റഷ്യന്‍ പ്രസിഡന്‍റ് ഭയക്കുന്ന ഈ യുവതികളാരാണ്?

By Web DeskFirst Published Jul 16, 2018, 6:07 PM IST
Highlights
  • റഷ്യയിലെ ഒരു സർക്കാർ വിരുദ്ധ സ്ത്രീപക്ഷ ബാന്‍ഡാണ് 'പുസി റയറ്റ്'
  •  ഈ റോക്ക് സംഘം 2011 -ലാണ് രൂപീകരിക്കപ്പെടുന്നത്
  • പുടിനെതിരെ നിരന്തര കലാപ്രകടനങ്ങള്‍
  • അറസ്റ്റ് വരിച്ചു

റഷ്യന്‍ ഭരണകൂടത്തിനെതിരെയുള്ള പുസ്സി റയറ്റ് (pussy riot)ന്‍റെ പ്രതിഷേധം ലോകത്താകെയുള്ള അനവധി മനുഷ്യര്‍ ഇന്നലെ കണ്ടു. പ്രതീകാത്മകമായി പോലീസ് വേഷത്തില്‍ ലോകകപ്പ് ഗ്രൌണ്ടിലിറങ്ങിയ ഇതിലെ അംഗങ്ങളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ഈ യുവതികളെ പുടിന്‍ ഭയക്കുന്നുണ്ട്. അതുകൊണ്ടു തന്നെ അവരത്ര ചില്ലറക്കാരല്ല. 'പുസ്സി റയറ്റി'ന്‍റെ തുടക്കം മുതലുള്ള പ്രവര്‍ത്തനങ്ങള്‍ അതാണ് തെളിയിച്ചിട്ടുള്ളതും. ​ആരാണീ യുവതികള്‍? എന്താണവരുടെ 'പുസ്സി റയറ്റ്'? 

റഷ്യയിലെ ഒരു സർക്കാർ വിരുദ്ധ സ്ത്രീപക്ഷ ബാന്‍ഡാണ് 'പുസി റയറ്റ്'.  ഈ റോക്ക് സംഘം 2011 -ലാണ് രൂപീകരിയ്ക്കപ്പെടുന്നത്. 1990 കളില്‍ അമേരിക്കയില്‍ കൊടുങ്കാറ്റഴിച്ചുവിട്ട അണ്ടര്‍ഗ്രൌണ്ട് ഫെമിനിസ്റ് റോക് മൂവ്മെന്റ് 'Riot Grrrl' ന്‍റെയും അമേരിക്കന്‍ പങ്ക് റോക്ക് ബാന്‍ഡ് ആയ 'ബിക്കിനി കില്‍' (bikini kill)ന്‍റെയും സ്വാധീനഫലമാണ് പുസി റയറ്റ് എന്നു പറയാം. ലൈംഗിക ന്യൂനപക്ഷ അവകാശങ്ങൾക്കും, സ്ത്രീ അനുകൂല രാഷ്ട്രീയ നിലപാടുകൾക്കും വേണ്ടിയാണ് ഇവരുടെ പ്രവർത്തനം. 

തെളിഞ്ഞതും കടുംനിറത്തിലുമുള്ളതുമായ വസ്ത്രങ്ങളോടെ പൊതുസ്ഥലങ്ങളില്‍ പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന ഇവർ, അപ്പോള്‍ തന്നെ സംഗീതപരിപാടികൾ അവതരിപ്പിയ്ക്കുകയും, അത് ഇന്റർനെറ്റിൽ പ്രചരിപ്പിയ്ക്കുകയും ചെയ്യാറാണ് പതിവ്. അതാണ് അവരുടെ പ്രതിഷേധ രീതി. റഷ്യൻ പ്രസിഡന്‍റ് പുടിന്‍റെ കടുത്ത വിമർശകരാണിവര്‍. ഇവർ വ്ളാഡ്മിർ പുടിനെ 'സ്വേച്ഛാധിപതി' എന്നു തന്നെയാണ് വിശേഷിപ്പിക്കുന്നതും. പുടിന്‍റെ രാഷ്ട്രീയ പാർട്ടിയ്ക്ക് റഷ്യൻ ഓർത്തഡോക്സ് സഭയുമായുള്ള ബന്ധങ്ങളെയും ഇവർ നിശിതമായി വിമർശിച്ചിരുന്നു.

ഈ പ്രകടനം "Punk Prayer- Mother of God, Chase Putin Away!" എന്ന മുദ്രാവാക്യത്തോടെയാണ് ഇന്‍റര്‍നെറ്റിൽ പ്രചരിപ്പിച്ചത്

2012 ഫെബ്രുവരി 21 ന് മോസ്കോയിലെ സോലിയാസ് കത്തീഡ്രൽ അങ്കണത്തിൽ ഈ സംഘത്തിലെ അഞ്ചുപേർ അപ്രതീക്ഷിതമായി നടത്തിയ പരിപാടി ഏറെ വിവാദമായി. റഷ്യന്‍ രാഷ്ട്രീയത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ടും, കഴിയും വിധം പ്രകോപിപ്പിച്ചുകൊണ്ടും തന്നെയാണ് അവരുടെ പ്രകടനങ്ങള്‍ അതിനു മുമ്പും അവതരിപ്പിക്കപ്പെട്ടത്. പക്ഷെ, 'കത്രീഡല്‍, ഓഫ് ദ ക്രൈസ്റ്റ് സേവിയര്‍' എന്ന പ്രകടനം മതവിശ്വാസികളെ പ്രകോപിപ്പിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരുടെ പിറകെ കൂടി. അതോടെ 'പുസ്സി റയറ്റ്' ചര്‍ച്ചയായി. ഇതിലെ അംഗങ്ങൾ അറസ്റ്റിലാകുകയും ചെയ്തു. ഈ പ്രകടനം "Punk Prayer- Mother of God, Chase Putin Away!" എന്ന മുദ്രാവാക്യത്തോടെയാണ് ഇന്‍റര്‍നെറ്റിൽ പ്രചരിപ്പിച്ചത്. 2012 ആഗസ്റ്റ് 17 ന് മതനിന്ദയും, പള്ളിഅങ്കണത്തിലെ അതിക്രമങ്ങളും ആരോപിച്ച് ഇതിലെ മൂന്ന് അംഗങ്ങളെ രണ്ടുവർഷം തടവിന് ശിക്ഷിച്ചു. എന്നാൽ സർക്കാർ പൊതുമാപ്പ് നൽകിയത്പ്രകാരം മരിയ അല്യോഖിന, നദേദ എന്നിവരെ ജയിലിൽ നിന്ന് 2013 ഡിസംബർ 23 ന് മോചിപ്പിച്ചു. 

മുഖംമൂടി ധരിച്ചുകൊണ്ട് തെരുവോരങ്ങളും, റയില്‍വേ സ്റ്റേഷനുകളും, മറ്റ് പൊതുഇടങ്ങളും ഇവര്‍ പ്രതിരോധസംഗീതത്തിന്‍റെ ശക്തമായ അവതരണങ്ങളിലൂടെ കയ്യടക്കി. ജനങ്ങളുടെ അവകാശങ്ങള്‍ക്കുമുന്നില്‍ പുടിന്‍ തീര്‍ത്ത അവകാശലംഘനങ്ങള്‍ക്കെതിരെ മുഖംമൂടികള്‍ ധരിച്ചാണ് ബാന്‍ഡിന്‍റെ അവതരണം. അറസ്റ്റിനുമുമ്പ് നടത്തിയ അഭിമുഖങ്ങളിലും ഇവരുടെ മുഖത്ത് മുഖംമൂടിയുണ്ടായിരുന്നു. 

പുടിനെതിരെയുള്ള യുവതികളുടെ സമരം വെറുതെയായില്ല. അന്ന് പലരും അവരുടെ കൂടെനിന്നു. അവര്‍ക്കായി സംസാരിച്ചു. കലയെ പ്രതിരോധത്തിനും പ്രതിഷേധത്തിനുമുള്ള മാര്‍ഗമാക്കി ഈ പെണ്‍കുട്ടികള്‍ നടത്തിയ ചെറുത്തുനില്‍പ്പിനൊപ്പം ജനങ്ങള്‍ നിന്നു. എഴുത്തുകാരും, കലാകാരന്‍മാരും, വിവിധ ആക്റ്റിവിസ്റ്റുകളും, വിദ്യാര്‍ത്ഥികളും, അധ്യാപകരും, പരിസ്ഥിതി പ്രവര്‍ത്തകരുമെല്ലാം ഒന്നിച്ചുനിന്നു. ചെസ് ഇതിഹാസം ഗാരി കാസ്പറോവ് അടക്കമുള്ള പ്രമുഖര്‍ ഈ പെണ്‍കുട്ടികള്‍ക്കായി തെരുവിലിറങ്ങി അന്ന് അറസ്റ്റ് വരിച്ചു. പെണ്‍കുട്ടികളെ മോചിപ്പിക്കണമെന്ന് പ്രധാനമന്ത്രി ദ്മിത്രി മെദ്വദേവ് ആവശ്യപ്പെട്ടിരുന്നു. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുമടക്കം ഇതേ ആവശ്യം ഉന്നയിച്ച് അവര്‍ക്കൊപ്പം നിന്നു. 

പോപ് താരം മഡോണ ആ വര്‍ഷം ആഗസ്ററ്  21ന് ഒളിമ്പസ് സ്കൈ സ്റ്റേഡിയത്തില്‍ നടത്തിയ മ്യൂസിക് ഷോയ്ക്കു ശേഷം ജാക്കറ്റഴിച്ചപ്പോള്‍ ശരീരത്തില്‍‘പുസ്സി റയറ്റ്’ എന്ന് എഴുതിയത് വ്യക്തമായി കണ്ടു. ഷോയിലുടനീളം അവര്‍ പുസ്സി റയറ്റിന് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ച് മാസ്ക് ധരിക്കുകയും ചെയ്തു. 

എന്തുകൊണ്ട് ഇതൊരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്?

ലോകകപ്പിനിടയില്‍ നടന്ന സംഭവത്തിന്റെ ഉത്തരവാദിത്തം പുസ്സി റയറ്റ് ഏറ്റെടുത്തിരുന്നു. റഷ്യന്‍ കവി ദിമിത്രി ആലേക്സാന്ദ്രോവിച്ച് പ്രിഗോവിനെ ഉദ്ധരിച്ചുകൊണ്ടാണ് അവര്‍ ട്വിറ്ററില്‍ പ്രസ്താവന ഇറക്കിയത്. ഇന്ന് പ്രിഗോവിന്റെ പതിനൊന്നാം ചരമ വാര്‍ഷിക ദിനം കൂടിയാണ്. പ്രിഗോവിന്റെ കവിതയില്‍ പറയുന്ന, 'ആരാണ് ആദര്‍ശാത്മക പോലീസുകാരന്‍' എന്നതിനെ വിശദീകരിക്കാനാണ് ഇന്നലത്തെ ഇടപെടലിലൂടെ സംഘം ശ്രമിച്ചത്. “സ്വര്‍ഗ്ഗത്തിലെ പോലീസുകാരന്‍ ഉറങ്ങുന്ന കുഞ്ഞിനെ സംരക്ഷിക്കും. എന്നാല്‍ ഭൂമിയിലെ പോലീസുകാര്‍ രാഷ്ട്രീയ തടവുകാരെ ശിക്ഷിക്കുകയും നവമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നവരെയും, ലൈക്ക് ചെയ്യുന്നവരെയും തടവിലിടുകയും ചെയ്യും.”എന്നതായിരുന്നു അവരുടെ സന്ദേശം. വ്ളാഡ്മിര്‍ പുടിന്‍റെ റഷ്യയില്‍ നവമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതിനും, ലൈക്ക് ചെയ്തതിനും നിരവധി പേരാണ് ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുന്നത്.  നോക്കൂ, എത്ര പൊളിറ്റിക്കലാണവര്‍, ആ യുവതികളും അവരുടെ സംഘവും. ലോകത്താകമാനമുള്ള ഫാസിസ്റ്റ് ഭരണാധികളോട് എത്ര മനോഹരമായാണവര്‍ സംവദിച്ചിരിക്കുന്നത്.

പുസി റയറ്റിന്റെ പ്രസ്താവന അവസാനിക്കുന്നത് ചില ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ്: എല്ലാ രാഷ്ട്രീയ തടവുകരെയും സ്വതന്ത്രരാക്കുക, നവമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ലൈക്ക് ചെയ്തതിന് ആളുകളെ തടവിലിടുന്നത് അവസാനിപ്പിക്കുക, പ്രതിഷേധക്കാരെ നിയമ വിരുദ്ധമായി അറസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കുക, രാഷ്ട്രീയ മത്സരങ്ങള്‍ അനുവദിക്കുക, ക്രിമിനല്‍ കേസുകള്‍ കെട്ടിച്ചമച്ച് ജനങ്ങളെ ജയിലില്‍ അടയ്ക്കുന്നത് അവസാനിപ്പിക്കുക, ഭൂമിയിലെ പൊലീസുകാരെ സ്വര്‍ഗ്ഗീയ പോലീസുകാരാക്കുക. ഒന്നാലോചിച്ചുനോക്കണം, റഷ്യന്‍ ലോകകപ്പിനിടെ കേട്ട ഏക രാഷ്ട്രീയ ശബ്ദം പുസി റയറ്റിന്‍റേതാണ്. 

അവര്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു, 'കല അവരുടെ രാഷ്ട്രീയമാണ്' എന്ന്. അതില്‍ രാഷ്ട്രീയമായ ശരികളുണ്ട്. അതവര്‍ക്ക് പോരാടാനുള്ള മാര്‍ഗമാണ്. പുടിനെന്ന സ്വേച്ഛാധിപതിക്കെതിരെ, അന്ധമായ മതവിശ്വാസത്തിനെതിരെ, സ്ത്രീ വിരുദ്ധതയ്ക്കെതിരെ, അനീതിക്കെതിരെ അവരെക്കാലവും പ്രതിഷേധിച്ചിട്ടുണ്ട്. അത് തന്നെയാണ് ഇന്നലെ ലോകകപ്പ് ഫൈനലിലും കണ്ടത്. 

UPDATED VIDEO "Policeman enters the Game" — "Полицейский вступает в Игру"! Please don't forget to turn on subtitles if you need English. https://t.co/8uSMSIe9K6

— 𝖕𝖚𝖘𝖘𝖞 𝖗𝖎𝖔𝖙 (@pussyrrriot)

 


 

click me!