മേശപ്പുറത്ത് തുപ്പരുത്, തൊണ്ടയില്‍ ബീന്‍സുള്ളതുപോലെ ഇക്കിളെടുക്കരുത്; 1480 -ലെ പുസ്‍തകം പറയുന്നത്

By Web TeamFirst Published Feb 24, 2020, 9:33 AM IST
Highlights

പുസ്തകത്തിൽ കണ്ട മറ്റൊരു ഉപദേശം “തൊണ്ടയിൽ ഒരു ബീൻ ഉള്ളതുപോലെ ഇക്കിളെടുക്കരുത്” എന്നതാണ്. അതുപോലെ തന്നെ “ചീസ് പുറത്തെടുക്കുമ്പോൾ അത്യാഗ്രഹം കാണിക്കരുത്” എന്നും അതിൽ കുട്ടികൾക്ക് മുന്നറിയിപ്പ് നൽകുന്നു.

കുട്ടികളായാൽ കുറച്ച് കുറുമ്പൊക്കെ വേണം എന്ന് പൊതുവെ നമ്മൾ പറയാറുണ്ട്. അവരുടെ കുസൃതികൾ നമ്മുടെ ജീവിതത്തെ കൂടുതൽ രസകരമാക്കുന്നു. സാഹിത്യത്തിലും അത്തരം വികൃതിക്കുരുന്നുകളെ നമുക്ക് ഒരുപാട് കാണാം. ഹൊറിഡ് ഹെൻ‌റി മുതൽ ജസ്റ്റ് വില്യം വരെ അതിൽപ്പെടുന്നു. എന്നാൽ, കുട്ടികളുടെ ഈ വികൃതിത്തരങ്ങൾ സാഹിത്യത്തിൽ ഇപ്പോൾ വന്ന ഒരു കാര്യമല്ല. ബ്രിട്ടീഷ് ലൈബ്രറി ആദ്യമായി ഡിജിറ്റൈസ് ചെയ്ത 1480 -ലെ ഒരു കൈയെഴുത്തുപ്രതി മധ്യകാല കുട്ടികളുടെ വികൃതിത്തരങ്ങളെ കുറിച്ച് പറയുന്നതാണ്. നമ്മുടെ പൂർവികർ നമ്മളെ പോലെ വികൃതികളായിരുന്നോ? അവർ കാണിച്ച കുറുമ്പുകള്‍ എന്തൊക്കെയാണ് എന്നറിയണ്ടേ? ആ കൈയെഴുത്തുപ്രതിയിൽ വികൃതികാട്ടുന്ന കുട്ടികൾക്കായി ഒരുപാട് ഉപദേശങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. നിങ്ങളുടെ ചെവിയിലോ, മൂക്കിലോ തോണ്ടരുത് എന്ന് തുടങ്ങി മേശപ്പുറത്ത് തുപ്പരുത് എന്ന് വരെയുള്ള ഉപദേശങ്ങൾ അതിൽ കാണാം. 

പതിനഞ്ചാം നൂറ്റാണ്ടിലെ പെരുമാറ്റ പുസ്തകമായ The Lytille Childrenes Lytil Boke (ദി ലിറ്റിൽ ചിൽഡ്രൻസ് ലിറ്റിൽ ബുക്ക്) കുട്ടികളെ ടേബിൾ മര്യാദകൾ പഠിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. പുതിയതായി ആരംഭിച്ച കുട്ടികളുടെ ഒരു സാഹിത്യ വെബ്‌സൈറ്റിലാണ് ഇത് ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇത് കൂടാതെ ലൂയിസ് കരോൾ മുതൽ ജാക്വലിൻ വിൽസൺ വരെയുള്ള എഴുത്തുകാരുടെ യഥാർത്ഥ കൈയെഴുത്തുപ്രതികൾ, അഭിമുഖങ്ങൾ, ഡ്രാഫ്റ്റുകൾ എന്നിവയും അതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ബ്രിട്ടീഷ് ലൈബ്രറിയുടെ സ്വന്തം ശേഖരത്തിന്റെ ഭാഗമാണ് ഇത്. “മധ്യകാലത്ത് കുട്ടികൾ ചെയ്യാൻ പാടില്ലാത്ത നിരവധി കാര്യങ്ങൾ ഇതിൽ സൂചിപ്പിക്കുന്നു. അത് അവർ കാട്ടിക്കൂട്ടിയ കുസൃതികളിലേയ്ക്ക് വെളിച്ചം വീശുന്നു” ലൈബ്രറി പറഞ്ഞു.

പുസ്തകത്തിൽ കണ്ട മറ്റൊരു ഉപദേശം “തൊണ്ടയിൽ ഒരു ബീൻ ഉള്ളതുപോലെ ഇക്കിലെടുക്കരുത്” എന്നതാണ്. അതുപോലെ തന്നെ “ചീസ് പുറത്തെടുക്കുമ്പോൾ അത്യാഗ്രഹം കാണിക്കരുത്” എന്നും അതിൽ കുട്ടികൾക്ക് മുന്നറിയിപ്പ് നൽകുന്നു. കുട്ടികളെ കാണണമെന്നും എന്നാൽ കേൾക്കരുതെന്നുമുള്ള വിക്ടോറിയൻ യുഗത്തിന്റെ ഉദ്‌ബോധനങ്ങൾ ഇന്നത്തെ കാലത്ത് കൂടുതൽ പ്രസക്തമാണ്. അതുപോലെ കുട്ടികളോട് “കൂടുതൽ ചിരിക്കുകയോ, സംസാരിക്കുകയോ ചെയ്യരുത്, എന്നും അതിൽ ഉപദേശിക്കുന്നു. ബ്രിട്ടീഷ് ലൈബ്രറിയുടെ ഡിജിറ്റൽ പഠന പ്രോഗ്രാമിലെ പ്രധാന നിർമ്മാതാവ് അന്ന ലോബെൻബെർഗ് പറഞ്ഞു: “ഈ പഴയ ഉപദേശങ്ങൾ യുവതലമുറയ്ക്ക് ഭൂതകാലത്തെ അടുത്തറിയാൻ ഒരവസരം നൽകുന്നു. ഈ ഉപദേശങ്ങളിൽ ചിലത് ഒരുപക്ഷേ ഇപ്പോൾ അംഗീകരിക്കാൻ സാധിച്ചില്ലെന്ന് വരാം, മറ്റുള്ളവ നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് ഉണ്ടാക്കിയതാണെങ്കിലും ഇപ്പോഴും നമുക്ക് സുപരിചിതമായും തോന്നാം.”

നൂറിലധികം ബാല സാഹിത്യ പുസ്‍തകങ്ങൾ ഈ സൈറ്റിൽ ലഭ്യമാണ്. കുട്ടികളുടെ പുസ്‍തകത്തിൽ ലണ്ടൻ മൃഗശാലയിലെ ജീവിതത്തിൽ നിന്ന് വരച്ച കടുവകളുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ഗ്രുഫാലോയുടെ പേടിപ്പെടുത്തുന്ന മുഖം ആക്‌സൽ ഷെഫ്ലർ പങ്കുവെച്ചിട്ടുണ്ട്. കരോളിന്റെ ആലീസിന്റെ അഡ്വഞ്ചേഴ്സ് അണ്ടർ ഗ്രൗണ്ടിന്റെ ആദ്യത്തെ കൈയെഴുത്തുപ്രതിയും അതിലുണ്ട്, അതാണ് പിന്നീട് ആലീസിന്റെ അഡ്വഞ്ചേഴ്സ് ഇൻ വണ്ടർ‌ലാൻഡായി മാറിയത്. എനിഡ് ബ്ലൈറ്റന്റെ ടൈപ്പ്സ്ക്രിപ്റ്റ് ഡ്രാഫ്റ്റുകളായ മാലോറി ടവേഴ്‌സിലെ ദി ഫേമസ് ഫൈവ്, ലാസ്‌റ് ടേമും അതിലുൾപ്പെടുന്നു.  

click me!