ഇത് സിനിമയല്ല; ഒരു നാടിന്‍റെ മൊത്തം രക്ഷകനായി മാറിയ അധ്യാപകന്‍റെ കഥ

Published : Jan 31, 2019, 12:42 PM ISTUpdated : Jan 31, 2019, 01:08 PM IST
ഇത് സിനിമയല്ല; ഒരു നാടിന്‍റെ മൊത്തം രക്ഷകനായി മാറിയ അധ്യാപകന്‍റെ കഥ

Synopsis

ഗ്രൂപ്പിലെ അംഗങ്ങള്‍ ഓരോ വീട്ടിലും ചെന്ന് ആളുകളെ നേരില്‍ കണ്ട് ബോധവല്‍ക്കരണം നടത്തി. അവര്‍ ഗീതയും ബൈബിളും ഖുറാനും കയ്യിലേന്തി. യൂത്ത് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ ഓരോ തെരുവുകളിലും നാടകം അവതരിപ്പിച്ചു. മാസത്തില്‍ രണ്ട് തവണയെങ്കിലും ആത്മഹത്യയില്ലാത്ത ഗ്രാമം എന്ന ആശയത്തെ മുന്‍ നിര്‍ത്തി നാടകം അവതരിപ്പിക്കപ്പെട്ടു. 

ആത്മഹത്യ എന്നത് ഒരു അദ്ഭുതമേ അല്ലാത്ത നാടായിരുന്നു തമിഴ് നാട്ടിലെ തിരുവാരൂര്‍ ജില്ലയിലെ നീഡമംഗലം. അവിടെ എല്ലാ പ്രശ്നങ്ങള്‍ക്കും കണ്ടെത്തിയിരുന്ന പരിഹാരം ആത്മഹത്യ എന്നതായിരുന്നു. അയല്‍ക്കാരനുമായി ഒരു ചെറിയ പ്രശ്നം ഉണ്ടെങ്കില്‍ പോലും പോയി ആത്മഹത്യ ചെയ്യുക എന്നതായിരുന്നു അവരുടെ രീതി. 

ആ ഗ്രാമത്തിലെ അധ്യാപകനായിരുന്നു ആനന്ദ് ത്യാഗരാജന്‍. അദ്ദേഹം സ്കൂളില്‍ ചാര്‍ജ്ജെടുത്തപ്പോള്‍ ഇത് തിരിച്ചറിഞ്ഞു. സ്കൂളില്‍ രക്ഷാകര്‍ത്താക്കളുടെ യോഗം വെച്ചു കഴിഞ്ഞാല്‍ ആളുകളുടെ എണ്ണം വളരെ കുറവായിരുന്നു. ചിലപ്പോള്‍ കുട്ടികളുടെ അച്ഛനുണ്ടാകും, അമ്മയുണ്ടാകില്ല. മിക്കവര്‍ക്കും യോഗത്തില്‍ പങ്കെടുക്കാന്‍ ആരുമുണ്ടായിരുന്നില്ല. മിക്കവര്‍ക്കും അച്ഛനെയോ, അമ്മയേയോ രണ്ടു പേരേയുമോ നഷ്ടപ്പെട്ടിരുന്നു. 

''വളരെ ചെറുപ്പത്തില്‍ തന്നെ എനിക്ക് എന്‍റെ അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഈ കുട്ടികളുടെ അവസ്ഥ എനിക്ക് മനസിലാവുമായിരുന്നു. അതുകൊണ്ടാണ് എങ്ങനെയെങ്കിലും ഈ പ്രശ്നത്തിനു പരിഹാരം കാണണമെന്ന് ഞാന്‍ തീരുമാനിക്കുന്നത്. അങ്ങനെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചു. ഈ ആത്മഹത്യാ പ്രവണത ഇല്ലാതാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.'' ത്യാഗരാജന്‍ പറയുന്നു. നാട്ടുകാരെ ബോധവല്‍ക്കരിക്കാനുള്ള ശ്രമം നടത്തിയെങ്കിലും തണുത്ത പ്രതികരണമാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ അദ്ദേഹം വേറെ വഴി നോക്കുവാന്‍ ആരംഭിച്ചു. 

കുട്ടികളോ വീട്ടുകാരോ ആത്മഹ്യയ്ക്കുള്ള കാരണങ്ങളെ കുറിച്ചോ അതില്ലാതാക്കാന്‍ എന്ത് ചെയ്യുമെന്നതിനെ കുറിച്ചോ യാതൊന്നും തന്നെ ആലോചിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അധ്യാപകന്‍റെ നേതൃത്വത്തില്‍ ആത്മഹത്യയ്ക്കെതിരെ ഒരു നാടകം വിദ്യാര്‍ത്ഥികള്‍ വാര്‍ഷികദിനത്തില്‍ അവതരിപ്പിച്ചു. ഒരു വീട്ടില്‍ അടിക്കടിയുണ്ടാകുന്ന ആത്മഹത്യ അവിടെയുള്ള മറ്റംഗങ്ങളെ എങ്ങനെ ബാധിക്കുന്നു, അനാഥരായ കുട്ടികളുടെ അവസ്ഥ എന്താണ് എന്നതൊക്കെ വ്യക്തമാക്കുന്നതായിരുന്നു നാടകം. അനാഥരായ കുട്ടികളില്‍ പലരും യാചനയിലേക്ക് വരെ തിരിയുന്ന അവസ്ഥ ഉണ്ടായിരുന്നു. ആ അവസ്ഥ വ്യക്തമാക്കുന്ന നാടകം കണ്ടപ്പോള്‍ കൂടിയിരുന്നവര്‍ക്ക് വേദന തോന്നി. അത് നല്ലൊരു മാറ്റമായിരുന്നു. ആത്മഹത്യ എന്ന വാക്ക് പോലും ഇനി ഉപയോഗിക്കില്ലെന്ന് അന്ന് നാട്ടുകാര്‍ തീരുമാനിച്ചു. 

നാടകത്തില്‍ തീര്‍ന്നില്ല. ആത്മഹത്യയ്ക്കെതിരെ നിരന്തരം റാലികളും ബോധവല്‍ക്കാരണ പരിപാടികളും സംഘടിപ്പിച്ചു കൊണ്ടേയിരുന്നു. അതിനായി 'ഡയമണ്ട് ബോയ്സ്' എന്ന പേരില്‍ ചെറുപ്പക്കാരുടെ ഒരു ക്ലബ്ബിനും ത്യാഗരാജിന്‍റെ നേതൃത്വത്തില്‍ രൂപം നല്‍കി. അതൊരു നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ കൂടിയായി മാറി, 'ഡയമണ്ട് ചാരിറ്റബിള്‍ ട്രസ്റ്റ്'. ഗ്രൂപ്പിലെ അംഗങ്ങള്‍ ഓരോ വീട്ടിലും ചെന്ന് ആളുകളെ നേരില്‍ കണ്ട് ബോധവല്‍ക്കരണം നടത്തി. അവര്‍ ഗീതയും ബൈബിളും ഖുറാനും കയ്യിലേന്തി. യൂത്ത് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ ഓരോ തെരുവുകളിലും നാടകം അവതരിപ്പിച്ചു. മാസത്തില്‍ രണ്ട് തവണയെങ്കിലും ആത്മഹത്യയില്ലാത്ത ഗ്രാമം എന്ന ആശയത്തെ മുന്‍ നിര്‍ത്തി നാടകം അവതരിപ്പിക്കപ്പെട്ടു. നാട്ടിലെ മുതിര്‍ന്നവര്‍ക്കായി കസേരക്കളി അടക്കം വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. വിജയിക്കുന്നവര്‍ക്ക് കുഞ്ഞുങ്ങള്‍ തന്നെ സമ്മാനങ്ങള്‍ നല്‍കി. സ്ത്രീകളെ ബാസ്കറ്റുകളുണ്ടാക്കാനും മറ്റും പരിശീലിപ്പിച്ചു.

2013 -ന്‍റെ അവസാനമായതോടെ ഗ്രാമത്തില്‍ ഒറ്റ ആത്മഹത്യ പോലും ഇല്ലാതായി. മാത്രമല്ല, അതിനായി പ്രവര്‍ത്തിച്ച സ്കൂള്‍ മാധ്യമശ്രദ്ധ നേടുകയും ചെയ്തു. ദേശീയ, അന്തര്‍ ദേശീയ തലത്തില്‍ സ്കൂള്‍ ശ്രദ്ധിക്കപ്പെട്ടതോടെ ഗ്രാമവാസികളുടേയും വിദ്യാര്‍ത്ഥികളുടേയും ആത്മവിശ്വാസം വര്‍ധിച്ചു. 

മാത്രവുമല്ല, വിദ്യാര്‍ത്ഥികളുടെ പഠനനിലവാരവും കൂടുതല്‍ കൂടുതല്‍ മെച്ചപ്പെട്ടു. വീട്ടിലെ നല്ല അന്തരീക്ഷം ഇതിന് കാരണമായി. മാത്രവുമല്ല ത്യാഗരാജന്‍ കുട്ടികള്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോട് സ്നേഹത്തോടെ പെരുമാറാനും പറഞ്ഞുകൊടുത്തു. ഇത് അവരെയും ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചു. 

കുട്ടികള്‍ക്ക് അഹമ്മദാബാദില്‍ നടന്ന വിദ്യാര്‍ത്ഥികളുടെ ഒരു പരീശീലനപരിപാടിയുടെ ഭാഗമാകാനും കഴിഞ്ഞു. ഇത് നാടിന് മൊത്തം ആഘോഷിക്കാനുള്ള കാരണമായിത്തീര്‍ന്നു. ''അവര്‍ പരിശീലനം കഴിഞ്ഞ് തിരികെ എത്തിയപ്പോള്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് ഞങ്ങളവരെ സ്വീകരിച്ചത്. അത് നമുക്കെല്ലാവര്‍ക്കും ആഘോഷമായിരുന്നു. സ്കൂളില്‍ പോകുന്ന വിദ്യാര്‍ത്ഥികളില്ലാത്ത വീടുകള്‍ പോലും ആഘോഷിക്കുകയായിരുന്നു. എല്ലാവരും സന്തോഷത്തിലായിരുന്നു.'' വാര്‍ഡ് കൗണ്‍സിലര്‍ ശിവകുമാര്‍ പറയുന്നു. 

ഒരു അധ്യാപകന്‍ ഒരു നാടിന്‍റെ തന്നെ രക്ഷകനായി മാറുകയായിരുന്നു. അദ്ദേഹത്തിലൂടെ ആത്മഹത്യ ഇല്ലാതാവുക മാത്രമായിരുന്നില്ല. ഒരു പുത്തനുണര്‍വ്വ് കൂടി ആ നാടിന് കൈവരികയായിരുന്നു. 

PREV
click me!

Recommended Stories

എഐ ചിത്രങ്ങളോടുള്ള പ്രതിഷേധം: സഹപാഠിയുടെ കലാസൃഷ്ടികൾ ചവച്ചരച്ച് വിഴുങ്ങി വിദ്യാർത്ഥി, പിന്നാലെ അറസ്റ്റിൽ
ഇരട്ട സഹോദരന്മാരെ ഒരേസമയം ഡേറ്റ് ചെയ്ത് യുവതി; പിന്തുണച്ച് ഇരുകുടുംബങ്ങളും