
ആംസ്റ്റര്‍ഡം: പലതരത്തിലുള്ള മ്യൂസിയങ്ങളുമുണ്ട്. എന്നാല്‍, ഈ മ്യൂസിയം ഒരല്‍പം വ്യത്യസ്തമാണ്. പൂച്ചകളെ സ്നേഹിക്കുന്നവര്‍ക്കായിരിക്കും ഈ മ്യൂസിയം ഇഷ്ടപ്പെടുക. അങ്ങ്, ആംസ്റ്റര്‍ഡാമിലാണ് ഈ മ്യൂസിയം. ഇതൊരു പൂച്ച മ്യൂസിയമാണ്. ബോബ് മെയ്ജര്‍ ആണ് സ്ഥാപകന്‍. തന്‍റെ കുട്ടിക്കാലത്ത് കൂടെയുണ്ടായിരുന്ന ജോണ്‍ പെര്‍പണ്ട് മോര്‍ഗന്‍ എന്ന പൂച്ചയുടെ ഓര്‍മ്മക്കായാണ് മ്യൂസിയം പണികഴിച്ചത്.
ഓരോ അഞ്ച് വര്‍ഷം കഴിയുമ്പോഴും മോര്‍ഗന്‍റെ ചിത്രങ്ങളെടുക്കുമായിരുന്നു ബോബ് മെയ്ജര്‍. അതെല്ലാം മ്യൂസിയത്തിലുണ്ട്. കൂടാതെ, ഈ മ്യൂസിയത്തില്‍ പൂച്ചകളുടെ ചിത്രങ്ങള്‍, ശില്‍പങ്ങള്‍, പുസ്തകങ്ങള്‍, സിനിമകള്‍ ഒക്കെയാണുള്ളത്. അതും പതിനേഴാം നൂറ്റാണ്ടിലെ പെയിന്‍റിങ്ങ് മുതലിങ്ങോട്ടുള്ളതുണ്ട്. ടെനിയെര്‍ എന്ന കലാകാരനാണ് അത് വരച്ചിരിക്കുന്നത്. ഫ്രാന്‍സില്‍ നിന്നുള്ള ഒരു പൂച്ച മമ്മിയുമുണ്ട് ഇവിടെ. 1668ല്‍ പണി കഴിപ്പിച്ച കെട്ടിടത്തിലാണ് ഈ പൂച്ച മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. 19 ആം നൂറ്റാണ്ടിലെ ഫ്രഞ്ച് ആര്‍ട്ടിസ്റ്റുമാരാണ് മിക്ക കലകള്‍ക്കും പിന്നില്‍.
'പൂച്ചകള്‍ ഒരിക്കലും യജമാനന്മാരെ അനുസരിക്കില്ല. അതുപോലെ തന്നെയാണ് ആര്‍ട്ടിസ്റ്റുകളും ആരേയും അനുസരിക്കില്ല. അതുകൊണ്ട് അവര്‍ക്ക് നായയേക്കാള്‍ പൂച്ചകളെയാണ് ഇഷ്ടം.' ബോബ് മെയ്ജര്‍ പറയുന്നു. 1990 മുതല്‍ നൂറുകണക്കിനാളുകള്‍ ഈ പൂച്ച മ്യൂസിയം സന്ദര്‍ശിക്കാനെത്താറുണ്ട്. അവര്‍ സ്വന്തം പൂച്ചയെ കുറിച്ചുള്ള കുഞ്ഞുകുഞ്ഞു സന്ദേശങ്ങളും കുറിച്ചിടാറുണ്ട്.