തീപ്പിടിത്തത്തില്‍ വർഷങ്ങളെടുത്ത് പണിത വീട് നശിച്ചു, ബാക്കിവന്നത് കുറച്ച് തക്കാളികൾ മാത്രം...

By Web TeamFirst Published Aug 26, 2020, 10:37 AM IST
Highlights

വർഷങ്ങളെടുത്തുണ്ടാക്കിയെടുത്ത അവരുടെ സ്വപ്‍നവീട് തകർന്ന് മണ്ണടിഞ്ഞത് അവർ വേദനയോടെ നോക്കിനിന്നു.

സാൻ ഫ്രാൻസിസ്കോയ്ക്കും സാക്രമെന്‍റോയ്ക്കും ഇടയിലുള്ള വടക്കൻ കാലിഫോർണിയയിലാണ് ഹാങ്ക് ഹാൻസൺ എന്ന 81 -കാരൻ  താമസിക്കുന്നത്. ഒരുദിവസം പതിവുപോലെ ഉറങ്ങാൻ കിടന്നപ്പോൾ സ്ഥിരം കാണാറുള്ള ഒരു സ്വപ്‍നം അദ്ദേഹം അന്നും കാണുകയുണ്ടായി. തനിക്കു ചുറ്റും തീമഴ പോലെ അഗ്നി പടർന്നുകയറുന്നതും അതിൽ എല്ലാം നശിക്കുന്നതും അദ്ദേഹം കണ്ടു. കാതുകളിൽ അപായസൂചന പോലെ ഫയർ ഫോഴ്‌സിന്റെ സൈറണുകൾ മുഴങ്ങിക്കൊണ്ടിരുന്നു. അദ്ദേഹം താമസിക്കുന്ന സ്ഥലത്ത് കഴിഞ്ഞ 30 വർഷമായി ഇടക്കിടെ കാട്ടുതീ ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ രാത്രി കണ്ണടക്കുമ്പോൾ തീ പടരുന്നതും, സൈറൺ മുഴങ്ങുന്നതും അദ്ദേഹം സ്ഥിരം സ്വപ്‍നം കാണുമായിരുന്നു. അന്നും അതുപോലൊരു സ്വപ്‍നമായിരിക്കും അതെന്ന് അദ്ദേഹം ഓർത്തു. എന്നാൽ അന്ന് സൈറൺ കൂടുതൽ ഉച്ചത്തിൽ തന്റെ കാതുകളിൽ വന്നു പതിക്കുന്നതുപോലെ അദ്ദേഹത്തിന് തോന്നി. ശരീരം മുഴുവൻ അസഹ്യമായ ചൂട് അനുഭവപ്പെടാൻ തുടങ്ങി. പെട്ടെന്ന് അദ്ദേഹം ഞെട്ടി ഉണർന്നു. 

കണ്ണ് തുറന്നപ്പോൾ ചുറ്റും ഇരുട്ടാണ്. കൈയിലുള്ള ടോർച്ച് തെളിച്ചു നോക്കിയപ്പോൾ സമയം രാത്രി ഒരു മണി. മെല്ലെ എഴുന്നേറ്റു പുറത്തേയ്ക്ക് നോക്കിയപ്പോൾ കണ്ട കാഴ്‍ച ഞെട്ടിക്കുന്നതായിരുന്നു. തന്റെ വീടിന് മുകളിലുള്ള കുന്നുകൾ കത്തിജ്ജ്വലിക്കുകയായിരുന്നു. ഒരുനിമിഷം അത് വെറുമൊരു സ്വപ്‍നമായിരുന്നെങ്കിൽ എന്ന് അദ്ദേഹം ആഗ്രഹിച്ചു. ഹാൻസണും ഭാര്യയും ആ കാഴ്‍ച ഭീതിയോടെ നോക്കി നിന്നു. “അത് ഒരു വെള്ളച്ചാട്ടം പോലെ ഞങ്ങളുടെ അടുത്തേക്ക് ഒഴുകാൻ തുടങ്ങി” ഹാൻസൺ പറഞ്ഞു.   

ഈ ആഴ്‍ച കാലിഫോർണിയയിലുടനീളം കത്തിപ്പടർന്ന 500 -ലധികം കാട്ടുതീകളിലൊന്നായിരുന്നു ആ തീപ്പിടിത്തം. 13,700 -ലധികം അഗ്നിശമന സേനാംഗങ്ങൾ തീപ്പിടിത്തവുമായി പൊരുതുകയാണ്. ഇതിൽ ഏറ്റവും കഠിനമായത് വടക്കൻ കാലിഫോർണിയയിലേതാണ്. അവിടെ നടന്ന തീപ്പിടിത്തം സമീപകാലത്തൊന്നും കാണാത്ത വിധം തീവ്രമായിരുന്നു എന്ന് സംസ്ഥാന വനം, അഗ്നിരക്ഷാ വകുപ്പിന്റെ സോനോമ-തടാക-നാപ്പ യൂണിറ്റ് മേധാവി ഷാന ജോൺസ് പറഞ്ഞു. ഹാൻസണിനും അയൽക്കാർക്കും മുൻകൂട്ടി അപായസൂചന നൽകാനോ, അവിടന്ന് അവരെ മാറ്റിപ്പാർപ്പിക്കാനോ ഉള്ള സാവകാശം സേനാംഗങ്ങൾക്ക് ലഭിച്ചില്ല. എന്നാൽ, തക്കസമയത്ത് ഹാൻസൺ ഉണർന്നതുകൊണ്ട് അദ്ദേഹവും ഭാര്യയും ഇതറിഞ്ഞു. 

അദ്ദേഹം വേഗം വണ്ടിയെടുത്ത് പുറത്തേക്കിറങ്ങി. റോഡുകളിൽ ഹോണുകൾ മുഴങ്ങി കൊണ്ടിരുന്നു. രക്ഷപ്പെടുന്നതിനിടയിൽ ആളുകൾ അയൽക്കാരെ വിളിച്ചുണർത്താൻ ശ്രമിക്കുകയായിരുന്നു. ഹാൻസണും ഭാര്യയും അടുത്തുള്ള ഫെയർ‌ഫീൽഡിലെ ഒരു ഹോട്ടൽ മുറിയിൽ എത്തിച്ചേർന്നു. ജീവൻ തിരിച്ചു കിട്ടിയതിൽ രണ്ടുപേരും സന്തോഷിച്ചു. എന്നാൽ, തീ അടങ്ങിയ ശേഷം അവർ തിരിച്ചു ചെന്നപ്പോൾ സ്വന്തം വീടിരുന്ന സ്ഥാനത്ത് ഒരുപിടി ചാരം മാത്രമായിരുന്നു ബാക്കി. 

വർഷങ്ങളെടുത്തുണ്ടാക്കിയെടുത്ത അവരുടെ സ്വപ്‍നവീട് തകർന്ന് മണ്ണടിഞ്ഞത് അവർ വേദനയോടെ നോക്കിനിന്നു. ആ വീട് ശരിക്കും രണ്ട് വീടുകളായിരുന്നു. ആദ്യത്തേത് 1930 -കളിൽ വാകവില്ലിൽ നിർമ്മിച്ച ഒരു ചെറിയ റെഡ്‍വുഡ് വീടായിരുന്നു. പിന്നീട് അത് ഇവിടേയ്ക്ക് മാറ്റിസ്ഥാപിക്കുകയായിരുന്നു. ബിസിനസ്സുകാരനായ ഹാൻസൺ 1974 -ലാണ് ഈ ഭൂമി വാങ്ങിയത്. അടുത്ത 17 വർഷത്തേക്ക് അദ്ദേഹം വാരാന്ത്യങ്ങളിൽ അവിടെ താമസിച്ചു. വാൽനട്ട്, പീച്ച്, അത്തി, യൂക്കാലിപ്റ്റസ് തുടങ്ങിയ നിരവധി മരങ്ങൾ അവിടെ അദ്ദേഹം നട്ടുവളർത്തി. തുടർന്ന് 1991 -ൽ ആ വീടിനോട് ചേർന്ന് 3,000 ചതുരശ്രയടി കൂടി പണിതുചേർത്തു അദ്ദേഹം. അതിൽ ഒരു വൈൻ നിലവറയും, ഇൻഡോർ, ഔട്ട്ഡോർ പൂളുകളും മൂന്ന് ഫയർപ്ലേസുകളും ഉണ്ടാക്കി. എന്നാൽ, എല്ലാം കത്തിനശിച്ചു. 

ഈയാഴ്‍ചയുണ്ടായ തീപ്പിടിത്തത്തിൽ ഹാൻസണിന്‍റേതുൾപ്പെടെ സംസ്ഥാനത്തൊട്ടാകെയുള്ള എഴുന്നൂറോളം വീടുകളും, കെട്ടിടങ്ങളും നശിച്ചു.  സംസ്ഥാനത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ കാട്ടുതീയാണിത്. ഏകദേശം 490 ചതുരശ്ര മൈലിൽ കൂടുതൽ ഭൂമി കത്തിയമർന്നു. ഹാൻസൺ തന്‍റെ രക്ഷപ്പെടലിന്‍റെ കഥകൾ ആവേശത്തോടെ വിവരിക്കുമ്പോഴും, വീടിനെക്കുറിച്ച് സംസാരിക്കുമ്പോൾ അറിയാതെ അദ്ദേഹത്തിന്റെ തൊണ്ട ഇടറി. “ഞാൻ 30 വർഷക്കാലം വീട് മനോഹരമാക്കാൻ പ്രയത്നിച്ചു. എന്നാൽ, ഒടുവിൽ ആ അധ്വാനം വെറുതെയായി” അദ്ദേഹം പറഞ്ഞു.  ഇനി ഈ സ്ഥലം അടുത്ത കുറച്ച് വർഷത്തേക്ക് തനിക്കും സുഹൃത്തുക്കൾക്കും വേണ്ടിയുള്ള ഒരു പാർക്കായും ക്യാമ്പ് ഗ്രൗണ്ടായും മാറ്റാൻ ഹാൻസൺ ഉദ്ദേശിക്കുന്നു.  

എന്നാൽ, ഇതിൽ അതിശയകരമായ കാര്യം, എല്ലാം കത്തിയെരിഞ്ഞിട്ടും അദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്ന ഒരുപിടി തക്കാളികൾ മാത്രം കത്തി നശിച്ചില്ല.  "ഇന്ന് എന്റെ പക്കൽ ബാക്കിയുള്ളത് ഈ തക്കാളികൾ മാത്രമാണ്" ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അത് നടാൻ ഉദ്ദേശിക്കുന്നുവെന്ന് അദ്ദേഹം പറയുമ്പോൾ ഒരിക്കലും എരിഞ്ഞു തീരാത്ത പ്രതീക്ഷയുടെ നാളം ആ കണ്ണുകളിൽ വ്യക്തമായിരുന്നു. എല്ലാം കത്തിയെരിഞ്ഞ ചാരത്തിൽ നിന്നും വീണ്ടും ജീവന്റെ തുടിപ്പ് ആ മണ്ണിൽ വേരോടുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.  

 

click me!