പണ്ടേക്കുപണ്ടേ മറന്നുപോയ ലിപി പഠിപ്പിക്കാനൊരുങ്ങി ഒരു സ്‍കൂള്‍...

By Web TeamFirst Published Feb 13, 2020, 12:49 PM IST
Highlights

ഇത് പഠിച്ചശേഷം, ക്ഷേത്രങ്ങളിലെ ലിഖിതങ്ങളിൽ എഴുതിയ അക്ഷരങ്ങൾ വായിക്കാൻ കഴിയുന്നുണ്ട്, ഇത് നമ്മെ ചരിത്രവുമായി കൂടുതൽ ബന്ധിപ്പിക്കുന്നുവെന്നും തോന്നിത്തുടങ്ങി, അതിനാലാണ് ആ വികാരം ലോകത്തിൻ്റെ മറ്റു ഭാഗങ്ങളുമായി പങ്കിടാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു.

ലോകത്ത് ഇന്ന് നിലനിൽക്കുന്ന ക്ലാസിക് ഭാഷകളിൽ ഒന്നാണ് തമിഴ്. കാലം കടന്നുപോയിട്ടും ഇന്നും നശിക്കാതെ നിലനിൽക്കുന്ന അപൂർവം പുരാതന ഭാഷകളിൽ ഒന്ന്. പഴയകാല തമിഴ് ഭാഷ എഴുതാൻ ഉപയോഗിച്ചിരുന്ന ആദ്യകാല ലിപിയാണ് തമിഴ്-ബ്രാഹ്മി. പിന്നീട് വന്ന വർഷങ്ങളിൽ തമിഴ് ഭാഷ വിപുലമായ മറ്റ് പല ലിപികളിലേക്ക് വഴിമാറിയിട്ടുണ്ടെങ്കിലും തമിഴ്-ബ്രാഹ്മിയിലാണ് തമിഴ് ഭാഷ ജീവൻ വച്ചത്. തമിഴ്-ബ്രാഹ്മി BC മൂന്നാം നൂറ്റാണ്ടിലാണ് നിലനിന്നിരുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. കാലം മാറുന്നതിനനുസരിച്ച് തമിഴ് ഭാഷയ്ക്കും ലിപിയ്ക്കും മാറ്റം വന്നു. എന്നാൽ, ഇപ്പോൾ മണ്മറഞ്ഞുപോയ ആ ആദിമ ലിപിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് തമിഴ് നാട്ടിലെ കരൂരിലെ ഒരു സ്‍കൂള്‍. 

തമിഴ്-ബ്രാഹ്മിയെ തമിഴിയെന്നും വിളിക്കപ്പെടുന്നു. ഈ ആദ്യകാല ലിപി ക്ഷേത്രങ്ങൾ, ശിലാ ഫലകങ്ങൾ, ഗുഹകൾ, പുരാതന സ്‍മാരകങ്ങളുടെ പ്രവേശന കവാടങ്ങൾ, നാണയങ്ങൾ, മുദ്രകൾ, മൺപാത്രങ്ങൾ, കൊട്ടാരങ്ങൾ തുടങ്ങിയവയിൽ കാണപ്പെടുന്ന ലിഖിതങ്ങളിൽ ഉപയോഗിച്ചിരുന്നു. 2,500 വർഷം പഴക്കമുള്ള തമിഴി ലിപി പുനരുജ്ജീവിപ്പിക്കാനുള്ള ദൗത്യത്തിലാണ് കരൂർ ജില്ലയിലെ സ്റ്റുഡന്‍റ്സ് ആന്‍ഡ് യൂത്ത് ഫോർ തിരുക്കുറൽ (എസ്‌വൈടി) വെൽഫെയർ മൂവ്‌മെന്‍റിന്‍റെ ദേശീയ കോർഡിനേറ്ററും ഭരണി പാർക്ക് സ്ഥാപനങ്ങളിലെ സീനിയർ പ്രിൻസിപ്പലുമായ  ഡോ. സി രാമസുബ്രഹ്മണ്യം. ക്യാമ്പുകളും വർക്ക് ഷോപ്പുകളും സംഘടിപ്പിക്കാനുള്ള അദ്ദേഹത്തിൻ്റെ പരിശ്രമത്തെത്തുടർന്ന് തമിഴ്‌നാട്ടിലുടനീളം ആറായിരത്തിലധികം വിദ്യാർത്ഥികളും അധ്യാപകരും ലിപി പഠിച്ചു. പക്ഷേ, അതിലൊന്നും ഒതുങ്ങുന്നതല്ല അദ്ദേഹത്തിൻ്റെ ലക്ഷ്യം. 2021 ഏപ്രിൽ 14 തമിഴ് പുതുവത്സരമാണ്. അന്നത്തേക്ക് ഒരു ലക്ഷം വിദ്യാർത്ഥികളെ ഈ ലിപി പഠിപ്പിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. 

“ഞങ്ങളുടെ സ്‍കൂളിലെ ആർക്കിയോളജി ക്ലബ് കഴിഞ്ഞ വർഷം സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് മാതൃഭാഷയിലുള്ള കാര്‍ഡുകള്‍ തയ്യാറാക്കിയത്. ആ ഭാഷയുടെ സൗന്ദര്യം എന്നെ വിസ്‍മയിപ്പിച്ചു.” രാമസുബ്രഹ്മണ്യം പറഞ്ഞു. ഇത് പഠിച്ചശേഷം, ക്ഷേത്രങ്ങളിലെ ലിഖിതങ്ങളിൽ എഴുതിയ അക്ഷരങ്ങൾ വായിക്കാൻ കഴിയുന്നുണ്ട്, ഇത് നമ്മെ ചരിത്രവുമായി കൂടുതൽ ബന്ധിപ്പിക്കുന്നുവെന്നും തോന്നിത്തുടങ്ങി, അതിനാലാണ് ആ വികാരം ലോകത്തിൻ്റെ മറ്റു ഭാഗങ്ങളുമായി പങ്കിടാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു. തൻ്റെ സ്‍കൂളിൽ 300 അധ്യാപകരെ പഠിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഈ ഭാഷാപഠനം ആരംഭിച്ചത്. അതിനുശേഷം അധ്യാപകർ  വിദ്യാർത്ഥികളെ പഠിപ്പിക്കാൻ തുടങ്ങി. “ഞങ്ങളുടെ സ്‍കൂളിലെ 5,000 വിദ്യാർത്ഥികളും ഇപ്പോൾ ഇത് പഠിക്കുന്നു. അവരിൽ ആയിരത്തോളം പേർക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ ലിപി എഴുതാനും വായിക്കാനും കഴിയും” അദ്ദേഹം പറഞ്ഞു. 

തമിഴി ലിഖിതം കൊത്തിവച്ചിരിക്കുന്ന കല്ലുകൾ ഭൂരിഭാഗവും ഗ്രാമങ്ങളിലാണ് കാണപ്പെടുന്നത്. ആ കല്ലുകളെക്കുറിച്ച് അറിയാത്ത പലരും അവ തുണിയലക്കാനുള്ള കല്ലായും, തൂണുകളായും, പടികളായും ഉപയോഗിക്കുന്നു. അതിനാൽ വിദ്യാർത്ഥികൾ ഇതിനെക്കുറിച്ച് മനസിലാക്കുകയാണെങ്കിൽ, അവർക്ക് അവയെ തിരിച്ചറിയാനും, സംരക്ഷിക്കാനും സാധിക്കും. ഇവിടെ ആളുകൾ സ്വന്തം മാതൃഭാഷയെ മറക്കാൻ തുടങ്ങുമ്പോൾ പണ്ടേക്കുപണ്ടേ നശിച്ച ഒരു ഭാഷയെ ജീവൻ വെപ്പിക്കാനുള്ള  ഇവരുടെ ശ്രമങ്ങൾ മാതൃകയാവുകയാണ്.

click me!