ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കും അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനെതിരെ ആരംഭിച്ച പുതിയ യുദ്ധത്തിനുമെതിരെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഏറ്റവും ശക്തമായ വിമര്‍ശനം ഉയര്‍ത്തുന്ന രാജ്യങ്ങളിലൊന്നാണ് സ്‌പെയിന്‍. 

ബാര്‍സലോണ: അമേരിക്കയും ഇറാനും ആക്രമണം രൂക്ഷമാക്കുകയും ഇറാന്‍ തിരിച്ചടിക്കുകയും ചെയ്യുന്നതിനിടെ, സ്‌പെയിന്‍ ഇസ്രായേലിലെ തങ്ങളുടെ അംബാസഡറെ പിന്‍വലിച്ചു. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കും അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനെതിരെ ആരംഭിച്ച പുതിയ യുദ്ധത്തിനുമെതിരെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഏറ്റവും ശക്തമായ വിമര്‍ശനം ഉയര്‍ത്തുന്ന രാജ്യങ്ങളിലൊന്നാണ് സ്‌പെയിന്‍. ഈ പശ്ചാത്തലത്തിലാണ് ഇത്തരമൊരു സുപ്രധാന നീക്കം ഉണ്ടായത്.

അന മരിയ സലോമന്‍ പെരസ് ആണ് ഇസ്രായേലിലെ സ്പാനിഷ് അംബാസഡര്‍. ടെല്‍ അവീവിലെ സ്പാനിഷ് എംബസി ഇനി മുതല്‍ ഒരു ചാര്‍ജ് ഡി അഫയേഴ്സ് (താല്‍ക്കാലിക നയതന്ത്ര പ്രതിനിധി) ആയിരിക്കും നയിക്കുക എന്ന് സ്പാനിഷ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയും ഇസ്രായേലും ചേര്‍ന്നു നടത്തുന്ന ഇറാന്‍ ആക്രമണത്തിന് എതിരെ തുടക്കം മുതല്‍ വ്യക്തമായ നിലപാട് എടുത്ത രാജ്യമാണ് സ്‌പെയിന്‍. അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനെതിരെ നടത്തുന്ന ആക്രമണത്തെ 'അന്യായം' എന്നാണ് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വിശേഷിപ്പിച്ചത്. യുദ്ധത്തിന് സ്പാനിഷ് മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം അമേരിക്കയോട് വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ട്രംപ് സ്‌പെയിനിനെ ഭീഷണിപ്പെടുത്തുന്ന രീതിയില്‍ പ്രസ്താവനകള്‍ ഇറക്കിയെങ്കിലും അതിനു ചുട്ടമറുപടി നല്‍കുകയായിരുന്നു സ്പാനിഷ് പ്രധാനമന്ത്രി.

ഗസയിലെ ഇസ്രായേല്‍ നടപടികളെ അപലപിക്കുന്ന ചുരുക്കം ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നാണ് സ്‌പെയിന്‍. ഇതിന്റെ ഭാഗമായി ഒക്ടോബറില്‍ സ്പാനിഷ് പാര്‍ലമെന്റ് ഒരു സുപ്രധാന നിയമം പാസാക്കിയിരുന്നു. ഇസ്രായേലിന് ആയുധങ്ങള്‍, ഇരട്ട ഉപയോഗ സാങ്കേതികവിദ്യ എന്നിവ വില്‍ക്കുന്നത് ശാശ്വതമായി നിരോധിച്ചുകൊണ്ടുള്ള പൂര്‍ണ്ണ ആയുധ ഉപരോധമാണ് നിയമപരമായി സ്‌പെയിന്‍ നടപ്പിലാക്കിയത്.