിലെ ജനം നെടുവീർപ്പിട്ടു. 1989 -ൽ പീറ്റേഴ്‌സൺ ജയിലിൽ അടക്കപ്പെട്ടു.

എന്നാൽ, പെറ്റേഴ്സന്റെ അഭിഭാഷകൻ നടത്തിയ ശക്തമായ നിയമ പോരാട്ടത്തിൽ ജയം അയാളുടെ കൂടെയായിരുന്നു. പെറ്റേഴ്‌സൺ ക്രൈം സീനിൽ ഉണ്ടായിരുന്നു എന്ന് തെളിയിക്കാനോ, അയാളിൽ നിന്ന് കൊല ചെയ്തു എന്ന് സ്ഥാപിക്കാൻ ആയുധം കണ്ടെത്താനോ, പാമിനെ കൊല്ലാനും മാത്രം ശത്രുത പീറ്റേഴ്സനുണ്ടായിരുന്നു എന്ന് സ്ഥാപിക്കാനോ ഒന്നും അന്വേഷകർക്ക് സാധിച്ചില്ല. കോടതി പെറ്റേഴ്‌സൺ നിരുപാധികം വിട്ടയച്ചു. പൊലീസ് ഡിപ്പാർട്‌മെന്റിനുമേൽ 50,000 ഡോളറിന്റെ പിഴയും ചുമത്തി. 2004 പെറ്റേഴ്‌സൺ മരിക്കുമ്പോൾ അയാൾ നിയമത്തിന്റെ കണ്ണിൽ ഒരു നിരപരാധി ആയിരുന്ന്.

പിന്നീടുള്ള വർഷങ്ങളിലും സ്വീഡൻ ജനതക്ക് മറക്കാനാകാത്ത ഒരു മുറിവായി ഈ കൊലപാതകം തുടർന്നു. എണ്ണമില്ലാത്ത ഗൂഢാലോചനാ സിദ്ധാന്തങ്ങളുമായി പലരുമെത്തി. അടങ്ങാത്ത ഈ വ്യഥയെ സൂചിപ്പിക്കാൻ  'പാം സിക്ക്നസ്സ്' എന്നൊരു പ്രയോഗം പോലും അന്നുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിന് എതിരായ നിലപാടുകളാണ് കൊലയ്ക്ക് കാരണമെന്ന വാദവുമായി ഒരു ദക്ഷിണാഫ്രിക്കൻ പൊലീസ് ഓഫീസർ രംഗത്തെത്തിയിരുന്നു. അന്ന് സ്വീഡനിൽ നിന്ന് അന്വേഷകർ അതന്വേഷിക്കാൻ ദക്ഷിണാഫ്രിക്കയിലേക്ക് പോയിരുന്നു എങ്കിലും തുമ്പൊന്നും കിട്ടിയില്ല. ഗേൾ വിത്ത് എ ഡ്രാഗൺ ടാറ്റൂ എന്ന നോവൽ എഴുതിയ സ്റ്റിഗ് ലാർസൺ ഈ കേസിൽ നിരവധി ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്. 2004 -ൽ മരിക്കും മുമ്പ് അദ്ദേഹവും തന്റെ നിഗമനങ്ങൾ മുന്നോട്ടു വെച്ചിരുന്നു.

കൊലപാതകത്തിന്റെ ഇന്ത്യൻ ബന്ധം

എന്നാൽ, ഇന്നും ആ കൊലപാതകത്തെ പിന്തുടർന്ന് പഠനങ്ങൾ നടത്തുന്ന, ബ്ലഡ് ഓൺ ദ സ്നോ എന്ന പുസ്തകത്തിന്റെ കർത്താവായ ഡോ. യാൻ ബോണ്ടെസോൺ വിരൽ ചൂണ്ടുന്നത്, ഈ കൊലപാതകത്തിന് എൺപതുകളിൽ ഇന്ത്യയിൽ നടന്ന ബൊഫോഴ്‌സ് വിവാദവുമായുണ്ടാകാൻ സാധ്യതയുള്ള ബന്ധത്തിലേക്കാണ്. ബൊഫോഴ്‌സ് ഇടപാടിൽ ഉൾപ്പെട്ടിരുന്ന സ്വീഡിഷ് കമ്പനിയും, ഇന്ത്യൻ ഗവൺമെന്റുമായി നീക്കുപോക്കുകൾ നടത്തുന്ന അവരുടെ ബ്രോക്കർമാരും ചേർന്ന് കച്ചവടത്തിൽ കാര്യമായ അഴിമതി നടത്തിയിട്ടുണ്ട്  എന്ന് പാൽമെക്ക് മനസ്സിലായ ദിവസമാണ് പാൽമെ കൊല്ലപ്പെട്ടത് എന്ന് ഡോ. ബോണ്ടെസോൺ ആരോപിക്കുന്നു.

മറ്റൊരു സാധ്യത സംഭവത്തിന് ദൃക്‌സാക്ഷിയായ സ്കാൻഡിയ ഇൻഷുറൻസ് കമ്പനി ജീവനക്കാരൻ സ്റ്റിഗ് എങ്സ്റ്റോമാണ്. സ്റ്റോം 2000 -ൽ ആത്മാഹുതി ചെയ്യുകയായിരുന്നു. എങ് സ്റ്റോമിനെ സംശയിക്കാനുള്ള പ്രധാനകാരണം അയാളുടെ  പക്കലുണ്ടായിരുന്നു മാഗ്നം റിവോൾവരുടെ വിശാലമായ കളക്ഷനും, ഷൂട്ടിങ്ങിൽ അയാൾക്കുള്ള കമ്പവും ഒക്കെ ആയിരുന്നു. വെടികൊണ്ടു വീണ പ്രധാനമന്ത്രിയ്ക്ക് സിപിആർ നല്കാൻ താൻ ശ്രമിച്ചിരുന്നു എന്നൊരു വ്യാജമൊഴിയും അയാളിൽ നിന്ന് വന്നത് സംശയവും ഇരട്ടിപ്പിച്ചു. എന്നാൽ, കൊലപാതകി നല്ല ഉയരമുള്ള ആളായിരുന്നു എന്ന മൊഴി എങ്സ്റ്റോമിനെ രക്ഷിച്ചു. അന്നോളം ഒരു ക്രിമിനൽ കേസിലും പ്രതി ചേർക്കപ്പെട്ടിട്ടിലായിരുന്ന ആ ഇൻഷുറൻസ് ഏജന്റിന് കഷ്ടി അഞ്ചടി ഉയരമേ ഉണ്ടായിരുന്നുള്ളൂ.

Skandiamannen växte upp i armékläder • Här är berättelsen om numera avlidne Stig Engström - som nu utreds för Palmemordet. https://t.co/DMQ12voa1w pic.twitter.com/yFeGXCn2jx

— Expressen (@Expressen)

 

എങ്സ്റ്റോമിനെ മുന്നിലേക്ക് നിർത്തി യഥാർത്ഥ കുറ്റവാളികൾ രക്ഷപ്പെട്ടതാണ് എന്നാണ് ഡോ. ബോണ്ട്സൺ പറയുന്നത്. ഇന്ന് നടക്കാനിരിക്കുന്ന വെളിപ്പെടുത്തലിനെപ്പറ്റിയും അദ്ദേഹത്തിന് കാര്യമായ പ്രതീക്ഷയൊന്നുമില്ല. കൊട്ടിഘോഷിച്ച് നടത്താനിരിക്കുന്ന പത്രസമ്മേളനം ചിലപ്പോൾ 'ഉണ്ടയില്ലാ വെടി' ആകാനും ഇടയുണ്ടെന്ന് ആദ്ദേഹം പറയുന്നു. എന്തായാലും, ഇന്നത്തെ പ്രഖ്യാപനത്തോടെ ഉത്തരം കിട്ടാൻ പോകുന്നത് സ്വീഡിഷ് ജനതയും, ഒരു പരിധിവരെ ഈ ലോകം തന്നെയും തേടിക്കൊണ്ടിരുന്ന ഒരു ചോദ്യത്തിനുള്ള ഉത്തരമാണ്.

ഓളോഫ് പാൽമെയുടെ ഘാതകൻ ആരാണ്?

click me!