പശു അമറുന്നത് വെറുതെയല്ല, അവ തമ്മില്‍ ചില കാര്യങ്ങള്‍ പറയുകയാണ്; പുതിയ പഠനം

By Web TeamFirst Published Feb 3, 2020, 8:36 AM IST
Highlights

പഠനം നടത്തിയത് ഇങ്ങനെ: പശുക്കളുടെ ശബ്‍ദം റെക്കോര്‍ഡ് ചെയ്‍തു. ഓരോ സാഹചര്യത്തിലും, ഉദാഹരണത്തിന് സന്തോഷം, സങ്കടം എന്നിവയൊക്കെ വരുമ്പോള്‍ അവയെങ്ങനെയാണ് ശബ്ദമുണ്ടാക്കുന്നത് എന്നതാണ് റെക്കോര്‍ഡ് ചെയ്‍തത്. ഒരേപോലെയുള്ള സാഹചര്യത്തില്‍ പശുക്കളെല്ലാം ഒരേപോലെയാണ് ശബ്ദം പുറപ്പെടുവിക്കുന്നതെന്നും റെക്കോര്‍ഡ് ചെയ്തിരുന്നു. 

മനുഷ്യന്‍ ആശയവിനിമയം നടത്തുന്നത് മിക്കവാറും സംഭാഷണങ്ങളിലൂടെയാണ്. എന്നാല്‍, പശുക്കളെങ്ങനെയാവും ആശയവിനിമയം നടത്തുന്നുണ്ടാവുക? അവ അമറുന്നതിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ആശയം കൈമാറുന്നുവെന്നാണ് പുതിയ പഠനം പറയുന്നത്. ഓരോ പശുവിനും വ്യത്യസ്‍തമായ ശബ്ദസവിശേഷതകളുണ്ട്. ശബ്‍ദം താഴ്ത്തിയും ഉയര്‍ത്തിയും അവ അമറുന്നത് കണ്ടിട്ടില്ലേ? അതെല്ലാം വിവിധ സംഭാഷണങ്ങളാണെന്നാണ് സിഡ്‍നി സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ ഈ പഠനം വ്യക്തമാക്കുന്നത്. കഴിഞ്ഞമാസം സയന്‍റഫിക് റിപ്പോര്‍ട്ട് എന്ന ജേണലിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ഗവേഷണത്തിന് നേതൃത്വം നല്‍കിയത് യൂണിവേഴ്‍സിറ്റി ഓഫ് സിഡ്‍നിയിലെ പിഎച്ച്‍ഡി വിദ്യാര്‍ത്ഥിയായ അലക്സാണ്ട്ര ഗ്രീന്‍ ആണ്. അവര്‍ പറയുന്നത് ഇതില്‍ ഇത്ര അദ്ഭുതപ്പെടാനൊന്നുമില്ലായെന്നാണ്. പശുക്കളും കൂട്ടമായിത്തന്നെ ജീവിക്കാനും ഇടപഴകിക്കഴിയാനും ആഗ്രഹിക്കുന്നവരാണ്. എന്നാല്‍, ഈ വിഷയത്തില്‍ ഇങ്ങനെയൊരു ഗവേഷണം നടത്തുന്നത് ആദ്യമായിട്ടാണ്. ഈ അമറലിലൂടെ, ശബ്ദം പുറപ്പെടുവിക്കുന്നതിലൂടെ അവ നമ്മെപ്പോലെ അവരുടെ സങ്കടങ്ങളും സന്തോഷങ്ങളുമെല്ലാം പ്രകടിപ്പിക്കുന്നു. മാത്രവുമല്ല, ഓരോ പശുവിനും വ്യത്യസ്തമായ ശബ്ദങ്ങളാണ്. അതുകൊണ്ടുതന്നെ ഓരോ പശുവിന്‍റെയും അമറല്‍ കേള്‍ക്കുമ്പോള്‍ അതാരാണ് എന്നും എന്താണ് അര്‍ത്ഥമാക്കുന്നതെന്നും അവ പരസ്‍പരം മനസിലാക്കുകയാണ് ചെയ്യുന്നത്. ഗവേഷക സംഘത്തിന് ഓരോ പശുക്കളെയും തിരിച്ചറിയാനായി എന്നും അലക്സാണ്ട്ര ഗ്രീന്‍ പറയുന്നുണ്ട്. 

പഠനം നടത്തിയത് ഇങ്ങനെ: പശുക്കളുടെ ശബ്‍ദം റെക്കോര്‍ഡ് ചെയ്‍തു. ഓരോ സാഹചര്യത്തിലും, ഉദാഹരണത്തിന് സന്തോഷം, സങ്കടം എന്നിവയൊക്കെ വരുമ്പോള്‍ അവയെങ്ങനെയാണ് ശബ്ദമുണ്ടാക്കുന്നത് എന്നതാണ് റെക്കോര്‍ഡ് ചെയ്‍തത്. ഒരേപോലെയുള്ള സാഹചര്യത്തില്‍ പശുക്കളെല്ലാം ഒരേപോലെയാണ് ശബ്ദം പുറപ്പെടുവിക്കുന്നതെന്നും റെക്കോര്‍ഡ് ചെയ്തിരുന്നു. 333 പശുക്കളെയാണ് പഠനത്തിന് വിധേയമാക്കിയത്. 

നേരത്തെ നടത്തിയ പഠനങ്ങളില്‍ അമ്മപ്പശുവും പശുക്കിടാങ്ങളും തമ്മില്‍ ആശയവിനിമയം നടത്താറുണ്ട് എന്ന് മനസിലായിരുന്നു. പുതിയ പഠനത്തില്‍ പറയുന്നത് ഭക്ഷണത്തിന് വേണ്ടി തിരയുമ്പോള്‍, കൂട്ടത്തില്‍ നിന്ന് അകലേണ്ടി വന്നാല്‍, ഇണചേരുമ്പോള്‍ ഒക്കെ ഇവ വ്യത്യസ്‍തമായ ശബ്‍ദങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ടെന്നാണ്. പശുക്കള്‍ നമ്മെപ്പോലെ സാമൂഹിക ജീവിതം ആഗ്രഹിക്കുന്നവരാണ്. ഇങ്ങനെ പശുക്കളെ മനസിലാക്കി വളര്‍ത്താന്‍ പശുവളര്‍ത്തല്‍ നടത്തുന്നവരെ ഈ പഠനം സഹായിക്കുമെന്നും ഗവേഷകസംഘം പറയുന്നു.

click me!