
ഇനിയൊരുപാടുകാലമൊന്നും തങ്ങളുടെ മകനെ കാണാനാകില്ലെന്ന് അറിയുന്ന മാതാപിതാക്കളെന്തു ചെയ്യും?
അത് വിശ്വസിക്കാനാകാതെ തളര്‍ന്നുപോകും. അവനോടൊപ്പം സങ്കടപ്പെട്ടും കരഞ്ഞും ദിവസങ്ങള്‍ കളയും. എന്നാല്‍, എമിലിയും റയാനും ചെയ്തത് അവന്‍റെ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ അവന്‍റെ ആഗ്രങ്ങളെല്ലാം സഫലീകരിക്കാനാണ്. അവന് വേണ്ടതെല്ലാം നല്‍കാനാണ്. അങ്ങനെയാണ് ഗാരറ്റ് എന്ന അഞ്ചുവയസുകാരന്‍ മരണത്തിന് തൊട്ടുമുമ്പ് അവയെല്ലാം എഴുതി. അച്ഛനും അമ്മയുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് വിവരങ്ങളെഴുതിയിരിക്കുന്നത്.
പ്രത്യേക തരം കാന്‍സറായിരുന്നു ഗാരറ്റിന്. ഗാരറ്റ് തന്‍റെ കുറിപ്പില്‍ പറയുന്നത്, തന്‍റേത് ഒരു സങ്കടപ്പെടുത്തുന്ന സംസ്കാരം ആകരുതെന്നാണ്. ഗാരറ്റ് കുറിച്ച ആഗ്രഹങ്ങളൊക്കെ സഫലമാക്കിക്കൊണ്ട്, 'ജീവിതത്തിന്‍റെ ആഘോഷ'വും സംഘടിപ്പിച്ചു എമിലിയും റയാനും. ജൂലൈ ആറിന് ഗാരറ്റ് മരിച്ചു. ഒമ്പത് മാസത്തെ നരകജീവിത്തതിന് ശേഷം അവന്‍ മരിച്ചുവെന്നാണ് അവന്‍റെ മാതാപിതാക്കള്‍ ഇതിനെ കുറിച്ച് പറഞ്ഞത്.
ജൂണ്‍ പകുതിയോടു കൂടിയാണ് ഗാരറ്റിന്‍റെ അവസ്ഥ ദയനീയമാണെന്ന് മാതാപിതാക്കളായ എമിലിക്കും റയാനും മനസിലാകുന്നത്. ഒരു സാധാരണ മരണവാര്‍ത്ത വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് മരിച്ച മനുഷ്യനെ കുറിച്ച് ഒന്നും അറിയാന്‍ കഴിയില്ല. ഗാരറ്റ് മരിച്ച ശേഷവും ഗാരറ്റിനെ കുറിച്ചും അവന്‍റെ സ്വഭാവത്തെ കുറിച്ചും എല്ലാവരും പൂര്‍ണമായും അറിയണമെന്ന് കരുതിയതിനാലാണ് അവനോട് തന്നെ സംസാരിച്ച് അവനെ കുറിച്ച് എഴുതുന്നത്.
എമിലിയും റയാനും ഗാരറ്റുമായി നടത്തിയ സംഭാഷണത്തില്‍ നിന്നാണ് മരണക്കുറിപ്പ് എഴുതിയിരിക്കുന്നത്. സംസ്കാരവും മറ്റ് മരണാനന്തര ചടങ്ങുകളും നടത്തിക്കൊടുക്കുന്ന സൈറ്റിലാണ് ഈ വിവരങ്ങള്‍ പങ്കുവച്ചത്. അവര്‍ ഗാരറ്റിന്‍റെ ജീവിതം ആഘോഷിക്കാനും തീരുമാനിച്ചിരുന്നു. അതിനായി ഒരു ദിവസവും തീരുമാനിച്ചു. വിലാസമടക്കം നല്‍കി. നിരവധി പേരാണ് അതില്‍ പങ്കെടുത്തത്.
ഗാരറ്റിന്‍റെ പ്രിയപ്പെട്ടവര്‍, അവന് ഏറ്റവും ഇഷ്ടമുള്ള സംഗതികള്‍, ഏറ്റവും വെറുക്കുന്ന സംഗതികള്‍ ഇവയെല്ലാം അതില്‍ കുറിച്ചിരുന്നു. അവനേറ്റവും ഇഷ്ടം അവന്‍റെ അച്ഛനേയും അമ്മയേയും സഹോദരിയേയുമാണ്. ഏറ്റവുമധികം ഇഷ്ടം സഹോദരിയുടെ കൂടെയിരിക്കാനും. മരണശേഷം അവനൊരു ഗൊറില്ലയാകാനാണ് ആഗ്രഹം. അവനെ കത്തിച്ച ശേഷം ചാരം ഒരു മരത്തിനു താഴെയിടണമെന്നും, അവന്‍ ഗൊറില്ലയായ ശേഷം ആ മരത്തിനടിയില്‍ ജീവിക്കുമെന്നും ഗാരറ്റെഴുതിയിരുന്നു. എല്ലാവരും ഒത്തുകൂടിയ ദിവസം, ആഘോഷത്തില്‍ സ്പൈഡര്‍മാനെയും ബാറ്റ്മാനെയും വണ്ടര്‍ വുമണിനെയും ഒക്കെ ഒരുക്കിനിര്‍ത്തിയിരുന്നു അവന്‍റെ പ്രിയപ്പെട്ട മാതാപിതാക്കള്‍.
'അവന്‍റെ സംസ്കാരം അത്ര സങ്കടകരമായിരുന്നില്ല. ജീവിച്ചിരിക്കുമ്പോള്‍ അവനാഗ്രഹിച്ചത് നടത്തിക്കൊടുത്ത ആ ദിവസമാണ് മനസിലെപ്പോഴു'മെന്ന് ഗാരറ്റിന്‍റെ അമ്മ പറയുന്നു.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.