സ്കൂളുകളിൽ ഇനി മൊബൈൽ വേണ്ട, കർശന നിർദേശവുമായി ചൈന

By Web TeamFirst Published Feb 4, 2021, 11:35 AM IST
Highlights

ചൈനയിലെ പല സ്കൂളുകളും ഇതിനകം തന്നെ മൊബൈൽ ഫോണുകളുടെ ഉപയോഗം നിയന്ത്രിച്ചിട്ടുണ്ട്. നിയമം ലംഘിച്ച വിദ്യാർത്ഥികളുടെ ഫോണുകൾ അവരുടെ മുന്നിൽ വച്ച് തന്നെ എറിഞ്ഞു തകർത്ത കേസുകളും ഉണ്ടായിട്ടുണ്ട്.

ചൈനയിലെ സ്കൂളുകളിൽ ഇനി മുതൽ കുട്ടികൾക്ക് മൊബൈൽ ഫോൺ കൊണ്ടുവരാൻ അനുവാദമില്ല. ഇനി കൊണ്ടുവരണമെങ്കിൽ തന്നെയും രക്ഷാകർത്താവിന്റെ രേഖാമൂലമുള്ള അനുമതി വേണം. അപേക്ഷ അനുവദിച്ചാലും, ഫോൺ സ്കൂൾ അധികൃതരുടെ കൈവശം തന്നെയാകും. രക്ഷാകർത്തക്കളെ ബന്ധപ്പെടാനോ മറ്റ് അത്യാവശ്യങ്ങൾക്കോ മാത്രം ഫോൺ വിദ്യാർത്ഥിയുടെ കൈയിൽ കൊടുക്കും. അപ്പോഴും ക്ലാസ്റൂമുകളിൽ പൂർണനിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കുട്ടികളുടെ കാഴ്ചശക്തി സംരക്ഷിക്കുന്നതിനും, ഏകാഗ്രത മെച്ചപ്പെടുത്തുന്നതിനും, ഇന്റർനെറ്റ് ആസക്തി തടയുന്നതിനും വേണ്ടിയാണ് ഈ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കുട്ടികളുമായി ആശയവിനിമയം നടത്താൻ മാതാപിതാക്കൾ മറ്റ് വഴികൾ കണ്ടെത്തണമെന്ന് സർക്കാർ പറയുന്നു. ഈ വിധി പ്രായോഗികമാണോ എന്നതിനെക്കുറിച്ച് മാതാപിതാക്കൾക്കിടയിൽ ചൂടേറിയ ചർച്ചകൾ നടക്കുന്നതായി രാജ്യത്തെ പത്രങ്ങളിലൊന്നായ 'ചൈന ഡെയ്‌ലി' റിപ്പോർട്ട് ചെയ്യുന്നു.

ചൈനയിലെ ബഹുഭൂരിപക്ഷം കുട്ടികളും കൗമാരക്കാരും സ്വന്തമായി സ്മാർട്ട്‌ഫോണുള്ളവരാണ്. അതുവഴിയാണ് അവർ ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. 18 വയസ്സിന് താഴെയുള്ളവരിൽ 74 ശതമാനവും സ്വന്തമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണ് എന്നാണ് സർക്കാർ അനുബന്ധ ചൈന ഇന്റർനെറ്റ് നെറ്റ്‌വർക്ക് ഇൻഫർമേഷൻ സെന്റർ പറയുന്നത്. ഇങ്ങനെ പോയാൽ ഇത് എവിടെ ചെന്നവസാനിക്കും എന്ന ആശങ്കയിലാണ് അധികാരികൾ. ചൈനയിൽ കുട്ടികൾക്കിടയിൽ കാഴ്ചയുടെ പ്രശ്‍നങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഗെയിമിംഗ് പ്രവണതയാണ് ഇതിനൊരു പ്രധാന കാരണം എന്ന് തിരിച്ചറിഞ്ഞ അധികൃതർ 2018 -ൽ ഗെയിമിംഗ് വ്യവസായത്തെ നിയന്ത്രിക്കുന്നതിനുള്ള മാർ​ഗങ്ങൾ കൊണ്ടുവന്നിരുന്നു. ഗെയിമിംഗ് ആസക്തി മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയും അവർ ഉയർത്തി കാട്ടി. പിന്നത്തെ വർഷം 18 വയസ്സിന് താഴെയുള്ളവർക്ക് കടുത്ത നിയന്ത്രണം സർക്കാർ ഏർപ്പെടുത്തി. കുട്ടികൾക്ക് കളിക്കാനുള്ള സമയം ആഴ്ചയിൽ 90 മിനിറ്റും, വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും മൂന്ന് മണിക്കൂറും മാത്രമായി അധികൃതർ പരിമിതപ്പെടുത്തി.

ചൈനയിലെ പല സ്കൂളുകളും ഇതിനകം തന്നെ മൊബൈൽ ഫോണുകളുടെ ഉപയോഗം നിയന്ത്രിച്ചിട്ടുണ്ട്. നിയമം ലംഘിച്ച വിദ്യാർത്ഥികളുടെ ഫോണുകൾ അവരുടെ മുന്നിൽ വച്ച് തന്നെ എറിഞ്ഞു തകർത്ത കേസുകളും ഉണ്ടായിട്ടുണ്ട്. മൊബൈൽ ഫോൺ നിരോധനം ചൈനയിലും സോഷ്യൽ മീഡിയയിലും ഒരു പ്രധാന വാർത്തയായി മാറിയിരിക്കയാണ്. ആയിരക്കണക്കിന് ആളുകൾ ഇത് സോഷ്യൽ മീഡിയ സൈറ്റായ വെയ്‌ബോയിൽ ചർച്ച ചെയ്യുന്നു. ഏകദേശം 27,000 -ത്തോളം ആളുകൾ പങ്കെടുത്ത ഒരു ഓൺലൈൻ വോട്ടെടുപ്പിൽ, ഭൂരിഭാഗം പേരും പുതിയ നിയമങ്ങളുടെ ആവശ്യമില്ലെന്നാണ് അഭിപ്രായപ്പെട്ടത്. കാരണം കുട്ടികൾ സ്കൂളിൽ ഇല്ലാതിരിക്കുന്ന സമയം ഫോണുകൾ അമിതമായി ഉപയോഗിക്കാമെന്നും, സ്കൂളിൽ മാത്രം നിരോധിച്ചിട്ട് കാര്യമില്ലെന്നും അവർ ചൂണ്ടിക്കാട്ടി. എന്ത് തന്നെയായാലും, മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗം കുട്ടികളിൽ ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാകുമെന്നതിൽ സംശയമില്ല.  

click me!