
" May you live in interesting times " - An old Chinese curse
നമ്മൾ തിരക്കിലായിരിക്കുക എന്നതാണ് ഏറ്റവും പുതിയ സ്റ്റാറ്റസ് സിംബൽ. 'നമ്മൾ തിരക്കിലാണ്' എന്നത് നമ്മൾ ജീവിതത്തിൽ വിജയിച്ച വ്യക്തിയാണ് എന്നതിന്‍റെ സൂചകമാണ്. ഒരുപണിയുമില്ലാതെ ചൊറിഞ്ഞുകുത്തിയിരിക്കുന്ന ഒരു നിർഗ്ഗുണ പരബ്രഹ്മമല്ല നിങ്ങളെന്നു സാരം. ആരെങ്കിലും വിളിക്കുമ്പോൾ ഒന്നുമില്ലെങ്കിലും നമ്മൾ പറയും, " എടാ.. ഇച്ചിരി തിരക്കിലാണേ... ഞാൻ തിരിച്ചുവിളിക്കാം." എന്ന്. അതുപറഞ്ഞ് ഫോൺ കട്ടുചെയ്ത് ഒന്ന് ഷർട്ടിന്‍റെ കോളർ പൊന്തിച്ചാൽ ആത്മവിശ്വാസം ഒരു കട്ട കൂടും. നമ്മളെ അത്യാവശ്യത്തിന് വിളിച്ചവരെപ്പോലും തിരിച്ചുവിളിക്കാതിരിക്കുന്നതും ഉച്ചഭക്ഷണം സ്‌കിപ്പുചെയ്യുന്നതുമെല്ലാം ഈ 'elite' സംസ്കാരത്തിന്‍റെ ലക്ഷണമാണ്.
വർഷങ്ങളായി നമ്മുടെ സ്റ്റാറ്റസ് സിംബലുകളിൽ തുടർച്ചയായ മാറ്റങ്ങൾ വന്നിട്ടുണ്ട്. ആഢ്യത്വലക്ഷണങ്ങൾ പലതുണ്ട്. മാളിക വീട്, വേളിയ്ക്കു പുറമേ ആവുന്നത്ര സംബന്ധം, സ്വർണ്ണം, വജ്രം, തുക്ടി സായ്വിന്റെ കൂടെയുള്ള അത്താഴവിരുന്നുകൾ, വിക്ടോറിയൻ ഇംഗ്ലീഷ്, ഗോൾഫ് കളി, കുതിരപ്പന്തയം, ബെൻസ് കാർ, ഫസ്റ്റ് ക്‌ളാസിൽ മാത്രമുളള യാത്ര, ആഢ്യന്മാരുടെ ക്ലബ്ബിലെ വിശിഷ്ടാംഗത്വം, സിംഗിൾ മാൾട്ട് മാത്രം സേവ, റോളക്സ് വാച്ച് അങ്ങനങ്ങനെ... ഇതിൽ vernacular കലർപ്പില്ലാത്ത ഇംഗ്ലീഷ് പറയാനുള്ള സിദ്ധി മാത്രമാണ് കാലത്തിന്‍റെ പ്രവാഹത്തെ അതിജീവിച്ച ഒരു സ്റ്റാറ്റസ് സിംബൽ. മറ്റുള്ളതെല്ലാം ഓരോരോ കാലത്ത് പ്രസക്തി ഏറിയും കുറഞ്ഞുമിരുന്ന സാധനങ്ങളാണ്.
തൊണ്ണൂറുകളുടെ തുടക്കത്തിൽ പിങ്ക് ഫ്ലോയിഡിന്‍റെയും മറ്റും ഹാർഡ് റോക്ക് ഏറ്റുപാടാനറിയുന്നവനായിരുന്നു പച്ചപ്പരിഷ്കാരി. പിന്നെപ്പിന്നെ, മെൻ ഇൻ ബ്ലാക്കിലെ ഡയലോഗ് ഓർത്തുപറയുന്നവനോ അല്ലെങ്കിൽ The Matrix സിനിമ കണ്ട് കിളിപോവാതിരുന്നവനോ ഒക്കെ ആയിമാറി.
കാശില്ലാത്തവൻ അതൊക്കെക്കണ്ട് വെള്ളമിറക്കിനിന്നു
തൊണ്ണൂറുകളുടെ മദ്ധ്യം... നോക്കിയാ 3310 കൊണ്ടുനടക്കുന്ന ഗുഹാമനുഷ്യർക്കിടയിൽ ബ്ലാക്ക് ബെറി എന്ന qwerty മനുഷ്യൻ അവതരിച്ച കാലം. നോക്കിയക്കാരൻ കുത്തിക്കുത്തി കാശുമുടക്കി SMS അയക്കാൻ പണിപ്പെട്ടപ്പോൾ, ബ്ലാക്ക് ബെറിപ്പരിഷ്ക്കാരി തികച്ചും സൗജന്യമായി 'അന്തസ്സാ'യി ചാറ്റുചെയ്തു. കാശിനു പഞ്ഞമില്ലാത്ത പരിഷ്‌കാരം കൂടുതലാഗ്രഹിച്ചവർ അന്ന് വെളുത്ത് മെലിഞ്ഞ് സുന്ദരനായിരുന്ന ആപ്പിൾ മാക്ബുക് സ്വന്തമാക്കി. കാശില്ലാത്തവൻ അതൊക്കെക്കണ്ട് വെള്ളമിറക്കിനിന്നു.
അങ്ങനെയിരിക്കെ കാശുകാരന്‍റെ അപ്രമാദിത്വം അവസാനിപ്പിച്ചുകൊണ്ട് EMI വന്നു. ലേശം കാശുകുറഞ്ഞവനും മേൽപ്പറഞ്ഞ സ്റ്റാറ്റസ് സിംബലുകളെല്ലാം സ്വന്തമായി. ഇന്ന് കാശുകൊടുത്തു വാങ്ങാൻ കഴിയുന്നതെന്തും ആർക്കുമുണ്ട്. അങ്ങനെ 'കുടുംബത്തിൽ പിറന്ന', 'അന്തസ്സുള്ളവർക്ക്' മാത്രമല്ല. വീട്ടു ജോലിക്കാർക്കുവരെ സ്മാർട്ട് ഫോണുകളും ബൈക്കുകളും മറ്റും വാങ്ങാനുള്ള കഴിവുണ്ടായതോടെ, കമ്പോളത്തിൽ ലഭ്യമായ ഉപഭോഗവസ്തുക്കൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള ആഢ്യത്വഘോഷണത്തിന് ഒരറുതി വന്നു.
അങ്ങനെയാണ് കുലീനത മാസ്റ്റർകാർഡിന്‍റെ വഴിയേ നീങ്ങാൻ തീരുമാനിക്കുന്നത്. ഇപ്പോൾ, " We no longer want things money can buy. We only want the “everything else” that is priceless..."
പണം ഒരു മാനദണ്ഡം അല്ലാതായതോടെ അതിന്‍റെ സ്ഥാനം 'നിഗൂഢത' ഏറ്റെടുത്തു. ഇന്ന് യൂറോ റെയിലിൽ പോയി എന്ന് മേനിപറയാൻ നമുക്ക് താത്പര്യമില്ല. അതൊക്കെ ചില്ലറക്കാശിന് ആർക്കും ചെയ്യാവുന്നതായി. നമ്മളിന്ന് കിഴക്കൻ യൂറോപ്പിലെ ആരും കേട്ടിട്ടില്ലാത്തൊരു നിഗൂഢമായൊരു കൊച്ചു രാജ്യത്തെ വിജനമായൊരു സ്ട്രീറ്റ് കോഫീ ഷോപ്പിൽ ഒഴിവുകാല സായാഹ്നം ചെലവിടുന്നു. ലഡാക്കിലെ മൊണാസ്ട്രികളിൽ പോവുന്നില്ല ഇന്നാരും. സ്പിറ്റിയിലെ ഒരു ഓർഗാനിക് ഫാമിൽ സന്നദ്ധസേവനത്തിനു പോവുന്നതാണ് ഏറ്റവും പുതിയ രീതി. ലണ്ടൻ ഇപ്പോൾ എല്ലാവരും പോവുന്ന സ്ഥലമാണ്. തബ്രീസിൽ നിന്നുള്ള സെൽഫിക്കേ ഇന്ന് ഡിമാന്‍റുള്ളൂ..
ഒടുവിൽ 'നിഗൂഢത'യും അരങ്ങൊഴിഞ്ഞു. ഇന്നത്തെ ട്രെൻഡ് 'ഞെരുക്ക'മാണ്. നമ്മൾ ഏറ്റവും പുതിയ സ്റ്റാറ്റസ് സിംബലിൽ എത്തിച്ചേർന്നിരിക്കുന്നു. തബ്രീസിനെയും വെട്ടിക്കുന്ന ഒന്ന്. അതാണ് " സമയം...അഥവാ നേരം.."
'നേരമില്ലായ്കയാണ് താരം' - കയ്യില്പിടിച്ച ഡിസ്പോസിബിൾ കാപ്പിക്കപ്പുകളുമായി നമ്മൾ ഫ്‌ളൈറ്റുകളിലേക്ക് കേറുന്നു. നമ്മളെ ആളുകൾ ഫോൺ ചെയ്യുമ്പോൾ പലപ്പോഴും നമ്മൾ വളരെ പ്രധാനപ്പെട്ട കോളുകളിൽ ആവുന്നു. തിരിച്ചുവിളിക്കാനുള്ള സാവകാശം തെല്ലുമില്ല നമുക്ക്. നമുക്ക് ലഞ്ച് കഴിക്കാൻ നേരമില്ല. 'നേരമില്ലായ്ക' എന്ന ഈ വിലയേറിയ കറൻസി, നമ്മൾ തരം കിട്ടുന്നിടത്തെല്ലാം എടുത്തുവീശി നമ്മുടെ ആഢ്യത്വം പ്രദർശിപ്പിക്കുന്നു.
അല്പം കൂടെ ഗ്രാവിറ്റിയുള്ള ഒരസുഖം വേണം നമുക്ക് പറഞ്ഞു നിൽക്കാൻ
ഇതും കടന്നിനി നമ്മൾ എങ്ങോട്ടാണാവോ? നമ്മുടെയൊക്കെ കാരണവന്മാരുടെ കണ്ണിൽ നമ്മൾ ഇപ്പോൾത്തന്നെ നെല്ലിപ്പടി ചവിട്ടി നിൽക്കുകയാണ്. ഇല്ല, ഇനിയും കുഴിയും നാലഞ്ചടികൂടി എന്ന ഭാവത്തിലാണ് നമ്മുടെ നിൽപ്പ്. ഭാവി സിംബലുകൾ നമ്മുടെ വാതിൽപ്പഴുതിലൂടെ മെല്ലെമെല്ലെ എത്തിനോക്കുന്നുണ്ട് ഇപ്പോഴേ... പണ്ട്, ആഢ്യന്മാരുടെ അസുഖങ്ങൾ ഷുഗറും പ്രഷറും കൊളസ്ട്രോളുമായിരുനെങ്കിൽ ഇന്നത് ഡിപ്രഷൻ, ഉത്കണ്ഠ, OCD, ADHD ഇതൊക്കെ ആയിട്ടുണ്ട്. മേല്പറഞ്ഞതിൽ ഏതെങ്കിലുമൊന്നുണ്ട് എന്നുപറയുന്നത് ഒരു മേനിയാണ്. പനിയുടെയും, മേക്കാച്ചിലിന്‍റെയും ഒക്കെ പേരിൽ ഓഫീസിൽ ലീവുപറയുന്നതിൽ അത്രയ്ക്ക് അന്തസ്സുപോര. അല്പം കൂടെ ഗ്രാവിറ്റിയുള്ള ഒരസുഖം വേണം നമുക്ക് പറഞ്ഞു നിൽക്കാൻ.
നമുക്ക് വേണ്ടത് ചുരുങ്ങിയത് 'Depression' എങ്കിലുമാണ്. പിന്നെ അതിനെ അതിജീവിക്കാനുള്ള 'Validation' ആണ്. ആ വാലിഡേഷന് ഇന്ന് കണ്ടുതുടങ്ങിയിരിക്കുന്ന ഒരു ഉപാധി 'Charity ' ആണ്. ഈ ലോകത്തു ജീവിക്കാൻ ഒന്നല്ലെങ്കിൽ മറ്റൊരു 'പ്രചോദന'ത്തിനായി സദാ അക്ഷമരായി തിരഞ്ഞുനടക്കുന്നവരാണ് നമ്മൾ. ആരെയെങ്കിലുമൊക്കെ സഹായിക്കുന്നതിൽ, രക്ഷിക്കുന്നതിൽ, ആർക്കെങ്കിലുമൊക്കെ എന്തെങ്കിലുമൊക്കെ കൊടുക്കുന്നതിൽ തൃപ്തി കണ്ടെത്താൻ നമുക്ക് കഴിയുമായിരിക്കും.. അതായ്ക്കോട്ടെ അടുത്ത സ്റ്റാറ്റസ് സിംബൽ, ചുരുങ്ങിയത് നമുക്ക് ചുറ്റുമുള്ള ചിലർക്കെങ്കിലും ആ സ്റ്റാറ്റസ് സിംബൽ കൊണ്ട് ഗുണം കിട്ടുമായിരിക്കും. കിട്ടട്ടെ!
(Reference: 'Too Busy to Breathe? Congratulations, You Are the New Elite' article by RAMJAANE in 'Arre'
Translation: Babu Ramachandran )