ടിവി കണ്ടുകൊണ്ടിരുന്ന യുവതിയുടെ വീട്ടിലേക്ക് ചില്ലുവാതിൽ തകർത്ത് അകത്തുകടന്ന് വാത്ത. അക്രമിയാണെന്ന് കരുതി ആദ്യം ഭയന്നു, ഒടുവില്‍ യുവതിയും സുഹൃത്തും വന്യജീവി ആശുപത്രിയെ വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തി വാത്തയെ രക്ഷപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
ടെലിവിഷൻ കണ്ടുകൊണ്ടിരുന്ന യുവതിക്ക് മുന്നിലേക്ക് ചില്ലുഗ്ലാസ് തകർത്ത് വാത്ത. അംഗ്ലണ്ടിൽ നിന്നുള്ള യുവതിക്കാണ് ഭയപ്പെടുത്തുന്ന ഈ അനുഭവം ഉണ്ടായത്. ആരോ വാതിലിൽ ചവിട്ടാൻ ശ്രമിക്കുന്നത് പോലെയുള്ള ഒരു വലിയ ശബ്ദമാണ് ആദ്യം താൻ കേട്ടത് എന്നാണ് ലിൻ സെവെൽ പറയുന്നത്. ബുധനാഴ്ച ലെസ്റ്റർഷെയറിലെ കൗണ്ട്‌സ്തോർപ്പിലുള്ള ലിന്നിന്റെ വീട്ടിലാണ് വാത്ത കയറിയത്. 'വലിയ ശബ്ദമാണ് ആദ്യം കേട്ടത്, ആരോ വാതിൽ ചവിട്ടി തുറക്കാൻ ശ്രമിക്കുന്നത് പോലെയാണ് തനിക്ക് തോന്നിയത്. പരിശോധിക്കാൻ പോയപ്പോഴാണ് ചില്ലുഗ്ലാസിൽ കുടുങ്ങി നിൽക്കുന്ന നിലയിൽ വാത്തയെ കണ്ടത്' എന്നും ലിൻ പറയുന്നു.
ബ്രെന്റ്ഫോർഡിനെതിരായ മാഞ്ചസ്റ്റർ സിറ്റിയുടെ മത്സരം ടിവിയിൽ കാണുകയായിരുന്നു ലിൻ. ഒപ്പം ഒരു സുഹൃത്തും ഉണ്ടായിരുന്നു. അപ്പോഴാണ് അസാധാരണമായ ശബ്ദം കേട്ടത്. ഏതോ അക്രമി ആയിരിക്കും എന്നാണ് ലിൻ കരുതിയത്. അതോടെ അവർ ഭയന്നു പോവുകയും ചെയ്തു. ലിന്നിന് പേടിയായത് കാരണം ലിന്നിന്റെ സുഹൃത്താണ് ആദ്യം പുറത്ത് പോയി നോക്കിയത്. അയാൾ തിരികെ വന്ന് ലിന്നിനോട് പുറത്ത് ഒരു പക്ഷി ഇരിക്കുന്നു, അതിന്റെ തല ഗ്ലാസിൽ കുടുങ്ങിയിരിക്കുകയാണ് എന്ന് പറയുകയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ പക്ഷി ഗ്ലാസ് തകർത്ത് പോർച്ചിലേക്ക് വീണു. അത് ജീവനോടെയുണ്ടോ മരിച്ചോ എന്ന് തങ്ങൾക്കറിയില്ലായിരുന്നു എന്ന് ലിൻ പറയുന്നു.
ഒടുവിൽ, അവർ കുറച്ച് നേരം നോക്കാൻ തീരുമാനിച്ചു. ഒരു പുതപ്പും അല്പം വെള്ളവും ഭക്ഷണവും അതിന്റെ അടുത്ത് വച്ചു. രാത്രി മുഴുവനും അവനെന്ത് സംഭവിച്ചിട്ടുണ്ടാകുമെന്ന് താൻ ചിന്തിക്കുകയായിരുന്നു എന്ന് ലിൻ പറയുന്നു. ഒടുവിൽ, ലെസ്റ്റർഷയർ വന്യജീവി ആശുപത്രിയിലേക്ക് വിളിക്കുകയും അവർ സ്ഥലത്തെത്തുകയും ആയിരുന്നു. ടീം ലീഡറായ ആമി ബ്ലോവർ പറയുന്നത്, ഇത്രയും വീടുള്ള ഒരിടത്ത് വാത്ത പറന്നിറങ്ങാനുള്ള സാധ്യത തന്നെ ചുരുക്കമാണ്, അത് ക്ഷീണിച്ചിരിക്കാം, അതിനാൽ സംഭവിച്ചതായിരിക്കാം എന്നാണ്. എന്തായാലും മരുന്ന് കൊടുത്ത്, ആരോഗ്യം മെച്ചപ്പെട്ട ശേഷം വാത്തയെ കാട്ടിൽ വിടും.


