അന്നത്തെ വില അഞ്ച് പൈസ, ആദ്യത്തെ ഫാക്ടറി കേരളത്തില്‍; ഇന്ത്യയിലെ കോണ്ടത്തിന്‍റെ ചരിത്രം ഇങ്ങനെ

By Web TeamFirst Published Feb 23, 2020, 4:00 PM IST
Highlights

ഇന്ത്യയുടെ ആദ്യത്തെ കോണ്ടം ഫാക്ടറി എവിടെയായിരുന്നു എന്നറിയാമോ? നമ്മുടെ കൊച്ചു കേരളത്തിൽ. 1969 -ൽ ഹിന്ദുസ്ഥാൻ ലാറ്റെക്സ് ലിമിറ്റഡ് (എച്ച്എൽഎൽ) കേരളത്തിലെ തിരുവനന്തപുരത്ത് ആദ്യത്തെ കോണ്ടം ഫാക്ടറി സ്ഥാപിച്ചു.  അങ്ങനെ അത് ആദ്യമായി പൊതുവിപണിയിൽ പ്രത്യക്ഷപ്പെട്ടു. 

ലൈംഗികതയെ ലജ്ജയോടെ നോക്കിക്കണ്ടിരുന്ന ഒരു രാജ്യത്ത്, കോണ്ടം വാങ്ങുന്നത് വളരെ സങ്കോചമുണ്ടാകുന്ന ഒരു കാര്യമായിരുന്നു. എന്നാൽ ഇന്ന് സ്ഥിതിഗതികൾ ഏറെക്കുറെ മാറിയിരിക്കുന്നു. നിർമ്മാതാക്കൾ പുതിയതും വ്യത്യസ്തവുമായ എന്തെങ്കിലും വിപണിയിൽ കൊണ്ടുവരാൻ ഭയപ്പെടുന്നില്ല. സ്ട്രോബെറി, വാനില, ചോക്ലേറ്റ് പോലുള്ള ക്ലാസിക് സുഗന്ധങ്ങളിലും ഇത് വരെ കാണാത്ത പുതിയ രൂപത്തിലും സാധനം ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇന്ത്യയുടെ പണ്ടുകാലത്തെ ലൈംഗിക ജീവിതം ഇന്നത്തെ പോലെ വർണ്ണാഭമായിരുന്നില്ല.

1952 ലാണ് സർക്കാർ ഇന്ത്യയിൽ ആദ്യമായി ഒരു ദേശീയ കുടുംബാസൂത്രണ പരിപാടി കൊണ്ടുവരുന്നത്. ഇന്ത്യയിലെ ജനസംഖ്യ 47 കോടി കടന്ന് കുതിച്ചുകൊണ്ടിരിക്കുന്ന കാലമാണ്. അടുത്ത മൂന്ന് ദശകങ്ങളിൽ ഇത് ഇരട്ടിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ആ സമയത്ത്, 25 പൈസ നിരക്കിൽ വിപണിയിൽ ലഭ്യമാക്കപ്പെട്ടിരുന്ന കോണ്ടം, സമ്പന്നരായ ചുരുക്കം ചിലർക്ക് മാത്രം പ്രയോജനപ്പെടുത്താവുന്ന ഒന്നായിരുന്നു. അതേസമയം താഴ്ന്ന വരുമാനക്കാർക്കിടയിൽ ജനസംഖ്യയുടെ വളർച്ചാ നിരക്ക് കൂടി വന്നു. അങ്ങനെ എന്ത് ചെയ്യുമെന്ന് ചിന്തിക്കുമ്പോഴാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) ലെ ഒരു പഠനസംഘം കോണ്ടം ഇറക്കുമതി ചെയ്യാനും ശരാശരി ഇന്ത്യക്കാരന് താങ്ങാനാവുന്ന 5 പൈസയ്ക്ക് സാധനം വിൽക്കാനും സർക്കാരിനോട് നിർദ്ദേശിച്ചത്. ഇന്ത്യൻ സർക്കാർ 1968 -ൽ 40 കോടി കോണ്ടം ഇറക്കുമതി ചെയ്തു. ലൈംഗികതയെ കുറിച്ച് സംസാരിക്കാൻ  പോലും മടിക്കുന്ന അന്നത്തെ കാലത്ത്, കോണ്ടം വാങ്ങുന്നത് ദുഷ്കരമായ ഒരു ദൗത്യമായിരുന്നു. ഫാമിലി പ്ലാനിംഗ് ക്ലിനിക്കുകൾ വഴിയും കമ്മ്യൂണിറ്റി വർക്കർമാർ വഴിയും കമ്മ്യൂണിറ്റി അധിഷ്ഠിത വിതരണക്കാർ, പോസ്റ്റോഫീസുകൾ എന്നിവയിലൂടെ സബ്സിഡി നിരക്കിലും ഇന്ത്യൻ സർക്കാർ സൗജന്യമായി കോണ്ടം വിതരണം ചെയ്യാൻ തീരുമാനിച്ചു. 

ഇതിനായി ഇന്ത്യൻ സർക്കാറിനു ഒരു പേര് വേണമായിരുന്നു. കാമരാജ് എന്ന് പേരിടാൻ അവർ ആലോചിച്ചു. അപ്പോഴാണ് അതിലുള്ള ഒരപകടം മനസിലാക്കിയത്. അന്നത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രേസിടെന്റിന്റെ പേരും അതായിരുന്നു, കെ. കാമരാജ്. അങ്ങനെ ആ പേര് വേണ്ടെന്നു വച്ചു. ഒടുവിൽ 'നിരോധ്' എന്ന പേര് നിർദ്ദേശിക്കപ്പെട്ടു. അങ്ങനെ കോണ്ടത്തിന്റെ ആദ്യത്തെ ഇന്ത്യൻ ബ്രാൻഡായി 'നിരോധ്'. ഇന്ത്യയുടെ ആദ്യത്തെ കോണ്ടം ഫാക്ടറി എവിടെയായിരുന്നു എന്നറിയാമോ? നമ്മുടെ കൊച്ചു കേരളത്തിൽ. 1969 -ൽ ഹിന്ദുസ്ഥാൻ ലാറ്റെക്സ് ലിമിറ്റഡ് (എച്ച്എൽഎൽ) കേരളത്തിലെ തിരുവനന്തപുരത്ത് ആദ്യത്തെ കോണ്ടം ഫാക്ടറി സ്ഥാപിച്ചു. അങ്ങനെ അത് ആദ്യമായി പൊതുവിപണിയിൽ പ്രത്യക്ഷപ്പെട്ടു. 

എന്നാൽ, അപ്പോഴും അതിനോടുള്ള നമ്മുടെ മനോഭാവം മാറിയില്ലായിരുന്നു. അതിനിടയിലാണ് ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് കണ്ടെത്തിയത്. ചെന്നൈയിലെ ലൈംഗികത്തൊഴിലാളികളിലാണ് ഇത് കണ്ടെത്തിയത്. ഇതിനെക്കുറിച്ചുള്ള അവബോധം വളർത്താൻ സർക്കാർ മുൻകൈയെടുത്തു. കോണ്ടം ജനന നിയന്ത്രണ രീതിയായി തുടരുക മാത്രമല്ല എച്ച്ഐവി / എയ്ഡ്സ് പ്രതിരോധ മാർഗ്ഗം കൂടിയായി തീർന്നു.  1980 കളുടെ അവസാനത്തിൽ ‘നിരോധി'നെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി നിരവധി ടിവി പരസ്യങ്ങൾ വന്നു. എന്നിരുന്നാലും, അതിനെ കുറിച്ച് കൂടുതലായി അറിയാൻ ആളുകൾ അപ്പോഴും താല്പര്യപ്പെട്ടില്ല. 1990 കളുടെ തുടക്കത്തിൽ, മിക്ക മെഡിക്കൽ സ്റ്റോറുകളും കോണ്ടം വളരെയൊന്നും സംഭരിച്ചിരുന്നില്ല. ആകെ സർക്കാർ നിർമ്മിച്ച ബ്രാൻഡ് മാത്രമായിരുന്നു വിപണിയിൽ ഉണ്ടായിരുന്നത്. ഒരുപക്ഷേ രാജ്യത്ത് ലഭ്യമായ ഏറ്റവും മോശം ഉൽപ്പന്നമായിരുന്നു അത്. 

കോണ്ടം പുരുഷന്മാർക്ക് ആസൂത്രണത്തിനുള്ള ഉപാധിയായി മാത്രമായിരുന്നു. മോശമായി നിർമിക്കപ്പെട്ട ആ ഉത്പന്നം ലൈംഗികതയ്ക്ക് ഒരു തടസ്സമായിട്ടാണ് അവർ കണക്കാക്കിയത്. അത് ഉപയോഗിക്കാൻ ആരും ഇഷ്ടപ്പെട്ടില്ല. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുമ്പോൾ കോണ്ടം അവരുടെ മനസ്സിൽ ഒരിക്കലും ഇടം നേടിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് റെയ്മണ്ടിന്റെ ഗൗതം സിംഗാനിയയും പദംസിയും ചേർന്ന് കുറച്ച്കൂടി സെക്സിയായ, ആകർഷകമായ കോണ്ടം നിർമ്മിക്കാമെന്ന ആശയവുമായി മുന്നോട്ട് വന്നത്. "ഞങ്ങൾ കാമസൂത്ര എന്ന പേരിൽ സാങ്കേതികയും, ലൈംഗികതയും ഒത്തിണക്കി അൾട്രാ തിൻ, ഡോട്ട്ഡ്, എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന രൂപത്തിൽ കോണ്ടം രൂപകൽപ്പന ചെയ്യാൻ തുടങ്ങി. കുടുംബ ആസൂത്രണത്തിനായി ഉപയോഗിക്കുന്ന ഒരു പ്രവർത്തനപരമായ ഉൽ‌പ്പന്നത്തിനുപകരം കോണ്ടം ഒരു ജീവിതശൈലി ഉൽ‌പ്പന്നമായി അങ്ങനെ മാറി, ” പദംസി ഒരഭിമുഖത്തിൽ പറഞ്ഞു. 

1991 ൽ കാമസൂത്ര ബ്രാൻഡ് കോണ്ടം രാജ്യത്തിന്റെ ടെലിവിഷൻ സ്‌ക്രീനുകളെ ഇളക്കി മറിച്ചു. ബോളിവുഡ് അഭിനേതാക്കളുടെ ലൈംഗിക ചിത്രങ്ങൾ ഉപയോഗിച്ച് ബ്രാൻഡ് അവരുടെ ഉൽപ്പന്നം പരസ്യപ്പെടുത്തിയപ്പോൾ കോണ്ടത്തിന്റെ ചരിത്രത്തിൽ അതൊരു വലിയ മാറ്റമായി. 'നിരോധ്' വിവാഹിതരായ ദമ്പതികളെ ലക്ഷ്യമിടുകയും കുടുംബാസൂത്രണ പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ, കാമസൂത്ര ആനന്ദപൂർണമായ ലൈംഗികതയെ ലക്ഷ്യമിട്ടു. അലിക് പദംസിയുടെ കീഴിൽ പരസ്യ ഏജൻസിയായ ലിന്റാസ് നിർമ്മിച്ച കോണ്ടത്തിന്റെ ആദ്യ പരസ്യം ദൂരദർശൻ നിരോധിച്ചുവെങ്കിലും കേബിൾ ടിവി ഏറ്റെടുത്തു. പൂജ ബേഡിയും, മാർക്ക് റോബിൻസണ്ണും ചേർന്നാണ് അതിൽ അഭിനയിച്ചിരിക്കുന്നത്. 

ആദ്യമായി 'അവന്റെ ആനന്ദം' എന്നതിൽനിന്നും 'അവളുടെ ആനന്ദം' എന്ന കാഴ്ചയിലേക്ക് ഇന്ത്യ വഴിമാറി. കാമസൂത്ര, കോണ്ടത്തെ സ്ത്രീകൾക്ക് ആനന്ദത്തിനുള്ള ഉപാധിയായി ചിത്രീകരിച്ചപ്പോൾ പുരുഷാധിപത്യ രാജ്യത്ത് ഒരു കൊടുംകാറ്റുപോലെ അത് ആഞ്ഞടിച്ചു.  പെട്ടെന്ന് തന്നെ ഈ പരസ്യം രാജ്യം ഏറ്റെടുക്കാൻ തുടങ്ങി. ലൈംഗികതയുമായി ബന്ധപ്പെട്ട ഒരു ഉൽ‌പ്പന്നത്തെക്കുറിച്ച് പരസ്യമായി സംസാരിക്കുക മാത്രമല്ല, ഒരു നടി അതിൽ അഭിനയിക്കുകയും ചെയ്യുന്നത് ആദ്യമായിരുന്നു. അങ്ങനെ കോണ്ടം എന്നത് സെക്സിയായ, സ്ത്രീകളുടെ ആനന്ദത്തിന് പ്രാധാന്യം നൽകുന്ന, പ്രണയ കലയുടെ ഒരു അവിഭാജ്യഘടകമായ, പങ്കാളിയുടെ സന്തോഷത്തെക്കുറിച്ച് ശ്രദ്ധാലുക്കളായ ഒരു പുരുഷ സമൂഹത്തെ ഉൾകൊള്ളുന്ന ഒരുവലിയ വിപ്ലവമായി മാറി.  ലൈംഗികത ഒരു തെറ്റല്ലെന്നും, അത് പുരുഷന്മാർക്കുള്ള ഒരു കുത്തകാവകാശമല്ലെന്നുമുള്ള ഒരു പുതിയ ഉൾകാഴ്‌ചയിലേയ്ക്ക് ഇന്ത്യ നീങ്ങി. അതിന് ശേഷം ആളുകൾ അതിനെ ഒരു തുറന്ന മനസ്സോടെ അംഗീകരിക്കാൻ തുടങ്ങി. ഇന്ന് പല രൂപത്തിലും, പല ഭാവത്തിലും കോണ്ടം വിപണിയിൽ ലഭ്യമാണ്. 

click me!