Malayalam Short Story : കരുണാകരന്റെ കാര്‍, എസ് ജെ സുജിത് എഴുതിയ ചെറുകഥ

Published : Mar 11, 2026, 06:53 PM IST
 Short Story by SJ Sujith

Synopsis

ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് എസ് ജെ സുജിത് എഴുതിയ ചെറുകഥ. Asianet News Chilla Literary Space. Malayalam  Short Story by SJ Sujith 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

 

''തോന്നയ്ക്കലും ചിറയിങ്കീഴും കയറുഫാക്ടറി ഉണ്ടായിരുന്നപ്പോ ഈ ഭാഗത്ത് അടുക്കാന്‍ പറ്റുവാരുന്നോ?'' ഉസ്മാനിക്ക അത് പറയുമ്പോള്‍ റഷീദലി ചിരിച്ചതേയുള്ളൂ.

''നെങ്ങക്കൊക്കെ അത്ര ഓര്‍മ്മകളൊണ്ടോ?'' ചുണ്ടിലെരിഞ്ഞു തീരാറായ ബീഡി ഒന്നുകൂടി ആഞ്ഞു വലിച്ച ശേഷം മുറ്റത്തേക്കെറിഞ്ഞ് ഇക്ക പതിവ് ചിരിയോടെ ചോദിച്ചു.

''കുറച്ചൊക്കെ. അസിമാമാടെ വീട്ടില്‍ പോകുമ്പോ അവിടെ കയറുപിരി ഉണ്ടായിരുന്നല്ലോ.'' റഷീദലി തന്റെ കുട്ടിക്കാലത്തെ ഓര്‍മ്മയെ ഇക്കായുടെ മുന്നിലേക്കിട്ടു. ബാപ്പായും ഉസ്മാനിക്കായും അടുത്ത കൂട്ടുകാരാണ്. ആ സൗഹൃദമാണ് സെയ്ഫുമായി റഷീദലിക്കുമുള്ളത്. ബാപ്പായുടെ പ്രായമാണെങ്കിലും ഇക്ക എന്ന് വിളിച്ചാണ് ശീലം. പതിനാറാം കല്ലിലായിരുന്നു ഉസ്മാനിക്ക താമസിച്ചിരുന്നത്. അതിനടുത്തായി തന്നെയായിരുന്നു സെയ്ഫിന്റെ വര്‍ക്ക്‌ഷോപ്പും. ഹൈവേക്കായി സ്ഥലം വീതി കൂട്ടിയെടുത്തപ്പോള്‍ മുരുക്കും പുഴയിലേക്ക് മാറി.

മുരുക്കുംപുഴ കായലിനോട് ചേര്‍ന്ന് ഉസ്മാനിക്കാക്ക് ഒന്നരയേക്കറോളം തെങ്ങും പുരയിടമുണ്ട്.

''ഇതിവിടെ കിടന്നത് കൊണ്ട് സൗകര്യമായി. അവനിനി വര്‍ക്ക്‌ഷോപ്പൊക്കെ വിട്ട് വേറെന്തൊക്കെയോ പരിപാടികള് നോക്കണെന്ന് പറയുന്നു.''

ഇങ്ങോട്ടുള്ള മാറ്റവും വര്‍ക്ക്‌ഷോപ്പ് പോയതുമൊക്കെ ഉസ്മാനിക്കാക്ക് നല്ല വിഷമമുണ്ടാക്കിയിട്ടുണ്ടെന്ന് സെയ്ഫ് പറഞ്ഞിരുന്നു. പണിക്കാരെയൊക്കെ പറഞ്ഞുവിട്ടെങ്കിലും അത്യാവശ്യം പണി ചെയ്യാനുള്ള ഗ്യാരേജ് ഒരെണ്ണം വീടിനോട് ചേര്‍ത്തൊരുക്കിയിട്ടുണ്ട്.

ഉസ്മാനിക്ക കയറുഫാക്ടറിയിലെ മെക്കാനിക്ക് ആയിരുന്നു. ഫാക്ടറിയിലെ പണിക്ക് പുറമേ വീടുകളിലേക്ക് കയറുപിരിക്കുന്നതിനുള്ള റാട്ടുകള്‍ ഉണ്ടാക്കി നല്‍കിയിരുന്നതും ഉസ്മാനിക്കയായിരുന്നു. കണിയാപുരം മുതല്‍ തോന്നയ്ക്കല്‍വരേയും പടിഞ്ഞാറ്റേക്ക് ചിറയിന്‍കീഴിലേയും വീടുകളോരോന്നും ചെറിയ ചെറിയ കയര്‍ഫാക്ടറികളായിരുന്ന കാലത്താണ് സെയ്ഫും റഷീദലിയും മംഗലപുരം എല്‍ പി സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ ചേരുന്നത്. ഉസ്മാനിക്കയുടെ കൈ വിടുവിച്ച് സെയ്ഫിനെ റഷീദലിയുടെ കൈയിലേക്ക് ഏല്‍പ്പിക്കുമ്പോള്‍ പുറത്ത് തിമിര്‍ത്ത് പെയ്യുന്ന മഴയേക്കാള്‍ വലിയ പെയ്ത്ത് സെയ്ഫിന്റെ കണ്ണുകളില്‍ നിന്നുണ്ടായിരുന്നു. ആദ്യ ദിവസം ഉച്ചയ്ക്ക് സ്‌കൂള്‍ വിടുന്നതു വരെ സെയ്ഫ് റഷീദലിയുടെ കൈ അമര്‍ത്തിപ്പിടിച്ച് കരയുകയായിരുന്നു.

കയറുഫാക്ടറികളും വീടുകളിലെ കയറു നിര്‍മ്മാണവുമൊക്കെ പതിയെ അവസാനിച്ചപ്പോള്‍ ഉസ്മാനിക്കയും വിശ്രമത്തിലേക്ക് കടന്നു. പത്താം ക്ലാസ് തോറ്റതോടെ സെയ്ഫ് വര്‍ക്ക്‌ഷോപ്പ് പണിക്ക് പോകുകയും, പതിയെ വീടിനോട് ചേര്‍ന്ന് ഉസ്മാനിക്കയുടെ പഴയ പണിസ്ഥലം കാര്‍ ഗാരേജ് ആക്കി മാറ്റുകയും ചെയ്തു. സ്ഥലവും വീടുമൊക്കെ റോഡിന് വേണ്ടി ഏറ്റെടുത്തപ്പോള്‍ സെയ്ഫിനെ ദുബായിലേക്ക് വിളിച്ചതാണ്.

''കായലീന്ന് പിടിക്കുന്ന മീനും ചുട്ട് വൈകിട്ട് രണ്ടെണ്ണം അടിക്കണമെന്ന് തോന്നിയാല്‍ ഓടിയെത്താന്‍ പറ്റാത്ത ദൂരത്തേക്കൊന്നും സെയ്ഫ് പോവൂല.'' അന്നു സെയ്ഫ് ചുട്ടെടുത്ത മീനിന്റെ രുചി ഓര്‍ക്കുമ്പോള്‍ റഷീദലിക്ക് അവന്‍ പറയുന്നതും കാര്യമാണ് എന്നു തോന്നാറുണ്ട്.

മുരുക്കുംപുഴ കായലിലായിരുന്നു തൊണ്ടുകള്‍ അഴുക്കിയിരുന്നത്. നെയ്യാറ്റിന്‍കരയില്‍ നിന്നും നെടുമങ്ങാട്ടു നിന്നുമാണ് പ്രധാനമായും തൊണ്ടുകള്‍ വന്നിരുന്നത്. തൊണ്ടറകളായിരുന്നു കായലില്‍ ഏറെയും. അന്നൊന്നും പണിക്കാരല്ലാതെ കായലിന്റെ പരിസരത്തേക്ക് മറ്റാരും വരാറുണ്ടായിരുന്നില്ല. കായലില്‍ കെട്ടിയടുക്കി അഴുക്കിയ തൊണ്ടുകള്‍ തോന്നയ്ക്കലിലെ തൊണ്ട് കമ്പനിയിലേക്ക് കൊണ്ടു പോകും. പെണ്ണുങ്ങളുടെ കൈക്കരുത്തില്‍ തല്ലി പതം വന്ന തൊണ്ടുകളില്‍ ചകിരി മാത്രം അവശേഷിക്കും.

ഉണക്കാന്‍ നിരത്തിയിരിക്കുന്ന നാരുകള്‍ കണ്ടാല്‍ സ്വര്‍ണ്ണനൂലുകള്‍ വിതറിയ മെത്ത പോലെയാണ് തോന്നുക. തോന്നയ്ക്കലിലേയും ചിറയിന്‍കീഴിലേയും കയറു സൊസൈറ്റികളിലേക്ക് ചകിരി എത്തിയിരുന്നത് ഇവിടങ്ങളില്‍ നിന്നാണ്. സൊസൈറ്റിയില്‍ കയറുപിരിക്കാന്‍ പെണ്ണുങ്ങള്‍ കൂട്ടമായി എത്തും. സൊസൈറ്റിയില്‍ പോകുന്നവരും പോകാത്തവരുമെല്ലാം വീടുകളില്‍ കയര്‍ പിരിക്കും. ഓരോ വീട്ടിലും കയര്‍ പിരിക്കുന്ന ചക്രങ്ങളുടെ ശബ്ദമായിരുന്നു ഒരു കാലത്ത്.

വെക്കേഷന് അസിമാമായുടെ വീട്ടില്‍ നില്‍ക്കാന്‍ പോകുമ്പോഴൊക്കെ കയറുപിരിക്കുന്നത് കാണാന്‍ ചെന്നു നില്‍ക്കാറുള്ളത് റഷീദലി ഓര്‍ത്തെടുത്തു. ഇടുപ്പില്‍ ചകിരിക്കെട്ട് തെരുകിവച്ച് പിന്നോട്ട് നടക്കുമ്പോള്‍ റാട്ടില്‍ നിന്നും രണ്ട് വരകള്‍ പോലെ കയറിന്റെ ഇഴ നീളും. എതിര്‍ഭാഗത്തെ ചക്രത്തില്‍ ഇഴ ഘടിപ്പിച്ച് അച്ചുവല ഓടിച്ച് ഇപ്പുറത്ത് എത്തുമ്പോള്‍ കയര്‍ രൂപം കൊള്ളും. മാമിത്തായാണ് എപ്പോഴും അച്ചുവലയോടിക്കാറുള്ളത്. അച്ചുവലയുടെ വേഗത്തിനനുസരിച്ചാണ് കയറിഴകളുടെ മുറുക്കം കൂടുന്നത്. വേഗത്തില്‍ വ്യത്യാസം വന്നാല്‍ ഇഴമുറുകാതെ ബലം കെട്ടുപോകും. റാട്ട് കറക്കാനും കയറുപിടികള്‍ അടുക്കി വയ്ക്കാനും റഷീദലിയും കൂടുമായിരുന്നു.

ബാപ്പയുടേയും ഉമ്മയുടേയും നിക്കാഹ് ദിവസത്തിന് ഒരാഴ്ച മുമ്പാണ് അസിമാമ മാമിത്തയെ വിളിച്ചിറക്കിക്കൊണ്ട് വന്നത്. ഉമ്മായുടെ വീട്ടിലെ കല്യാണ ഒരുക്കങ്ങള്‍ക്കിടയില്‍ അസിമാമ വലിയ പുകിലാണുണ്ടാക്കിയത്. ഉപ്പുപ്പ അവരെ വീട്ടില്‍ക്കയറ്റിയില്ലെന്ന് മാത്രമല്ല ഒരേയൊരു ഇത്തായുടെ നിക്കാഹിന് ഇറച്ചിച്ചോറ് കഴിക്കാന്‍ പോലും അസിമാമായെ പരിസരത്ത് അടുപ്പിച്ചില്ല. തോന്നയ്ക്കലില്‍ മാമിത്തായുടെ വീടിനോട് ചേര്‍ന്ന് പുരകെട്ടി താമസം തുടങ്ങിയ അസിമാമ മീന്‍ കച്ചോടത്തിലേക്ക് തിരിഞ്ഞു. ഞായറാഴ്ചകളില്‍ പതിനാറാം കല്ലില്‍ കാളയിറച്ചിയും വിശേഷദിവസങ്ങളില്‍ ആട്ടിറച്ചിയും വിറ്റു.

ഉപ്പുപ്പയുടെ മരണശേഷമാണ് അസിമാമ വീട്ടിലേക്ക് വന്നു തുടങ്ങിയത്. മാമിത്തയും സുമയ്യയും സുല്‍ത്താനും വീട്ടിലേക്ക് വന്ന ദിവസം ഉമ്മുമ്മയും ഉമ്മായും നെയ്‌ച്ചോറും ആട്ടിറച്ചിയും വച്ചു. സ്‌കൂളടപ്പ് മാസങ്ങളില്‍ അസിമാമയുടെ വീട്ടില്‍ ചെന്ന് നില്‍ക്കുന്നത് പതിവായി.

മാമിത്തായും അനിയത്തിയും അവരുടെ ഉമ്മയും ചേര്‍ന്നാണ് കയറുപിരിക്കാറുണ്ടായിരുന്നത്. പിരിച്ചെടുത്ത കയറുകള്‍ മുഴം കണക്കാക്കി കെട്ടിയടുക്കി വയ്ക്കാന്‍ പിള്ളേരും കൂടാറുണ്ട്. സുമയ്യ രണ്ട് വയസിന് മൂത്തതും സുല്‍ത്താന്‍ മൂന്നോ നാലോ മാസം ഇളയതുമാണ്. ശാര്‍ക്കര ഉത്സവത്തിന് സുമയ്യക്ക് കുപ്പി വളയും കണ്‍മഷിയും ഞങ്ങള്‍ക്ക് പുറകോട്ട് വലിച്ചുവിട്ടാല്‍ ഓടുന്ന ബസും അസിമാമ വാങ്ങിത്തരും. പ്രായം മുതിര്‍ന്നപ്പോള്‍ അസിമാമായുടെ വീട്ടിലേക്കുള്ള യാത്രയും മാമിത്തായുടെ ഉമ്മയുടെ മരണശേഷം കയറുപിരി ചക്രങ്ങളുടെ കറക്കവും നിലച്ചു. വീടുകളില്‍ കയറുപിരിക്കുന്നവരും പയ്യെപ്പയ്യെ അതവസാനിപ്പിച്ചു.

കുളിച്ചിറങ്ങി പുറത്തേക്ക് വന്ന സെയ്ഫിനൊപ്പം റഷീദലിയും മുറ്റത്തേക്കിറങ്ങി. ഉസ്മാനിക്ക വരണ്ടുണങ്ങിയ ചുമയ്‌ക്കൊപ്പം പുതിയ ബീഡിക്ക് തീ കൊളുത്തി.

 

2

കായലിനോട് ചേര്‍ന്നാണ് സെയ്ഫ് ഷെഡ്ഡ് പണിഞ്ഞിരുന്നത്. തകര ഷീറ്റ് മേഞ്ഞ ഷെഡ്ഡില്‍ കാലാട്ടിയിരിക്കാന്‍ പാകത്തിലുള്ള പൊക്കത്തില്‍ പലകകള്‍ ഇരിപ്പിടമെന്നോ കിടപ്പിടമെന്നോ പറയാവുന്ന തരത്തില്‍ നിരത്തി ഉറപ്പിച്ചിരുന്നു. അലക്ഷ്യമായി കിടന്നിരുന്ന വലകളും ചൂണ്ടകളും ബക്കറ്റുമെല്ലാം ഒരു മൂലക്കായി നീക്കി വച്ച് പലകകള്‍ക്ക് മുകളില്‍ പത്രക്കടലാസ് വിരിച്ച് ഇരിപ്പിടമൊരുക്കി.

റഷീദലി കൈയില്‍ കരുതിയിരുന്ന സ്‌കോച്ച് തട്ടിപ്പുറത്ത് വച്ചപ്പോഴേക്കും സെയ്ഫ് ഇടുപ്പില്‍ നിന്നും ഒരു പൊതിയെടുത്തു നിവര്‍ത്തി. ഞായറാഴ്ച ദിവസം പതിവായി വീട്ടിലുണ്ടാക്കുന്ന പോത്ത് കറി ഒന്നു കൂടി വറ്റിച്ചെടുത്ത് വാഴയിലയില്‍ പൊതിഞ്ഞതായിരുന്നു അത്.

കായലില്‍ നിന്നും ചളിമണത്തോടെയുള്ള കാറ്റ് കരയിലേക്ക് വീശി. സെയ്ഫ് രണ്ടു ഗ്ലാസ്സെടുത്ത് മിനറല്‍ വാട്ടര്‍ ഒഴിച്ച് ലാമ്പിയെടുത്ത് കുപ്പിക്കടുത്തായി വച്ചു. റഷീദലി കുപ്പി പൊട്ടിച്ച് ഗ്ലാസുകളില്‍ ഒഴിച്ചു. വെയില്‍ ചരിഞ്ഞു പതിഞ്ഞ് തെങ്ങുകളുടെ മറവുകള്‍ക്കിടയിലൂടെ അവിടവിടെയായി ചിതറിക്കിടന്നു.

''നെനക്ക് കരുണാകരനെ ഓര്‍മ്മയില്ലേ?'' വിരലുകള്‍ക്കിടയില്‍ ഗ്ലാസ് ചുഴറ്റിക്കൊണ്ട് റഷീദലി ചോദിച്ചു.

ഒറ്റവലിയില്‍ ഗ്ലാസ് കാലിയാക്കി ഒരു കഷണം ഇറച്ചി ചവച്ചിറക്കി, ഇറച്ചിയുടെ എരിവിനെ ഉള്ളിലേക്ക് ഒരു ശബ്ദത്തോടെ വലിച്ചെടുത്ത് സെയ്ഫ് റഷീദലിയെ സംശയത്തോടെ നോക്കി.

''സ്‌കൂളില്‍ കണക്ക് പഠിപ്പിച്ചിരുന്ന കരുണാകരന്‍ സാറാണോ?''

അങ്ങനെയൊരാള്‍ കൂടി തങ്ങളുടെ ഓര്‍മ്മയില്‍ മറഞ്ഞു കിടപ്പുണ്ടായിരുന്നു എന്നതും സെയ്ഫ് ഇപ്പോഴും അവരെയൊക്കെ ഓര്‍ക്കുന്നു എന്നതും റഷീദലിയിയെ അതിശയിപ്പിച്ചു. ജുബ്ബയും മുണ്ടും ധരിച്ച് കറുത്ത പനംതട്ടിയില്‍ ചൂരലടിച്ച് ശബ്ദമുണ്ടാക്കിയാണ് കരുണാകരന്‍ സാര്‍ ക്ലാസിലേക്ക് വരാറുണ്ടായിരുന്നത്. സ്‌കൂളിലെ ഏക ആണ്‍ സാറായിരുന്നു അയാള്‍.

കരുണാകരന്‍ സാറിന്റെ തലവെട്ടം കണ്ടാല്‍ റ മാതൃകയിലുള്ള ക്ലാസ് റൂമുകളൊന്നാകെ നിശബ്ദമാകും. ഹവായി ചെരുപ്പ് ഉപ്പൂറ്റിയില്‍ തട്ടുന്ന ശബ്ദവും ചൂരല്‍ പനംതട്ടിയില്‍ അടിക്കുമ്പോഴുണ്ടാകുന്ന ശബ്ദവും മാത്രമായിരിക്കും ആ സമയം സ്‌കൂളിനുണ്ടാവുക. കരുണാകരന്‍ സാറിന്റെ ചൂരല്‍ പിന്നില്‍ പതിയാത്ത ആണും പെണ്ണും സ്‌കൂളില്‍ ഉണ്ടായിരുന്നില്ല.

ജീവിതത്തിലേക്ക് വന്നുപോയ മനുഷ്യരെ ഓര്‍ത്തുവയ്ക്കാന്‍ സെയ്ഫിന് വലിയ കഴിവാണ്. ഓരോ മനുഷ്യരുടേയും അടയാളങ്ങളും ചലനങ്ങളും വര്‍ഷങ്ങള്‍ കഴിഞ്ഞും സെയ്ഫ് വിശദീകരിക്കാറുണ്ട്.

''കരുണാകരന്‍ സാറല്ലെടാ... നമ്മുടെ ലീഡര്‍ കരുണാകരന്‍.'' റഷീദലി സെയ്ഫിനെ തിരുത്തി.

''മുഖ്യമന്ത്രിയായിരുന്ന കരുണാകരനോ?'' തനിക്കും റഷീദിനുമിടയില്‍ കരുണാകരന് എന്ത് കാര്യം എന്ന ഭാവം ആ ചോദ്യത്തിലുണ്ടായിരുന്നു.

കുപ്പി തുറന്ന് മൂന്നാമത്തെ പെഗ്ഗ് സെയ്ഫിന് നീട്ടിയ ശേഷം സ്വന്തം ഗ്ലാസ്സ് നിറക്കുകയായിരുന്നു റഷീദലി. കുറച്ചു മാത്രം അകലെ നിന്ന് വടക്കോട്ട് ഒരു ട്രയിന്‍ പാഞ്ഞു പോയി

''ഇന്റര്‍സിറ്റിയാകും.'' സെയ്ഫ് ആകാശത്തേക്ക് മലര്‍ന്ന് നോക്കിയ ശേഷം പറഞ്ഞു. തല അങ്ങനെ തന്നെ പിടിച്ച് ഗ്ലാസ് വായിലേക്ക് കമിഴ്ത്തി അതു കാലിയാക്കിയ ശേഷമാണ് തല താഴ്ത്തിയത്.

''കരുണാകരന്‍ സാറിന് ഒരു കാറുണ്ടായിരുന്നു. പള്ളിപ്പുറത്ത് മറിഞ്ഞത്. അതുപോലൊന്ന് ഒപ്പിക്കണം.''

റഷീദലി പറഞ്ഞത് പൂര്‍ണ്ണമായും മനസ്സിലാകാതെ സെയ്ഫ് ചോദ്യരൂപേണ നോക്കി. വെയിലിന്റെ അവസാന അവശേഷിപ്പും ഒഴിഞ്ഞ് ഇരുട്ടും വെളിച്ചവുമല്ലാത്ത സമയമായിരുന്നു അന്നേരം. അതുവരെയും ഇടക്കിടെ വീശിയടിച്ചിരുന്ന കാറ്റും വിശ്രമത്തിലായി.

''വാപ്പിച്ചിയുടെ കാര്യം നിനക്കറിയാലോ. തിരിച്ചുപോകാന്‍ നേരം വാപ്പി ഉണ്ടാകും എന്ന ഉറപ്പൊന്നുമില്ല.''

സെയ്ഫ് ദീര്‍ഘനിശ്വാസമെടുത്ത ശേഷം ഒന്ന് മൂളുക മാത്രം ചെയ്തു.

3

പുല്‍പ്പായയില്‍ തൊണ്ണൂറ് ഡിഗ്രിയില്‍ ചരിഞ്ഞു കിടന്ന റഷീദലിയെ തട്ടിയുണര്‍ത്തി അടുക്കളയിലേക്ക് വിട്ടശേഷം എറമ്പില്‍ നിന്നും വീഴുന്ന വെള്ളം പിടിക്കാനായി കുത്തിപ്പോണി ചരുവവുമായി വീടിന്റെ മുന്നിലേക്ക് വന്നതായിരുന്നു റംലത്ത്.

നീണ്ട വരാന്തയില്‍ ശരീരമാകെ ചളി പുരണ്ട് നനഞ്ഞു കുഴഞ്ഞിരിക്കുന്ന അസനാറിനെക്കണ്ട് അവരമ്പരന്നു നിലവിളിച്ചു. അതിനോളം ഒച്ചയില്‍ കുത്തിപ്പോണി ചരുവം തിണ്ണയില്‍ നിന്നും തെറിച്ച് മഴയിലേക്ക് വീണു. ഉമ്മായുടെ നിലവിളികേട്ട് വടക്കേപ്പുറത്തെ തിണ്ണയുടെ ഒരറ്റത്ത് നിന്ന് മഴ വെള്ളത്തിലേക്ക് മൂത്രം പതപ്പിച്ചൊഴിക്കുകയായിരുന്ന റഷീദലിയും സ്‌കൂളില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്ന റംസിയും ഉമ്മറത്തേക്ക് ഓടിയെത്തി. തിണ്ണയില്‍ കുഴഞ്ഞിരിക്കുന്ന ബാപ്പയേയും അരികില്‍ അങ്കലാപ്പോടെയിരിക്കുന്ന ഉമ്മയേയും കണ്ട് റംസി കരയാന്‍ തുടങ്ങി. ഒഴിച്ചു തീരാത്ത മൂത്രത്തുള്ളികള്‍ നിക്കറിലും കാലിലുമായി ഒലിച്ചിറങ്ങിയത് എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയായിരുന്നു റഷീദലി.

''കരുണാകരന്‍ സാറിന്റെ കാറ് മറിഞ്ഞ്, പോലീസാരൊക്കെ ചേര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയിരിക്കേണ്.'' കിതപ്പിനും വിതുമ്പലിനും ഇടയിലൂടെ അസനാര്‍ പറഞ്ഞവസാനിക്കുമ്പോള്‍ റഷീദലി കുടുക്കഴിഞ്ഞ നിക്കറും വാരിപ്പിടിച്ച് മുട്ടിനിന്ന മൂത്രം ബാക്കിയൊഴിക്കാന്‍ അടുക്കള ഭാഗത്തേക്കോടി.

അസനാരുടെ കുടുംബത്തില്‍ ഏറെയും കമ്മ്യൂണിസ്റ്റുകാര്‍ ആയിരുന്നെങ്കിലും കരുണാകരനോടായിരുന്നു അസനാര്‍ക്ക് പ്രിയം. മൂത്ത സഹോദരന്‍ പഞ്ചായത്തിലേക്ക് സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിച്ചപ്പോഴും കരുണാകരനോടുള്ള ഇഷ്ടം കാരണം ബാപ്പ കൈപ്പത്തിക്ക് വോട്ടു കുത്തി. ഒറ്റ വോട്ടിന് മൂത്ത സഹോദരന്‍ തോല്‍ക്കുകയും പഞ്ചായത്ത് ഭരണം കോണ്‍ഗ്രസുകാര്‍ കൊണ്ടു പോവുകയും ചെയ്തതോടെ മൂത്താപ്പ അസനാരോട് മിണ്ടാതായി. മൂത്ത സഹോദരന്റെ മരണം വരെയും അവര്‍ തമ്മില്‍ മിണ്ടിയിട്ടില്ല. അസനാരുടെ രാഷ്ട്രീയം എന്നാല്‍ കരുണാകരന്‍ എന്നാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നിട്ടും പിണക്കം മാറ്റാന്‍ തയ്യാറായില്ല.

നെടുമ്പാശ്ശേരിയില്‍ നിന്നും തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഹൈവേയിലൂടെ പറക്കുന്ന സ്റ്റാന്‍ഡേര്‍ഡ് 2000 മോഡല്‍ വെളുത്ത കാര്‍ മംഗലപുരത്ത് എത്തുമ്പോള്‍ അത് കാണാന്‍ അസനാര്‍ തയ്യാറായി നില്‍ക്കും. കാറിന്റെ പിന്‍ സീറ്റില്‍ ചാരിയിരുന്ന് മയങ്ങുന്ന രൂപത്തെ മിന്നായം പോലെ കാണുന്നതില്‍ അയാള്‍ക്ക് കിട്ടുന്ന സന്തോഷം മറ്റൊന്നിലും കിട്ടിയിരുന്നില്ല. ഏത് നേരത്തായാലും ആ കാര്‍ ഹൈവേ കടന്നുപോയാല്‍ കാണാന്‍ അസനാര്‍ റോഡരികിലുണ്ടാകും.

കൊല്ലം കഴിഞ്ഞതെയുള്ളൂ എന്ന് പോലീസുകാര്‍ വന്നു പറയുമ്പോള്‍ അസനാര്‍ കട്ടന്‍ ചായയയ്ക്കുള്ള വെള്ളം തിളപ്പിക്കുകയായിരുന്നു. ചില്ലുകുപ്പിയില്‍ കവര്‍ പൊട്ടിച്ചിട്ടിരുന്ന പാര്‍ലെ ജി ബിസ്‌ക്കറ്റും കട്ടനും പോലീസുകാര്‍ക്ക് മാത്രം സൗജന്യമാണ്. കരുണാകരന്‍ അതുവഴി വരുന്ന സമയം അസനാര്‍ക്ക് പറഞ്ഞുനല്‍കുന്നതിന് പകരമാണത്. പോലീസുകാരും അസനാറും തമ്മില്‍ സൗഹൃദമാകുന്നത് അങ്ങനെയാണ്.

ആറ്റിങ്ങലെത്തി എന്ന അറിയിപ്പ് കിട്ടിയപ്പോള്‍ പോലീസുകാര്‍ ജംഗ്ഷനിലേക്ക് നീങ്ങി. അസനാര്‍ ഗ്ലാസുകള്‍ തട്ടിന്മേല്‍ വച്ച് റോഡിലേക്കിറങ്ങി നിന്നു. ആറ്റിങ്ങലില്‍ നിന്നും മംഗലപുരം കടക്കാന്‍ പത്തുമിനിറ്റാണ് കണക്ക്. മഞ്ഞവെളിച്ചത്തില്‍ പാഞ്ഞുപോയ കാറിനുള്ളില്‍ കരുണാകരന്‍ കണ്ണടച്ചു മയങ്ങുന്നത് എന്നത്തേയും പോലെ അസനാര്‍ കണ്ടു.

എല്ലാം ഒതുക്കിവച്ച് കട പൂട്ടാനുള്ള തയ്യാറെടുപ്പിനിടയിലാണ് പോലീസുകാര്‍ ബഹളം വച്ച് ഓടുന്നത് കണ്ടത്.

''സാറിന്റെ കാര്‍ കുഴിയില്‍ വീണു.'' എന്നൊരാള്‍ വിളിച്ചു പറഞ്ഞു.

''ലാ ഹൗല വലാ കുവ്വത്ത ഇല്ലാ ബില്ലാ'' പടച്ചോനെ വിളിച്ചുകൊണ്ട് അസനാര്‍ അവരുടെ പിന്നാലെ ഓടി.

കുഴിയിലേക്ക് മറിഞ്ഞ കാറില്‍ നിന്നും കരുണാകരന്റെ ശരീരം പോലീസുകാര്‍ താങ്ങിയെടുക്കുമ്പോള്‍ അസനാര്‍ നിലവിളിയോടെ തറയിലിരുന്നുപോയി.

പോലീസുകാരാണ് അസനാറിനെ ആശ്വസിപ്പിച്ച് വീട്ടിലേക്കയച്ചത്. അസനാര്‍ വീട്ടിലെത്തിയപ്പോഴും കട പൂട്ടാന്‍ മറന്ന കാര്യം ഓര്‍മയിലേക്ക് വന്നില്ല. അതിനു ശേഷം അസനാര്‍ കരുണാകരനെ കാത്ത് നിന്നിട്ടില്ല.

4

''ഒരെണ്ണം മധുരയില്‍ നിന്നും കിട്ടിയിട്ടുണ്ട്. കണ്ടീഷന്‍ എങ്ങനെയെന്നൊന്നും അറിയില്ല. പോയി നോക്കണം. സുരേഷിന്റെ കെയ്‌റോഫില്‍ വന്നതാണ്.'' സെയ്ഫ് വിളിക്കുമ്പോള്‍ റഷീദലി അസനാറിനെ പതിവ് പരിശോധനക്കായി ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള ഒരുക്കത്തിലായിരുന്നു.

വണ്ടി കച്ചോടമാണ് സുരേഷിന്റെ പരിപാടി. പഴയത് എടുത്ത് പണിതീര്‍ത്ത് മിനുക്കി വില്‍ക്കും. ചില വണ്ടികള്‍ സെയ്ഫിന്റെ വര്‍ക്ക്‌ഷോപ്പിലും കൊടുക്കാറുണ്ട്. ഉമ്മയെയും വാപ്പയെയും കാറിന്റെ പുറകിലിരുത്തി റഷീദലി സെയ്ഫിനോടു ഫോണില്‍ സംസാരിച്ചു.

''ചെലവ് വരും. റണ്ണിംഗ് കണ്ടീഷന്‍ അല്ലെങ്കില്‍ മെനക്കേടാണ്.''

''അതിപ്പോള്‍ നീ നോക്കണ്ട, സാധനം എത്തിക്ക്.''

''മറ്റന്നാള്‍ ഞാനും സുരേഷും മധുരയ്ക്ക് പോകുന്നുണ്ട്. സ്‌ക്രാപ്പ് അല്ലെങ്കില്‍ ഐറ്റം ഇങ്ങെത്തും.''

സെയ്ഫിനോട് മറ്റൊന്നും പറയാതെ സംസാരം മുറിച്ചു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയില്‍ റഷീദലി റിയര്‍ വ്യൂ മിററിലൂടെ പുറകിലിരിക്കുന്ന വാപ്പിയെ നോക്കി. അഴിച്ചെടുക്കുന്തോറും അറ്റുപോകുന്ന ഓര്‍മ്മകളുടെ കുരുക്കിനെ ഇഴ പൊട്ടാതെ നോക്കാന്‍ ആ മനുഷ്യന്‍ പെടാപ്പാട് പെടുകയാണ്. റംസിത്തായെ ഒട്ടും ഓര്‍മ്മയില്ല എന്നപോലെയാണ് കുറച്ച് നാളുകളായി പെരുമാറ്റം. വാപ്പിയെ കാണുമ്പോഴുള്ള സങ്കടത്തിലെ അലകളെ നിയന്ത്രിക്കാന്‍ അവള്‍ക്കും കഴിയാറില്ല. റഷീദലിയെ വിളിച്ചിട്ട് കിട്ടാത്തതുകൊണ്ട് സജ്‌നയുടെ ഫോണില്‍ വിളിച്ചാണ് റംസി സംസാരിച്ചത്. സംസാരിച്ചതിനേക്കാള്‍ കൂടുതല്‍ സമയം അവള്‍ കരയുകയായിരുന്നു. നാട്ടിലേക്ക് ഫ്‌ളൈറ്റ് കയറാന്‍ കാരണവും അതായിരുന്നു. ഉമ്മായെക്കൊണ്ട് ഒറ്റക്ക് സാധിക്കില്ല. റംസിത്തയെ വാപ്പി അടുപ്പിക്കുന്നുമില്ല.

കുട്ടികള്‍ക്ക് പരീക്ഷയായതുകൊണ്ടും സ്‌കൂളിലെ ഹാജര്‍ ഒഴിവാക്കാന്‍ കഴിയാത്തതുകൊണ്ടും സജ്‌നയും കുട്ടികളും ദുബൈയില്‍ തന്നെ തുടര്‍ന്നു. ഒറ്റയ്ക്ക് കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാവാത്തതിന്റെ പരിഭവം പരാതിയായി വന്നു തുടങ്ങിയിട്ടുണ്ട്. പരിഭവങ്ങള്‍ വാപ്പിയെപ്പറ്റിയുള്ള അന്വേഷണത്തിന്റെയവസാനം ദീര്‍ഘനിശ്വാസത്തില്‍ ഒടുങ്ങുകയും ചെയ്യും.

വാപ്പി പുറത്തേക്ക് നോക്കിയിരിക്കുകയാണ്. വലം കൈയില്‍ ഉമ്മ അമര്‍ത്തിപ്പിടിച്ചിട്ടുണ്ട്. ഉമ്മയെ ഓര്‍മ്മയുണ്ടോ എന്ന് അറിയില്ല. എന്നാലും ഉമ്മയോടും റഷീദലിയോടും മാത്രമേ വാപ്പി തിരിച്ചറിയുന്നതിന്റെ തലയാട്ടല്‍ നടത്താറുള്ളൂ. അതൊരു നുണയാണ് എന്ന് റഷീദലിക്ക് പലപ്പോഴും തോന്നാറുണ്ട്.

മൂന്നുമാസത്തെ അവധിയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മൂന്നാഴ്ചയോളമായി നാട്ടിലെത്തിയിട്ട്. അടുത്ത മാസം സജ്‌നയും കുട്ടികളും വരും. കുട്ടികള്‍ക്ക് വാപ്പുപ്പയെ തിരിച്ചറിയാം.

കുട്ടികളെ തിരിച്ചറിയാത്ത വാപ്പുപ്പയെ അവരെങ്ങനെ ഉള്‍ക്കൊള്ളുമെന്നോര്‍ത്തപ്പോഴേക്കും കാര്‍ ഹോസ്പിറ്റല്‍ ഗേറ്റ് കടന്നു. ഹോസ്പിറ്റലില്‍ നിന്നും മരുന്നുകള്‍ വാങ്ങിച്ചിറങ്ങിയ ശേഷം കാറില്‍ കയറും മുമ്പ് സെയ്ഫിന്റെ നമ്പറിലേക്ക് മുപ്പതിനായിരം രൂപ ഗൂഗിള്‍ പേ ചെയ്തു.

കാറില്‍ കയറിയതും ഉമ്മ കരയാന്‍ തുടങ്ങി. ഉമ്മ കരയുന്നതൊന്നും വാപ്പി അറിയുന്നുണ്ടായിരുന്നില്ല. ഉമ്മയുടെ കരച്ചില്‍ പതിയെ താഴ്ന്നു തുടങ്ങി. ഇടയ്ക്ക് മൂക്ക് ചീറ്റിയും തേങ്ങിയും മഴ തോര്‍ച്ച പോലെ അവസാനിച്ചു.

''നമുക്കൊരാളെ സഹായത്തിന് നിര്‍ത്താം.'' ഹോസ്പിറ്റലിന് മുന്നിലെ സിഗ്‌നലില്‍ പച്ചവെളിച്ചം കാത്തു കിടക്കുന്നതിനിടയില്‍ റഷീദലി പറഞ്ഞു.

''വേണ്ട. ഞാന്‍ നോക്കിക്കോളാം. ഇടയ്ക്ക് റംസി വരുന്നുണ്ടല്ലോ.''

''ഉമ്മായെക്കൊണ്ട് ഒറ്റയ്ക്ക് പറ്റൂലുമ്മാ!'' പച്ച ലൈറ്റ് കത്തി കാര്‍ മുന്നോട്ടെടുത്തതും റഷീദലിയും വിതുമ്പിപ്പോയി. മകനില്‍ നിന്നും അങ്ങനെയൊരു സങ്കടം ആ ഉമ്മ പ്രതീക്ഷിച്ചിരുന്നില്ല.

കരുണാകരന്റെ കാര്‍ മംഗലപുരത്ത് മറിഞ്ഞ ദിവസം ഉമ്മായുടെ നെഞ്ചിലേക്ക് ചായ്ഞ്ഞ് പൊട്ടിക്കരഞ്ഞ വാപ്പിയെ റഷീദലിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. ഉമ്മയ്ക്കും ഓര്‍മ്മയുണ്ടാകണം. ഉമ്മയുടെ ഇടം കൈ വാപ്പിയുടെ വലംകൈയില്‍ അമര്‍ത്തിപ്പിടിച്ചിട്ടുണ്ടായിരുന്നു. അന്നേരവും അസനാര്‍ ഓര്‍മ കൈവിട്ട് പുറത്തെ കാഴ്ചകളില്‍ അലിഞ്ഞിരിക്കുകയായിരുന്നു.

5

റഷീദലി എല്ലാ ദിവസവും സ്‌കൂളില്‍ നിന്നും വാപ്പിയുടെ കടയില്‍ ചെന്നാണ് ഊണുകഴിക്കാറുള്ളത്. ഊണ് കഴിച്ചു തിരിച്ചു വരുമ്പോള്‍ പോക്കറ്റില്‍ പാരീസ് മുട്ടായിയോ ലാക്ടോ കിംഗോ ഉണ്ടാകും. അത് സെയ്ഫിന് വേണ്ടിയുള്ളതാണ്. പാരീസ് മുട്ടായി അലിഞ്ഞു തീര്‍ന്നാലും അതിന്റെ മണം ഉള്ളില്‍ നിറഞ്ഞു നില്‍ക്കും.

''വാപ്പിയുടെ കാര്യം നിനക്കറിയാലോ?'' വിദേശത്ത് നിന്നു കൊണ്ടുവരുന്ന സ്‌കോച്ച് ആയാലും പഴയ പാരീസ് മുട്ടായി ആയാലും അത് സെയ്ഫിന് വേണ്ടി മാത്രം കൊണ്ടുവരുന്നതാണ്.

''വാപ്പിയുടെ ഓര്‍മ്മയിലിപ്പോഴും ബാക്കിയുള്ളത് ആ കാറാണ്. പത്രത്തില്‍ വന്ന പടവും നോക്കി ഏറെ നേരമിരിക്കും. ആ കാറില്‍ കരുണാകരന്റെ ഒപ്പം യാത്ര ചെയ്യുന്നത് ഒരുപാട് സ്വപ്നം കണ്ടിട്ടുള്ള മനുഷ്യനാണ്. പടച്ചോന്റെ വിളിക്ക് മുമ്പ് അതുപോലൊരു കാറില്‍ വാപ്പിയെ കൊണ്ടുപോകണം എന്നൊരാഗ്രഹം.''

റഷീദലി കരയുകയാണോ എന്ന് സെയ്ഫ് സംശയിച്ചു. ഒഴിഞ്ഞ കുപ്പി കായലിലേക്ക് വലിച്ചെറിഞ്ഞ് സെയ്ഫ് റഷീദലിയുടെ കൈപിടിച്ചു.

''നീ വാ...''

മധുരയില്‍ നിന്നെത്തിച്ച സ്റ്റാന്‍ഡേര്‍ഡ് 2000 കാര്‍ പണി തീര്‍ക്കാന്‍ ആഴ്ചകളെടുത്തു. വെളുത്ത നിറമുള്ള പെയിന്റില്‍ അത് പുതുമണവാട്ടിയെപ്പോലെ തിളങ്ങി. മുരുക്കുംപുഴയില്‍ നിന്നും വന്ന കാര്‍ മംഗലപുരം ജംഗ്ഷനില്‍ പോലീസുകാരന്റെ സിഗ്‌നല്‍ കാത്തുനിന്നു. ഹൈവേയിലെ തിരക്കൊഴിഞ്ഞപ്പോള്‍ വലത്തേക്ക് തിരിഞ്ഞ് പള്ളിപ്പുറം ഭാഗത്തേക്ക് നീങ്ങി.

ഗേറ്റ് കടന്ന് മുറ്റത്തേക്ക് കയറുന്ന കാറിനെ ചാരുകസേരയില്‍ കിടക്കുകയായിരുന്ന അസനാര്‍ കണ്ടു. പുത്തന്‍ മുണ്ടും വെളുത്ത ജുബ്ബയും ധരിച്ച് തലപ്പാവ് കെട്ടി മുറ്റത്തേക്കിറങ്ങി. കാറിന്റെ പിന്‍ സീറ്റിലിരുന്ന് കരുണാകരന്‍ കൈയാട്ടി വിളിച്ചു. അസനാര്‍ അകത്തേക്ക് കയറി.

കരുണാകരന്‍ അസനാറിനെ നോക്കി ചിരിച്ചു. കരുണാകരന് മാത്രമുള്ള ചിരി.

ഗേറ്റു കടന്നെത്തിയ ആളുകള്‍ക്കിടയിലൂടെ കാറില്‍ അസനാരും കരുണാകരനും ഹൈവേയിലേക്ക് ഇറങ്ങി പതിവ് വേഗത്തില്‍ പാഞ്ഞു.

 

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

Read more Articles on
click me!

Recommended Stories

'കാശ് താടാ...'; കാർ റേസ് പന്തയത്തിൽ തോറ്റു, പണം കൊടുക്കാൻ തയ്യാറാകാത്ത ഇന്ത്യക്കാരന് പൊതിരെതല്ല്, വീഡിയോ
ബ്രാന്‍റ് ഷൂട്ടിംഗിനിടെ ശരീരത്തിൽ സ്പർശിച്ചു, തുറിച്ച് നോക്കി; മോണിക്ക, മധ്യവയസ്കനെ തല്ലുന്ന വീഡിയോ വൈറൽ, പിന്നാലെ വിമ‍ർശനം