ബിയർമാൻ സീരിയൽ കില്ലർ : കല്ലിന് തലയ്ക്കടിച്ച് നടത്തിയത് ഏഴുകൊലകൾ, എല്ലായിടത്തും ബിയർ കാനിന്റെ സാന്നിധ്യം

By Web TeamFirst Published Feb 13, 2020, 11:29 AM IST
Highlights

തെരുവിൽ കഴിഞ്ഞിരുന്ന ഇരകൾ എല്ലാവരും ഗുദരതിക്ക് വിധേയരാക്കപ്പെട്ടിരുന്നു, മൃതദേഹത്തിനരികിൽ കിങ്ഫിഷർ ബിയറിന്റെ ഒരു കാനും, 'സംഘത്തിലേക്ക് സ്വാഗതം' എന്നെഴുതിയ ഒരു കുറിപ്പും  
 

സീരിയൽ കില്ലർമാരെക്കുറിച്ചുള്ള കഥകൾ നമ്മളെ ആകർഷിക്കുന്നത് എന്തുകൊണ്ടാവും? നിരപരാധികളും നിസ്സഹായരുമായവരെ തിരഞ്ഞുപിടിച്ചുകൊല്ലുന്ന നരാധമന്മാരെക്കുറിച്ചുള്ള കഥകൾ നമ്മൾ ഒറ്റയിരിപ്പിനു വായിച്ചു തീർക്കുന്നതിന് പിന്നിലെ മനഃശാസ്ത്രമെന്താണ്? അവരെക്കുറിച്ചുള്ള ഭയമോ? ആ പ്രവൃത്തിയിൽ നമ്മൾ അറിയാതെ കണ്ടെത്തുന്ന ഹരമോ? അതോ അവരുടെ അപൂർവമായ കൊലപാതക രീതികളുടെ നിഗൂഢതയോ? അതുമല്ലെങ്കിൽ, നമുക്കൊന്നും ആലോചിക്കാൻ പോലുമാകാത്ത രീതിയിലുള്ള കൊലകൾ തുടർച്ചയായി ചെയ്യുമ്പോൾ അവരുടെ മനസ്സിൽ എന്താണുണ്ടായിരുന്നത് എന്നറിയാനുള്ള ജിജ്ഞാസയോ? അതോ നമ്മുടെ ഉള്ളിലും നമ്മളറിയാതെ നമ്മൾ കൊണ്ടുനടക്കുന്ന ഒരു സീരിയൽ കില്ലറിന്റെ സാന്നിധ്യമോ? എന്തുതന്നെയായാലും, ഇനി പറയാൻ പോകുന്നത് കഴിഞ്ഞ ദശാബ്ദത്തിൽ മുംബൈയിൽ ജീവിച്ചിരുന്ന ഓരോരുത്തരെയും ടിവിയിലേക്കു തന്നെ ഉറ്റുനോക്കിക്കൊണ്ടിരിക്കാൻ പ്രേരിപ്പിച്ച, അതിഭീകരനായ ഒരു സീരിയൽ കില്ലറുടെ കഥയാണ്. രവീന്ദ്ര കൺട്രോളെ അഥവാ അബ്ദുൽ റഹീമിന്റെ കഥ. മുംബൈയെ കിടുകിടാവിറപ്പിച്ച 'ബിയർമാൻ' കൊലപാതകങ്ങളുടെ ഞെട്ടിക്കുന്ന കഥ. 

ഈ കൊലപാതകങ്ങൾ നടക്കുന്നത് ഒക്ടോബർ 2006 -നും സെപ്റ്റംബർ 2007 -നുമിടയിലാണ്. ആകെ ഏഴു കൊലപാതകങ്ങൾ. ആദ്യത്തെ ഒന്നു രണ്ടു കൊലപാതകങ്ങൾക്ക് ശേഷം, മറൈൻ ലൈൻസിനും ചർച്ച്ഗേറ്റിനും ഇടയിലുള്ള നിരത്തുകൾ രാത്രിയോടെ വിജനമായിത്തുടങ്ങി. പുരുഷന്മാര്‍പോലും രാത്രിയിൽ പേടിച്ച് പുറത്തിറങ്ങാതെയായി. ഇറങ്ങിയാൽ പാന്റൂരി മാറ്റപ്പെട്ട നിലയിൽ, ഗുദരതിക്ക് വിധേയരാക്കപ്പെട്ട നിലയിൽ, ചത്തുമലച്ചു കിടക്കും വഴിയരികിൽ എന്ന അവസ്ഥയായി. അല്ല, അന്ന് ഇടയ്ക്കിടെ  റോഡരികിൽ ഈ സീരിയൽ കില്ലറുടെ ഇരകളെ അങ്ങനെയാണ് പൊലീസ് കണ്ടെത്തിയിരുന്നത്. പൊലീസിനെപ്പോലെ തന്നെ പത്രങ്ങൾക്കും ആ കൊലകളെപ്പറ്റി ഒരു വാലും തുമ്പുമുണ്ടായിരുന്നില്ല. അതുകൊണ്ടെന്താ? അവർ വായിൽ തോന്നിയ കഥകളൊക്കെ അടിച്ചുകൊണ്ടിരുന്നു. ഓരോ പത്രത്തിന്റെയും ലോക്കൽ ക്രൈം റിപ്പോർട്ടറുടെ ഭാവനാവിലാസം എങ്ങനെയാണോ അങ്ങനെ കഥകൾ പ്രസിദ്ധപ്പെടുത്തി വരാൻ തുടങ്ങി. 

2006 ഒക്ടോബർ 5 -നായിരുന്നു ആദ്യത്തെ പത്ര റിപ്പോർട്ട്. അതും ടൈംസ് ഓഫ് ഇന്ത്യ -യിൽ. വാർത്ത ഇങ്ങനെയായിരുന്നു. 'മറൈൻ ലൈൻസ് റെയിൽവേ സ്റ്റേഷനിലേക്കുള്ള ഫുട്ട് ഓവർ ബ്രിഡ്ജിനരികിൽ ഒരു മൃതദേഹം കണ്ടെത്തിയിരിക്കുന്നു. അത് വെറുമൊരു രണ്ടു കോളം വാർത്ത മാത്രമായിരുന്നു. ഒന്നരക്കോടി മനുഷ്യർ തിങ്ങിപ്പാർക്കുന്ന മായാനഗരി മുംബൈയിൽ ഒരു അജ്ഞാതജഡം കണ്ടെടുക്കുന്നത് അത്ര വലിയ വാർത്തയൊന്നും അല്ലായിരുന്നു. എന്നാൽ, അത് അവിടന്നങ്ങോട്ട് മുംബൈ നഗരത്തെ വിറപ്പിക്കാൻ പോന്ന ഒരു കൊലപാതക പരമ്പരയുടെ തുടക്കമാകും എന്ന് പത്രക്കാർക്കോ പൊലീസിനോ അപ്പോൾ അറിയില്ലായിരുന്നു. 

തെരുവിൽ കിടന്നുറങ്ങുന്ന ഏതോ ഭിക്ഷക്കാരനെ ആരോ തല്ലിക്കൊന്നു. അതായിരുന്നു ആ കൊലപാതകത്തെപ്പറ്റി പൊലീസിനുണ്ടായിരുന്ന ആദ്യ അഭിപ്രായം. എന്നാൽ അന്വേഷണത്തിൽ അത് വിജയ് ഗൗഡ് എന്ന ഒരു ടാക്സി ഡ്രൈവറുടെ മൃതദേഹമാണ് എന്ന് തെളിഞ്ഞു. എന്നിട്ടും, വിശേഷിച്ച് പുരോഗതിയൊന്നും അന്വേഷണത്തിലുണ്ടായില്ല. മുംബൈ പൊലീസ് നിത്യം അന്വേഷിക്കുന്ന നൂറുകണക്കിന് കൊലക്കേസുകളുടെ ഫയലുകളുടെ കൂട്ടത്തിൽ ഇതിന്റെ ഫയലും മുങ്ങിപ്പോയി. പിന്നീട് ആരും അതേപ്പറ്റി അന്വേഷിച്ചില്ല. എന്നാൽ, നാലുദിവസങ്ങൾക്കുള്ളിൽ ഒക്ടോബർ 10 -ന് അടുത്ത മൃതദേഹം കണ്ടെടുക്കപ്പെട്ടു. ഇത്തവണ മറൈൻ ഡ്രൈവിലെ മുംബൈ ഹോക്കി അസോസിയേഷന് മുന്നിൽ. അതുകഴിഞ്ഞ് ആറു ദിവസത്തിനകം, ഒക്ടോബർ 16 -ന് എൻ എസ് റോഡിലുള്ള  അൽസബ ബിൽഡിങ്ങിനടുത്ത് അടുത്ത ജഡം. ആദ്യത്തെ ഒന്നുരണ്ടു കേസുകളെ ഒറ്റപ്പെട്ട സംഭവങ്ങൾ എന്ന് എഴുതിത്തള്ളിയ മുംബൈ പൊലീസിന് വീണ്ടും മൃതദേഹങ്ങൾ കണ്ടെടുക്കപ്പെട്ടതോടെ നിൽക്കക്കള്ളിയില്ലാതായി. ഡിസംബർ 14 -ന് വീണ്ടുമൊരു മൃതദേഹം കൂടി. അത് തെരുവിൽ കഴിയുന്ന ഒരാളായിരുന്നു. അയാളെ തല്ലിക്കൊന്നു തള്ളിയിരുന്നത് ചർച്ച് ഗേറ്റ് സ്റ്റേഷന് പുറത്തായിട്ടാണ്. ഒരൊറ്റ തെളിവാണ് ഈ കൊലപാതകങ്ങളെ തമ്മിൽ ബന്ധിപ്പിച്ചത്. മൃതശരീരം കണ്ടെടുക്കപ്പെട്ടിരുന്ന ഇടങ്ങളിൽ എല്ലാം തന്നെ ഒരു കാലിയായ കിങ്ഫിഷർ ബിയർകാനും പൊലീസ് കണ്ടെടുത്തു. 

2006 നവംബറിനും, 2007 ജനുവരിക്കുമിടയിൽ പൊലീസ് കണ്ടെടുത്തത് ആകെ ഏഴു മൃതദേഹങ്ങൾ. എല്ലാം തന്നെ മറൈൻ ലൈൻസ് സ്റ്റേഷനും ചർച്ച് ഗേറ്റ് സ്റ്റേഷനും ഇടയിൽ, ഏതാനും കിലോമീറ്ററുകളുടെ ദൂരത്തിനിടെ. ഒന്നുകിൽ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നിരിക്കും, അല്ലെങ്കിൽ കുത്തിമലർത്തിയിട്ടുണ്ടാകും. അരയ്ക്കു കീഴ്പ്പോട്ട് നഗ്നമായ രീതിയിൽ കണ്ടെടുക്കപ്പെട്ട എല്ലാ ഇരകളും ഗുദരതിക്കും വിധേയമാക്കപ്പെട്ടിരുന്നതായി പൊലീസ് സംശയിച്ചു. എന്നാൽ അതൊന്നുമല്ല പത്രങ്ങൾക്ക് കുതൂഹലം പകർന്നത്. അത് ഈ ശവശരീരങ്ങൾക്ക് അരികിലായി മുടങ്ങാതെ കണ്ടെടുക്കപ്പെട്ടിരുന്ന കിംഗ്‍ഫിഷര്‍ ബിയർ കാനിനെക്കുറിച്ചുള്ള വിവരമായിരുന്നു. അവർ തങ്ങളുടെ ഒന്നാം പേജിൽ ഈ കൊലകൾക്ക് പിന്നിലെ സീരിയൽ കില്ലർക്ക് ഒരു വിളിപ്പേര് നൽകി, 'ബിയർമാൻ'..!

എന്നാൽ, ഏഴിൽ രണ്ടു മൃതദേഹങ്ങൾക്ക് അടുത്തതായി മാത്രമേ ഈ ബിയർ കാനുകൾ കണ്ടെടുക്കപ്പെട്ടിരുന്നുളൂ എന്നതാണ് സത്യം. എന്നാൽ, ഒരിക്കൽ സീരിയൽ കൊലപാതകങ്ങൾ എന്ന പ്രതീതി ജനിച്ചതോടെ പത്രങ്ങൾ അവർക്ക് തോന്നിയപടി കാര്യങ്ങളെ വ്യാഖ്യാനിച്ചു. അവർ എല്ലാ കൊലപാതകങ്ങൾ നടന്നിടത്തും ബിയർകാനിനെ പ്രതിഷ്ഠിച്ചു. അതോടെ വായനക്കാരുടെ കൗതുകം ഇരട്ടിച്ചു. പത്രങ്ങളുടെ സർക്കുലേഷൻ ഇരട്ടിച്ചു. ആദ്യ ഇരയായ ടാക്സി ഡ്രൈവർ വിജയ് ഗൗഡ് ഒഴിച്ചുള്ളവരെ ഒന്നും തന്നെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. അവരൊക്കെ തന്നെയും തെരുവിൽ ഭിക്ഷയെടുത്തു നടന്ന്, തെരുവിൽ തന്നെ അന്തിയുറങ്ങുന്ന, കയ്യിൽ തിരിച്ചറിയൽ രേഖകൾ ഒന്നുമില്ലാത്ത, ആരെയും പരിചയമില്ലാത്ത പാവങ്ങളായിരുന്നു. കൊല്ലപ്പെട്ടവർ എല്ലാവരും ഗുദരതിക്ക് വിധേയരാക്കപ്പെട്ടിരുന്നു എന്ന്  ഓട്ടോപ്‌സിയിൽ തെളിഞ്ഞു. അതോടെ പൊലീസ് ഒരു കാര്യമുറപ്പിച്ചു. പ്രതി, സ്വവർഗാനുരാഗിയാണ്. 

മുംബൈ അതോടെ 'ബിയർമാൻ' എന്ന ഭീകരനായ സീരിയൽ കില്ലറുടെ ഭീതിയിലമർന്നു. ഉച്ചപ്പത്രങ്ങളിൽ കണ്ടെടുക്കപ്പെടുന്ന മൃതദേഹങ്ങളുടെ ബീഭത്സമായ ചിത്രങ്ങൾ അച്ചടിച്ചുവന്നു, ഒപ്പം കേസന്വേഷണത്തെക്കുറിച്ച് അവരുടെ ഭാവനനയ്‌ക്കൊത്തുള്ള കെട്ടുകഥകളും. ചില പത്രങ്ങൾ ഏഴു മൃതദേഹങ്ങൾ കണ്ടെടുത്തപ്പോൾ മറ്റുചിലപത്രങ്ങൾക്ക് അത് എട്ടായിരുന്നു. വേറെ ചില പത്രങ്ങളാകട്ടെ, നാട്ടിൽ തെരുവിൽ നിന്ന് കണ്ടെടുക്കപ്പെടുന്ന എല്ലാ മൃതദേഹങ്ങളും ബിയർമാന് സമർപ്പിച്ചു. എന്നാൽ, വൈകിയെങ്കിലും വിവേകമുദിച്ച ചില പത്രങ്ങൾ മാത്രം, ബിയർ കാനുകൾ കണ്ടെടുക്കപ്പെട്ടത് രണ്ടു മൃതദേഹങ്ങൾക്ക് അരികിൽ നിന്നുമാത്രമാണ് എന്ന് തിരുത്തി കുറിപ്പുപ്രസിദ്ധപ്പെടുത്തി. എന്നിട്ടും ജനത്തിന്റെ മനസ്സിലെ കൊലയാളിയുടെ പ്രതിച്ഛായക്ക് മാറ്റമൊന്നും വന്നില്ല. അവർ പറഞ്ഞു,  ഇടനെഞ്ചിൽ കഠാര കുത്തിയിറക്കിയും കല്ലുകൊണ്ട് തല ചമ്മന്തിയാക്കിയും ഒക്കെ ആളെകൊന്നിരുന്ന ആ സീരിയൽ കില്ലർ, എന്തായാലും പാവപ്പെട്ട ഒരാളല്ല, കാരണം, അയാൾ കിംഗ് ഫിഷർ കാൻ ബിയർ കുടിക്കുന്ന ആളാണ്. മുപ്പതിന് മുപ്പത്തഞ്ചിനും ഇടക്ക് പ്രായമുള്ള ദൃഢഗാത്രനായ ഒരു യുവാവായിരിക്കണം കൊലപാതകി എന്ന് ജനം ധരിച്ചു. ഒഴിഞ്ഞ സ്ഥലങ്ങൾ കൊലപാതകത്തിനായി തെരഞ്ഞെടുത്തിരുന്നു ആ നരാധമൻ എന്നും പത്രങ്ങളിൽ അച്ചടിച്ചു വന്നു. 

അതിനിടെ മറ്റൊരു പ്രചാരണവും ഉണ്ടായി. ഇത് സ്വവർഗാനുരാഗികൾക്കിടയിൽ നടക്കുന്ന ഒരു കശപിശയാണ്. കൊന്നവനും മരിച്ചവരും ഒക്കെ സ്വവർഗാനുരാഗികളാണ് എന്നതരത്തിലും പ്രചാരണമുണ്ടായി. അതായത്, കൊന്നയാൾ തന്റെ ഇരകളെ ഗുദരതിക്ക് വിധേയരാക്കിയിരുന്നു എന്ന ഒരൊറ്റ നിരീക്ഷണത്തിൽ നിന്ന് പല പത്രങ്ങളും ഒറ്റയടിക്ക് എത്തിച്ചേർന്ന കണ്ടെത്തൽ, ഇരകളും സ്വവർഗാനുരാഗികളായിരുന്നു എന്നായിരുന്നു. അതായത് ബലാത്സംഗത്തിന്റെ സാധ്യത അവർ നിഷേധിച്ചു. ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിനു ശേഷം പ്രതി തന്റെ ലൈംഗികപങ്കാളിയെ വധിച്ചു എന്നമട്ടിലുള്ള കഥകളായി പിന്നെ. 

എന്തായാലും അനുദിനം കേസ് കൂടുതൽ സങ്കീർണമായി വന്നു. അവസാനത്തെ കൊലകളിൽ ഒന്നിൽ മൃതദേഹത്തിനരികിൽ നിന്ന്‌ കൈകൊണ്ടെഴുതിയ ഒരു ചെറിയ കുറിപ്പ് കണ്ടെടുക്കപ്പെട്ടു. അതിൽ പരസ്പരബന്ധമില്ലാത്ത കുറെ വാചകങ്ങളായിരുന്നു. പ്രതിക്ക് കാര്യമായ എന്തോ മാനസികാസ്വാസ്ഥ്യമുണ്ട് എന്നത് ആ എഴുത്തിൽ നിന്ന് വ്യക്തമായിരുന്നു എങ്കിലും, അവസാനത്തെ ഒരു വാചകം പൊലീസിന്റെ ശ്രദ്ധയാകർഷിച്ചു. "സംഘത്തിലേക്ക് സ്വാഗതം". 

പൊലീസ് 90 പേരടങ്ങുന്ന ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് വിശദമായ അന്വേഷണം തുടങ്ങി. സംശയം തോന്നിയ 58 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ തുടങ്ങി. കൊലകളുടെ ലൊക്കേഷനും, നടത്തപ്പെടുന്ന ദിവസവും ഒക്കെ വെച്ച് നിരവധി ചർച്ചകൾ നടന്നു. രാത്രിയിൽ ഈ പ്രദേശത്ത് ഒറ്റയ്ക്ക് ഇറങ്ങി നടക്കുന്നതിൽ നിന്ന് പൊലീസ് പ്രദേശവാസികളെ വിലക്കി. മറൈൻ ലൈൻസ് റെയിൽവേ സ്റ്റേഷനിലെ ടോയ്‌ലെറ്റിൽ നിന്ന് കണ്ടെടുത്ത മൃതദേഹത്തിനരികിലായി പൊലീസ് നായ ഇസ്തിരിയിട്ട് വടിയാക്കിയ ഒരു ഷർട്ട് കണ്ടെടുത്തു. തെരുവുകച്ചവടക്കാരിൽ ചിലർ ആ ഷർട്ടിന്റെ ഉടമയെ തിരിച്ചറിഞ്ഞു. ദശരഥ് റാണെ ഗ്യാങ്ങിന്റെ ഭാഗമായ രവീന്ദ്ര കൺട്രോളെ എന്ന അബ്ദുൽ റഹീം. ഈ ഷർട്ടിലെ മണം പിന്തുടർന്ന് ചെന്ന പൊലീസ് നായ്ക്കൾ 2007  ജനുവരി 22 -ന് രവീന്ദ്ര കൺട്രോളെയെ പൊക്കി. 

അടുത്ത ദിവസമിറങ്ങിയ പത്രങ്ങളുടെയെല്ലാം ഒന്നാം പേജിൽ തന്നെ രവീന്ദ്രയുടെ ചിത്രം അച്ചടിച്ചു വന്നു. കാണാൻ ഭയം തോന്നിക്കുന്ന രൂപമായിരുന്നു അയാളുടേത്. വളർന്നു നീണ്ടു കിടക്കുന്ന താടി, തലയിൽ ഒരു വട്ടത്തൊപ്പി, തോൾവരെയെത്തിക്കിടക്കുന്ന മുടി. അയാളുടെ കണ്ണുകൾ പത്രങ്ങളുടെ താളുകളിലിരുന്ന് വായനക്കാരനെ തുറിച്ചുനോക്കി. അയാൾ തന്നെ ബിയർമാൻ എന്ന് ജനം വിധിയെഴുതി. പൊലീസിനെ ജനം അഭിനന്ദിച്ചു. പടക്കം പൊട്ടിച്ച് ആ കണ്ടെത്തൽ ആഘോഷിച്ചു. ജനം വീണ്ടും അവരുടെ സ്വൈരജീവിതത്തിലേക്കും നിശാവിഹാരങ്ങളിലേക്കും തിരിച്ചു പോയി. കൊലപാതകി പിടിയിലായ സ്ഥിതിക്ക് ഇനി രാത്രി ഇറങ്ങി നടക്കാൻ ഭയം വേണ്ടല്ലോ.  

(ഒക്കെ തീർന്നു എന്ന് തെറ്റിദ്ധരിച്ചോ? എങ്കിൽ ഇല്ല..!  കഥ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.) 

ആരാണ് രവീന്ദ്ര കൺട്രോളെ ?

ദക്ഷിണ മുംബൈയിലെ ഒരു അലക്കുകാരന്റെ മകനായി കാമാ ആശുപത്രിയിൽ ജനനം. ധോബി താലാബിലെ ചേരികളിലൊന്നിലെ ചെറ്റയിലായിരുന്നു താമസം. അഞ്ചാം ക്‌ളാസുവരെ സ്‌കൂളിൽ പോയുള്ളൂ രവീന്ദ്ര. അതുകഴിഞ്ഞപ്പോൾ പഠിത്തം നിർത്തി തെരുവിലേക്കിറങ്ങി. പൊലീസ് സ്റ്റേഷനിലേക്കുള്ള ആദ്യസന്ദർശനം. അയാളെ ആസാദ് മൈദാൻ പൊലീസ് സ്റ്റേഷനിലേക്ക് എസ് ഐ വിളിപ്പിച്ചു, സ്റ്റാച്യു ഓഫ്  അവർ ലേഡി ചർച്ചിൽ നിന്ന് ആഭരണങ്ങൾ കവർന്നു എന്ന കേസിൽ കസ്റ്റഡിയിൽ എടുത്തിരിക്കുന്ന അച്ഛനെ ജാമ്യത്തിലെടുക്കാൻ വേണ്ടി. " മറ്റാരോ ചെയ്ത കുറ്റത്തിന് അവർ എന്റെ അച്ഛനെ പിടിച്ചോണ്ട് പോവുകയായിരുന്നു", രവീന്ദ്ര പിന്നീട് പറഞ്ഞു. 

അതിനുശേഷം ഒരു ദിവസം, അവർ കഴിഞ്ഞിരുന്ന ചേരിയിലെ കുടിൽ, കോർപറേഷൻകാർ വന്ന് ഇടിച്ചു നിരത്തി. രവീന്ദ്രയുടെ അച്ഛൻ മഹാലക്ഷ്മിയിലുള്ള ഭാര്യവീട്ടിലേക്ക് താമസം മാറ്റി. രവീന്ദ്രയെ അവർ പുണെയിലുള്ള അച്ഛന്റെ ബന്ധുക്കളുടെ അടുത്തേക്ക് മാറ്റി. എന്നാൽ പുണെയിലെ ജീവിതം അവനെ വല്ലാതെ മടുപ്പിച്ചു. അവിടത്തെ ബന്ധുക്കളിൽ നിന്ന് ഏറെ മോശമായ പെരുമാറ്റമാണ് അവനു നേരിടേണ്ടി വന്നത്. ഒടുവിൽ അവരുടെ പരിഹാസം നേരിടാൻ വയ്യാതെ ഒരുദിവസം രവീന്ദ്ര തിരികെ മുംബൈയിലേക്ക് വന്നു. ഇത്തവണ അച്ഛനെയോ അമ്മയെയോ ഒന്നും ആശ്രയിക്കാൻ പോയില്ല. തെരുവിൽ തന്നെ കഴിഞ്ഞുകൂടി. ഇടക്കൊക്കെ പഴയ സ്നേഹിതരുടെ വീട്ടിലേക്ക് പോയി. 

അറസ്റ്റു ചെയ്യപ്പെട്ട ശേഷം രവീന്ദ്ര അന്നത്തെ തന്റെ ജീവിതത്തെപ്പറ്റി ഒരു ജേർണലിസ്റ്റിനോട് ഇങ്ങനെ പറഞ്ഞിരുന്നു,"അന്യന്റെ വീട്ടിൽ അടിമയായി കിടന്നുറങ്ങുന്നതിനേക്കാൾ എനിക്കിഷ്ടം, ഈ തെരുവിലെ രാജാവായി വാഴുന്നതായിരുന്നു..." 

കൗമാര കാലത്തു തന്നെയാണ് രവീന്ദ്ര, ദശരഥ് റാണെ എന്ന അധോലോക നായകന്റെ സംഘത്തിൽ ചേരുന്നത്.  തെരുവിലെ കച്ചവടക്കാരിൽ നിന്നും കള്ളവാറ്റു പോലുള്ള അനധികൃത ബിസിനസ്സുകാരിൽ നിന്നുമൊക്കെ ഹഫ്ത പിരിക്കലായിരുന്നു രവീന്ദ്രയുടെ പണി. അധോലോകമാണ് അയാൾ മയക്കുമരുന്നുകളിലേക്ക് അടുപ്പിച്ചത്. മയക്കുമരുന്നുമായുള്ള ഇടപെടൽ അധികമായതോടെ രവീന്ദ്രയെ പൊലീസ് അറസ്റ്റുചെയ്തു. ആദ്യത്തെ അറസ്റ്റിനുശേഷം ആസാദ് മൈതാനിലെ പൊലീസ് സ്റ്റേഷനും അവിടത്തെ ലോക്കപ്പും രവീന്ദ്രക്ക് കുടുംബവീടുപോലെയായി. അവിടെ അയാൾ നിത്യസന്ദർശകനായി. പൊലീസ് പിടിച്ചകത്തിടാത്ത ദിവസങ്ങൾ അയാൾ ചെലവിട്ടത് കാമാത്തിപുരയിലെ വേശ്യാഗൃഹങ്ങളിലാണ്. അയാൾ അവർക്കുമുന്നിൽ മുംബൈയിലെ അധോലോകരാജാവിന്റെ പരിവേഷം എടുത്തണിഞ്ഞു. കാമപൂർത്തീകരണത്തിനായുള്ള അത്തരം സന്ദർശനങ്ങൾക്കിടയിലാണ് രവീന്ദ്ര അഞ്ജലി എന്ന് പേരുള്ള ഒരു യുവതിയുമായി അടുക്കുന്നത്. ആദ്യം കാണുന്നത് ഒരു ലൈംഗികത്തൊഴിലാളിയുടെ രൂപത്തിലാണ് എങ്കിലും, അയാൾക്ക് അവളോട് പ്രണയമുണ്ടായി. ആ വേശ്യാലയത്തിന്റെ നാലു ചുവരുകൾക്കുള്ളിൽ നരകജീവിതത്തിൽ നിന്ന് അഞ്ജലിയെ മോചിപ്പിക്കണം എന്നയാൾക്ക്‌ തോന്നി. പരിചയപ്പെട്ടതിൽ പിന്നെ ഇടയ്ക്കിടെ അഞ്ജലിയെ സന്ദർശിച്ചു കൊണ്ടിരുന്ന രവീന്ദ്ര ഒരു വർഷത്തിനുള്ളിൽ തന്നെ 25,000 രൂപ ആ വേശ്യാലയത്തിന്റെ ഉടമയ്ക്ക് നൽകി അഞ്ജലിയെ എന്നെന്നേക്കുമായി അവിടെ നിന്ന് മോചിതയാക്കി. വാടകയ്ക്ക് ഒരു വീടെടുത്ത്, അഞ്ജലിയെയും വിവാഹം കഴിച്ച് രവീന്ദ്ര കുടുംബസ്ഥനായി. അവർക്ക് ദീപ എന്നൊരു പെൺകുഞ്ഞുണ്ടായി. 

(ആകെ ഒരു വശപ്പിശക് തോന്നുന്നുണ്ടോ വായിക്കുമ്പോൾ? സീരിയൽ കില്ലറിന്റെ കഥ പറയാം എന്ന് പറഞ്ഞിട്ട് കുടുബവിശേഷവും മറ്റും പറഞ്ഞുപറഞ്ഞ് ആകെ ഗൃഹാതുരത്വം കൊണ്ടുവരുന്നതെന്തിനാ എന്ന് തോന്നുന്നുണ്ടാവും. ട്വിസ്റ്റ് വരുന്നതേയുള്ളൂ )

ഒരു വിവാഹം കഴിഞ്ഞതോ, പെണ്‍കുഞ്ഞൊന്നുണ്ടായതും രവീന്ദ്രയുടെ ക്രിമിനൽ ജീവിതചര്യയിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാക്കിയിരുന്നില്ല.  ഇടയ്ക്കിടെ അകത്തു പോകുന്ന പതിവ് അയാൾ തുടർന്നു. മുംബൈ ആർതർ റോഡ് ജയിലിൽ അങ്ങനെ ഒരു നാലുമാസം കിടക്കേണ്ടി വന്നപ്പോൾ അവിടെ വെച്ച് രവീന്ദ്ര സഹതടവുകാരനായ ഒരു മുസ്ലിം വയോധികനാൽ ഏറെ സ്വാധീനിക്കപ്പെട്ടു.  അദ്ദേഹത്തിന്റെ സൂഫിസമാനമായ ജീവിതചര്യ അയാളെ ഹഠാദാകര്‍ഷിച്ചു. ജയിൽ മോചിതനായ രവീന്ദ്ര നേരെ പോയത് അജ്മീറിലെ ഗരീബ് നവാസ് ദർഗയിലേക്കാണ്. അവിടെ വെച്ച് അയാൾ മതം മാറി മുസ്ലിമായി. അബ്ദുൽ റഹീം എന്ന ഇസ്ലാമിക നാമം സ്വീകരിച്ചു. തന്റെ ക്രിമിനൽ ഭൂതകാലം ചവറ്റുകുട്ടയിലെറിഞ്ഞ് സമാധാനപൂർണവും നിർമ്മലവുമായ ഒരു ജീവിതം നയിക്കാൻ അയാൾ തീരുമാനിച്ചു. ദശരഥ് റാണെയുമായുള്ള സകല അവിശുദ്ധ കൂട്ടുകെട്ടുകളും ഉപേക്ഷിച്ച അയാൾ തെരുവിൽ ഒരു വഡാപാവ് സ്റ്റാൾ ഇട്ടു. അതിൽ നിന്ന്‌ കിട്ടുന്ന പരിമിതമായ വരുമാനം കൊണ്ട് തൃപ്തിപ്പെടാൻ മനസ്സിനെ പാകപ്പെടുത്തി.

ആളുകൾ അടുത്തിടപഴകാൻ മടിച്ചു നിന്നിരുന്ന ഒരു കൊടും ക്രിമിനലിൽ നിന്ന് അയാൾ ഒരു ദിവസം കൊണ്ട് പരിവർത്തനം ചെയ്യപ്പെട്ടത് ഒരു സാധാരണക്കാരനിലേക്കാണ്. എന്നാൽ, പൊലീസിന് അത്യാവശ്യം വേണ്ട വിവരങ്ങളൊക്കെ ചോർത്തി നൽകി ഒരു ഇൻഫോർമർ ആയും രവീന്ദ്ര എന്ന അബ്ദുൽ റഹീം തുടർന്നു. ആജീവനാന്തം തെരുവിൽ കിടന്നുഴച്ചിട്ടുള്ള അയാള്‍ക്ക് അവിടത്തെ കാലടിശബ്ദങ്ങൾ പോലും മനഃപാഠമായിരുന്നു. അയാൾ അറിയാതെ ആ തെരുവിൽ ഒരു ഇല പോലും അനങ്ങില്ലായിരുന്നു. അയാൾ കൊടുത്ത രഹസ്യവിവരങ്ങളിൽ പൊലീസ് നിരവധി അറസ്റ്റുകൾ നടത്തി. ലക്ഷക്കണക്കിന് രൂപയുടെ തൊണ്ടിമുതൽ കണ്ടെടുത്തു. അന്നൊന്നും പൊലീസ് അർഹമായ അംഗീകാരങ്ങൾ പകരം നൽകിയില്ലായിരുന്നു എങ്കിലും, ആ പുതിയ ജീവിതം തനിക്കുതന്നിരുന്ന മനസ്സമാധാനത്തിൽ  രവീന്ദ്ര പരിപൂർണ്ണ സംതൃപ്തനായിരുന്നു. 

അങ്ങനെയിരിക്കെയാണ്, ധോബി തലാബിനടുത്തുവെച്ച്, ബിയർമാൻ കൊലപാതക പരമ്പരയുടെ കുറ്റം ചുമത്തി, രവീന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അന്ന് പുറത്തുവന്ന ഒരു റിപ്പോർട്ടിൽ പറഞ്ഞിരുന്നത് രവീന്ദ്രയെ ചോരപുരണ്ട വസ്ത്രങ്ങളോടെ കയ്യിൽ കത്തിയുമായിട്ടാണ് അറസ്റ്റുചെയ്തത് എന്നാണ്. ആ പ്രസ്താവന ഏറെ സംശയാസ്പദമായിരുന്നു. രാത്രിയിൽ കൊലപാതകം ചെയ്ത ഒരാൾ, ഉച്ചക്ക് അറസ്റ്റു ചെയ്യപ്പെട്ടത് കൊലപാതകങ്ങൾ നടന്നിടത്തു നിന്ന് ദൂരെയുള്ള ഒരു അലക്കുകടവിൽ വെച്ച്. അതും ചോരപുരണ്ട വസ്ത്രങ്ങളും കത്തിയും പിടിച്ചുകൊണ്ട്. അത്രയ്ക്കും പൊട്ടനാണോ അയാൾ ? തലേന്ന് രാത്രി കൊന്നപ്പോൾ പുരണ്ട ചോര വസ്ത്രത്തിൽ നിന്ന് അലക്കിക്കളഞ്ഞ് ഉണക്കി എടുക്കാൻ അയാൾക്ക് എത്ര നേരം വേണം? അതും ഒരു അലക്കുകടവിൽ നിൽക്കുമ്പോൾ ? 

അറസ്റ്റിലായി വർഷങ്ങൾക്കു ശേഷം നടന്ന അഭിമുഖങ്ങളിൽ ഒന്നിൽ രവീന്ദ്ര എന്ന അബ്ദുൽ റഹീം ഇങ്ങനെ പറഞ്ഞിരുന്നു, "എന്നെ അവർ ഇന്നും വേട്ടയാടിക്കൊണ്ടിരിക്കുന്നത് എന്റെ താടി, മുടി, മതം ഇതിന്റെയൊക്കെ പേരിലാണ്. പഴയ ക്രിമിനൽ ജീവിതമൊക്കെ വിട്ടുവന്ന്, ആരെയും ഉപദ്രവിക്കാതെ ജീവിക്കാമെന്ന് വെച്ചാൽ അതിനും സമ്മതിക്കില്ലേ..?" 

തന്നെ ചോദ്യം ചെയ്യാൻ തുടങ്ങിയ പോലീസുകാരോട് രവീന്ദ്ര പറഞ്ഞത്, "സാർ ഞാൻ ആ തല്ലിപ്പൊളി പണികളൊക്കെ നിർത്തിയതാണ് സാർ. ഈ മർദാറിനെപ്പറ്റി ഒന്നും എനിക്ക് ഒരു ഐഡിയയുമില്ല സാർ... മറൈൻ ലൈൻസിലെ ഒരു ഛാലിലാണ് ഞാനിപ്പോൾ താമസം. എനിക്കവിടെ ഒരു ഭാര്യയുണ്ട്, പെൺകുഞ്ഞുണ്ട്. അല്ലാഹുവാണെ സത്യം സാർ, ഞാൻ മതം മാറിയ ശേഷം ഒരു തെറ്റും ഇന്നുവരെ ചെയ്തിട്ടില്ല. ആ വഡാപാവിന്റെ സ്റ്റാളിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാ ഞാനെന്റെ കുടുംബം പോറ്റുന്നത്." 

പൊലീസുകാരുടെ മുന്നിൽ ഇങ്ങനെ പലരും വന്നു വളരെ വൈകാരികമായ ന്യായങ്ങൾ പറയാറുണ്ട്. പലരെയും പിടിച്ചു സത്യവുമിടാറുണ്ട്. അതുകൊണ്ട് മുംബൈ പൊലീസ് അയാളുടെ കയ്യിൽ ഒരു കടലാസും പേനയും കൊടുത്ത് എഴുതാൻ പറഞ്ഞു. അവർ പലതും എഴുതിച്ചു. ഒരു മൃതദേഹത്തിനടുത്തുനിന്ന് കിട്ടിയ ആ കടലാസിലെ കയ്യക്ഷരവുമായി സാമ്യപ്പെടുത്തി നോക്കുകയായിരുന്നു ലക്ഷ്യം. രണ്ടെഴുത്തുകളും തമ്മിൽ സാമ്യപ്പെടുത്തി നോക്കിയപ്പോൾ രണ്ടും ഒന്നുതന്നെയാണ് എന്ന് പൊലീസിന് ബോധ്യപ്പെട്ടു. എന്നാൽ അതുമാത്രം പോരല്ലോ. അവർ രവീന്ദ്രയെ ബാംഗ്ലൂരിലേക്ക് നാർക്കോ അനാലിസിസിന് പറഞ്ഞയച്ചു. അവിടത്തെ ഫലങ്ങൾ പൊലീസിന് അനുകൂലമായിരുന്നു. നാർക്കോ അനാലിസിസിലെ മരുന്നുകൾ ഉത്പാദിപ്പിച്ച അർദ്ധബോധാവസ്ഥയിൽ, രവീന്ദ്ര താൻ ചെയ്ത പതിനഞ്ചു കൊലകൾ ഏറ്റുപറഞ്ഞു എന്നും, ഇരുപത്തൊന്നു ക്രിമിനൽ കേസുകളിൽ താൻ പ്രതിയാണെന്ന് പറഞ്ഞു എന്നും പൊലീസ് അവകാശപ്പെട്ടു. 

നാർക്കോ അനാലിസിസിനിടെ രവീന്ദ്ര മറ്റൊരു വെളിപ്പെടുത്തലും നടത്തി എന്ന് പൊലീസ് പറഞ്ഞു. കൊല്ലുന്നതിനു മുമ്പ് ഇരകളുടെ ബോധം കളയാൻ അവരെ ബിയർ കുടിപ്പിക്കുമായിരുന്നു എന്ന് രവീന്ദ്ര പറഞ്ഞതായി പൊലീസ് റിപ്പോർട്ടുണ്ട്. എന്നാൽ, താൻ ഇരകളെ ലൈംഗികമായി പീഡിപ്പിച്ചതായുള്ള പൊലീസ് ആരോപണങ്ങൾ അയാൾ ശക്തിയായി നിഷേധിച്ചു. തന്റെ പുതിയ മതവിശ്വാസം സ്വവർഗലൈംഗികതയ്ക്ക് എതിരാണെന്നതാണ് അയാൾ കാരണമായി ചൂണ്ടിക്കാണിച്ചത്. അതോടെ പൊലീസ് വീണ്ടും കുഴപ്പത്തിലായി. ബിയർമാൻ രവീന്ദ്രയാണെങ്കിൽ, അയാളെ പിന്തുടരുന്ന സീരിയൽ ശവഭോഗിയായ മറ്റൊരു ക്രിമിനൽ കൂടിയുണ്ടെന്നോ? അത് സത്യമാകണമെങ്കിൽ, ഈ സീരിയൽ ശവഭോഗി ഓരോ ക്രൈം നടക്കുന്നിടത്തും കൃത്യമായി ബിയർമാൻ രവീന്ദ്രയെ പിന്തുടരണം. രവീന്ദ്ര കൊന്നു സ്ഥലം വിട്ടയുടനെ മൃതദേഹത്തെ ബലാത്സംഗം ചെയ്യണം.

അതിനിടെ 2007 മാർച്ചിൽ, കേസിനെ വീണ്ടും കുഴപ്പിക്കുന്ന മറ്റു ചില സംഭവങ്ങൾ കൂടി നടന്നു. ബിയർമാന്റെ ഭീഷണി നിലനിന്നിരുന്ന അതേ പ്രദേശത്ത് വീണ്ടും രണ്ട് അജ്ഞാത മൃതദേഹങ്ങൾ കൂടി സമാനമായ സാഹചര്യങ്ങളിൽ കണ്ടുകിട്ടി. ഇത് രവീന്ദ്രയാകാൻ വഴിയില്ലല്ലോ. അയാൾ ജയിലിൽ അല്ലെ? പിന്നെ മൂന്നു സാധ്യതകളായിരുന്നു, ഒന്ന്, രവീന്ദ്ര ബിയർമാൻ അല്ല, രണ്ട്, നഗരത്തിൽ ഏതോ കോപ്പി ക്യാറ്റ് ക്രിമിനൽ (രവീന്ദ്രയുടെ കഥകൾ കേട്ട് അതുപോലെ തന്നെ കൊലചെയ്യാൻ വേണ്ടി ഇറങ്ങിയ കുറ്റവാളി) ഇറങ്ങിയിട്ടുണ്ട്, മൂന്ന്, രവീന്ദ്ര ഏതോ ഗൂഢസംഘത്തിന്റെ തലവനായിരുന്നു. അയാൾ അകത്തായതോടെ പുറത്തുള്ള സംഘാംഗങ്ങൾ കൊലകൾ തുടർന്നതാകാം. പത്രക്കാർക്ക് അത്രയും നാൾ തങ്ങൾ എഴുതിപ്പിടിപ്പിച്ച ഭാവനവിലാസങ്ങൾ അപ്പടി വിഴുങ്ങാൻ മടി. പൊലീസുകാർക്കോ ആ കേസ് തങ്ങളുടെ അഭിമാനത്തിന്റെ പ്രശ്നവും. അതുകൊണ്ട് നാലാമത് ഒരു കഥയ്ക്ക് ഔദ്യോഗിക സാധുത കിട്ടി. അതാണ്, രവീന്ദ്രയും സഹായിയായ മറ്റൊരാളും ചേർന്നാണ് ഈ കൊലകൾ നടത്തിയത് എന്ന ഭാഷ്യം. സുഷാൻ കുഞ്ഞിരാമൻ എന്ന മുംബൈയിലെ അഭിഭാഷകനാണ് രവീന്ദ്ര എന്ന അബ്ദുൽ റഹീമിന്റെ കേസുകൾ വാദിച്ചത്. അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നത് തന്റെ കക്ഷി നിരപരാധിയാണ് എന്നുതന്നെയാണ്. കൊലപാതകങ്ങൾ നടന്നു എന്ന് പൊലീസ് പറയുന്ന സമയങ്ങളിൽ ആ പ്രദേശത്തുപോലുമില്ലാതിരുന്ന രവീന്ദ്രയെ പൊലീസ് അവരുടെ കെട്ടുകഥകളിലെ ബലിമൃഗമാക്കുകയായിരുന്നു എന്ന് അദ്ദേഹം പറയുന്നു. 

ഒടുവിൽ സെഷൻസ് കോടതിയിൽ കേസ് എത്തിയപ്പോൾ പക്ഷേ തെളിവുകൾ പലതും രവീന്ദ്രയ്ക്ക് എതിരായിരുന്നു. മൃതദേഹത്തിനടുത്തുനിന്ന് കണ്ടെടുത്ത കുറിപ്പിലെ കയ്യക്ഷരം രവീന്ദ്രയുടേതുമായി സാമ്യമുള്ളതാണ് എന്ന് കോടതിക്ക് ബോധ്യപ്പെട്ടു. കുറ്റകൃത്യങ്ങളിൽ അഭിരമിച്ച അധോലോകഭൂതകാലം വിചാരണാ വേളയിൽ അയാളുടെ മൊഴികളുടെ വിശ്വാസ്യതയില്ലാതെയാക്കി. അതിനൊക്കെപ്പുറമെ അയാൾ മയക്കുമരുന്നിന് അടിമയാണ് എന്നതും പൊലീസ് കോടതി സമക്ഷം സ്ഥാപിച്ചെടുത്തു. കൃത്യങ്ങൾ നടക്കുന്ന സമയം അയാൾ സ്ഥലത്തില്ലായിരുന്നു എന്ന് തെളിയിക്കാൻ വേണ്ടി രവീന്ദ്ര ഹാജരാക്കിയ സാക്ഷിമൊഴികളും വേണ്ടത്ര ബലമുള്ളതായിരുന്നില്ല. മൂന്നു കൊലപാതകങ്ങളിൽ പൊലീസ് കൃത്യമായി രവീന്ദ്രയെ പൂട്ടിക്കഴിഞ്ഞിരുന്നു. 2008 -ൽ രവീന്ദ്രയെ കോടതി അയാൾ ചെയ്തു എന്ന് പറയപ്പെടുന്ന ഏഴാമത്തെ കൊലപാതകത്തിന്റെ പേരിൽ കുറ്റക്കാരനാണ് എന്ന് വിധിച്ചു. ഒന്നും രണ്ടും കൊലകളിൽ കോടതി തെളിവുകൾ വേണ്ടത്ര ശക്തമല്ല എന്ന വിധിച്ചതോടെ ആദ്യത്തെ ആറുകുറ്റകൃത്യങ്ങളിലെയും പ്രതികൾ ആരെന്ന കാര്യത്തിൽ അവ്യക്തത തുടർന്നു. എന്നാലും, തൽക്കാലത്തേക്ക് ബിയർമാൻ എന്ന അബ്ദുൾ റഹീം എന്ന രവീന്ദ്ര കൺട്രോളെ ഇരുമ്പഴികൾക്കുള്ളിലായി. മുംബൈയിലെ ജനങ്ങൾ സമാധാനത്തിന്റേതായ ദീർഘനിശ്വാസങ്ങൾ പൊഴിച്ചു.

2009 സെപ്റ്റംബറിൽ കേസ് ബോംബെ ഹൈക്കോടതിയുടെ പരിഗണനയിൽ എത്തി. ഹൈക്കോടതി സെഷൻസ് കോടതി വിധിയെ റദ്ദാക്കി. രവീന്ദ്ര എന്ന അബ്ദുൾ റഹീം നിരപരാധിയാണ് എന്ന് വിധിച്ചു. അയാളെ നിരുപാധികം വിട്ടയക്കാൻ കോടതി വിധിച്ചു. പ്രതിക്കൂട്ടിൽ നിന്നിറങ്ങിപ്പോകും വഴി പോലീസുകാരൻ പറഞ്ഞ വാക്കുകൾ അബ്ദുൾ റഹീം ഓർക്കുന്നുണ്ട്, " കോടതിയിൽ നിന്ന് ഊരിപ്പോരാൻ സാധിച്ചു എന്ന് നീ അഹങ്കരിക്കേണ്ട, ഞങ്ങളുടെ കണ്ണിൽ നീ കുറ്റവാളി തന്നെയാണ്.. അത് മറക്കണ്ട.." 

ഹൈക്കോടതി നിരുപാധികം വിട്ടയച്ചതോടെ തനിക്ക് ഒരു സ്വൈരജീവിതം നയിക്കാനാകും എന്ന് അബ്ദുൾ റഹീം ധരിച്ചു. എന്നാൽ ആ കരുതൽ അസ്ഥാനത്തായിരുന്നു. ബിയർമാൻ എന്ന വിളിപ്പേര് ആളുടെ നടുനെറ്റിയിൽ പൊലീസും സമൂഹവും എഴുതിപ്പിടിപ്പിച്ചു കഴിഞ്ഞിരുന്നു. എവിടെപ്പോയാലും അയാളെക്കാണുമ്പോൾ ജനം മാറിനിന്ന് അടക്കം പറഞ്ഞു. അയാളെ ആരും അടുപ്പിച്ചില്ല. അയാളെ കോടതി വെറുതെ വിട്ടതൊന്നും ഒന്നുകിൽ പലരും അറിഞ്ഞിട്ടില്ല, അല്ലെങ്കിൽ അത് അവരെ പലരെയും ബാധിച്ചിട്ടില്ല. പലർക്കും കുപ്രസിദ്ധ കൊലയാളിയായ ബിയർമാൻ എന്നത് ഇനിയങ്ങോട്ട് അയാൾ തന്നെയായിരുന്നു.  തന്റെ താടിയും മുടിയുമൊക്കെ വെച്ച് എങ്ങും ആളുകൾ തിരിച്ചറിഞ്ഞ് പരിഹാസവും അവജ്ഞയും നിസ്സഹകരണവും ഒക്കെ നിരന്തരം അനുഭവിക്കേണ്ടിവന്നപ്പോൾ ഒടുവിൽ അബ്ദുൾ റഹീം തന്റെ നെഞ്ചുമുട്ടിക്കിടന്ന താടി വടിച്ചു, തല മുണ്ഡനം ചെയ്തു.

അയാൾ മുംബൈയിൽ, മറൈൻ ലൈൻസിൽ വീണ്ടും ഒരു കൊച്ചു തട്ടുകടയിട്ടു. ഒരു സഹായിയുമൊത്ത് വീണ്ടും ഭാര്യയെയും കുഞ്ഞിനേയും പോറ്റാനുള്ള വകയന്വേഷിച്ചു. എന്നാൽ പൊലീസ് അയാളെ സ്വൈര്യമായി ജീവിക്കാൻ വിടില്ല എന്നുറപ്പിച്ചിരിക്കുകയായിരുന്നു. ആ പ്രദേശത്ത് ഏത് ബലാത്സംഗം നടന്നാലും കൊലപാതകം നടന്നാലും അവർ ആദ്യം പൊക്കുക അബ്ദുൾ റഹീമിനെയായിരുന്നു. 2012 -ൽ മൂന്നു യുവതികളുടെ മൃതദേഹങ്ങൾ കണ്ടുകിട്ടിയപ്പോൾ അവർ അതിനു പിന്നിൽ അബ്ദുൾ റഹീം തന്നെ എന്ന് വീണ്ടും ഉറപ്പിച്ചു. അയാൾ വീണ്ടും കസ്റ്റഡിയിലായി. യുവതികൾ മൂന്നുപേരും ബലാത്സംഗത്തിന് ഇരയായിരുന്നു. അവരുടെ ലൈംഗികാവയവങ്ങളിൽ നിന്ന് ശുക്ലത്തിന്റെ സാമ്പിളുകൾ ശേഖരിച്ച പൊലീസ് അതിന്റെ ഡിഎൻഎ അബ്ദുൾ റഹീമിന്റേതുമായി മാച്ച് ചെയ്തു. ആ പ്രക്രിയ എന്തെന്ന് അറിയുക പോലുമില്ലാത്ത അബ്ദുൾ റഹീമിനെക്കൊണ്ട് അനുമതി പത്രത്തിൽ ഒപ്പിട്ടുവാങ്ങിയായിരുന്നു പൊലീസ് അത് ചെയ്തത്. ഒടുവിൽ ഫലം വന്നപ്പോൾ എന്തായി, അയാളുടെ ഡിഎൻഎയുമായി ആ ശുക്ല സാമ്പിളിന്റേതിന് സമയമില്ല എന്ന് തിരിച്ചറിഞ്ഞു. എന്നാൽ, ആ ഒരു കസ്റ്റഡിയിലെടുപ്പും, ഡിഎൻഎ പരിശോധനയും ഒക്കെ അയാളെ വീണ്ടും കൊലപാതകി എന്ന ലേബലിൽ കൊണ്ട് പ്രതിഷ്ഠിച്ചു. അതവണയും അയാൾ നിരുപാധികം വിട്ടയക്കപ്പെട്ടു. 

ബിയർമാൻ കൊലപാതകങ്ങൾ നടന്നിട്ട് ഇന്നേക്ക് പതിനാലു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. കൊലപാതകി അബ്ദുൾ റഹീം എന്ന രവീന്ദ്ര കൺട്രോളെ അല്ല എന്നാണ് ഹൈക്കോടതി നിസ്സംശയം പറഞ്ഞിരിക്കുന്നത്. ഇവിടെ ഉയരുന്ന ചോദ്യമിതാണ്. വേണ്ടത്ര തെളിവുകൾ അവശേഷിപ്പിക്കാതിരുന്നതിന്‍റെ പേരിൽ പൊലീസിന് കോടതിയിൽ കുറ്റം തെളിയിക്കാതെ പോയ അപകടകാരിയായ ഒരു സീരിയൽ കില്ലറാണ് അബ്ദുൾ റഹീം എങ്കിൽ എന്ത് ധൈര്യത്തിലാണ് അയാൾ നിർബാധം വിഹരിക്കുന്ന ഒരു സമൂഹത്തിൽ പൊതുജനം സ്വൈരമായി ജീവിക്കുക? അല്ല, പൊലീസിന്റെ കഥകളൊക്കെ കള്ളമാണ് അബ്ദുൾ റഹീം തീർത്തും നിരപരാധിയാണ് എന്നുണ്ടെങ്കിൽ യഥാർത്ഥ കുറ്റവാളി ആരാണ് ? നിയമത്തിന്റെ വെളിച്ചത്തിലേക്ക് കൊണ്ടുനിർത്തപ്പെടാതെ അയാൾ അവിടെ കുറ്റകൃത്യങ്ങളുടെ കൂരിരുട്ടിൽ അയാൾ വിഹരിക്കുമ്പോൾ എന്ത് ധൈര്യത്തിലാണ് മുംബൈയിലെ ജനങ്ങൾ കിടന്നുറങ്ങുക?

click me!