'ഭര്‍ത്താവ് എന്‍റെ മുഖത്ത് ആസിഡ് ഒഴിച്ചു, കൊല്ലാന്‍ ശ്രമിച്ചു'

By Web TeamFirst Published Feb 17, 2019, 7:28 PM IST
Highlights

ഞാന്‍ അലക്കിക്കൊണ്ടിരിക്കുമ്പോഴായിരിക്കും അവരെന്നെ അവരുടെ പുറം തടവിക്കൊടുക്കാന്‍ വിളിക്കുന്നത്. അലക്കിക്കഴിഞ്ഞിട്ട് ചെല്ലാമെന്ന് പറഞ്ഞതിന് അമ്മയോട് മറുത്തു പറഞ്ഞുവെന്ന് പറഞ്ഞ് ഭര്‍ത്താവ് എന്നെ അടിച്ചു. ഒരുദിവസം ഞാന്‍ നോക്കുമ്പോള്‍ ഭര്‍ത്താവ് ഒരു കത്രികയുമായി എന്‍റെ അടുത്ത് ഇരിക്കുന്നു. ഞാന്‍ മുടിയില്‍ ഒരുപാട് ഷാംപൂ ഉപയോഗിക്കുന്നുവെന്ന് അയാളുടെ അമ്മ പരാതിപ്പെട്ടതിനെ തുടര്‍ന്ന് എന്‍റെ മുടി മുറിക്കുകയായിരുന്നു അയാള്‍. 

ആസിഡ് ആക്രമണത്തിന് ഇരയാകുന്ന സ്ത്രീകള്‍ പലതരത്തിലും അതിജീവിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ അതിജീവിക്കുന്ന ഒരു സ്ത്രീയുടെ അനുഭവമാണ് ഹ്യുമന്‍സ് ഓഫ് ബോംബെ ഫേസ്ബുക്ക് പേജ് പങ്ക് വച്ചിരിക്കുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പതിനേഴാമത്തെ വയസ്സിലാണ് അവളുടെ വിവാഹം കഴിഞ്ഞത്. പക്ഷെ, ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ ഉപദ്രവിക്കുകയും ഭര്‍ത്താവ് മുഖത്ത് ആസിഡ് ഒഴിക്കുകയും ചെയ്യുകയായിരുന്നു. ശേഷം 'Make Love Not Scars' അവള്‍ക്ക് അഭയമായി. എന്നാല്‍, ഇന്ന് അതും അടച്ചു പൂട്ടലിന്‍റെ വക്കിലാണെന്നും ഈ യുവതി പറയുന്നു. 

ഫേസ്ബുക്ക് പോസ്റ്റ്: വിവാഹം കഴിയുമ്പോള്‍ എന്‍റെ പ്രായം 17 വയസ്സായിരുന്നു. വീട്ടുകാര്‍ കാണിച്ചുതന്ന ഒരാളെയാണ് ഞാന്‍ വിവാഹം കഴിച്ചത്. യു.പിയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നായിരുന്നു ഞാന്‍ വരുന്നത്. അതുകൊണ്ട് തന്നെ അത്ര നേരത്തെ വിവാഹം നടക്കുന്നതിനെ എനിക്ക് പ്രതിരോധിക്കാനായില്ല. 

ഒരു പൊലീസ് ഓഫീസറാകണം എന്നായിരുന്നു എന്‍റെ ആഗ്രഹം. എന്‍.സി.സിയിലെ മികച്ച പ്രവര്‍ത്തകയായിരുന്നു ഞാന്‍. അക്കാഡമിയില്‍ പ്രവേശനം കിട്ടിയിരുന്നുവെങ്കിലും ഭര്‍ത്താവിന്‍റെ വീട്ടില്‍ നാത്തൂന്‍മാര്‍ എന്നെ പോകാന്‍ സമ്മതിച്ചില്ല. അച്ഛന്‍ എനിക്കുവേണ്ടി സംസാരിച്ചിരുന്നുവെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഞാന്‍ ആ സ്വപ്നമെല്ലാം ഉപേക്ഷിച്ചു. എന്‍റെ അച്ഛന്‍ ആവശ്യപ്പെട്ടതു പോലെ നല്ലൊരു ഭാര്യയും മരുമകളുമാകാന്‍ ഞാന്‍ ശ്രമിച്ചു.  

പക്ഷെ, പ്രശ്നങ്ങള്‍ തുടങ്ങിയതേ ഉള്ളൂവായിരുന്നു. വിവാഹപ്പിറ്റേന്ന് രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് ജോലി ചെയ്തില്ലെന്നും പറഞ്ഞ് അമ്മായിഅമ്മ എന്നെ ഉപദ്രവിച്ചു. വിവാഹാഘോഷങ്ങള്‍ കഴിഞ്ഞത് പുലര്‍ച്ചെ രണ്ട് മണിക്കല്ലേ അതുകൊണ്ടാണ് എന്നും പറഞ്ഞ് ഞാനവരോട് മാപ്പ് ചോദിച്ചു. 

ഞാന്‍ അലക്കിക്കൊണ്ടിരിക്കുമ്പോഴായിരിക്കും അവരെന്നെ അവരുടെ പുറം തടവിക്കൊടുക്കാന്‍ വിളിക്കുന്നത്. അലക്കിക്കഴിഞ്ഞിട്ട് ചെല്ലാമെന്ന് പറഞ്ഞതിന് അമ്മയോട് മറുത്തു പറഞ്ഞുവെന്ന് പറഞ്ഞ് ഭര്‍ത്താവ് എന്നെ അടിച്ചു. ഒരുദിവസം ഞാന്‍ നോക്കുമ്പോള്‍ ഭര്‍ത്താവ് ഒരു കത്രികയുമായി എന്‍റെ അടുത്ത് ഇരിക്കുന്നു. ഞാന്‍ മുടിയില്‍ ഒരുപാട് ഷാംപൂ ഉപയോഗിക്കുന്നുവെന്ന് അയാളുടെ അമ്മ പരാതിപ്പെട്ടതിനെ തുടര്‍ന്ന് എന്‍റെ മുടി മുറിക്കുകയായിരുന്നു അയാള്‍. 

ഞാന്‍ എന്‍റെ വീട്ടിലേക്ക് മടങ്ങി. പക്ഷെ, എന്‍റെ വീട്ടുകാര്‍ക്ക് സഹതാപം ഉണ്ടായിരുന്നുവെങ്കിലും കുടുംബത്തിന്‍റെ അഭിമാനവും നിലനില്‍പ്പും ഓര്‍ത്ത് തിരികെ പോവാനാണ് അവര്‍ പറഞ്ഞത്. അങ്ങനെ എന്‍റെ ഭര്‍ത്താവും അമ്മയും ചേര്‍ന്ന് മാപ്പ് പറഞ്ഞ് എന്നെ തിരികെ വിളിച്ചുകൊണ്ടുപോയി. അന്നു വൈകുന്നേരമാണ് ഭര്‍ത്താവ് എന്‍റെ മുഖത്തേക്ക് ആസിഡ് ഒഴിച്ചത്.

ഒരു അയല്‍ക്കാരന്‍ എന്‍റെ വീട്ടുകാരെ വിവരമറിയിച്ചു. അവരെത്തുമ്പോഴേക്കും അവിടെ എല്ലാവരും രക്ഷപ്പെട്ടിരുന്നു. അച്ഛന്‍ പൊലീസില്‍ പരാതി നല്‍കി. എനിക്ക് പെട്ടെന്ന് നീതി കിട്ടുമെന്നായിരുന്നു ഞാന്‍ കരുതിയത്. പക്ഷെ, കോടതിയില്‍ നിന്ന് വരും വഴി എന്നെ ഉപദ്രവിക്കാന്‍ ഭര്‍ത്താവ് ഒരാളെ ഏര്‍പ്പാടാക്കിയിരുന്നു. ഞാന്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. 

കേസിനിടയില്‍ 13 സര്‍ജറികള്‍ക്ക് ഞാന്‍ വിധേയായി. ജോലിക്ക് ഒരുപാട് ശ്രമിച്ചു. പക്ഷെ, എന്‍റെ ഈ മുഖം കാണുമ്പോള്‍ ജോലി കിട്ടില്ല. 'Make Love Not Scars'  അഭയ കേന്ദ്രത്തോടൊപ്പം ഞാനും ചേര്‍ന്നു. പത്ത് വര്‍ഷമായി ഇപ്പോള്‍ എന്നെപ്പോലെ ഒരുപാട് പേരെ ഞാന്‍ കണ്ടുമുട്ടി. എന്നെപ്പോലെ സ്വന്തം കുടുംബത്താല്‍ ഉപദ്രവിക്കപ്പെട്ട ഒരുപാട് പേര്‍. ഇന്ന് നമ്മളെല്ലാവരും ഒരുമിച്ച് ചേര്‍ന്ന് ഈ ലോകത്തെ അഭിമുഖീകരിക്കാന്‍ പഠിച്ചിരിക്കുന്നു. നമ്മുടെ പാടുകള്‍ അംഗീകരിക്കാന്‍ അതും മനോഹരമാണെന്ന് സ്വയം പറയാന്‍. പക്ഷെ, ഇന്ന് എനിക്കീ വീടിനേയും വീട്ടുകാരേയും നഷ്ടമാകുമോ എന്ന് ഞാന്‍ ഭയക്കുന്നു. 

Make Love Not Scars പണമില്ലാത്തതിന്‍റെ പേരില്‍ അടച്ചുപൂട്ടലിന്‍റെ വക്കിലാണ്. ക്രൌഡ് ഫണ്ടിങ്ങ് തുടങ്ങിയിട്ടുണ്ട് ഇവര്‍ക്ക് കൈത്താങ്ങാകാന്‍.

ചിത്രത്തിന് കടപ്പാട്: ഹ്യുമന്‍സ് ഓഫ് ബോംബെ

click me!