
ബംഗ്ലാദേശിയായ ഉള്ളടക്ക സൃഷ്ടാവും ഇന്‍റഫ്ലുവൻസറുമായ മോണിക്ക കബീർ, ലിറ ഇംപോർട്ട് ബ്രാൻഡിന്‍റെ ഷൂട്ടിംഗിനിടെ ബംഗ്ലാദേശിലെ തിരക്കേറിയ ഒരു നഗരത്തിൽ വച്ച് ഒരാളെ ഇടിക്കുകയും തല്ലുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതോടെ വൈറലായി. ഷൂട്ടിനിടെ തന്‍റെ സഞ്ചിയും തോളിതൂക്കി പോവുകയായിരുന്നയാൾ യുവതിയെ സ്പർശിച്ചെന്ന് ആരോപിച്ചാണ് തല്ലിയത്. ഇതോടെ സമൂഹ മാധ്യമ ഉപയോക്താക്കൾ ചേരി തിരിഞ്ഞ് കുറിപ്പുകളുമായെത്തി.
സംഭവത്തിന്‍റെ നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പട്ടത്. ചില വീഡിയോകൾ ചില ഭാഗങ്ങൾ ഒഴിവാക്കിയാണ് പങ്കുവയ്ക്കപ്പെട്ടത്. അതേസമയം മോണിക്ക കബീർ പങ്കുവച്ച വീഡിയോയിൽ തിരക്കേറിയ നരഗമധ്യത്തിൽ വച്ച് ബ്രാന്‍റ് ഷൂട്ടിംഗിനിടെ മധ്യവയസ്കനായൊരാൾ തോളിൽ സഞ്ചിയും തൂക്കി പോകുന്നതിനിടെ മോണിക്കയുടെ ശരീരത്തിൽ സ്പർശിക്കുകയും അവരെ രൂക്ഷമായി നോക്കുകയും ചെയ്യുന്നത് കാണാം. തൊട്ടടുത്ത നിമിഷം മോണിക്ക ഇയാളെ തന്‍റെ കൈയിലെ ബാഗ് വച്ച് അക്രമിക്കുന്നു. ഈ സമയം ഇയാൾ മുന്നോട്ട് പോകാൻ ശ്രമിച്ചെങ്കിലും മോണിക്ക ഇയാളെ പിന്തുടർന്ന് തല്ലുന്നത് വീഡിയോയിൽ കാണാം. ഇതിനിടെ ഷൂട്ടിംഗിന്‍റെ ആളുകൾ വന്ന് ഇയാളെ അവിടെ നിന്നും മാറ്റുന്നു. ഈ സമയം കാറ്റ് വാക്കിൽ തിരിച്ച് വരുന്ന മോണിക്ക കാമറയെ നോക്കി ഫ്ലൈയിംഗ് കിസ് നൽകുന്നതും വീഡിയോയിൽ കാണാം.
വീഡിയോ വൈറലായതിന് പിന്നാലെ ഇത് സ്റ്റേജ്ഡ് ആണോ അതോ യഥാർത്ഥത്തിൽ സംഭവിച്ചതാണോയെന്ന സംശയത്തിലായി സമൂഹ മാധ്യമ ഉപയോക്താക്കൾ. സംഗതി എന്താണെങ്കിലും അത്രയും ആളുകളുടെ മുന്നിൽ വച്ച് അയാളെ തല്ലിയത് ശരിയായില്ലെന്ന് ചിലർ കുറിച്ചു. എന്നാൽ, അയാൾ അനുചിതമായി മോണിക്കയെ സ്പർശിച്ചെന്നും അയാൾ തല്ല് ആർഹിക്കുന്നുണ്ടെന്നും മറ്റ് ചിലരും ചൂണ്ടിക്കാട്ടി. "സൗന്ദര്യം ധൈര്യത്തെ കണ്ടുമുട്ടുന്നിടത്ത്. ആത്മവിശ്വാസത്തോടെ നിങ്ങളുടെ ദിവസത്തിലേക്ക് ചുവടുവെക്കൂ!"" എന്ന കുറിപ്പോടെയാണ് മോണിക്ക വീഡിയോ പങ്കുവച്ചത്. ഇത് ബ്രാന്‍റിംഗിന് വേണ്ടി ചിത്രീകരിക്കപ്പെട്ടതാണെന്ന സംശയം ബലപ്പെടുത്തി. അതേസമയം അയാളെ തല്ലിയ ശേഷം മോണിക്ക ക്യാറ്റവാക്ക് നടത്തിയതും കാമറയെ നോക്കി ഫ്ലൈയിംഗ് കിസ് നൽകിയതും മറ്റ് ചിലർ ചൂണ്ടിക്കാട്ടി. അയാൾ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ മോണിക്കയല്ല ശിക്ഷ വിധിക്കേണ്ടതെന്നും അതിനാണ് പോലീസും കോടതിയുമെന്നും മറ്റ് ചിലർ ചൂണ്ടിക്കാട്ടി. അതേസമയം മധ്യവയസ്കന്‍റെ നോട്ടവും സ്പർശവും അത്ര ഉചിതമായതായിരുന്നില്ലെന്ന് മറ്റ് ചിലരും കുറിച്ചു.