
ലാഹോര്‍: ഇത് ഉസ്മ നവാസ് എന്ന ഇരുപത്തിനാലുകാരി. പാക്കിസ്താനിലെ ആദ്യത്തെ വനിതാ മെക്കാനിക്ക്. പാകിസ്താനിലെ ദുന്‍യാപുരിലാണ് ഉസ്മയും കുടുംബവും താമസിക്കുന്നത്. സ്കോളര്‍ഷിപ്പുകളാണ് ഉസ്മയെ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടാന്‍ സഹായിച്ചത്. ഒരുപാട് കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയുമാണ് പഠിച്ചത്. പട്ടിണി പോലും കിടന്നിട്ടുണ്ടെന്നും ഉസ്മ പറയുന്നു.
അതേ സാമ്പത്തിക പരാധീനതകള്‍ തന്നെയാണ് തന്നെ ഈ ജോലി ചെയ്യാനും പ്രേരിപ്പിച്ചത് എന്നും ഉസ്മ പറയുന്നു. ബിരുദം പൂര്‍ത്തിയായപ്പോള്‍ മുള്‍ട്ടാനിലെ ഒരു ഓട്ടോഗാരേജില്‍ ജോലിക്കു കയറി. പിന്നീട്, ടൊയോട്ട ഡീലര്‍ഷിപ്പിലേക്ക് മാറി. അത് ജീവിതത്തെ വേറൊരു തരത്തില്‍ മാറ്റി എന്നും ഉസ്മ പറയുന്നുണ്ട്.
ഉസ്മയുടെ നിശ്ചയദാര്‍ഢ്യവും ആഗ്രഹവുമാണ് പാക്കിസ്ഥാനില്‍ സ്ത്രീകള്‍ ചെയ്യാത്ത ഒരു ജോലിക്ക് അവള്‍ പോകുന്നതിനൊപ്പം നില്‍ക്കാന്‍ കാരണമെന്ന് ഉസ്മയുടെ പിതാവ് മുഹമ്മദ് നവാസ് പറയുന്നു.
പുരുഷന്മാര്‍ ചെയ്യുന്ന ജോലിയെല്ലാം ഉസ്മയും ചെയ്യുന്നു. വലിയ ടയറുകള്‍ എടുത്ത് ഫിറ്റ് ചെയ്യും. ബാക്കിയെല്ലാ മെക്കാനിക് ജോലികളും ചെയ്യും. താന്‍ ചെയ്യുന്ന ജോലിയോട് അങ്ങേയറ്റം ആത്മാര്‍ത്ഥതയും അര്‍പ്പണമനോഭാവവുമുണ്ട് ഉസ്മക്ക്. ഉസ്മയുടെ സഹപ്രവര്‍ത്തകനായ എം.അത്താവുല്ല പറയുന്നു.
താന്‍ ചെയ്യുന്ന ജോലി മറ്റ് സ്ത്രീകള്‍ക്ക് കൂടി പ്രചോദനമാവണമെന്നാണ് ഉസ്മയുടെ ആഗ്രഹം.