ഈ മുലയൂട്ടല്‍ ചിത്രങ്ങള്‍ പക്ഷേ വിവാദമാവുന്നില്ല!

By web deskFirst Published Jul 19, 2018, 7:41 PM IST
Highlights
  • നവജാതശിശുക്കളെ അമ്മമാര്‍ മുലയൂട്ടുന്നതും, പരിചരിക്കുന്നതും, കൊഞ്ചിക്കുന്നതുമെല്ലാം ഉള്‍പ്പെടുന്ന ഫോട്ടോയാണ് ബോബിയുടെ ഫോട്ടോ സീരീസിലുള്‍പ്പെടുന്നത്

ബോബി ലോക്കിര്‍ എന്ന ഫോട്ടോഗ്രാഫറിനിഷ്ടം കുഞ്ഞുങ്ങളുടെ ഫോട്ടോഗ്രഫിയാണ്. വെറും കുഞ്ഞുങ്ങളുടെ ഫോട്ടോഗ്രഫിയല്ല. അവയെങ്ങനെ സംസ്കാരവുമായി ചേര്‍ത്തുനിര്‍ത്തുമെന്നും അവര്‍ക്കറിയാം. നാല് കുഞ്ഞുങ്ങളുള്ള മുപ്പത്തിയൊന്നുകാരിയാണ് ബോബി.

അടുത്തിടെ അവള്‍ ഒരു ഫോട്ടോഷൂട്ട് പരമ്പര തന്നെ ചെയ്തു. 'അവള്‍ കാരണം നമുക്ക് കഴിയുന്നു' (because of her, we can) എന്നായിരുന്നു പരമ്പരയുടെ പേര്. നവജാതശിശുക്കളെ അമ്മമാര്‍ മുലയൂട്ടുന്നതും, പരിചരിക്കുന്നതും, കൊഞ്ചിക്കുന്നതുമെല്ലാം ഉള്‍പ്പെടുന്ന ഫോട്ടോയാണ് ബോബിയുടെ ഫോട്ടോ സീരീസിലുള്‍പ്പെടുന്നത്. ശരീരത്തില്‍ വെള്ള നിറത്തിലുള്ള ചായം അവിടവിടെയായി പൂശിയ അമ്മമാരും ഗര്‍ഭിണികളെയുമെല്ലാം ഇതില്‍ കാണാം.

ഓസ്ട്രേലിയയിലെ അബോറിജിനില്‍ വംശത്തെയും മാതൃത്വത്തെയും ഇഴചേര്‍ത്താണ് ബോബിയുടെ ഈ ഫോട്ടോ സീരീസ്.  എല്ലാ ജൂലൈയിലും ഓസ്ട്രേലിയയില്‍ പ്രത്യേകം ഗോത്രവിഭാഗക്കാരുടെ ആഘോഷം നടക്കാറുണ്ട്. അവരുടെ ചരിത്രം, സംസ്കാരം, നേട്ടം ഇവയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടാണിത്. 'നെയ്ദോക്ക് വീക്ക്' എന്നറിയപ്പെടുന്ന  ഈ ആഘോഷത്തോടുള്ള ആദരസൂചകമായാണ് ബോബി ചിത്രങ്ങളെടുത്തിരിക്കുന്നത്. 

അബോറിജിനല്‍ വംശത്തെ കുറിച്ചും അവരുടെ സംസ്കാരത്തെ കുറിച്ചുമൊന്നും വേണ്ടത്ര പഠനമോ കാര്യമോ അവിടെയുള്ളവര്‍ നടത്തുന്നില്ല. അതിനാലാണ് താന്‍ അത്തരമൊരു കാര്യം ചെയ്യുന്നതെന്നും ബോബി പറയുന്നു. മറ്റു നാടുകളിലുള്ളവരുടെ സംസ്കാരത്തെ കുറിച്ചും ജീവിതത്തെ കുറിച്ചുമെല്ലാം ഓസ്ട്രേലിയക്കാര്‍ പഠിക്കുന്നുണ്ട്. പിന്നെന്തുകൊണ്ട് ഓസ്ട്രേലിയയിലുള്ളവരെ അവഗണിക്കുന്നുവെന്ന ചോദ്യവുമുണ്ട് ബോബിക്ക്.

ബോബിക്ക് ഫോട്ടോഗ്രാഫിയോട് പണ്ടേ പ്രണയമുണ്ട്. തന്‍റെ ആദ്യത്തെ കുഞ്ഞ് പിറന്നപ്പോള്‍ അവളൊരു ഡി.എസ്.എല്‍ ആര്‍ ക്യാമറ വാങ്ങി. അതിലൂടെയും ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ട മാഗസിന്‍ വായിച്ചുമൊക്കെയായിരുന്നു തന്‍റെ ഫോട്ടോഗ്രഫി പഠനമെന്നും ബോബി പറയുന്നു. 

click me!