
ചികിത്സിക്കുന്ന രോഗി മരിക്കണമെന്ന് ഒരു ഡോക്ടറും ആഗ്രഹിക്കില്ല. പക്ഷെ 1906 ഏപ്രില്‍ 8ന് മരിച്ച അഗസ്റ്റെ ഡെറ്റര്‍ എന്ന രോഗിയുടെ പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് അവരെ ചികിത്സിച്ച ഡോ. അല്‍വിസ് അല്‍സ്‌ഹൈമറിന് നിര്‍ബന്ധമുണ്ടായിരുന്നു. നാലു വര്‍ഷവും അഞ്ച് മാസങ്ങള്‍ക്കും മുന്‍പ് അഗസ്റ്റെ ഡെറ്ററിനെ ആദ്യമായി പരിശോധിച്ച നിമിഷങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടസമയത്തും അല്‍വിസ് അല്‍സ്‌ഹൈമറിന്റെ ഓര്‍മ്മയില്‍ തെളിഞ്ഞ് നിന്നു.
ഡോ.അല്‍വിസ്: പേര്:
അഗസ്റ്റ: അഗസ്റ്റ
ഡോ.അല്‍വിസ്: അഗസ്റ്റ എന്ന് മാത്രമാണോ, പേരിന്റെ രണ്ടാം ഭാഗം ഒന്നു പറയാമോ?
അഗസ്റ്റ:അഗസ്റ്റ
ഡോ.അല്‍വിസ്: ഓ, അതും അഗസ്റ്റയെന്നാണല്ലെ? സാരമില്ല, അഗസ്റ്റെയുടെ കൂടെവന്നത് ഭര്‍ത്താവല്ലെ, അദ്ദേഹത്തിന്റെ പേരെന്താ ?
അല്‍സ്‌ഹൈമറുടെ ആ ചോദ്യത്തിനും അവര്‍ക്ക് ഉത്തരം ഒന്നേയുണ്ടായിരുന്നുള്ളൂ...അഗസ്റ്റ. പ്രതീക്ഷയുടെ എല്ലാ വെളിച്ചവും നഷ്ടമായ കണ്ണുകള്‍, ചുളിവ് വീണ നെറ്റിത്തടം, വാക്കുകള്‍ ഒന്നൊന്നായി ഓര്‍ത്തെടുത്ത് അഗസ്റ്റെ പറഞ്ഞു
ഡോക്ടര്‍ എനിക്ക് എന്നെത്തന്നെ നഷ്ടമായിരിക്കുന്നു. എന്നോ സ്വയം നഷ്ടമായ അഗസ്റ്റെയെ 1906 ഏപ്രില്‍ എട്ടിന് ലോകത്തിനും നഷ്ടമായി. എവിടെയാണ് അഗസ്റ്റെയ്ക്ക് അവളെ നഷ്ടമായത്?
അതറിയാനാണ് അഗസ്റ്റെയുടെ പോസ്റ്റ്‌മോര്‍ട്ടം അല്‍സ്‌ഹൈമര്‍ തന്നെ നടത്തിയത്. ബന്ധുക്കളുടെ അനുമതിയോടെ അഗസ്റ്റെ ഡെറ്ററിന്റെ തലച്ചോറ് അല്‍സ്‌ഹൈമര്‍ ശരീരത്തില്‍ നിന്ന് വേര്‍പെടുത്തി.
വടിവുകളും ചുളിവുകളും ചെറുതാക്കി സ്വയം ചുരുങ്ങിയൊരു തലച്ചോറ്. വാര്‍ദ്ധക്യത്തിലെ സ്വാഭാവിക അവസ്ഥയെന്ന് കാലങ്ങളായി വിശ്വസിക്കപ്പെട്ടിരുന്ന ഭീതിതമായൊരു രോഗത്തെ അല്‍സ്‌ഹൈമറെന്ന ജര്‍മ്മന്‍ ന്യൂറോ പാത്തോളജിസ്റ്റ് ആ തലച്ചോറിലൂടെ തിരിച്ചറിയുകയായിരുന്നു.
ഡോ. അല്‍വിസ് അല്‍സ്‌ഹൈമര്‍. ഇന്‍സെറ്റില്‍ അഗസ്റ്റെ ഡെറ്റര്‍
അല്‍സ്‌ഹൈമേഴ്‌സ് രോഗത്തിന്റെ കഥ
1910ല്‍ അല്‍സ്‌ഹൈമറുടെ മേലധികാരി എമില്‍ ക്രായ്‌പെലിന്‍ പുറത്തിറക്കിയ 'സൈക്കാട്രിയെ'' എന്ന പുസ്തകത്തിലാണ് ഈ രോഗത്തെ ആദ്യമായി അല്‍സ്‌ഹൈമേഴ്‌സ് ഡിസീസ് എന്ന് വിളിച്ചത്.
രണ്ട് കാലൂന്നി നില്‍ക്കുന്നതെവിടെയെന്നറിയാത്ത ജീവിതങ്ങള്‍. കാല്‍വെയ്പുകളില്‍ അവര്‍ക്ക് മുന്നില്‍ പെട്ടെന്ന് കുഴികള്‍ രൂപപ്പെട്ടെന്ന് വരും. പടികളിറങ്ങുമ്പോള്‍ ഒരു പടിക്ക് ഉയരം കൂടിയെന്നോ ചിലതിന് ഉയരം കുറഞ്ഞെന്നോ, ചിലപ്പോഴൊന്ന് അപ്രത്യക്ഷമായെന്നോ തോന്നാം. ബാല്യം മുതല്‍ കണ്ട് പരിചയിച്ച മുഖങ്ങള്‍ ഓര്‍മ്മയില്‍ തെളിഞ്ഞ് വരികയേ ഇല്ല. പ്രിയപ്പട്ടവരുടെ ആദ്യ ചുംബനം, മക്കളുടെ മനോഹരമായ ചിരി, അവരുടെ വളര്‍ച്ചയിലെ വിവിധ ഘട്ടങ്ങള്‍, നഷ്ടങ്ങള്‍ പ്രിയപ്പെട്ടവരെ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തുമ്പോള്‍ അത് മറ്റെന്തിനെക്കാളും ഭീകരമാകും . ഒടുവില്‍ ഭൂതകാലം ഇല്ലാതാകുമ്പോള്‍ ഒരാള്‍ക്ക് തന്നെ തന്നെ നഷ്ടമാകും.
ഓര്‍മ്മയുടെ വെള്ളിരേഖകള്‍ അറ്റുപോകുന്നത് ആദ്യം അവര്‍ അറിഞ്ഞെന്നിരിക്കും. എന്നാല്‍ സ്വന്തം തലച്ചോറില്‍ എന്തെന്ത് മാറ്റങ്ങള്‍ വരുന്നെന്നോ അതെങ്ങനെ സംഭവിക്കുന്നെന്നോ പിന്നീട് അവര്‍ അറിയുകയേ ഇല്ല.
തികഞ്ഞ ഏകാന്തത, സ്ഥലകാലങ്ങളോടുള്ള അപരിചിതത്വം, ചിന്താശേഷിയുടെ തകര്‍ച്ച, കൈയില്‍ നിന്ന് വഴുതിപ്പോകുന്ന ഭാഷ, ഒടുവില്‍ മരണത്തിന് മുന്നിലെ കീഴടങ്ങല്‍. ലോകത്തിലെ ഏറ്റവും ഭീതിദമായ അവസ്ഥകളിലൊന്നാണ് അല്‍സ്‌ഹൈമേഴ്‌സ്.
ലോകത്തിലാകെ 40 ദശലക്ഷം പേര്‍ അല്‍സ്‌ഹൈമേഴ്‌സ് രോഗത്തിന്റെ പിടിയിലാണ്. 2050 ആകുമ്പോള്‍ ഈ സംഖ്യ 150 ദശലക്ഷത്തിലെത്തുമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍ . രോഗികളെ മാത്രമല്ല, കൂടെയുള്ളവരെയും മാനസികമായും സാമ്പത്തികമായും ഇത്രയേറെ തളര്‍ത്തുന്നൊരു രോഗം വേറെയില്ലെന്ന് തന്നെ പറയാം.
ആയുര്‍വേദ ഗ്രന്ഥങ്ങളായ ചരകസംഹിതയിലും അഷ്ടാംഗഹൃദയത്തിലും മേധാക്ഷയം എന്ന പേരില്‍ സ്മൃതിനാശത്തെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഉണ്ട്. എന്നാല്‍ അഗസ്റ്റെയുടെ തലച്ചോര്‍ പുറത്തെടുത്തുമുതലാണ് അല്‍സ്‌ഹൈമേഴ്‌സ് രോഗത്തെക്കുറിച്ചുള്ള ആധുനിക പഠനങ്ങള്‍ തുടങ്ങുന്നത്. അഗസ്റ്റെയെ കൂടാതെ ജോണ്‍ എഫ് എന്ന് പേരുള്ള മറ്റൊരു രോഗിയെയും ഡോ. അല്‍വിസ് അല്‍സ്‌ഹൈമര്‍ പഠനവിധേയമാക്കി. ഇവരുടെ തലച്ചോറുകള്‍ കീറിമുറിച്ച് നടത്തിയ പഠനങ്ങളില്‍ ചില അസാധാരണ വസ്തുക്കള്‍ അദ്ദേഹം കണ്ടെത്തി.
ന്യൂറോ ഫിബിലറി ടാംഗിള്‍സെന്നും സീനൈല്‍ പ്ലാക് എന്നുമാണ് ഈ വസ്തുക്കളെ ശാസ്ത്രലോകം വിളിക്കുന്നത്. തന്റെ പഠനങ്ങള്‍ അധികം മുന്നോട്ട് കൊണ്ടുപോകാന്‍ അല്‍സ്‌ഹൈമറിന് കഴിഞ്ഞില്ല. 1915 ഡിസംബര്‍ 19ന് വൃക്കരോഗവും തുടര്‍ന്നുണ്ടായ ഹൃദയാഘാതവും കാരണം 51 ആം വയസില്‍ ഡോ. അല്‍സ്‌ഹൈമര്‍ അന്തരിച്ചു. അദ്ദേഹം തുടങ്ങിയിടത്ത് നിന്ന് അല്‍സ്‌ഹൈമേഴ്‌സ് രോഗത്തെക്കുറിച്ചുള്ള പഠനം മുന്നോട്ട്‌പോകുകയാണ്.
എങ്ങനെ ഉണ്ടാവുന്നു ഈ രോഗം?
ഈ രോഗം എങ്ങനെ ഉണ്ടാകുന്നു, എങ്ങനെ പ്രതിരോധിക്കാം , ചികിത്സ എന്ത് ? അന്വേഷണങ്ങള്‍ പലവഴിക്കാണ്. കോടിക്കണക്കിന് ഡോളറാണ് ഇതിനായി ചെലവിടുന്നത്. ലോകത്തെ മികച്ച ലബോറട്ടറികളും മരുന്ന് കമ്പനികളും ഈ രംഗത്ത് മത്സരിക്കുന്നു. ലോകത്തെ ഭയപ്പെടുത്തുന്ന അല്‍സ്‌ഹൈമര്‍ രോഗത്തിന്റെ ചുരുളുകള്‍ മെല്ലെ നിവരുകയാണ്.
മനുഷ്യമസ്തിഷ്‌കം ഒരു മഹാപ്രപഞ്ചമാണ്. ചുഴികളും ചുളിവുകളും മനുഷ്യന് മുന്നില്‍ പൂര്‍ണമായി അനാവൃതമാകാത്ത ലോകം. ശരീരത്തിലെ ഓരോ പ്രവര്‍ത്തനത്തിനും തലച്ചോറില്‍ പ്രത്യേക കേന്ദ്രങ്ങളുണ്ട്. കോടിക്കണക്കിന് വരുന്ന ന്യൂറോണുകളും അവ തമ്മിലുള്ള പരസ്പര ബന്ധവുമാണ് ശരീരത്തിലെ ഓരോ പ്രവര്‍ത്തനവും സാധ്യമാക്കുന്നത്. വൈദ്യുത സിഗ്‌നലുകളിലൂടെയും ന്യൂറോ ട്രാന്‍സ്മിറ്ററുകളിലൂടെയും ഇവ പരസ്പരം വിവരങ്ങള്‍ കൈമാറുന്നു. പുതിയ പ്രവൃത്തികള്‍ നാം ചെയ്തു തുടങ്ങുമ്പോള്‍ തലച്ചോര്‍ പുതിയ ന്യൂറോണ്‍ കണക്ഷനുകള്‍ ഉണ്ടാക്കി സിഗ്‌നലുകള്‍ കൈമാറും. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ന്യൂറോണുകള്‍ തമ്മിലുള്ള ബന്ധനങ്ങള്‍ അസാധാരണതോതില്‍ നഷ്ടമാകും. ന്യൂറോണുകള്‍ ഉയര്‍ന്ന തോതില്‍ നശിക്കുകയും ചെയ്യും. അഗസ്റ്റെയുടെ തലച്ചോറില്‍ ഡോ. അല്‍സ്‌ഹൈമേഴ്‌സ് കണ്ടെത്തിയ സീനൈല്‍ പ്ലാക്കുകളും ന്യൂറോ ഫിബിലറി ടാംഗിള്‍സുമാണ് ഇവിടെ വില്ലന്‍മാരാകുന്നത്.
ഒരു ന്യൂറോണ്‍ കേന്ദ്രത്തില്‍ നിന്ന് മറ്റൊരു ന്യൂറോണ്‍ കേന്ദ്രത്തിലേക്ക് സിഗ്‌നലുകള്‍ കൈമാറ്റം ചെയ്യപ്പെടുന്നത് സിനാപ്‌സ് എന്നറിയപ്പെടുന്ന ബന്ധനങ്ങളിലൂടെയാണ്. വിവരം കടന്നുപോകുന്ന ആക്‌സോണെന്നറിയപ്പെടുന്ന നീണ്ടൊരു നാരും ന്യൂറോണുകളില്‍ ഉണ്ട്. ടാവോ എന്നറിയപ്പെടുന പ്രോട്ടീനുകള്‍ ചേര്‍ത്ത് നിര്‍ത്തിയിരിക്കുന്ന മൈക്രോ ട്യൂബ്യൂള്‍സിലൂടെയാണ് വിവരങ്ങള്‍ കടന്ന് പോകുന്നത്. പക്ഷെ ചിലസമയങ്ങളില്‍ ഈ ടാവോ പ്രോട്ടീനുകള്‍ സ്വന്തം ജോലി മറക്കുന്നു. ട്യൂബ്യൂള്‍സിനെ ഒന്നിച്ചുനിര്‍ത്തുന്ന കടമ മറന്ന് ഇവര്‍ സ്വതന്ത്രരാകുന്നു. ഇതിന്റെ ഫലമായി ന്യൂറോണുകള്‍ തമ്മിലുള്ള പരസ്പരബന്ധം തന്നെ ഇല്ലാതാകും. ഇങ്ങനെ സ്വതന്ത്രരാകുന്ന ടാവോ പ്രോട്ടീനുകള്‍ ചേര്‍ന്നാണ് ന്യൂറോ ഫിബിലറി ടാംഗിള്‍സ് ഉണ്ടാകുന്നത്. ഈ ടാംഗിളുകളുടെ പ്രവര്‍ത്തനഫലമായി ന്യൂറോണുകള്‍ വലിയ തോതില്‍ നശിക്കുന്നു.
ന്യൂറോണുകളില്‍ നിന്ന് രൂപപ്പെടുന്ന മറ്റൊരു പ്രോട്ടീനായ അമിലോയ്ഡ് ബീറ്റകളാണ് ഒന്നിച്ച് ചേര്‍ന്ന് പ്ലാക്കുകളായി മാറുന്നത്. ചില എന്‍സൈമുകളുടെ പ്രവര്‍ത്തന വൈകല്യമാണ് ഇത്തരത്തില്‍ തലച്ചോറില്‍ പ്ലാക്കുകള്‍ ഉണ്ടാകാന്‍ കാരണം. തലച്ചോറിലെ ഹിപ്പോകാമ്പസ് എന്നറിയപ്പെടുന്ന മേഖലയിലാണ് ന്യൂറോ ഫിബിലറി ടാംഗിള്‍സ് ആദ്യം രൂപപ്പെടുന്നത്. ഹ്രസ്വകാല ഓര്‍മ, പഠനം എന്നീ പ്രവര്‍ത്തനങ്ങളിലുള്ള താളപ്പിഴകളുടെ ആരംഭം ഇവിടെയാണ് . പതിയെ ഹിപ്പോകാമ്പസില്‍ നിന്ന് സെറിബ്രം എന്നറിയപ്പെടുന്ന തലച്ചോറിന്റെ പുറം മേഖലയിലേക്കും ഇവ കടന്ന് കൂടും.
ഇതിന് നേരെ വിപരീതമായാണ് പ്ലാക്കുകളുടെ വ്യാപനം . ആദ്യം സെറിബ്രത്തിലേക്കും പിന്നെ ഹിപ്പോകാമ്പസിലേക്കുമാണ് ഇത് കടക്കുന്നത്. പ്ലാക്കുകളും ടാംഗിള്‍സും രൂപപ്പെട്ട് തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞാകും ഇതിന്റെ ലക്ഷണങ്ങള്‍ പുറത്തുവന്ന് തുടങ്ങുക. ചെറിയ ഓര്‍മ്മപ്പിശകുകളില്‍ തുടങ്ങുന്ന ഇവ പ്രാഥമിക കൃത്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ പ്രാപ്തിയില്ലാത്ത അവസ്ഥയിലേക്ക് രോഗിയെ മാറ്റും . രോഗിയെയും കുടുംബത്തിനെയും ഈ സമയത്ത് കാത്തിരിക്കുന്നത് ജീവിതത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധികളാണ്. ഈ അവസ്ഥ ചിത്രീകരിച്ച അനവധി സിനിമകള്‍ വിവിധ ഭാഷകളില്‍ ഇറങ്ങിയിട്ടുണ്ട്. ബ്ലസി സംവിധാനം ചെയ്ത തന്മാത്ര മലയാളികളെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കിയത്.
കഴിഞ്ഞ നൂറുവര്‍ഷത്തില്‍ നടന്നതിനേക്കാളും വേഗത്തില്‍ അല്‍സ്‌ഹൈമേഴ്‌സ് രോഗത്തിനെതിരായ യുദ്ധം മുന്നേറുകയാണ്. ഭൂതകാലത്തില്‍ പ്രതാപികളായിരുന്ന പല രോഗങ്ങളും ശാസ്ത്രത്തിന് മുന്നില്‍ കീഴടങ്ങിയത് പോലെ അല്‍സ്‌ഹൈമര്‍ രോഗവും വരുതിക്ക് വരുന്ന കാലം വിദൂരമല്ല.
ശരിയായ അവബോധം വേണ്ടത് രോഗിക്കല്ല, ബന്ധുക്കള്‍ക്കാണ്
തന്‍മാത്ര കണ്ട എല്ലാവരും മോഹന്‍ലാലിനുണ്ടാകുന്ന ആദ്യലക്ഷണങ്ങളില്‍ ചിലതെങ്കിലും തനിക്കും ഉണ്ടോയെന്ന് ചിന്തിച്ചവരാണ്. പിന്നീടെപ്പൊഴെങ്കിലും ഈ രോഗത്തിന് താനും അടിമയാകുമോയെന്ന് ഭയപ്പെട്ടിട്ടുമുണ്ടാകണം. എന്നാല്‍ എല്ലാ മറവികളും അല്‍സ്‌ഹൈമേഴ്‌സിന്റെ ലക്ഷണങ്ങളല്ല.
പ്രായമായവരിലാണ് അല്‍സ്‌ഹൈമേഴ്‌സ് രോഗം കൂടുതലും കാണുന്നത്. 60 വയസിന് മേലാണ് പലരിലും ഇത് ദൃശ്യമാകുന്നത്. പക്ഷെ എല്ലായ്‌പ്പോഴും അത് അങ്ങനെയാകണമെന്നില്ല. ജനിതകം, ജീവിത ശൈലി, പരിസ്ഥിതിയിലുള്ള ചില മാലിന്യങ്ങള്‍ അങ്ങനെ പല കാരണങ്ങള്‍ ചേരുമ്പോള്‍ വാര്‍ദ്ധക്യത്തിന് മുമ്പതന്നെ പലരെയും അല്‍സ്‌ഹൈമേഴ്‌സ് ബാധിക്കാറുണ്ട്.
അതുകൊണ്ട് എപ്പോഴും ഒരു മുന്‍കരുതല്‍ എടുക്കുന്നത് നല്ലതാണ്. യോഗ, വ്യായാമശീലങ്ങള്‍, പുതിയ കാര്യങ്ങള്‍ പഠിക്കല്‍, സാമൂഹിക ഇടപെടല്‍ അങ്ങനെ ഒരുപാട് നല്ല ശീലങ്ങള്‍ നമുക്ക് ഒപ്പം കൂട്ടാം. പ്രിയപ്പെട്ടവര്‍ അല്‍സ്‌ഹൈമേഴ്‌സിന്റെ പിടിയില്‍ അകപ്പെട്ടേക്കുമോയെന്ന് ഭയപ്പെടുന്നവരുടെ എണ്ണവും കുറവല്ല. സത്യത്തില്‍ രോഗിക്കല്ല, അവരുടെ ബന്ധുക്കള്‍ക്കാണ് ശരിയായ അവബോധം വേണ്ടത്. ഒരു രോഗവും കുറ്റമല്ലെന്ന തിരിച്ചറിവും.
യോഗ, വ്യായാമശീലങ്ങള്‍, പുതിയ കാര്യങ്ങള്‍ പഠിക്കല്‍, സാമൂഹിക ഇടപെടല്‍ അങ്ങനെ ഒരുപാട് നല്ല ശീലങ്ങള്‍ നമുക്ക് ഒപ്പം കൂട്ടാം.
വരുതിയിലാവുമോ മറവിരോഗം?
പ്ലാക്കുകളും ടാംഗിളുകളും രൂപപ്പെടുന്നതും വ്യാപിക്കുന്നതുമാണ് ആള്‍സ്‌ഹൈമേഴ്‌സിന്റെ കാരണം, അതിന് പിന്നില്‍ അമിലോയ്ഡ് ബീറ്റ, ടാവു എന്നറിയപ്പെടുന്ന രണ്ട് പ്രോട്ടീനുകള്‍. പക്ഷെ ഇവയില്‍ ആദ്യം ഏത് ഉണ്ടാകുന്നു. ഇവ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ, ഇതിനെ എങ്ങനെ തടയാം . ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം വേണം. എങ്കില്‍ മാത്രമെ അല്‍സ്‌ഹൈമേഴ്‌സ് എന്ന രോഗത്തിനുള്ള യഥാര്‍ത്ഥ പരിഹാരം കാണാനാകൂ.
പല വന്‍കിട മരുന്നുകമ്പനികളും അല്‍സ്‌ഹൈമേഴ്‌സിനെതിരായ മരുന്നുകളുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങളിലാണ്. ജനിതകശാസ്ത്രമേഖലയിലും പഠനങ്ങള്‍ നടക്കുന്നു. കഴിഞ്ഞ നൂറുവര്‍ഷത്തില്‍ നടന്നതിനേക്കാളും വേഗത്തില്‍ അല്‍സ്‌ഹൈമേഴ്‌സ് രോഗത്തിനെതിരായ യുദ്ധം മുന്നേറുകയാണ്. ഭൂതകാലത്തില്‍ പ്രതാപികളായിരുന്ന പല രോഗങ്ങളും ശാസ്ത്രത്തിന് മുന്നില്‍ കീഴടങ്ങിയത് പോലെ അല്‍സ്‌ഹൈമര്‍ രോഗവും വരുതിക്ക് വരുന്ന കാലം വിദൂരമല്ല.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം