ഇങ്ങനെയല്ലേ പശുക്കളെ സംരക്ഷിക്കേണ്ടത്?

By Web TeamFirst Published Oct 3, 2018, 1:19 PM IST
Highlights

പരിക്കേറ്റ പശുക്കുട്ടികളെയാണ് ഇങ്ങനെ മോട്ടോര്‍ സൈക്കിളില്‍ രക്ഷിച്ചുകൊണ്ടുപോകുന്നത്. ''തെരുവ് പട്ടികളെ സംരക്ഷിക്കുന്ന സംഘടനകള്‍ ഒരുപാടുണ്ട്. പക്ഷെ, അതുപോലെ ഈ കന്നുകാലികളെ സംരക്ഷിക്കുന്ന ഓര്‍ഗനൈസേഷന്‍ ഇല്ല. അതുകൊണ്ടാണ് ഞാനിതിന് ഇറങ്ങി പുറപ്പെട്ടത്.

കാഠ്മണ്ഡു: വഴിയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കള്‍ പല തെരുവുകളിലേയും കാഴ്ചയാണ്. മനുഷ്യര്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകളും, മാലിന്യങ്ങളും കഴിച്ച് ഇവയില്‍ ഭൂരിഭാഗത്തിനും അസുഖവും ബാധിക്കാറുണ്ട്. 

ഇവിടെ, കാഠ്മണ്ഡുവിലെ ഒരു കൂട്ടം പേര്‍ ചേര്‍ന്ന്, ഇങ്ങനെ തെരുവില്‍ അലയുന്ന പശുക്കളെ രക്ഷിച്ചുകൊണ്ടുപോയി ശുശ്രൂഷിക്കുകയും സംരക്ഷിക്കുകയുമാണ്. അതിലൊരാള്‍ പറയുന്നത് കേള്‍ക്കാം, '' ഈ പശുക്കള്‍ തെരുവില്‍ ആളുകളുപേക്ഷിച്ച് പോകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം ഭക്ഷിക്കുകയാണ്. കുടിക്കാന്‍ നല്ല വെള്ളം കിട്ടുന്നില്ല. അതുകൊണ്ടവ അവിടെത്തന്നെ അസുഖം വന്ന് ചത്തുകിടക്കുന്നു.  ഞങ്ങള്‍ തെരുവിലുള്ള ഇങ്ങനെ ബുദ്ധിമുട്ടുന്ന കന്നുകാലികളെ സംരക്ഷിക്കുന്നു. ഈ ഭൂമി എല്ലാവര്‍ക്കും സ്വന്തമാണ്. ഇവിടെ ജീവിക്കാനുള്ള അവകാശവും എല്ലാവര്‍ക്കും തുല്ല്യമാണ്.'' മോട്ടോര്‍ ബൈക്കിലാണ് ഇദ്ദേഹം ഈ പശുക്കുട്ടികളെ കൊണ്ടുപോകുന്നത്. ഒരാള്‍ പിറകിലിരുന്ന് പശുവിനെ മടിയിലിരുത്തും. 

പരിക്കേറ്റ പശുക്കുട്ടികളെയാണ് ഇങ്ങനെ മോട്ടോര്‍ സൈക്കിളില്‍ രക്ഷിച്ചുകൊണ്ടുപോകുന്നത്. ''തെരുവ് പട്ടികളെ സംരക്ഷിക്കുന്ന സംഘടനകള്‍ ഒരുപാടുണ്ട്. പക്ഷെ, അതുപോലെ ഈ കന്നുകാലികളെ സംരക്ഷിക്കുന്ന ഓര്‍ഗനൈസേഷന്‍ ഇല്ല. അതുകൊണ്ടാണ് ഞാനിതിന് ഇറങ്ങി പുറപ്പെട്ടത്. രണ്ടുപേര്‍ പോകും. പശുക്കുട്ടികളെ ഇങ്ങനെ രക്ഷിച്ചുകൊണ്ടു വരും. പൊലീസും, ഡോക്ടര്‍മാരും സഹകരിക്കും. സംരക്ഷണസ്ഥലത്തെത്തിച്ച ശേഷം വാക്സിനെടുക്കും. കുളമ്പുകളില്‍ ഫിനോല്‍ പുരട്ടും. അവിടെ സംരക്ഷണയിലുള്ള മറ്റ് കന്നുകാലികളുമായി ഒരാഴ്ച ഇവരെ അടുത്തു നിര്‍ത്തില്ല. ഇവ നന്നായതിനു ശേഷമേ മറ്റുള്ളവയുടെ കൂടെനിര്‍ത്തൂ. ''

''വയസായി പാല്‍ കിട്ടില്ലെന്നറിഞ്ഞാല്‍, അസുഖം വന്നാലൊക്കെ ഇവയെ തെരുവിലുപേക്ഷിക്കും. ഒരുപാട് വര്‍ഷങ്ങള്‍ ഈ വീട്ടുകാര്‍ക്ക് പാല്‍ കൊടുത്ത് അതു കുടിക്കുന്നവരാണവര്‍. എന്നിട്ടാണ്, അവയെ തെരുവിലുപേക്ഷിക്കുന്നത്. നേപ്പാളിലെ ദേശീയമൃഗമാണ് പശു. എന്നിട്ടുമെന്താണ് സര്‍ക്കാര്‍ അതിനെ ശ്രദ്ധിക്കാത്തത്. തനിക്ക് ഈ കന്നുകാലികളെ സംരക്ഷിക്കുന്നതില്‍ സന്തോഷമുണ്ട്. രാവിലെ ഉണര്‍‌ന്ന് അവയുടെ അടുത്തേക്ക് പോകും. പുല്ലും വെള്ളവും ഒക്കെ കൊടുക്കും. ചിലപ്പോള്‍ അതിനിടയില്‍ സ്വന്തം ഭക്ഷണം കഴിക്കാന്‍ പോലും മറന്നുപോകാറുണ്ട്. ഇപ്പോള്‍ എല്ലാം കൂടെ നൂറ്റിയമ്പതിനു മുകളില്‍ കന്നുകാലികളുണ്ട്. തെരുവില്‍ അലയുന്ന കന്നുകാലികള്‍ക്കായി ഫണ്ട് റൈസിങ് കാമ്പയിന്‍ നടത്തുന്നുണ്ട്. പലരും വരാറുണ്ട്. താന്‍ മരിക്കുന്നതിന് മുമ്പ് ഈ കന്നുകാലികളെയൊക്കെ സംരക്ഷിക്കുന്ന ഒരു സ്ഥിതി വരണമെന്നാണ് ആഗ്രഹം. '' എന്നും ഇദ്ദേഹം പറയുന്നു. 

കടപ്പാട്: ബിബിസി വീഡിയോ

click me!