
വർഷങ്ങൾക്ക് മുമ്പ് ലോകത്തെയാകെ കണ്ണീരിലാഴ്ത്തിയ സാരൂ ബ്രയർലിയുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. 'എ ലോംഗ് വേ ഹോം' (A Long Way Home) എന്ന തന്റെ ഓർമ്മക്കുറിപ്പിലൂടെ സാരൂ പങ്കുവെച്ച അനുഭവം 'ഡോക്ടർ ലമ്മ' എന്ന എക്സ് (ട്വിറ്റർ) പേജിൽ പങ്കുവെച്ചതോടെയാണ് വീണ്ടും ചർച്ചയായത്. 1986 -ലായിരുന്നു അത് നടന്നത്. മധ്യപ്രദേശിലെ ഖണ്ട്വയിൽ അഞ്ച് വയസ്സുകാരനായ സാരൂ തന്റെ ജ്യേഷ്ഠൻ ഗുഡുവിനെ കാത്ത് റെയിൽവേ സ്റ്റേഷനിൽ നിൽക്കുകയായിരുന്നു. ചേട്ടൻ ട്രെയിനിലായിരിക്കും എന്ന് കരുതി സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഒരു ട്രെയിൻ കോച്ചിൽ കയറിയ അവൻ അതിൽ കിടന്ന് ഉറങ്ങിപ്പോയി. പിന്നീട് സാരൂ ഉണർന്നത് ആയിരക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറം കൊൽക്കത്തയിലായിരുന്നു. സ്വന്തം വീട്ടുപേരോ സ്ഥലമോ പോലും വ്യക്തമായി പറയാൻ കഴിയാത്തതിനാൽ അവന് തിരികെ നാട്ടിലേക്ക് പോകാനായില്ല. തെരുവിലായി അവന്റെ ജീവിതം.
തെരുവിലെ കഷ്ടപ്പാടുകൾക്കൊടുവിൽ അവൻ അവിടെ നിന്നും ഒരു അനാഥാലയത്തിലെത്തി. അവിടെ നിന്നും സാരൂവിനെ ഒരു ഓസ്‌ട്രേലിയൻ ദമ്പതികൾ ദത്തെടുത്തു. ടാസ്മാനിയയിൽ പുതിയ ജീവിതം തുടങ്ങിയെങ്കിലും തന്റെ വേരുകൾ എവിടെയാണെന്ന ചിന്ത അവനെ വേട്ടയാടി. തന്റെ ഓർമ്മയിലുണ്ടായിരുന്ന റെയിൽവേ സ്റ്റേഷൻ, ഒരു പാലം, വാട്ടർ ടവർ എന്നിവ കേന്ദ്രീകരിച്ച് അവൻ അന്വേഷണം തുടർന്നു. ഒടുവിൽ, തന്റെ ഇരുപതുകളിൽ, ടെക്നോളജിയുടെ സഹായത്തോടെ സാരൂ തന്റെ ജന്മനാട് അന്വേഷിച്ച് തുടങ്ങി. കൊൽക്കത്തയിൽ നിന്നും ട്രെയിൻ സഞ്ചരിക്കാൻ സാധ്യതയുള്ള ദൂരവും വഴികളും കണക്കുകൂട്ടി ഗൂഗിൾ എർത്തിലെ സാറ്റലൈറ്റ് ചിത്രങ്ങൾ അവൻ ഓരോന്നായി പരിശോധിച്ചു. ഒടുവിൽ വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ 2011-ൽ ഖണ്ട്വയിലെ ഗണേഷ് തലൈ എന്ന ഗ്രാമം അവൻ തിരിച്ചറിഞ്ഞു.
അങ്ങനെ, 25 വർഷങ്ങൾക്ക് ശേഷം സാരൂ തന്റെ ഗ്രാമത്തിൽ തിരിച്ചെത്തി അമ്മയെ കണ്ടെത്തി. എന്നാൽ തന്റെ ജ്യേഷ്ഠൻ ഗുഡു താൻ കാണാതായ അതേ രാത്രിയിൽ തന്നെ ട്രെയിൻ അപകടത്തിൽ മരിച്ചുവെന്ന സങ്കടകരമായ വാർത്തയാണ് സാരൂവിനെ കാത്തിരുന്നത്. എങ്കിലും തന്റെ മകൻ എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ ആ അമ്മ ആ ഗ്രാമത്തിൽ തന്നെ കഴിഞ്ഞുകൂടുകയായിരുന്നു. ഒടുവിൽ വർഷങ്ങൾക്ക് ശേഷം അമ്മയും സാരൂവും പരസ്പരം കണ്ടുമുട്ടി. സാരൂവിന്റെ ജീവിതകഥയാണ് പിന്നീട് വളരെ പ്രശസ്തമായ 'ലയൺ' എന്ന പേരിൽ ഹോളിവുഡ് സിനിമയായത്.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം