പുസ്‍തകക്കടയില്‍ ഓമനിക്കാന്‍ പൂച്ചകളെ കൂടി കിട്ടുമോ?

By Web TeamFirst Published Feb 3, 2020, 3:25 PM IST
Highlights

പൂച്ചക്കുട്ടികളെ കാണാനും അവയാടൊപ്പം കളിക്കാനും ധാരാളം കുട്ടികൾ സ്റ്റോറിലേക്ക് ദിവസവും വരുന്നു. 

പുസ്‍തകക്കടയില്‍ എന്ത് കിട്ടും എന്ന് ചോദിച്ചാൽ, പുസ്‍തകം അല്ലാതെന്താ എന്നായിരിക്കും എല്ലാവരുടെയും മറുചോദ്യം. എന്നാൽ, പുസ്‍തകത്തോടൊപ്പം ഓമനിക്കാന്‍ അവിടെ കുറേ പൂച്ചകളെ കൂടി കിട്ടിയാലോ? കാനഡയിലെ ഓട്ടിസ് ആന്‍ഡ് ക്ലെമന്‍ഡൈന്‍റെ 'പുസ്തകങ്ങളും കോഫിയും' എന്ന പുസ്‍തകശാലയിലാണ് പുസ്‍തകത്തോടൊപ്പം, പൂച്ചയേയും ലഭിക്കുന്നത്. കടയിലേക്ക് കയറുമ്പോൾ, എല്ലായിടത്തും അവയുടെ ആ ചെറിയ കണ്ണുകൾ നമ്മളെ സ്വാഗതം ചെയ്യുന്നു. കസേരകളിൽ, പുസ്‍തകങ്ങൾക്കിടയിൽ, പരവതാനിയിൽ, എല്ലായിടവും പൂച്ചക്കുഞ്ഞുങ്ങളെ കാണാം. 

എലന്‍ ഹെല്‍മെയുടെ ഉടമസ്ഥതയിലുള്ള ഈ പുസ്തകശാല ആദ്യം പൂച്ചക്കുട്ടികള്‍ക്കുള്ള ഒരു സംരക്ഷണ വീടായിരുന്നു. 2019 -ലെ വസന്തകാലത്താണ് അവർക്ക് ഇങ്ങനെ ഒരാശയം തോന്നിയത്. പുസ്‍തകങ്ങളും പൂച്ചക്കുട്ടികളും എന്ന ആശയം. അത് തുടങ്ങിയ ഉടനെതന്നെ ജനപ്രിയമായി. വാതിൽക്കൽ സന്ദർശകരെ അഭിവാദ്യം ചെയ്യുന്നതിനും, ജാലകങ്ങൾക്കരികിൽ സൂര്യപ്രകാശം കൊള്ളുന്നതിനും, പ്രവേശന കവാടത്തിനടുത്ത് അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങൾ നോക്കുന്നതിനും പൂച്ചക്കുഞ്ഞുങ്ങൾ ദിവസം ചെലവഴിക്കുന്നു.

എങ്ങനെയാണ് ഒരു പൂച്ച വളർത്തൽ ആരംഭിച്ചത് എന്നതിനെക്കുറിച്ച് ഹെൽ‌മെ പറയുന്നു, "നല്ല രസമുള്ള ഒരു കാര്യമായിട്ടാണ് ഞാനിതിനെ കണ്ടത്. ആളുകൾക്ക് ഇത് ഇഷ്ടപ്പെടുമെന്നെനിക്കുറപ്പായിരുന്നു. പക്ഷേ, ഞാൻ വിചാരിച്ചതിലും വേഗത്തിൽ ജനപ്രിയമായി മാറി ഇത്. അവർ പുസ്‍തകങ്ങളുടെ കൂമ്പാരങ്ങളിൽ ചാടികളിക്കുന്നു, ആളുകളുടെ മടിയിൽ ഇരിക്കുന്നു, തോളിൽ ചുരുണ്ടുകൂടുന്നു. അവർ ഈ കെട്ടിടത്തിനെ ജീവസ്സുറ്റതാക്കുന്നു." സൗത്ത് പാവ് കൺസർവേഷൻ നോവ സ്കോട്ടിയ എന്ന പ്രാദേശിക റെസ്ക്യൂ ഗ്രൂപ്പാണ് ഹെൽമെക്ക് പൂച്ചക്കുട്ടികളെ നൽകുന്നത്. ഒരു സ്ഥിരമായ വീട് കണ്ടെത്തുന്നതുവരെ താൽക്കാലികമായി അവയെ ഈ പുസ്‍തക സ്റ്റോറിൽ താമസിപ്പിക്കുകയാണ്. 

പൂച്ചക്കുട്ടികളെ കാണാനും അവയാടൊപ്പം കളിക്കാനും ധാരാളം കുട്ടികൾ സ്റ്റോറിലേക്ക് ദിവസവും വരുന്നുണ്ട്. പലപ്പോഴുംസ്‍കൂളിനുശേഷമോ അല്ലെങ്കിൽ ഉച്ചഭക്ഷണ സമയത്തോ ആണ് കുട്ടികൾ ഇവിടേക്ക് വരുന്നത്. പൂച്ചക്കുട്ടികൾക്കായി ഹെൽ‌മെയ്ക്ക് ബോക്സുകളും ഭക്ഷണവും അവളുടെ റൂമിൽ സജ്ജീകരിച്ചിരിക്കുന്നു. ഒരു ദിവസം മൂന്ന് തവണയാണ് അവയ്ക്ക് ഭക്ഷണം നൽകുന്നത്. പോരാത്തതിന് വൈദ്യപരിശോധനയും ഉണ്ട്. "എനിക്ക് ഈ ജോലി വലിയ ഇഷ്ടമാണ്. അല്ലെങ്കിലും ആരാണ് പൂച്ചക്കുട്ടികളെ ഇഷ്ടപ്പെടാത്തത്?" അവർ ചോദിക്കുന്നു.
 

click me!