
സ്വയംപര്യാപതതയെ സൂചിപ്പിക്കുന്ന 'ആത്മനിർഭരത' (Atmanirbharta) എന്ന വാക്ക് 2020 -ലെ ഹിന്ദി വാക്കായി ഓക്‌സ്‌ഫോർഡ് ലാംഗ്വേജ് നാമകരണം ചെയ്തു. മഹാമാരിയെ കൈകാര്യം ചെയ്യുകയും അതിജീവിക്കുകയും ചെയ്ത എണ്ണമറ്റ ഇന്ത്യക്കാരുടെ ദൈനംദിന നേട്ടങ്ങൾക്കുള്ള ഒരു അംഗീകാരമെന്ന നിലയിലാണ് ഇത് തിരഞ്ഞെടുക്കപ്പെട്ടത്. ഭാഷാ വിദഗ്ധരായ കൃതിക അഗർവാൾ, പൂനം നിഗം സഹായ്, ഇമോജൻ ഫോക്സൽ എന്നിവരുടെ ഉപദേശക സമിതിയാണ് ഈ വാക്ക് തെരഞ്ഞെടുത്തത്.
കൊവിഡിന്റെ തുടക്കത്തിൽ മഹാമാരിയെ അതിജീവിച്ച് സമ്പദ്‌വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതിയാണ് ‘ആത്മനിർഭർ’. പകർച്ചവ്യാധിയുടെ ആദ്യ മാസങ്ങളിൽ അദ്ദേഹം ഈ പദ്ധതി പ്രഖ്യാപിച്ചപ്പോൾ, രാജ്യമെന്ന നിലയിലും, വ്യക്തികൾ എന്ന നിലയിലും സ്വയം പര്യാപതത നേടേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയുണ്ടായി എന്ന് ഓക്സ്ഫോർഡ് ലാംഗ്വേജ് പ്രസ്താവനയിൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ ആ പ്രസംഗത്തെത്തുടർന്ന് ‘ആത്മനിർഭരത’ എന്ന വാക്കിന്റെ ഉപയോഗത്തിൽ വൻ വർധനയുണ്ടായി. ഇത് ഇന്ത്യയിലെ പൊതു നിഘണ്ടുവിൽ ഒരു പദസമുച്ചയമായും ആശയമായും മാറിയത് അതിന്റെ വർദ്ധിച്ച പ്രാധാന്യത്തെ എടുത്തുകാണിക്കുന്നുവെന്നും അവർ പറഞ്ഞു.
ഇന്ത്യയിൽ കൊവിഡ് -19 വാക്സിൻ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്നതാണ് ‘ആത്മനിർഭർ’പദ്ധതിയുടെ എടുത്തുപറയേണ്ട വിജയങ്ങളിൽ ഒന്ന്. റിപ്പബ്ലിക് ദിന പരേഡിൽ ബയോടെക്നോളജി വകുപ്പ് ആത്‌മനിർഭർ ഭാരത് പ്രചാരണത്തെ ഉയർത്തിക്കാട്ടുകയും കൊവിഡ് -19 വാക്‌സിൻ വികസന പ്രക്രിയയെ രാജ്പഥിലെ ടാബ്ലോ പട്ടികയിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. കടന്നുപോകുന്ന വർഷത്തിലെ പ്രാധാന്യം, മാനസികാവസ്ഥ എന്നിവ പ്രതിഫലിപ്പിക്കുന്നതിനും സാംസ്കാരിക പ്രാധാന്യമുള്ളതുമായ ഒരു വാക്ക് അല്ലെങ്കിൽ പദപ്രയോഗമാണ് ഓക്സ്ഫോർഡ് ഹിന്ദി പദം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ആധാർ, നാരീ ശക്തി, സംവിധാൻ എന്നിവയാണ് മുൻവർഷങ്ങളിൽ ഇടംപിടിച്ച മറ്റ് ഹിന്ദി വാക്കുകൾ.