ട്രെയിനിലും ബസിലും സീറ്റില്ല, ഒടുവില്‍ നാടുപിടിക്കാന്‍ കാറ് വാങ്ങി പെയിന്‍റിംഗ് തൊഴിലാളി

By Web TeamFirst Published Jun 4, 2020, 1:59 PM IST
Highlights

സാമൂഹിക അകലം പാലിക്കാതെ യാത്ര ചെയ്‍താൽ തന്റെ കുടുംബത്തിന് അസുഖം പിടിപെടുമോ എന്ന് ഭയന്ന അദ്ദേഹം ബസിൽ എന്തായാലും പോകേണ്ടെന്ന് തീർച്ചപ്പെടുത്തി.

സ്വന്തം വീടുകളിലേയ്ക്ക് പലായനം ചെയ്യുന്ന തൊഴിലാളികളുടെ നൊമ്പരം നിറഞ്ഞ കഥകൾ നമ്മൾ ഒരുപാട് കേട്ടുകഴിഞ്ഞു. ആ ദുരിതത്തിന് ഒരറുതിയില്ലേ എന്ന് പോലും ചിലപ്പോൾ തോന്നിപ്പോകും. അക്കൂട്ടത്തിൽ കുടുബാംഗങ്ങളെയും കൊണ്ട് എത്രയും വേഗം വീട്ടിൽ സുരക്ഷിതമായി എത്താൻ സ്വന്തം സമ്പാദ്യത്തിന്റെ മുക്കാലും വിറ്റു കാറു വാങ്ങിയ ഒരാളുണ്ട്. ഗാസിയാബാദിലെ പെയിന്‍റിംഗ് പണിക്കാരനായ ലല്ലൻ.

ഗോരഖ്‍പൂരിലെ ഒരു ഗ്രാമത്തിലാണ് ലല്ലന്റെ വീട്. ലോക്ക് ഡൗണിന് ശേഷം, ജോലി നഷ്‍ടമായപ്പോഴും, ജീവിതം വഴിമുട്ടിയപ്പോഴും ആകെ ഉണ്ടായിരുന്ന ആശ്വാസം ഭാര്യയും മക്കളും കൂടെ ഉണ്ടല്ലോ എന്നതായിരുന്നു. അവരെയുംകൊണ്ട് എത്രയും വേഗം സ്വന്തം വീട്ടിലെത്താൻ അദ്ദേഹം ആഗ്രഹിച്ചു. കാരണം, ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും അസുഖം പിടിപെടാനുള്ള സാധ്യത കൂടുതലായിരുന്നു. പോരാത്തതിന് ജോലി നഷ്‍ടമായ ആ അവസ്ഥയിൽ ഇവിടെ നിന്നിട്ട് ഒരു കാര്യവുമില്ലെന്നും അദ്ദേഹത്തിന് തോന്നി. തനിക്ക് എന്ത്  സംഭവിച്ചാലും സഹിക്കാം പക്ഷേ തന്റെ കുടുംബത്തിന് ഒന്നും സംഭവിക്കരുതെന്ന് അദ്ദേഹം പ്രാർത്ഥിച്ചു. കുടുംബത്തെയും കൊണ്ട് എത്രയും വേഗം വീട്ടിലെത്താൻ ബസിലും ട്രെയിനിലും സീറ്റ് തേടി അദ്ദേഹം ഒരുപാട് അലഞ്ഞു. പക്ഷേ, ആ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.

സാമൂഹിക അകലം പാലിക്കാതെ യാത്ര ചെയ്‍താൽ തന്റെ കുടുംബത്തിന് അസുഖം പിടിപെടുമോ എന്ന് ഭയന്ന അദ്ദേഹം ബസിൽ എന്തായാലും പോകേണ്ടെന്ന് തീർച്ചപ്പെടുത്തി. ട്രെയിനിൽ സീറ്റ് പിടിക്കാനുള്ള ശ്രമമായി പിന്നീട്. മൂന്ന് ദിവസം അദ്ദേഹം ആ റെയിൽവേ സ്റ്റേഷനിൽ മഴയും വെയിലും കൊണ്ട് നിന്നു. ശ്രാമിക് ട്രെയിനുകളിൽ സീറ്റുകൾ ഒന്നും കിട്ടിയില്ല. ഒടുവിൽ താൻ വിയർപ്പൊഴുക്കി നേടിയ സമ്പാദ്യം ചിലവാക്കി ഒരു കാർ വാങ്ങി തന്റെ കുടുംബത്തെ സുരക്ഷിതമായി വീട്ടിലെത്തിക്കാൻ അദ്ദേഹം തീരുമാനിച്ചു. "എന്റെ സമ്പാദ്യം ഇങ്ങനെ ചെലവഴിച്ചതിൽ എനിക്ക് വിഷമം തോന്നിയില്ല. കാരണം എനിക്ക് ഏറ്റവും വലുത് എന്റെ കുടുംബമാണ്. അവരുടെ സുരക്ഷയാണ്..." അദ്ദേഹം പറഞ്ഞു. 

അങ്ങനെ നാലാം ദിവസം ബാങ്കിൽ പോയി 1.9 ലക്ഷം രൂപ പിൻവലിച്ചു അതിൽ നിന്ന് 1.5 ലക്ഷം രൂപ മുടക്കി അദ്ദേഹം ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങി. ഇനി ഒരിക്കലും തന്റെ കുടുംബത്തെയും കൊണ്ട് ഇവിടേക്ക് മടങ്ങി വരില്ലെന്ന് ലല്ലൻ തീരുമാനിച്ചു. മെയ് 29 -ന് ഗാസിയാബാദിൽ നിന്ന് യാത്ര ആരംഭിച്ച അദ്ദേഹം 14 മണിക്കൂർ വണ്ടിയോടിച്ച് അടുത്ത ദിവസമാണ് ഗോരഖ്‍പൂരിലെത്തിയത്. ഇപ്പോൾ വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണ് അദ്ദേഹം. ഇവിടെ തന്നെ ഒരു ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലല്ലൻ. "എനിക്ക് ഇവിടെ ജോലി കിട്ടിയാൽ ഞാൻ ഗാസിയാബാദിലേക്ക് മടങ്ങില്ല" അദ്ദേഹം പറഞ്ഞു.  
 

click me!