
പ്രതീക്ഷിക്കാത്ത ചില സംഭവങ്ങൾ ശരിക്കും നമ്മെ ആഹ്ലാദത്തിലാക്കാറുണ്ട്. ചിലപ്പോൾ ഏതെങ്കിലും അപരിചിതരായിരിക്കാം ആ സന്തോഷത്തിന് കാരണമായിത്തീരുന്നത്. എന്തായാലും, അതുപോലെ മനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
വിമാനയാത്രയ്ക്കിടെ വിമാനത്തിലെ ജീവനക്കാരിയെ അത്ഭുതപ്പെടുത്തിയ ഒരു ആർട്ടിസ്റ്റിനെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുക. ഡിജിറ്റൽ ആർട്ടിസ്റ്റായ ആയുഷി സിംഗ് ആണ് ഈ വിമാനയാത്രയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഡിസംബറിലാണ് ഈ വിമാനയാത്ര നടന്നത്. വീഡിയോയിൽ, മുംത എന്ന ഫ്ലൈറ്റ് അറ്റൻഡന്റ് യാത്രക്കാർക്ക് സുരക്ഷാ നിർദ്ദേശങ്ങൾ നൽകുന്നത് കാണാം.
എന്തോ പെട്ടെന്ന് അവരെ വരയ്ക്കണം എന്ന് ആയുഷിക്ക് തോന്നുകയായിരുന്നു. പെട്ടെന്ന് അവരിലെന്തോ ഉണ്ട്, അവരെ വരയ്ക്കണം എന്ന് തനിക്ക് തോന്നി എന്നാണ് ആയുഷി പറയുന്നത്. ഡിജിറ്റൽ ടാബ്‍ലെറ്റും തന്റെ വിരലുകളും ഉപയോഗിച്ചുകൊണ്ട് പെട്ടെന്ന് തന്നെ അവൾ മുംതയുടെ ചിത്രം പൂർത്തിയാക്കുന്നതും കാണാം.
പിന്നീട്, അവൾ മുംതയോട് തന്റെ സീറ്റിന്റെ അരികിലേക്ക് വരാൻ പറയുന്നതാണ് കാണുന്നത്. ‘എന്തെങ്കിലും സഹായം വേണോ മാം’ എന്ന് അവൾ ആയുഷിയോട് ചോദിക്കുന്നതും കാണാം. ഹായ് മുംതാ, നിങ്ങൾ ഈ വിമാനത്തിൽ നിർദ്ദേശങ്ങൾ നൽകി ഞങ്ങളെ സഹായിക്കുന്നത് കണ്ടു, അങ്ങനെ ഞാൻ നിങ്ങളുടെ ഒരു ചിത്രം വരച്ചു എന്നാണ് ആയുഷി പറയുന്നത്.
പിന്നാലെ ചിത്രം കാണിച്ചുകൊടുക്കുന്നു. മുംതയ്ക്ക് ആ ചിത്രം വളരെ വളരെ ഇഷ്ടപ്പെട്ടു എന്ന് അവളുടെ പ്രതികരണത്തിൽ നിന്നുതന്നെ മനസിലാക്കാം. അവൾ അതിന്റെ ഒരു ചിത്രം എടുത്തോട്ടെ എന്നും ചോദിക്കുന്നുണ്ട്. ചിത്രവുമായി നിൽക്കുന്ന മുംതയേയും കാണാം.
നിരവധിപ്പേരാണ് ഈ ക്യൂട്ട് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. മുംത തന്നെയും അതിൽ കമന്റ് നൽകിയിട്ടുണ്ട്. തന്റെ ആ ദിവസം തന്നെ അവിസ്മരണീമാക്കിയതിന് നന്ദി എന്നും അവൾ പറയുന്നു.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.