
കൊല്‍ക്കത്ത: ദളിതരുടെ സര്‍വ്വതോന്മുഖമായ മുന്നേറ്റത്തിന് വേണ്ടി പോരാടിയവരുടെ ചരിത്രത്തിലെ തിളങ്ങുന്ന പേരുകളിലൊന്നാണ് ജോഗേന്ദ്ര നാഥ് മണ്ഡല്‍ എന്നത്. ഭരണഘടനാ ശില്‍പ്പി ബി ആര്‍ അംബേദ്കറുടെയും ജ്യോതിറാവു ഫുലെയുടെയും പേരുകള്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന വ്യക്തിത്വമാണ മണ്ഡലിന്‍റെതും. ബംഗാളിലെന്നല്ല രാജ്യമാകെ തൊട്ടുകൂടായ്മ കൊടുകുത്തിവാണ കാലത്ത് ജനിച്ച് ദളിതര്‍ക്കുവേണ്ടി പോരാടി പിന്നീട് പാക്കിസ്ഥാനിലെ ആദ്യ നിയമ മന്ത്രി സ്ഥാനം വരെ അലങ്കരിച്ച ജോഗേന്ദ്ര നാഥ് മണ്ഡലിന്‍റെ 115 ാം ജന്മ വാര്‍ഷിക ദിനമാണ് 2019 ജനുവരി 29.
1904 ല്‍ ബംഗാളിലെ നാമസുദ്രാ സമൂഹത്തില്‍ (ഇന്ന് ബംഗ്ലാദേശിന്‍റെ ഭാഗമായ സ്ഥലം) ആണ് ജോഗേന്ദ്ര നാഥ് ജനിച്ചത്. തൊട്ടുകൂടാഴ്മയുടെ കൊള്ളരുതാഴ്മകള്‍ പേറിയതായിരുന്നു അദ്ദേഹത്തിന്‍റെയും ബാല്യം. ജാതി വിവേചനത്തിനെതിരായ പോരാട്ടത്തിന്‍റെ പാതയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ജോഗേന്ദ്രയ്ക്ക് അധിക കാലം വേണ്ടിവന്നില്ല. പിന്നീടുള്ള ജീവിതമത്രയും സമൂഹത്തിലെ താഴ്ന്നവരെന്ന് അപമാനിക്കപ്പെടുന്ന സമൂഹത്തിന് വേണ്ടിയുള്ള പോരാട്ടമായിരുന്നു അദ്ദേഹം നടത്തിയത്.
1937 ല്‍ ബംഗാളിലെ നിയമ നിര്‍മ്മാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജോഗേന്ദ്രനാഥ് രാഷ്ട്രീയത്തിലും സ്വാതന്ത്ര്യ സമര പോരാട്ടത്തിലും സജീവ സാന്നിധ്യമായി. അബേദ്കര്‍ ദേശീയ നേതാവായുള്ള ഓള്‍ ഇന്ത്യ ഷെഡ്യൂള്‍ജ് കാസ്റ്റേഴ്സ് ഫെഡറേഷന്‍റെ ബംഗാള്‍ ഘടകം നേതാവായും ഇതിനിടെ മണ്ഡല്‍ മാറിക്കഴിഞ്ഞിരുന്നു. അംബേദ്കറിനെ പില്‍ക്കാലത്ത് ഭരണഘടന രൂപീകരണ സമിതിയിലേക്ക് തള്ളിവിട്ടതും ജോഗേന്ദ്രയായിരുന്നു.
1946 ലെ ഇടക്കാല ഗവണ്‍മെന്‍റിന്‍റെ കാലത്ത് മുസ്ലീം ലീഗിന്‍റെ നോമിനേറ്റഡ് മെംബറായിരുന്നു അദ്ദേഹം. ഇക്കാലത്ത് തന്നെ മുഹമ്മദലി ജിന്നയുമായി വളരെയധികം അടുപ്പത്തിലായിരുന്നു മണ്ഡല്‍. ഇതാണ് വിഭജന കാലത്ത് പാക്കിസ്ഥാനിലേക്ക് പോകാനും അവിടുത്തെ ആദ്യത്തെ നിയമമന്ത്രിയാകാനും കാരണമായത്. ഏകീകൃത ബംഗാളിന് വേണ്ടിയാണ് മണ്ഡല്‍ നിലകൊണ്ടതെങ്കിലും മൗണ്ട് ബാറ്റണ്‍ വിഭജനം പ്രഖ്യാപിച്ചതോടെ 1947 ജൂണ്‍ 3 ന് അദ്ദേഹം പാക്കിസ്ഥാനിലേക്ക് വണ്ടികയറി.
ദളിതരുടെയും മുസ്ലീങ്ങളുടെയും സാമ്പത്തിക-സാമൂഹ്യ അവസ്ഥ ഏറക്കുറെ സമാനമായിരുന്നു എന്നാണ് മണ്ഡല്‍ വിശ്വസിച്ചിരുന്നത്. അതുകൊണ്ടുതന്നെ മഹാത്മാഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്റുവിന്‍റെയും ഇന്ത്യയെക്കാള്‍ ജിന്നയുടെ സെക്യുലര്‍ പാക്കിസ്ഥാനിലാകും ദളിതര്‍ കൂടുതല്‍ സുരക്ഷിതരെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. പാക്കിസ്ഥാന്‍റെ ആദ്യ നിയമമന്ത്രയായി പ്രവര്‍ത്തിച്ചതിന്‍റെ കാരണവും മറ്റൊന്നല്ല. എന്നാല്‍ 1948 സെപ്തംബറില്‍ ജിന്ന മരിച്ചതോടെ മണ്ഡലിന്‍റെ അഭിപ്രായത്തിലും മാറ്റം വന്നു.
അധികം വൈകാതെ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയെത്തി. 1950 ല്‍ മടങ്ങിയെത്തിയ മണ്ഡലിന് പിന്നീട് നേരിടേണ്ടിവന്നത് രാഷ്ട്രീയ തൊട്ടുകൂടാഴ്മയായിരുന്നു. എങ്കിലും ദളിത് സമൂഹത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് കുറവുണ്ടായില്ല. ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ഥികളെ പശ്ചിമ ബംഗാളില്‍ പുനരധിവസിപ്പിക്കുന്നതില്‍ മണ്ഡലിന്‍റെ പങ്ക് വലുതായിരുന്നു. സാമൂഹ്യ മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്ന അദ്ദേഹം 1968 ഒക്ടോബര്‍ അഞ്ചാം തിയതിയാണ് ജീവിതത്തിനോടും പോരാട്ടങ്ങളോടും വിടപറഞ്ഞകന്നത്.