കൈകൾ കെട്ടിയിടും, ശരീരമാസകലം കടിക്കും; ചൈനയിലെ തടങ്കൽ പാളയങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്നത്

By Web TeamFirst Published Feb 3, 2021, 4:33 PM IST
Highlights

"അവർ ബലാത്സംഗം ചെയ്യുക മാത്രമല്ല നിങ്ങളുടെ ശരീരത്തിലുടനീളം കടിക്കുകയും ചെയ്യുന്നു, അവർ മനുഷ്യരോ മൃഗങ്ങളോ എന്ന് നമുക്ക് പലപ്പോഴും മനസിലാകില്ല. അവർ ശരീരത്തിന്റെ ഒരു ഭാഗവും ഒഴിവാക്കില്ല. എല്ലായിടത്തും ആഴത്തിലുള്ള മുറിവുകൾ അവശേഷിപ്പിക്കും. ഞാൻ അത് മൂന്ന് തവണ അനുഭവിച്ചിട്ടുണ്ട്. മാത്രമല്ല, നിങ്ങളെ പീഡിപ്പിക്കുന്നത് ഒരു വ്യക്തി മാത്രമല്ല, ഓരോ തവണയും രണ്ടോ മൂന്നോ പുരുഷന്മാരായിരുന്നു"

ചൈനയിലെ ഉയ്ഗറുകൾക്കായുള്ള "റീ-എഡ്യൂക്കേഷൻ" ക്യാമ്പുകളിൽ സ്ത്രീകളെ തുടർച്ചയായി ബലാത്സംഗം ചെയ്യുകയും, ലൈംഗികമായി ദുരുപയോഗം ചെയ്യുകയും, പീഡിപ്പിക്കുകയും ചെയ്യുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. തുർ‌സുനെ സിയാവുദുൻ അതിലൊരാളാണ്. 2018 -ൽ മോചിതയായ അവർ ഇന്നും അതിന്റെ വേദന പേറി ജീവിക്കുന്നു. "അവിടെയുള്ള ഉദ്യോഗസ്ഥർ എല്ലായ്പ്പോഴും മാസ്ക് ധരിക്കും, മഹാമാരി ഇല്ലാതിരുന്ന സമയത്തും അവർ മാസ്ക് ധരിച്ചിരുന്നു. പൊലീസ് യൂണിഫോമിലല്ല പലരുമവിടെ എത്തിയിരുന്നത്, പകരം സ്യൂട്ടുകളായിരുന്നു അവർ ധരിച്ചിരുന്നത്. അർദ്ധരാത്രിക്ക് ശേഷം, സ്ത്രീകളുടെ സെല്ലുകളിൽ വന്ന് അവർക്ക് താല്പര്യം തോന്നുന്നവരെ തെരഞ്ഞെടുത്ത് ഒരു "ബ്ലാക്ക് റൂമിലേക്ക്" കൊണ്ടുപോകും. അവിടെ നിരീക്ഷണ ക്യാമറകളില്ല. നിരവധി രാത്രികൾ, അവർ എന്നെ കൂട്ടിക്കൊണ്ടുപോയിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുറിവ് അതായിരുന്നു" തുർ‌സുനെ പറഞ്ഞു.  

ചൈനയിലെ വിശാലവും രഹസ്യവുമായ സിൻ‌ജിയാങ്‌ തടങ്കൽപ്പാളയങ്ങളിൽ തുർ‌സുനെ ഒമ്പത് മാസം ചെലവഴിച്ചു. കണക്കുകൾ പ്രകാരം, വിശാലമായ ആ ക്യാമ്പുകളുടെ ശൃംഖലയിൽ ഒരു ദശലക്ഷത്തിലധികം പുരുഷന്മാരെയും സ്ത്രീകളെയും പുനർ‌ വിദ്യാഭ്യാസം എന്ന പേരിൽ ചൈന തടഞ്ഞുവച്ചിട്ടുണ്ട്.  കൂട്ടത്തടങ്കൽ, നിർബന്ധിത വന്ധ്യംകരണം എന്നിവയുടെ റിപ്പോർട്ടുകൾ നുണകളും അസംബന്ധവുമാണ് ചൈന വാദിക്കുമ്പോഴും, കഴിഞ്ഞ മാസം യുഎസ് സർക്കാർ ചൈനയുടെ നടപടികൾ വംശഹത്യയാണെന്ന് പറഞ്ഞിരുന്നു. മോചിതയായ ശേഷം സിൻജിയാങ്ങിൽ നിന്ന് ഓടിപ്പോയ തുർസുനെ ഇപ്പോൾ യുഎസിലാണ്. "എല്ലാ രാത്രിയും സ്ത്രീകളെ സെല്ലുകളിൽ നിന്ന് കൊണ്ടുപോവുകയും ഒന്നോ അതിലധികമോ മുഖംമൂടി ധരിച്ച ചൈനീസ് പുരുഷന്മാർ ബലാത്സംഗം ചെയ്യുകയും ചെയ്തു. എന്നെ മൂന്ന് തവണ കൂട്ടബലാത്സംഗം ചെയ്തു, ഓരോ തവണയും രണ്ടോ മൂന്നോ പേർ ചേർന്ന്" അവർ പറഞ്ഞു. ചൈനയിലേക്ക് തിരിച്ചയക്കപ്പെടുമെന്ന് ഭയന്ന് ജീവിക്കുകയാണ് അവർ ഇപ്പോൾ. താൻ അനുഭവിച്ചതും കണ്ടതുമായ പീഡന കഥകൾ വെളിപ്പെടുത്തുകയും സിൻജിയാങ്ങിലേക്ക് തിരിച്ച് പോവുകയും ചെയ്താൽ, മുമ്പത്തേതിനേക്കാൾ കഠിനമായ ശിക്ഷ തനിക്ക് ലഭിക്കുമെന്ന് അവർ പറഞ്ഞു. 

 

18 മാസം തടങ്കലിൽ കഴിഞ്ഞ സിൻജിയാങ്ങിൽ നിന്നുള്ള ഒരു കസാഖ് യുവതിയെ ബിബിസി അഭിമുഖം നടത്തുകയുണ്ടായി. ചൈനീസ് പുരുഷന്മാർ മുറികളിൽ എത്തുന്നത് മുൻപ് ഉയ്​ഗർ സ്ത്രീകളെ നഗ്നരാക്കി, കൈകളിൽ വിലങ്ങിട്ട് നിർത്തുകയായിരുന്നു അവരുടെ ജോലി. അതിനുശേഷം അവർ മുറികൾ വൃത്തിയാക്കും. “എന്റെ ജോലി അവരുടെ അരക്കെട്ടിന് മുകളിലുള്ള വസ്ത്രങ്ങൾ നീക്കി, അനങ്ങാൻ കഴിയാത്ത വിധത്തിൽ കൈ കെട്ടുക എന്നതായിരുന്നു” ഗുൽ‌സിറ ഓവൽ‌ഖാൻ പറഞ്ഞു. "തുടർന്ന് മുറിയിൽ ഒരാൾ പ്രവേശിക്കും, അത് ചിലപ്പോൾ പുറത്തുനിന്നുള്ള ചൈനീസ് പുരുഷമാരായിരിക്കും അല്ലെങ്കിൽ ചിലപ്പോൾ പൊലീസുകാർ. ഞാൻ നിശബ്ദമായി വാതിലിനടുത്ത് ഇരിക്കും. അയാൾ മുറിയിൽ നിന്ന് പുറത്തുപോയ ശേഷം ഞാൻ സ്ത്രീകളെ കുളിപ്പിക്കും. എന്നാൽ ഇതിനെ ചെറുത്തുനിൽക്കാനോ ഇടപെടാനോ എനിക്ക് ശക്തിയില്ലായിരുന്നു" ഓൾഖാൻ പറഞ്ഞു. അവിടെ നടക്കുന്നത് കൂട്ട ബലാത്സംഗമാണെന്നും അവർ പറഞ്ഞു. രാത്രി സെല്ലുകളിൽ നിന്ന് കൊണ്ടുപോയ ചില സ്ത്രീകൾ ഒരിക്കലും തിരിച്ചുവന്നില്ല.   

ചൈനീസ് ഭാഷാ അധ്യാപകരിൽ ഒരാളാണ് സിൻജിയാങ്ങിൽ നിന്നുള്ള ഉസ്ബെക്ക് വനിതയായ കെൽബിനൂർ സെദിക്. ക്യാമ്പിൽ എത്തിയ അവൾ ബലാത്സംഗത്തിന്റെ പല കഥകളും കേട്ടു. ഒടുവിൽ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ ഈ കേൾക്കുന്നതെല്ലാം സത്യമാണ് എന്നവളോട് പറഞ്ഞു. അന്ന് രാത്രി സെഡിക് ഉറങ്ങിയില്ല. "വിദേശത്ത് പഠിക്കുന്ന എന്റെ മകളെക്കുറിച്ച് ഞാൻ ചിന്തിക്കുകയായിരുന്നു, രാത്രി മുഴുവൻ ഞാൻ കരഞ്ഞു" അവൾ പറഞ്ഞു.  അക്കൂട്ടത്തിൽ തീർത്തും ഭീകരമായ പല കഥകളുമുണ്ടായിരുന്നു. സ്ത്രീകളെ പീഡിപ്പിക്കുന്നതിനായി വൈദ്യുതീകരിച്ച ഒരു വടി താഴെ തിരുകികയറ്റുന്നതായിരുന്നു അതിലൊന്ന്. "കസേര, കയ്യുറ, ഹെൽമെറ്റ്, ഒരു വടി ഗുദത്തിൽ കയറ്റുന്നത് എന്നിങ്ങനെ നാല് തരത്തിലുള്ള ഷോക്ക് ഉണ്ട്. അപ്പോഴുള്ള നിലവിളി കെട്ടിടത്തിലുടനീളം പ്രതിധ്വനിച്ചു. ഉച്ചഭക്ഷണ സമയത്തും ചിലപ്പോൾ ക്ലാസിൽ പഠിപ്പിക്കുമ്പോഴും എനിക്ക് അവ കേൾക്കാമായിരുന്നു" സെഡിക് പറഞ്ഞു.  

തടവുകാരുടെ തലമുടി മുറിച്ചതിന് ശേഷമാണ് ക്ലാസിലേക്ക് കൊണ്ട് പോകുന്നത്. അതിനിടയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി, ഗുളികകൾ നൽകും. 15 ദിവസത്തിലൊരിക്കൽ ഓക്കാനം, മരവിപ്പ് എന്നിവ ഉണ്ടാക്കുന്ന "വാക്സിൻ" നിർബന്ധിതമായി കുത്തിവയ്ക്കുകയായിരുന്നു. സ്ത്രീകളിൽ നിർബന്ധിതമായി ഐ‌യു‌ഡികൾ ഘടിപ്പിക്കുകയോ, വന്ധ്യംകരണം നടത്തുകയോ ചെയ്തു. എന്നാൽ ഈ കൊടും പീഡനങ്ങൾക്കിടയിലും ചൈനീസ് ദേശഭക്തി ഗാനങ്ങൾ ആലപിക്കാനും ചൈനീസ് പ്രസിഡന്റ് സിൻ ജിൻപിംഗിനെക്കുറിച്ചുള്ള ദേശസ്നേഹ ടിവി പ്രോഗ്രാമുകൾ കാണാനും തടവുകാർ നിർബന്ധിതരായി. 

"അവർ ബലാത്സംഗം ചെയ്യുക മാത്രമല്ല നിങ്ങളുടെ ശരീരത്തിലുടനീളം കടിക്കുകയും ചെയ്യുന്നു, അവർ മനുഷ്യരോ മൃഗങ്ങളോ എന്ന് നമുക്ക് പലപ്പോഴും മനസിലാകില്ല. അവർ ശരീരത്തിന്റെ ഒരു ഭാഗവും ഒഴിവാക്കില്ല. എല്ലായിടത്തും ആഴത്തിലുള്ള മുറിവുകൾ അവശേഷിപ്പിക്കും. ഞാൻ അത് മൂന്ന് തവണ അനുഭവിച്ചിട്ടുണ്ട്. മാത്രമല്ല, നിങ്ങളെ പീഡിപ്പിക്കുന്നത് ഒരു വ്യക്തി മാത്രമല്ല, ഓരോ തവണയും രണ്ടോ മൂന്നോ പുരുഷന്മാരായിരുന്നു" കരഞ്ഞുകൊണ്ട് തുർ‌സുനെ പറഞ്ഞു. "ആളുകളെ വിട്ടയച്ചതായി അവർ പറയുന്നു. പക്ഷേ, എന്റെ അഭിപ്രായത്തിൽ ക്യാമ്പുകളിൽ നിന്ന് പുറത്തുപോകുന്ന എല്ലാവരുടെയും ജീവിതം വല്ലാത്ത പ്രതിസന്ധിയിലാണ്. നിരീക്ഷണം, തടവ്, വന്ധ്യംകരണം, പീഡനം, ബലാത്സംഗം എന്നിവയ്ക്കൊടുവിൽ അവർ ജീവച്ഛവമായിട്ടാണ് ക്യാമ്പ് വിടുന്നത്. എല്ലാവരേയും നശിപ്പിക്കുകയാണ് അവരുടെ ലക്ഷ്യമെന്ന് അവർ പറഞ്ഞു. എല്ലാവർക്കും അത് അറിയാം" അവർ കൂട്ടിച്ചേർത്തു. എന്നാൽ, ഈ ആരോപണങ്ങളെക്കുറിച്ച് ബിബിസിയുടെ ചോദ്യങ്ങൾക്ക് ചൈനീസ് സർക്കാർ നേരിട്ട് പ്രതികരിച്ചില്ല. സിൻജിയാങ്ങിലെ ക്യാമ്പുകൾ തടങ്കൽപ്പാളയങ്ങളല്ലെന്നും തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളാണെന്നും ഒരു വക്താവ് പ്രസ്താവനയിൽ പറഞ്ഞു.  

(കടപ്പാട്: ബിബിസി)

click me!